ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം

2 years, 1 month Ago | 363 Views
തൂക്കുമരത്തിന്റെ നിഴലിൽ നിന്നും സംസ്ഥാന മുഖ്യമന്ത്രിപദത്തിലേയ്ക്ക് വളർന്നു കയറിയ മനുഷ്യനാണ് ഇ.കെ. നയനാർ! ദുഷ്ടബുദ്ധിയോ മുഖാവരണങ്ങളോ ഇല്ലാത്ത തികച്ചും ശുദ്ധനായ പാവം മനുഷ്യൻ!
രാഷ്ട്രീയമായി വളരെയേറെപേർ അദ്ദേഹത്തെ എതിർത്തിട്ടുണ്ട്. എന്നാൽ വ്യക്തിജീവിതത്തിൽ അദ്ദേഹത്തിനോ അദ്ദേഹത്തോടോ ആർക്കും ഒരെതിർപ്പും ഉണ്ടെന്നു തോന്നുന്നില്ല. മഞ്ഞുതുള്ളിപോലെ ഇത്ര നിർമ്മലവും നിഷ്കളങ്കവുമായ ഒരു ഹൃദയം രാഷ്ട്രീയ പ്രവർത്തകനിലുണ്ടാവുക എന്നത് രാഷ്ട്രീയശൂന്യതയുടെ മനസ്സ് സൂക്ഷിക്കുന്ന ആർക്കും അത്ഭുതകരമായേ തോന്നു.
ഇ.കെ. നയനാർ എന്ന അസാധാരണ രാഷ്ട്രീയനേതാവുമായി അടുത്തിടപഴകാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണ കണ്ടുപിരിയുമ്പോഴും മനസ്സിൽ സൂക്ഷിക്കാൻ നർമ്മത്തിന്റെ മേമ്പൊടി ചേർന്ന ഓർമ്മകൾ അദ്ദേഹം സമ്മാനമായി നൽകിയിട്ടുമുണ്ട്.
ഇ.കെ. നയനാർ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഒരവസരത്തിൽ ഞാൻ അദ്ദേഹത്തെ കാണുവാനായി സെക്രട്ടേറിയറ്റിലെ ഓഫീസിൽ പോയി. ബി.എസ്.എ സ് പുറത്തിറക്കിയ ഗാന്ധി വചന ങ്ങൾ എന്ന 'പോക്കറ്റ് പുസ്തകം' അദ്ദേഹത്തിന് നൽകുക എന്നതായിരുന്നു ഉദ്ദേശം. ഗൗരവതരമായ ഏതോ വിഷയത്തിന്റെ ചർച്ചയിലായിരുന്നു അദ്ദേഹം. അൽപസമയം കഴിഞ്ഞ് എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു. ഞാൻ കടന്നുചെല്ലുമ്പോൾ നേരത്തെ നടന്ന ചർച്ചകളുടെ ഗൗരവഭാവം മുഖ്യമന്ത്രിയുടെ മുഖത്തുനിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല.
അടുത്തു ചെന്ന് വണങ്ങിയ എന്നോട് മുന്നിലെ കസേരയിൽ ഇരിക്കാൻ ആംഗ്യഭാഷയിൽ നിർദ്ദേശിച്ചു. അതോടെ ആ മുഖത്തെ ഗൗരവഭാവം പെട്ടെന്ന് മാഞ്ഞു. വെളുക്കെ ചിരിച്ചുകൊണ്ട് ആരാഞ്ഞു: "ങാ..... എന്താണ് ...?"
ഞാൻ പുസ് തകത്തിൻറ കോപ്പികൾ അദ്ദേഹത്തിന് നൽകി. അവയിൽ ഒന്നെടുത്ത് തുറന്നുനോക്കി ഏതാനും പേജുകൾ വായിച്ചുനോക്കിയശേഷം തന്റെ മേശ തുറന്ന് അതിനുള്ളിൽ അവ അടുക്കിവെച്ചു. തുടർന്ന് ചോദിച്ചു: “ഇനിയും ഈ പുസ്തകം ഉണ്ടോടാ.... ?"
"ഉണ്ട്..."
“എന്നാൽ എനിക്ക് കുറച്ച് പുസ്തകങ്ങൾ കൂടി വേണം...."
ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു:
"എടോ... തന്റെ ആളുകൾക്ക് കൊടുക്കാൻ പറ്റിയ പുസ്തകമാ ഇത്... ഗാന്ധിയെ അറിയാൻ വയ്യാത്ത ഗാന്ധിയന്മാർ ഒരുപാടുള്ള കാലമല്ലേ ഇത്...? അതുകൊണ്ടാ കുറച്ച് പുസ്തകങ്ങൾ വേണമെന്ന് പറഞ്ഞത്. ? ''തുടർന്ന് ഹ; ഹ; ഹ എന്ന നീണ്ട ചിരിയും. ഇന്നും ആ മുഖഭാവവും ചിരിയും എന്റെ മനസ്സിലുണ്ട്. ഞാൻ വീണ്ടും കുറേ പുസ്തകങ്ങൾ കൂടി കൊണ്ടുപോയി കൊടുത്തു. നേരത്തെയെന്നപോലെ അവയും അദ്ദേഹം തന്റെ മേശക്കുള്ളിൽ അടുക്കിവെച്ചു. ഇതേപോലുള്ള പല സംഭവങ്ങളുമുണ്ട്. എല്ലാം വിശദീകരിക്കുന്നില്ല.
1918ൽ കല്ല്യാശ്ശേരിയിൽ ജനിച്ച് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി മുൻ-പിൻ നോക്കാതെ അതിലേയ്ക്ക് ചാടിയിറങ്ങിയ വ്യക്തിയാണ് നയനാർ.
കേരളത്തിൽ മികച്ച ഭരണം കാഴ്ച്ചവെച്ച ചുരുക്കം നേതാക്കളിൽ പ്രമുഖനായിരുന്നു ഇ.കെ. നയനാർ. രാഷ്ട്രീയ ചതുരംഗപ്പലകയിലെ ഒരു കള്ളിയിലും ഒതുങ്ങാതെ നിന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. പെട്ടെന്ന് പൊട്ടിത്തെറിക്കുക, അതേപോലെ പെട്ടെന്ന് ശാന്തനാവുക; ഇ.കെ. നയനാരു ടെ പ്രത്യേകതയായിരുന്നു. അതേ പോലെ തന്നെ അദ്ദേഹത്തിന്റെ മൗനവും അർത്ഥഗർഭവും സാർത്ഥകവുമാണെന്നും രാഷ്ട്രീയ പ്രബുദ്ധമായ കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കുടുംബനാഥനെന്ന നിലയിലും ഇ.കെ. നയനാർ മാതൃകയായിരുന്നു എന്നുവേണം പറയാൻ. ആർഭാടരഹിതവും എന്നാൽ ആകർഷണിയവുമായ ജീവിതരീതിയായിരുന്നു അദ്ദേഹം നയച്ചിരുന്നത്. ആ ജീവിതത്തിൽ വേവലാതികൾക്കോ പരാതികൾക്കോ സ്ഥാനമുണ്ടായിരുന്നില്ലായെന്ന് അദ്ദേഹത്തിന്റെ പത്നി ശാരദ ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളീയ ജനതയുടെ ഹൃദയത്തുടിപ്പുമിടിക്കുന്ന സവിശേഷമായ ഒരു സ്വഭാവശാലിയായിരുന്നു ഇ.കെ. നയനാരുടേത്. മധുരവും സൗമ്യവും പ്രസന്നവു മായിരുന്നു അത്. ഒപ്പം എതിരാളികളുടെ മർമ്മത്തിൽ കൊത്തുന്നതിനുള്ള മൂർച്ചയും ആ ശൈലിക്കുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കാട്ടാളനെക്കൂടി മനുഷ്യനാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രത്യയ ശാസ്ത്രങ്ങൾ എന്ന് ഉറക്കെ ചിന്തിക്കുകയും ആ വിധം പ്രവർത്തിക്കുകയും ചെയ്ത മനുഷ്യനാണ് ഇ.കെ. നയനാർ. പ്രത്യയശാസ്ത്രക്കട്ടിലിലിട്ട് കൈയ്യും കാലും ചുറ്റികകൊണ്ട് അടിച്ചു നീട്ടാനും വാൾകൊണ്ട് വെട്ടിയരിയാനും നയനാർ ശ്രമിച്ചിട്ടില്ല. ആവിധമുള്ളവർക്ക് ഉറപ്പായും ഒരു തിസ്യൂസ് രാജകുമാരനായിരുന്നു നയനാർ.
കയ്യൂർ കേസിൽ പ്രതിയായിരുന്ന നയനാർ പോലീസിന് പിടി കൊടുക്കാതെ ഒളിവിൽ പോയി. മറ്റ് പ്രതികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊട്ടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബേക്കർ, ചുരിക്കാടൻ കൃഷ്ണൻ നായർ എന്നിവരെ കോടതി മരണംവരെ തൂക്കിലേറ്റാൻവിധിച്ചു. പ്രായപൂർത്തിയാകാത്ത കാരണത്താൽ കൃഷ്ണൻ നായരുടെ വധശിക്ഷ ജീവപര്യന്തമായി കു റച്ചു. 1942 ഫെബ്രുവരി രണ്ടിനാണ് കയ്യൂർ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ സെഷൻസ് കോടതി വി ധിച്ചത്. ഈ വിധി മദിരാശി ഹൈക്കോടതി ശരിവെക്കു കയും ചെയ്തു. തുടർന്ന് പ്രതികൾ നൽകിയ ദയാഹർജിയും ഇന്ത്യാഗവൺമെന്റ് തള്ളി.
1940 മുതൽ 1945 വരെയും 1948 മുതൽ 1951 വരെ യും അടിയന്തിരാവസ്ഥക്കാലത്തും നയനാർ ഒളിവിലാ യിരുന്നു. 1939 ൽ ആരോൺ മില്ലിലെ സമരത്തോടനുബന്ധിച്ച് നയനാർ ആദ്യമായി അറസ്റ്റിലായി. 1952ലും 1964ലും ജയിലിൽ കിടന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും നാഷണൽ കൗൺസിലിലും നയനാർ അംഗമായിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളായിരുന്നു അദ്ദേഹം. സി.പി.ഐ (എം) രൂപം കൊണ്ടതുമുതൽ അദ്ദേഹം അതിന്റെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. മരണംവരെയും സി.പി.ഐ (എം)ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അദ്ദേഹം 1980-82 ലും 1987-91 ലും 1996-2001 ലും സംസ്ഥാന മുഖ്യമന്ത്രിയായി.
പത്രപ്രവർത്തനത്തോട് അദ്ദേഹത്തിന് ഏറെ താൽപര്യമുണ്ടായിരുന്നു എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. താൻ ഒരു പത്രപ്രവർത്തകനായിരുന്നു എന്ന പല സന്ദർഭങ്ങളിലും അദ്ദേഹം അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. പത്ര സമ്മേളനങ്ങളിലും മറ്റും പത്രലേഖകരിൽ നിന്ന് തനിക്ക് അപ്രിയകരമായ ചോദ്യങ്ങളുണ്ടാവുമ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറയും: “ഓനറിയില്ല; ഞാനും ഈ കടലാസുമായി കുറേനാൾ നടന്നതാണെന്ന്...."
നയനാർ ഒളിവിൽ കഴിയുന്ന കാലത്താണ് (1944) കുറേനാൾ കേരള കൗമുദി ദിനപ്പത്രത്തിൽ രാത്രി ഷിഫ്റ്റിൽ പ്രവർത്തിച്ചത്. ഒളിവിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെത്തിരക്കി കേരള കൗമുദി ഓഫീസിൽ പോലീസ് വരില്ല എന്നതായിരുന്നു ധൈര്യം! പത്രാധിപർ കെ. സുകുമാരനോട് സംസാരിച്ച് ജോലി തരപ്പെടുത്തിയത് കെ. സി. ജോർജ്ജായിരുന്നു. ഒളിവിലുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്ന് പത്രാധിപരോട് പറഞ്ഞിരുന്നില്ല. കൊച്ചിക്കാരൻ ഒരു സുകുമാരൻ എന്നായിരുന്നു പരിചയപ്പെടുത്തിയത്. ഒടുവിൽ കെ.ആർ. ഗൗരിയമ്മയുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് പ്രതാധിപർക്ക് നയനാർ ഒരു കമ്യൂണിസ്റ്റ്കാരനെന്നും കയ്യൂർ കേസിൽ പ്രതിയാണെന്നുമെ ല്ലാം മനസ്സിലാവുന്നത്. പത്രപ്രവർത്തനത്തിൽ മുൻപരിചയമില്ലായിരുന്ന നയനാർ പല അബദ്ധങ്ങളിലും ചെന്നുപെട്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. അതേക്കുറിച്ച് സരസമായി അവതരിപ്പിച്ചിട്ടുമുണ്ട്.
'കാർത്തികതിരുനാൾ തമ്പുരാട്ടി തിരുവയറൊഴിഞ്ഞു' എന്ന വാർത്ത ഫോണിലൂടെ എത്തിയപ്പോൾ തെക്കൻ തിരുവിതാംകൂറിലെ കൊട്ടാരഭാഷ വശമില്ലായിരുന്ന മലബാറുകാരനായ നയനാർ 'കാർത്തികതിരുനാൾ തമ്പുരാട്ടിക്ക് വയറിളക്കം' എന്നെഴുതിക്കൊടുത്തതും, മുതിർന്ന പത്രപ്രവർത്തകർ അതിനെ ഭീതിയോടെ വാങ്ങി വലിച്ചുകീറിക്കളഞ്ഞതുമെല്ലാം നയനാർ തന്നെ വിശദീകരിച്ചിട്ടുണ്ട്. "എനക്ക് ഓന്റെ പള്ളിക്കെട്ടും, തിരുവയറൊഴിയലും, തിരുമുൽക്കാഴ്ച യുമൊക്കെ അറിയ്യോ....? ങേ.... നയനാർ ചോദിക്കുമ്പോൾ കേൾവിക്കാർ ചിരിക്കും.
1946-48, 1951-52, 1960-65 കാലഘട്ടങ്ങളിൽ ദേശാഭിമാനി പത്രത്തിന്റെ പത്രാധിപ സമിതയംഗമായും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും നയനാർ പ്രവർത്തിച്ചിട്ടുണ്ട്.
ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വിപ്ലവാചാര്യനായ ലെനിൻ, എന്റെ ചൈനാ ഡയറി, പുരോഗമന സാഹിത്യ ചരിത്രാവലോകനം, മാർക്സിസം ഒരു മുഖവുര, നേരെ ചൊവ്വെ, കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല, കേരളത്തിലെ ചില ഏടുകൾ, ഓർമ്മയിൽ ജീവിക്കുന്നവർ, ഗാന്ധി-നെഹ്റു ഒരു പഠനം, ഒരു കമ്യൂണിസ്റ്റുകാരന്റെ കുടുംബബന്ധങ്ങൾ, സാഹിത്യവും സംസ്കാരവും, വിപ്ലവാചാര്യന്മാർ, ഗോമാംസം മുതൽ ചന്ദനക്കുറിവരെ, My Struggle എന്നിവ അവയിൽ ഉൾപ്പെടും.
ഫുട്ബോളിന്റെ കടുത്ത ആരാധകനായിരുന്നു ഇ.കെ. നയനാർ. രണ്ടായിരത്തിരണ്ട് ലോകകപ്പ് കാലത്ത് തിരുവനന്തപുരത്ത് എ.കെ.ജി ഫ്ലാറ്റിലെ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ ലൈറ്റ് അണഞ്ഞിട്ടേയില്ല! നയനാർ അവസാനം ആസ്വദിച്ച ലോകകപ്പ്! കളിതീരുമ്പോൾ കസേരയിൽ നിന്ന് എഴുന്നേറ്റ് ഒന്ന് നിവർന്ന് പറയും “ഓക്കെ, റൈറ്റ് ഇനി അൽപ്പം കിടന്നേക്കാം..
തളിപ്പറമ്പ് മുത്തേടത്ത് സ്കൂളിൽ ക്ലാസ് കഴിഞ്ഞാൽ മൂന്ന് മിടുക്കന്മാർ നേരെ വെച്ചുപിടിക്കുന്നത് മങ്ങാട്ടുപറമ്പിലെ ഗ്രൗണ്ടിലേക്കായിരിക്കും. ഫുട്ബോൾ കളിക്കാൻ! ഏറ ബാലകൃഷ്ണൻ നയനാർ, കെ.പി.ആർ ഗോപാലൻ, കെ.പി.ആർ. രായര പ്പൻ എന്നിവർ. ഇരുട്ടുവീണു കഴിഞ്ഞായിരിക്കും കളികഴിഞ്ഞ് കല്ല്യാശ്ശേരിയിൽ മടങ്ങിയെത്തുക. ഇ.കെ. നയനാർ നല്ല ഫോർവേഡറായിരുന്നു. പിന്നീട് പൊസിഷൻ മാറ്റി ഗോൾകീപ്പറായി.
വാർത്ത കഴിഞ്ഞാൽ പിന്നെ നയനാർ ടെലിവിഷനുമുന്നിൽ ഏറ്റവും കൂടുതൽ നേരം ഇരുന്നിട്ടുള്ളത് ഫുട്ബോൾ കളി കാണാനാണ്.
Read More in Organisation
Related Stories
സുമിത്രയ്ക്ക് സമം സുമിത്ര മാത്രം
3 years, 5 months Ago
ദിവ്യ വചനങ്ങൾ
1 year, 11 months Ago
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ
3 years, 3 months Ago
സംസ്കാര ഭാരതം കാവ്യസദസ്സും പുസ്തക പ്രകാശനവും
2 years, 2 months Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
1 year, 5 months Ago
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
1 year, 1 month Ago
മറുകും മലയും
2 years, 1 month Ago
Comments