ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പി ശ്രീകുമാര സംഭവം

1 year, 8 months Ago | 153 Views
ശ്രീകുമാരൻ തമ്പിയെക്കുറിച്ച് പറയാൻ തുടങ്ങുമ്പോൾ ആരുടേയും മനസ്സിൽ ഉയർന്നു വരുന്ന ഒരു സംശയമുണ്ട്! തമ്പിയെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കുക? പ്രശസ്തനായ ചലച്ചിത്ര സംവിധായകനെന്നോ അതോ ഇരുത്തംവന്ന തിരക്കഥാകൃത്തെന്നോ, കലാസ്നേഹിയായ നിർമ്മാതാവെന്നോ അതുമല്ലെങ്കിൽ വസന്ത പുഷ്പാഭരണം ചാർത്തിയ കവിയെന്നോ അതോ ഹൃദയഹാരിയായ ഗാനരചയിതാവെന്നോ അതുമല്ലെങ്കിൽ കാലത്തിന്റെ കയ്യൊപ്പുനേടിയ കഥാകാരനെന്നോ അല്ലെങ്കിൽ ജീവിത ഗന്ധിയായ നോവലിസ്റ്റെന്നോ അതോ സദസ്സ് പിടിച്ചടക്കുന്ന നാടകകൃത്തെന്നോ, ഇതൊന്നുമല്ലെങ്കിൽ ഈടുറ്റ ലേഖനകർത്താവെന്നോ, കറയറ്റ കലാരാധകനെന്നോ....? എന്നാൽ ഈവിധത്തിലുള്ള ഏതെങ്കിലുമൊരു കള്ളിയിൽ മാത്രം ഒതുക്കി നിറുത്താവുന്ന പ്രതിഭയല്ല ശ്രീകുമാരൻ തമ്പി. മറിച്ച് തമ്പി ഇവയെല്ലാമാണ്; ഇവയുടെയെല്ലാം ആകെത്തുകയാണ്!
ആന്തരം, ബാഹ്യം എന്നീ രണ്ട് ഘടകങ്ങളുടെ സങ്കലനത്തിലൂടെയാണ് കലാസൃഷ്ടിയുടെ സർഗ്ഗാത്മകമായ ഉദ്ഗ്രഥനം നടക്കുന്നത്. രചയിതാവിന്റെ ഹൃദയോപബോധതലത്തിൽ നിലീനമായിരിക്കുന്ന നൈസർഗ്ഗിക വികാരങ്ങളും അനുഭവമുദ്രകളുമാണ് ഒന്നാമത്തെ ഘടകമായ ആന്തരത്തിൽ അടങ്ങിയിരിക്കുന്നത്. ഇവയുടെ സ്വയം പ്രകാശവ്യഗ്രതയെ ആത്മാവിഷ്കാര വാസനയെന്ന് വിളിക്കാം. ഈ ആന്തരിക ഘടകത്തെ വിക്ഷുബ്ധമാക്കുന്ന ബാഹ്യലോകസത്യങ്ങളാണ് രണ്ടാമത്തെ ഘടകമായ ബാഹ്യം. നിഷാദന്റെ കൂരമ്പേറ്റ് പിടയുന്ന കാമമോഹിതരായ ക്രൗഞ്ച മിഥുനങ്ങളിലൊന്നിന്റെയും ആ ദാരുണ വിയോഗത്തിൽ കരളുരുകി വിലപിക്കുന്ന ഇണയുടെയും ദർശനം വാൽമീകിയുടെ ഉപബോധഭാവങ്ങളെ വിക്ഷോഭിപ്പിച്ചപ്പോഴാണല്ലോ ആദികാവ്യത്തിലെ ബീജരൂപമായ കരുണാത്മകശ്ലോകം പിറന്നത്! ആന്തരം - ബാഹ്യം എന്നീ രണ്ടു ഘടകങ്ങളേയും വിവേകപൂർവ്വമായ സൗന്ദര്യബോധത്തിന്റെ വെളിച്ചത്തിൽ ഉരുക്കിയൊരുക്കി വിളക്കിച്ചേർക്കുന്ന ഭാവനാ വ്യാപാരത്തിന്റെ പരിണത ഫലമാണ് ഉത്തമമായ കലാസൃഷ്ടി! ഇത് നമുക്ക് ശ്രീകുമാരൻ തമ്പിയിൽ പ്രകടമായി കാണാം.
വ്യാപരിക്കുന്ന തുറകളിലെല്ലാം വ്യതിരിക്തത പുലർത്തുന്നു എന്ന താണ് ശ്രീകുമാരൻ തമ്പിയുടെ പ്ര ത്യേകത. സ്നേഹത്തിന്റെ ദർശ നത്തിലൂടെ മാനവികതയുടെ മാ ർഗ്ഗദർശനം നൽകിക്കൊണ്ട് കാ ലത്തിനുമുമ്പേ നടന്നുകൊണ്ടു നടത്തിയ സൃഷ്ടികളോരോന്നും എക്കാലത്തെയും മിന്നുംതാരങ്ങളാകുന്നു. മലയാള കവിതാശാഖ യുടെ പുണ്യം തന്നെയാണ് ശ്രീകുമാരൻ തമ്പി. പണ്ഡിതനേയും പാമരനേയും ഇടം വലം കൈകൾകൊണ്ട് ഒരേപോലെ തന്റെ നെഞ്ചോടുചേർക്കുന്നതാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രത്യേകിച്ചും കവിതകളിൽ കാണുന്നതെന്നത് ശ്രീകുമാരൻ തമ്പിയെ വ്യതിരിക്തനാക്കുന്നു. മനുഷ്യ സ്നേഹത്തിന്റെ ചൂളയിൽ ചുട്ടെടുത്ത കവിത്വത്തിന്റെ മുഖം!
ഓരോ മലയാളിയുടെയും മനസ്സിലും തമ്പിക്കുവേണ്ടി ഒരു പീഠം ഒരുക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. മനസ്സിലെ വികാരങ്ങൾ കാപട്യത്തിന്റെ മുഖാവരണം കൊണ്ട് മറച്ചുവെയ്ക്കാൻ ഒരിക്കലും തയ്യാറാവാത്ത അല്ലെങ്കിൽ അതിന് കഴിയാത്ത അദ്ദേഹത്തിന്റെ സ്വഭാവരീതി പൊയ്മുഖങ്ങളണിഞ്ഞു മാത്രം ശീലിച്ചവരുമായി സഹവസിക്കാൻ വിധിക്കപ്പെട്ട പലർക്കും അലോരസമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ജാതി-മത-വർണ്ണ വിവേചനങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ട് വർഗ്ഗീയതയുടെ മൂർത്തികളെ മനസ്സിന്റെ അൾത്താരയിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്നവരും അർഹതക്ക് അംഗീകാരം നൽകുമെന്നും മികച്ച കലാപ്രതിഭകളെ വളവും വെള്ളവും നൽകി പരിപോഷിപ്പിക്കുമെന്നുമെല്ലാം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പിൻവാതി ലിലൂടെ മടിശ്ശീല വിടർത്തി നിൽക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽ പ്പെടുമായിരിക്കാം. പക്ഷേ ആ നിർമ്മല ഹൃദയത്തിന്റെ വെൺമയും നിസ്വാർത്ഥതയും വസ്തുതകൾ ഗ്രഹിക്കാൻ കഴിവുള്ള മലയാളി കണ്ടറിഞ്ഞിട്ടുണ്ട്!
ഏത് മലയാളിയുടെയും മനസ്സിൽ മധുരത്തിന്റെ തേൻ മഴ പെയ്യിക്കുന്ന തമ്പിയുടെ വരികൾ സ്നേഹാനുഭൂതിയുടെ ഹിമകണങ്ങൾ ഇറ്റുവീഴുന്ന കൽഹാരകുസുമങ്ങളാണ്. പാവപ്പെട്ടവരുടെ ജീവിതയാതനയും മലയാളഭാഷയുടെ നക്ഷത്രത്തിളക്കവും സ്വന്തം ദേശത്തിന്റെ സംസ്കാരത്തനിമയും ഇടിച്ചുനിൽക്കുന്നതും സ്നേഹത്തിന്റെയും പ്രേമത്തിന്റെയും സാഹോദര്യത്തിന്റേയുമെല്ലാം ചിലമ്പൊലിനാദം മുഴക്കുന്നതുമാണ് ശ്രീകുമാരൻ തമ്പിയുടെ സൃഷ്ടികൾ. കവി എന്നതുപോലെ മലയാളികൾ മാറോടമർത്തിയ ഗാനരചയിതാവുമാണ് ശ്രീകുമാരൻ തമ്പി. അനശ്വരങ്ങളായ ഒട്ടനവധിയായ ചലച്ചിത്രഗാനങ്ങൾ ആ തൂലികയിലൂടെ ഒഴുകിയിറങ്ങിയിട്ടുണ്ട്. മലയാളത്തിന് കസ്തൂരി ഗന്ധം പകർന്നു നൽകിയ കവി!
സിനിമയിലെ സൂപ്പർമാന്മാരുടെ-അത് ഏത് വിഭാഗത്തിൽപ്പെട്ടവരായാലും ഗ്ലാമറൊന്നും ശ്രീകുമാരൻ തമ്പിയെന്ന അതികായന് ഒരു പ്രശ്നവുമായിട്ടില്ല. ഗ്ലാമറിനെക്കാൾ അദ്ദേഹം വിശ്വസിക്കുന്നത് കഴിവിനെയും സഹജീവി സ്നേഹത്തെയുമാണ്. ഏത് പദവിയിലിരുന്നാലും ഒരേ തുറയിൽ പ്രവർത്തിക്കുന്നവരോട് സമഭാവന പുലർത്താൻ കഴിയാത്തവരെ അദ്ദേഹത്തിന് പരമപുഛമാണ്. അത്തരക്കാരെ അംഗീകരിക്കാനും തമ്പിക്ക് ബുദ്ധിമുട്ടാണ്. ഈ സ്വഭാവവിശേഷം കൊണ്ടുണ്ടാകാറുള്ള സ്വാഭാവിക ബുദ്ധിമുട്ടുകൾ തമ്പി കണക്കിലെടുക്കാറുമില്ല.
വിനയം ഒരു അടിയുടുപ്പാണ് എന്ന് വിശ്വസിക്കുന്ന സ്വഭാവമാണ് തമ്പിയുടേത്. തന്റെ 'കാക്കത്ത മ്പുരാട്ടി' എന്ന നോവൽ സിനിമയാക്കുവാനുള്ള അഭ്യർത്ഥനയുമായി മലയാള ചലച്ചിത്ര രംഗത്തെ ഭീഷ്മാചാര്യനായ പി. സുബ്രഹ്മണ്യത്തെ കാണാൻ പോയത് ഇതിനുദാഹരണമാണ്. സുബ്രഹ്മണ്യത്തിന്റെ തിയേറ്ററായ തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിന് മുന്നിൽ ചുറ്റും സ്തുതിപാഠകരുമായി ഒരു കസേരയിട്ട് ഇരിക്കുകയായിരുന്ന സുബ്രഹ്മണ്യത്തെ ചെന്ന് കണ്ട് വണങ്ങി. അദ്ദേഹത്തിൻറ ഡോക്ടറായ ഡോ. അച്യുതൻപിള്ള പരിചയപ്പെടുത്തിയിരുന്നതിനാലാവണം സുബ്രഹ്മണ്യം തമ്പിയോട് തൊട്ടടുത്ത കസേര ചൂണ്ടി ഇരിക്കുവാൻ പറഞ്ഞു. തമ്പി ഉടനെ ഇരുന്നു. ഇതുകണ്ട് അ ദ്ദേഹത്തിന്റെ പിന്നിൽ ബഹുമാനത്തോടെ നിൽക്കുകയായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരടക്കമുള്ളവർ 'അരുത്' എന്ന ആംഗ്യഭാഷയിൽ വിലക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് വളരെ ചെറുപ്പമായിരുന്ന തമ്പി സുബ്രഹ്മണ്യത്തെ അനുസരിച്ചുകൊണ്ട് കസേരയിൽ ഇരുന്ന് സംസാരിച്ചു. ഒടുവിൽ എഴുന്നേറ്റ് പുറത്തേയ്ക്ക് നടക്കുമ്പോൾ തിക്കുറിശ്ശി ഉൾപ്പെടെയുള്ളവർ തമ്പിയെ കുറ്റപ്പെടുത്തി. “അദ്ദേഹത്തിന് മുന്നിൽ ഇരിക്കാമോ...?' എന്നായിരുന്നു തിക്കുറിശ്ശിയുടെ ചോദ്യം. അദ്ദേഹം പറഞ്ഞിട്ടല്ലേ ഇരുന്നത്?' എന്നായിരുന്നു തമ്പിയുടെ മറുപടി. അദ്ദേഹം പറഞ്ഞെന്നുകരുതി ഇരിക്കാമോ...?' നിങ്ങൾ കൊച്ചു പയ്യനല്ലേ...?' എന്നായി തിക്കുറിശ്ശി. തന്നെ കുറ്റപ്പെടുത്തിയവരെ രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ തമ്പി മറുപടിയൊന്നും പറഞ്ഞില്ല.
തന്റെ ശരിയായ അഭിപ്രായത്ത മാനിക്കാതിരിക്കുകയോ തന്റെ സൃഷ്ടിയിൽ അനാവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശിക്കുകയോ ചെയ്താൽ, അതിൽ തനിക്ക് എത്ര വലിയ നേട്ടമുണ്ടാകുമെന്നിരുന്നാലും അതിനോട് യോജിക്കാൻ തമ്പി ഒരിക്കലും തയ്യാറായിട്ടില്ല. അതുകൊണ്ട് വൻ സാമ്പത്തിക നഷ്ടങ്ങൾ വന്നുഭവിച്ചിട്ടുണ്ടെങ്കിൽക്കൂടി ആ സ്വഭാവത്തിന് ഇന്നും ഒരു മാറ്റവുമില്ല. ചലച്ചിത്ര രംഗത്ത് പദമൂന്നിയ വേളയിൽ തന്നെ തന്റെ കാക്കത്തമ്പുരാട്ടി എന്ന നോവൽ ചലച്ചിത്രമാക്കാൻ തുടങ്ങവേ കഥയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട നിർമ്മാതാവിനോട് അത് സാധ്യമല്ലെന്ന് പറയാൻ തമ്പിക്ക് യാതൊരു മടിയുമുണ്ടായില്ല. മറ്റ് ആരായിരുന്നാലും ആ ഘട്ടത്തിൽ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുമെന്നിരിക്കെ തമ്പി തന്റെ സൃഷ്ടിയെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ട് നിർമ്മാതാവിന്റെ നിർദ്ദേശത്തെ തള്ളിക്കളയുകയായിരുന്നു. ചങ്ങനാശ്ശേരി ശിവാ ആർട്സ് ഉടമസ്ഥൻ ചാച്ചപ്പനു വേണ്ടി മോശമല്ലാത്ത പ്രതിഫലം നിശ്ചയിച്ച് എഴുതിയ 'അച്ചുതണ്ട്' എന്ന നാടകം ചാച്ചപ്പന് നൽകി കാശുവാങ്ങാതിരുന്നതിനു കാരണവും കഥാപാത്രങ്ങളിൽ വ്യതിയാനം വരുത്തണമെന്നാവശ്യപ്പെട്ടതിനാലായിരുന്നു. ഗാനങ്ങളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. കാവ്യാത്മകമായ വരികളിൽ നിർമ്മാതാവിന്റെ 'കച്ചവട താല്പര്യം' കണക്കിലെടുത്ത് വളരെ നേരിയ വ്യതിയാനം വരുത്താനേ അദ്ദേഹം സമ്മതിച്ചിട്ടുള്ളൂ. ആ വിധത്തിൽ എഴുതിയ അദ്ദേഹത്തിന്റെ ആദ്യ സിനിമാ ഗാനമാണ് \'താമരത്തോണിയിൽ താലോലമാടി താനെ തുഴഞ്ഞുവരും പെണ്ണേ' എന്നത്.
സമ്പത്തിനേക്കാൾ തമ്പി സ്നേഹിച്ചത് കലയെയാണ്. ചലച്ചിത്ര നിർമ്മാണമെന്ന സാഹസത്തിലേക്ക് ചെറുപ്രായത്തിൽ ചാടിയിറങ്ങുമ്പോഴും തമ്പി മറ്റൊന്നും ചിന്തിക്കാതിരുന്നത് അതുകൊണ്ടാണ്. നിർമ്മാണരംഗത്തെത്തി ആദ്യ രണ്ട് സിനിമകളിലായി തന്നെ (ചന്ദ്രകാന്തം, ഭൂഗോളം തിരിയുന്നു) ഏതാണ്ട് ഒരു കോടി ഇരുപതുലക്ഷം രൂപയുടെ നഷ്ടമാണ് തമ്പിക്കുണ്ടായത്. അന്ന് തമ്പി ക്ക് 34 വയസ്സ്.
ചവിട്ടിക്കയറിവന്ന പടവുകളെ വിസ് മരിക്കാതിരിക്കുക എന്നത് ശ്രീകുമാരൻ തമ്പിയുടെ രക്തത്തിൽ അലിഞ്ഞുചേർ ന്ന സ്വഭാവമാണ്. എന്നാൽ തന്നെ ഉപദ്രവിക്കുയോ ചതിക്കുകയോ ചെയ്തവരോട് യാതൊരുവിധ വിരോധവും വച്ചുപുലർത്താറുമില്ല. എം.എസ്. വിശ്വനാഥനും കെ.ജെ. യേശുദാസും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കത്തിന്റെ പേരിൽ തമ്പിയുടെ ചിത്രത്തിൽ പാടാൻ വിസമ്മതിച്ചുനിന്ന യേശുദാസിനെക്കൊണ്ട് പാടിപ്പിച്ച യേശുദാസിന്റെ മാതാവിനെയും താൻ ചലച്ചിത്രഗുരുവായി കാണു ന്ന പി. സുബ്രഹ്മണ്യത്തെയും വികാരാധീനനായാണ് തമ്പി ഓർക്കാറുള്ളത്. പ്രേംനസീർ, ടി. ഇ. വാസുദേവൻ, പി. ഭാ സ്കരൻ തുടങ്ങിയവരെക്കുറിച്ച് സംസാരിക്കുമ്പോഴും തമ്പിക്ക് ആയിരം നാവാണ്! കഥയും തിരക്കഥയും നന്നായിരി ക്കുന്നു എന്ന് പ്രശംസിച്ചുകൊണ്ട് തനിക്ക് കാൾഷീറ്റ് നൽകിയശേഷം മറ്റാരൊക്കെയോ അതിന് കളക്ഷൻ കുറയുമെന്ന് അഭിപ്രായപ്പെട്ടതായി പറഞ്ഞുകൊണ്ട് അതിൽ നിന്നും പിന്മാറി തന്നെ പറ്റിച്ച നടനോട് അദ്ദേഹത്തിന് യാതൊരു പരിഭവവുമില്ലായെന്നതാണ് സത്യം! താൻ ഏറെ പ്രതീക്ഷയോടെയും മോഹിച്ചും നിർമ്മിച്ച 'മോഹിനിയാട്ടം' എന്ന സിനിമ യാതൊരപാകതയുമില്ലാത്തതായിരുന്നുവെങ്കിലും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു വ്യക്തി സെൻസർ ബോർഡ് അംഗമായ തന്റെ ഭാര്യയോട് പറഞ്ഞ് സർട്ടിഫിക്കറ്റ് നൽകാതിരുന്നപ്പോൾ രാഷ്ട്രീയത്തിലെ എ.കെ.ജിയെപ്പോലെ ദില്ലി മലയാളികൾക്കിടയിൽ എ.കെ.ജി എന്നറിയപ്പെട്ടിരുന്ന ആശാൻ മെമ്മോറിയൽ സ്ഥാപക സെക്രട്ടറിയുടെ ഇടപെടലിലൂടെ സഹായഹസ്തവുമായെത്തിയ പത്ര പ്രവർത്തകരായ ടി.വി.ആർ. ഷേണായിയേയും വി.കെ. മാധവൻ കുട്ടിയേയും ശ്രീകുമാരൻ തമ്പി കൃതജ്ഞതയോടെയാണ് അനുസ്മരിക്കുന്നത്.
സരസമായി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ മിടുക്കനാണ് തമ്പി. തന്നെ വെട്ടിലാക്കാൻ വേണ്ടി കുസൃതി ചോദ്യങ്ങൾ ചോദിച്ച് ഒടുവിൽ സ്കൂപ്പ് വാർത്തയുണ്ടാക്കിയ വേണു എന്ന പത്രപ്രവർത്തകൻ ഒടുവിൽ നെടുമുടി വേണുവെന്ന സിനിമാക്കാരനായി തന്നോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് തമ്പി സരസമായി അവതരിപ്പിക്കാറുണ്ട്.
ഇരുപതാമത്തെ വയസ്സിൽ ആദ്യ ക വിതാ സമാഹാരമായ "ഒരു കവിയും കു റേ മാലാഖമാരും' എന്ന കൃതി പ്രസിദ്ധീകരിക്കുന്നതിനുമുമ്പുതന്നെ തമ്പി രണ്ട് നോവലുകൾ എഴുതി പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. 'കാക്കത്തമ്പുരാട്ടി', 'വെയിൽ ചൂടുള്ളതാണ്' എന്നിവയായിരുന്നു അവ. കാക്കത്തമ്പുരാട്ടി ജനയുഗം വിശേഷാൽ പതിപ്പിലും വെയിൽ ചൂടുള്ളതാണ് എന്ന നോവൽ ചന്ദ്രിക ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിക്കപ്പെട്ടത് നോവലിസ്റ്റിൽ ആവേശം പടർത്തി. ചലച്ചിത്ര ഗാനരചയിതാവെന്ന നിലയിൽ ശ്രീകുമാരൻ തമ്പി അണിഞ്ഞ സുവർണ്ണ കിരീടത്തിലെ പൊൻ തൂവലുകളാണ് 'ചിത്രമേള' എന്ന ചിത്രത്തിലെ എട്ട് ഗാനങ്ങൾ.
ശ്രീകുമാരൻ തമ്പിയുടെ എല്ലാ സൃഷ്ടികളിലും അദ്ദേഹം തന്റെ കല്പനാജാലം കൊണ്ട് ഇന്ദ്രജാലം കാട്ടിയിട്ടുണ്ട്. ഹൃദയത്തെ ഹൃദയം കൊണ്ട് സ്പർശിക്കുന്ന ഇന്ദ്രജാലം!
Read More in Organisation
Related Stories
ഒന്നിലും കുലുങ്ങാത്ത 'തണ്ടർ ചൈൽഡ്'
1 year, 11 months Ago
പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
3 years, 3 months Ago
നൈപുണ്യ വികസനം
1 year, 9 months Ago
രാമായണത്തിലെ ഭരതൻ അനുകരണീയ വ്യക്തിത്വം - ബി. എസ്. ബാലചന്ദ്രൻ
1 year, 8 months Ago
സി. അച്യുതമേനോൻ - നാടിൻറെ അഭിമാനമുഖം
2 years, 10 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
2 years, 10 months Ago
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്
1 year, 11 months Ago
Comments