Thursday, April 10, 2025 Thiruvananthapuram

പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി; ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ഥാന.

banner

3 years, 6 months Ago | 274 Views

ഇന്ത്യ - ഓസ്‌ട്രേലിയ വനിതാ ടീമുകള്‍ തമ്മില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയുടെ തിളക്കത്തില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന. ക്വീന്‍സ്ലാന്‍ഡിലെ വേദിയില്‍ സ്‌മൃതി മന്ദഹാസം വിരിഞ്ഞപ്പോള്‍ ഒപ്പം പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്.

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡ് മന്ഥാന തന്റെ പേരിലേക്ക് ചേര്‍ത്തു. ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടം കൂടി മന്ഥാന തന്റെ പേരിലേക്ക് ചേര്‍ത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ അവരുടെ മണ്ണില്‍ വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടവും മന്ഥാന സ്വന്തമാക്കി.

ഈ റെക്കോര്‍ഡുകള്‍ക്ക് പുറമെ മറ്റൊരു കൗതുകമുള്ള റെക്കോര്‍ഡ് കൂടി മന്ഥാന സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് മന്ഥാന സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ചുറി നേടിയത് ഇന്ത്യന്‍ പുരുഷ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ്. 2019ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ പുരുഷ ടീം ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച മത്സരത്തിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. പുരുഷ ടീമിന് വേണ്ടി സെഞ്ചുറി നേടിയ കോഹ്ലിയുടെയും വനിതാ ടീമിന് വേണ്ടി സെഞ്ചുറി നേടിയ മന്ഥാനയുടേയും ജേഴ്സി നമ്പര്‍ സമാനമാണെന്നത് ഈ സെഞ്ചുറി നേട്ടങ്ങള്‍ക്ക് കൗതുകം പകരുന്നു. ഇരുവരും ദേശീയ ടീമില്‍ ഉപയോഗിക്കുന്നത് 18-ആം നമ്പര്‍ ജേഴ്സിയാണ്.



Read More in Sports

Comments

Related Stories