കൈരളി എവിടെ ?

1 year, 9 months Ago | 158 Views
നമ്മുടെ ‘കൈരളി’ എവിടെ? കേരളത്തിന്റെ ഈ ചോദ്യത്തിന് 44 വയസ്സ്! കേരളാ ഷിപ്പിംഗ് കോപ്പറേഷന്റെ കൈരളി എന്ന കപ്പൽ കടലിൽ അപ്രത്യക്ഷമായിട്ട് വർഷം 44 ആയെങ്കിലും ഇതേവരെയും അതേക്കുറിച്ച് ഒരു വിവരവുമില്ല.
കപ്പൽ കടൽക്കൊള്ളക്കാരുടെ കൈകളിൽ പെട്ടിരിക്കാം എന്നാണ് കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. കപ്പൽ മുങ്ങിപ്പോയിരിക്കാം എന്ന വാദവും ശക്തമായിത്തന്നെ നിലനിൽക്കുന്നു. ഏതായാലും ഏതാണ്ട് അര നൂറ്റാണ്ടിനടുത്തെത്തിയിട്ടും ഇതേവരെ അതേക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്നത് ദുരൂഹമായിരിക്കുന്നു.
കൈരളി കപ്പലിലുണ്ടായിരുന്ന 51 പേരുടേയും കുടുംബാംഗങ്ങളിൽ ഏറെപേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും ജീവിച്ചിരിക്കുന്ന ഉറ്റവർ ഇപ്പോഴും വിശ്വസിക്കുന്നു; "വരും; അവർ എവിടേയോ ഉണ്ട്!"
1979 ജൂൺ 30ന് ഗോവയിൽ നിന്നും ഇരുമ്പയിരുമായി യാത്ര തിരിച്ചതാണ് കൈരളി കപ്പൽ. കിഴക്കൻ ജർമ്മനിയിലെ റോസ്സ്റ്റോക്കിലേക്കായിരുന്നു യാത്ര.
കപ്പലിന്റെ റഡാർ സംവിധാനം തകരാറിലാണെന്നും കേടുപാടുകൾ തീർത്ത് മൂന്നോ നാലോ ദിവസം കഴിഞ്ഞ് യാത്ര പുറപ്പെട്ടാൽ മതിയെന്ന് കപ്പലിന്റെ ക്യാപ്റ്റൻ മരിയദാസ് ജോസഫ് ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ചെവിക്കൊള്ളാത്തതിന്റെ പേരിൽ ജൂൺ 29ന് നടന്ന സായാഹ്ന പാർട്ടിയിൽ ക്യാപ്റ്റൻ ക്ഷുഭിതനായിരുന്നു. തകരാറിലായ കപ്പലുമായി എങ്ങിനെ യാത്ര തിരിക്കും എന്നാരാഞ്ഞുകൊണ്ട് പാർട്ടിയിൽ വച്ച് തന്റെ കൈയ്യിലിരുന്ന പ്ലേറ്റ് മരിയദാസ് ജോസഫ് വലിച്ചെറിയുകപോലുമുണ്ടായിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാപ്റ്റൻ തന്റെ പ്രതിഷേധം പരസ്യമായിത്തന്നെ ഷിപ്പിംഗ് കോർപ്പറേഷൻ ലെയ്സൺ ഓഫീസർ കെ. സദാശിവനോട് പ്രകടിപ്പിക്കുകയുണ്ടായിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കപ്പലിന്റെ റഡാർ സംവിധാനം ശരിയല്ലെന്നും യാത്ര മാറ്റിവെയ്ക്കണമെന്നുമുള്ള തന്റെ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്ലേറ്റ് വലിച്ചെറിഞ്ഞ മരിയദാസ് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
1979 ജൂൺ 30ന് തന്നെ കൈരളി' ഗോവയിൽ നിന്നും ഇരുമ്പയിരുമായി യാത്ര തിരിച്ചു.
ക്യാപ്റ്റൻ മരിയദാസ് ജോസഫ് 1979 ജൂൺ 26നു ഭാര്യ മേരിക്കുട്ടി ജോസഫിന് അയച്ച കത്തിൽ കപ്പലിന്റെ റഡാർ സംവിധാനം തകരാറിലാണെന്നു പറയുന്നുണ്ട്. അതു നന്നാക്കി ജൂലൈ നാലിനേ കപ്പൽ പുറപ്പെടൂ എന്നും കത്തിൽ പറയുന്നു. എന്നാൽ റഡാർ നന്നാക്കാതെ ജൂൺ 30നു തന്നെ യാത്ര തുടങ്ങാൻ ക്യാപ്റ്റൻ നിർബന്ധിതനാവുകയായിരുന്നു. റഡാർ നന്നാക്കാതെ എന്തിനു പുറപ്പെടാൻ നിർബന്ധിച്ചു എന്ന ചോദ്യം ബാക്കി.
കപ്പലിൽ ഇരുമ്പയിരു കയറ്റിയപ്പോൾ രണ്ടു ജോലിക്കാർ കടലിൽ വീണു. അവരെ രക്ഷപ്പെടുത്താനായി. 20,538 ടൺ ഇരുമ്പയിരുമായി അന്നു വൈകിട്ടു കപ്പൽ യാത്ര തിരിച്ചു. ക്യാപ്റ്റൻ അടക്കം 51 പേരാണു കപ്പലിലുണ്ടായിരുന്നത്.
ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾ കൈമാറാൻ ഔദ്യോഗികമായി ഏൽപ്പിച്ചിരുന്ന ബോംബെ റേഡിയോ വഴിയായിരുന്നു സന്ദേശങ്ങൾ ലഭിച്ചത്. കേരള ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു നാല്, അഞ്ച്, ആറ് തീയതികളിൽ സന്ദേശമയച്ചു. പക്ഷേ മറുപടി കിട്ടിയില്ല. മറുപടി കിട്ടിയില്ലെന്നു കേരള ഷിപ്പിങ് കോർപറേഷൻ ഔദ്യോഗികമായി അറിയുന്നതു ജൂലൈ പതിനാറിനായിരുന്നു. ബോംബെ റേഡിയോ സാധാരണ തപാലിൽ അയച്ച ഒരു കത്തിലൂടെ. അതിനു മുൻപു ബോംബെ റേഡിയോ അധികൃതർ വാക്കാൽ അറിയിപ്പുകൊടുത്തിട്ടുണ്ടാവാം. 1979 ജൂലൈ മൂന്നിനു ശേഷം കൈരളി കപ്പലിനെക്കുറിച്ച് ഒരു വിവരവും ലോകത്തിനു ലഭിച്ചില്ല. ആ ദുരൂഹതയ്ക്കു 44 വയസ്സാവുകയാണ്.
ഇന്ധനം നിറയ്ക്കാൻ കൈരളി ജൂലൈ എട്ടിനു വടക്കുകിഴക്കൻ ആഫ്രിക്കയിലെ ജിബുത്തിയിലെത്തേണ്ടതായിരുന്നു. കപ്പൽ വന്നില്ലെന്നു കാണിച്ചു കൈരളിയുടെ ജിബുത്തിയിലെ ഷിപ്പിങ് ഏജന്റ് മിറ്റ് കോസ് കേരള ഷിപ്പിങ് കോർപറേഷനെ അറിയിച്ചതു ജൂലൈ പതിനൊന്നിനാണ്.
കപ്പൽ കാണാനില്ലെന്നു ജൂലൈ 15നു മാധ്യമങ്ങളിലും വാർത്ത വന്നു. ജൂലൈ പതിനാറിനാണ് ഇന്ത്യൻ നാവികസേനയെ വിവരമറിയിച്ചത്. അപ്പോഴേക്കും വിലപ്പെട്ട 12 ദിവസങ്ങൾ കടന്നുപോയിരുന്നു. നാവികസേന വിമാനങ്ങൾ ഉപയോഗിച്ചു തിരച്ചിൽ നടത്തി. അപ്പോൾ കാലവർഷ സമയമായിരുന്നതു തിരച്ചിൽ ബുദ്ധിമുട്ടിലാക്കി. കടലിൽ കപ്പലിന്റെ അവശിഷ്ടങ്ങളോ ഒഴുകിപ്പരന്ന എണ്ണയോ കണ്ടില്ല. കുറെ തിരച്ചിലിനുശേഷം നാവികസേന ഉദ്യമം അവസാനിപ്പിച്ചു.
1979 ജൂലൈ 23നു കേരള ഷിപ്പിങ് കോർപറേഷനു കപ്പൽ പൊളിച്ചുവിൽക്കുന്ന കമ്പനിയായ പാൻ അറബ് ഷിപ്പിങ് ആൻഡ് ട്രാൻസ് പോർട്ടിങ് കോർപറേഷന്റെ കത്തു കിട്ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജോർജ് ഡാനിയലാണു കത്തെഴുതിയത്. കൈരളി എവിടെയെന്ന് അവർ തിരച്ചിൽ നടത്താമെന്നും കണ്ടെത്തുകയോ മുങ്ങിയെന്നു പൂർണമായ തെളിവു ഹാജരാക്കുകയോ ചെയ്താൽ 2.8 ലക്ഷം ഡോളർ പ്രതിഫലം തരണമെന്നും കണ്ടെത്തിയില്ലെങ്കിൽ പണമൊന്നും തരേണ്ടെന്നുമായിരുന്നു കത്ത്. പക്ഷേ കേരള ഷിപ്പിങ് കോർപറേഷൻ ആ കത്തിനോടു താൽപര്യം കാട്ടിയില്ല. പാൻ അറബ് ഷിപ്പിങ് കമ്പനി കപ്പലുകൾ പൊളിച്ചു വിൽക്കുന്ന ബിസിനസ് നടത്തുന്ന വരാണെന്നും കടലിൽ വിപുലമായ തിരച്ചിൽ നടത്താൻ അവർക്കു കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു നിർദേശം നിരസിച്ചത്.
അപ്പോഴേക്കും കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവർക്ക് അതു പ്രതീക്ഷയുടെ പിടിവള്ളിയായിരുന്നു. കേരള ഷിപ്പിങ് കോർപറേഷൻ മാനേജിങ് ഡയറക്ടറോട് അവർ ആവശ്യപ്പെട്ടതു രണ്ടു കാര്യങ്ങളായിരുന്നു. കപ്പൽ സംബന്ധിച്ച അന്വേഷണത്തിനു ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതാധികാര സമിതി ഉണ്ടാക്കുക. കപ്പൽ ജീവനക്കാരുടെ ബന്ധുക്കളുടെ പ്രതിനിധിയും കപ്പൽ വിദഗ്ധരും അടങ്ങുന്നതാവണം സമിതി. കൂടാതെ ജോർജ് ഡാനിയലുമായും കപ്പൽ രംഗത്തെ വിദഗ്ധരുമായും സംസാരിക്കാൻ രണ്ടംഗ അന്വേഷണ കമ്മിഷനെയും നിയോഗിക്കുക. ഈ ആവശ്യങ്ങൾക്കു മുന്നിൽ കേരള ഷിപ്പിങ് കോർപറേഷൻ എംഡിക്കു വഴങ്ങേണ്ടിവന്നു. കൊച്ചി തുറമുഖത്തു കപ്പൽ സർവേയർ ആയിരുന്ന ആർ. ലക്ഷ്മണ അയ്യർ അന്വേഷണത്തിനായി 1979 ഓഗസ്റ്റ് ആദ്യവാരത്തിൽ കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും പോയി. കുവൈത്തിൽ ജോർജ് ഡാനിയലിനെ സന്ദർശിച്ചു. കൈരളി കടൽക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കൈരളി യാത്ര തുടങ്ങിയ സമയങ്ങളിൽ കാലാവസ്ഥ അത്ര മോശമായിരുന്നില്ലെന്നു ജോർജ് ഡാനിയൽ ചൂണ്ടിക്കാട്ടി. കൊടുങ്കാറ്റ് ഉണ്ടായിട്ടില്ല. ഇരുമ്പയിര് കപ്പലിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കു നീങ്ങി കപ്പൽ മുങ്ങാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നീങ്ങാത്ത വിധത്തിലാണ് ഇരുമ്പയിര് കപ്പലിൽ സൂക്ഷിക്കുക. നാലോ അഞ്ചോ വാർത്താവിനിമയ സംവിധാനങ്ങളുള്ള കൈരളിയിൽ എല്ലാ സംവിധാനങ്ങളും ഒരുമിച്ചു തകരാറിലാവാനും ഒരു സാധ്യതയുമില്ല. ഒട്ടേറെ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിൽ കൈരളിയിൽനിന്ന് ഒരു സന്ദേശം പോലും ലഭിക്കാതെ പോവുക എന്നതും അസാധ്യം. കൈരളിയെപ്പോലുള്ള വലിയ കപ്പൽ ഒരു അവശിഷ്ടവും അവശേഷിപ്പിക്കാതെ മുങ്ങില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പലിലെ വസ്തുക്കളോ എണ്ണയോ കടൽപ്പരപ്പിൽ ഒഴുകിനടക്കും. അതുണ്ടായില്ലെന്നതു കപ്പൽ മുങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി അദ്ദേഹം എടുത്തുകാട്ടി.
സൊമാലിയൻ തീരത്ത് അക്കാലത്തും കടൽക്കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ രൂക്ഷമല്ലെന്നുമാത്രം. കൈരളി കടൽക്കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ടിരിക്കാൻ വലിയ സാധ്യതയാണു ജോർജ് ഡാനിയൽ കണ്ടത്. കൈരളിയെ ഏതെങ്കിലും തുറമുഖത്തേക്കു തട്ടിക്കൊണ്ടുപോയി പേരും നിറവും ആകൃതിയുമെല്ലാം മാറ്റിയിരിക്കാമെന്നും അല്ലെങ്കിൽ പൊളിച്ചുവിറ്റിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. റഡാർ ഇല്ലാത്തതിനാലും മഴയുണ്ടായിരുന്നതിനാലും കപ്പലിന്റെ ദൂരക്കാഴ്ച പൂജ്യമായിരുന്നിരിക്കാം. ദൂരക്കാഴ്ച ഇല്ലാത്തപ്പോൾ കടൽക്കൊള്ളക്കാരുടെ വരവ് അറിയാനാവില്ല.
കേരള സർക്കാർ ആവശ്യപ്പെട്ടാൽ തിരച്ചിൽ നടത്താമെന്നു ജോർജ് ഡാനിയൽ സമ്മതിച്ചു. തുടർന്നു സൗദിയിലേക്കുപോയ അന്വേഷണ സംഘം ദമാമിലും ജിദ്ദയിലുമുണ്ടായിരുന്ന കപ്പൽ വിദഗ്ധരുമായി സംസാരിച്ചു. കടൽക്കൊള്ളക്കാരുടെ ആക്രമണ സാധ്യതയിലേക്കാണ് അവരും വിരൽ ചൂണ്ടിയത്.
കണ്ടു കണ്ടു. കണ്ടില്ല സിംഗപ്പൂർ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ എന്ന ജീവനക്കാരൻ സുഹൃത്ത് മുഹമ്മദിന് അയച്ച സന്ദേശം ഇങ്ങനെ: കൈരളിയെന്ന കപ്പൽ അറബിക്കടലിൽ വച്ചു പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽ) ഒരു വിഭാഗം പിടിച്ചെടുത്തു. അമേരിക്കൻ ഓയിൽ ടാങ്കർ ആണെന്നു കരുതിയാണു പി എൽ അതു പിടിച്ചെടുത്തത്. ജീവനക്കാരെല്ലാം ജീവനോടെയുണ്ട്. കപ്പൽ ചിലപ്പോൾ പേരും നിറവും മാറ്റിക്കാണും.
ഈ സന്ദേശത്തെക്കുറിച്ച് ആരും അന്വേഷിച്ചതേയില്ല.
കൈരളിയിലെ ജോലിക്കാരനായിരുന്ന ത്യാഗരാജന്റെ സഹോദരി മുത്തുലക്ഷ്മിക്ക് 1979 ജൂലൈ അവസാന ആഴ്ചയിൽ ഒരു ഗ്രീറ്റിങ് കാർഡ് തപാലിൽ ലഭിച്ചു. എല്ലാ യാത്രകളിലും ത്യാഗരാജൻ സഹോദരിക്കു കത്തും ഗ്രീറ്റിങ് കാർഡും അയയ്ക്കാറുണ്ടായിരുന്നു. ഇക്കുറി ഗ്രീറ്റിങ് കാർഡ് മാത്രമാണു കിട്ടിയത്. അതു തന്റെ സഹോദരൻ അയച്ചതാണെന്നു മുത്തുലക്ഷ്മി വിശ്വസിക്കുന്നു. ഇതേക്കുറിച്ചും അന്വേഷണം നടത്തിയില്ല.
കൈരളിയെപ്പോലൊരു കപ്പൽ കടലിൽ കണ്ടെന്നു ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഒരു കപ്പലിലെ ക്യാപ്റ്റൻ പിന്നീട് അധികൃതർക്കു വിവരം നൽകി. ഒരു ലൈറ്റ് മാത്രമാണു കപ്പൽ തെളിച്ചിരുന്നത്. കപ്പലുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആ ലൈറ്റും അണച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു. പക്ഷേ ഈ ക്യാപ്റ്റൻ പറഞ്ഞതുമായി ബന്ധപ്പെട്ടു പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ല.
കൈരളി മുങ്ങിയിരിക്കാമെന്ന വാദമുയർത്തുന്നവർ പറയുന്നതു രണ്ടു കാരണങ്ങളാണ്. കപ്പലിൽ ഇരുമ്പയിര് കൃത്യമായ രീതിയില്ല സൂക്ഷിച്ചിട്ടുള്ളതെങ്കിൽ ഭാരം മറ്റൊരു ഭാഗത്തേക്കു നീങ്ങി കപ്പലിന്റെ ബാലൻസ് നഷ്ടപ്പെടാനും മുങ്ങാനും സാധ്യതയുണ്ടെന്നതാണു പ്രധാന കാരണം. കപ്പൽ രണ്ടായി ഒടിഞ്ഞു പെട്ടെന്നു മുങ്ങിപ്പോയിരിക്കാമെന്നും വേറൊരു വാദമുണ്ട്. പക്ഷേ മുങ്ങലിന്റെ ഒരു അവശിഷ്ടവും അവശേഷിക്കാത്തത് ഈ വാദത്തിന് എതിരാവുന്നു.
അന്വേഷണ കമ്മിഷൻ തിരുവനന്തപുരത്തി കേരള ഷിപ്പിങ് കോർപറേഷനും സർക്കാരിനും റിപ്പോർട്ട് നൽകി. കപ്പൽ കടൽക്കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടിരിക്കാനാണു സാധ്യതയെന്നാണു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്. പാൻ അറബ് ഷിപ്പിങ് ആൻഡ് ട്രാൻസ്പോർട്ടിങ് കമ്പനിയുടെ സേവനം ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കേരള ഷിപ്പിങ് കോർപറേഷനും സർക്കാരിലെ ഉന്നതോദ്യോഗസ്ഥരും പുതിയ അന്വേഷണത്തിൽ താൽപര്യമില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പുതിയ സർക്കാർ വരുന്നതിനു മുൻപുള്ള ഇടവേളയായിരുന്നു കേരളത്തിലപ്പോൾ. അന്നത്തെ ഗവർണർ ജ്യോതി വെങ്കിടചെല്ലത്തെ കണ്ട് അന്വേഷണസംഘം കാര്യങ്ങൾ ധരിപ്പിച്ചു. ജോർജ് ഡാനിയലുമായി പുതിയ കരാർ ഉണ്ടാക്കാൻ അവർ സമ്മതിച്ചു.
കരാർ ഒപ്പിടാൻ അനുകൂല നിലപാടെടുത്ത ജ്യോതി വെങ്കിടചെല്ലത്തെ പുതിയ സർക്കാർ അടുത്തയാഴ്ച വരുമെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ നിരുൽസാഹപ്പെടുത്തി. അതിനു മുൻപു തിടുക്കത്തിൽ കരാർ ഒപ്പിടുന്നതു ശരിയല്ലെന്നായിരുന്നു വാദം, മന്ത്രിസഭ അതു തീരുമാനിക്കട്ടെ എന്നു ഗവർണറും തീരുമാനിച്ചു. മന്ത്രിസഭായോഗത്തിൽ അന്വേഷണ തീരുമാനമാന്നുമുണ്ടായില്ല. കൈരളിയുടെ ദുരൂഹതിരോധാനം സംബന്ധിച്ച അന്വേഷണവും അതോടെ അവസാനിച്ചു.
Read More in Organisation
Related Stories
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
3 years, 10 months Ago
ഒക്ടോബർ 4, ലോക ജന്തുദിനം (World Animal Day) ജന്തുക്കളോടും അല്പം കരുണയാവാം...
3 years, 5 months Ago
ജൂൺ 19 വായനാദിനം
3 years, 10 months Ago
ബി എസ് എസ് സംസ്കാരഭാരതം കാവ്യസദസ്സ് ജി. എൻ പണിക്കർ ഉദ്ഘാടനം ചെയ്തു
1 year, 9 months Ago
ഇ. മൊയ്തു മൗലവി
2 years, 5 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
2 years, 10 months Ago
നാട്ടറിവ്
3 years, 5 months Ago
Comments