കാര്യ വിചാരം

2 years, 4 months Ago | 286 Views
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
ആയോധന കലയിൽ വിദഗ്ധനായ ദ്രോണർ പാണ്ഡവരേയും കൗരവരെയും ആയുധ വിദ്യ പഠിപ്പിക്കുകയാണ്. ജന്മനാ ബ്രാഹ്മണനായ ദ്രോണർ ക്ഷത്രിയ ധർമ്മമായ ആയുധാഭ്യാസമാണ് നടത്തുന്നത്. ദ്രോണരുടെ കീർത്തി നാടെങ്ങും വ്യാപിച്ചു.
ഹിരണ്യ ധനുസ്സ് എന്നൊരു കാട്ടുരാജാവിന്റെ പുത്രനാണ് ഏകലവ്യൻ. സമർത്ഥനും സൽഗുണ സമ്പന്നനുമായ അയാൾക്കു ഒരു മോഹം - ദ്രോണാചാര്യരുടെ ശിഷ്യനാകണം നേരിൽ കണ്ട് ആഗ്രഹം അറിയിച്ചു. രാജകുമാരന്മാരോടൊപ്പം ഒരു വേട ബാലനെക്കൂടി ചേർക്കുന്നത് ഭംഗിയല്ലെന്നു പറഞ്ഞു. “നീ സ്വയം തന്നെ പഠിച്ചുകൊൾക. എന്നെ ഗുരുവായി ധ്യാനിച്ചു കൊണ്ട് അഭ്യസിച്ചാൽ മതി. ഞാൻ നിന്നെ ശിഷ്യനായി അംഗീകരിച്ചിരിക്കുന്നു”.
ഏകലവ്യൻ മണ്ണുകൊണ്ട് ഒരു ആൾ രൂപം ഉണ്ടാക്കി. അത് ദ്രോണരാണെന്നു സങ്കല്പിച്ചു ഒരു പീഠത്തിൽ വച്ചു. അതിനെ തൊട്ടു തൊഴുത് ദിവസവും അഭ്യാസം ആരംഭിക്കും. ഇച്ഛാശക്തി കൊണ്ട് ആ യുവാവ് വലിയ വില്ലാളിയായിത്തീർന്നു. ഒരിക്കൽ പാണ്ഡവ - കൗരവ രാജകുമാരന്മാർ കാട്ടിൽ നായാട്ടിനു പോയി. കാടിളക്കി. അതിനിടയിൽ ഒരു പട്ടി കുരച്ചു കൊണ്ട് ഏകലവ്യന്റെ നേരേ ചാടി വീണു. ഏകലവ്യൻ അതിന്റെ നേർക്ക് അമ്പയച്ചു, അത്ഭുതം പട്ടിയുടെ വായ് നിറയെ അമ്പുകൾ. കുരയ്ക്കാൻ പോലും കഴിയുന്നില്ല. ഒന്നിച്ചിത്ര അമ്പുകളയയ്ക്കാൻ കഴിയുന്ന വിദഗ്ധനാര് ? അവർ അ ന്വേഷിച്ചിറങ്ങി. ഏകലവ്യനെ കണ്ടുമുട്ടി. ” താങ്കളുടെ ഗുരു” ആരാണ്? “ദ്രോണാചാര്യർ” ഏകലവ്യന്റെ മറുപടി. തന്റെ ഗുരു തന്നെയോ ഇവന്റെ ഗുരു ? ദ്രോണർ എന്നെ ഇതൊന്നും പഠിപ്പിച്ചില്ല. കുണ്ഠിതനായ അർജ്ജുനൻ ദ്രോണരുടെ മുന്നിലെത്തി. ഗുരോ, എന്നെപ്പോലെ സമർത്ഥനായ മറ്റൊരു ശിഷ്യൻ അങ്ങേയ്ക്കില്ലെന്നാണല്ലോ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ സമർത്ഥനായ അങ്ങയുടെ ഒരു ശിഷ്യനെ കണ്ടു. വിവരങ്ങളന്വേഷിച്ചപ്പോൾ താങ്കളാണ് അവന്റെ ഗുരു എന്ന് പറഞ്ഞു. കുമാരന്മാരോടൊപ്പം ദ്രോണർ കാട്ടിലെത്തി. ഗുരുവിനെ കണ്ടമാത്രയിൽ ഏകലവ്യൻ സാഷ്ടാംഗ പ്രണാമം ചെയ്തു. ദ്രോണർ ഏകലവ്യനോട് പറഞ്ഞു: “വത്സാ, നീ എന്റെ ഗുരു എന്നു പറഞ്ഞു.
ശിഷ്യനാണെങ്കിൽ ഗുരു ദക്ഷിണ നല്കണം'. 'ആഗ്രഹം അറിയിച്ചാൽ അടിയനതു ഇക്ഷണം സമർപ്പിക്കാം'. ഏകലവ്യൻ വ്യക്തമാക്കി. ദ്രോണർക്ക് അർജ്ജുനനോട് അമിത വാത്സല്യമാണ് അതിനു കാരണങ്ങളുണ്ട്. അർജ്ജുനനേക്കാൾ സമർത്ഥനായ മറ്റൊരാൾ ഉണ്ടാകരുതെന്നു ഗുരു ആശിച്ചു. ഗുരു ദക്ഷിണ ചോദിച്ചപ്പോൾ അർജ്ജുനന്റെ മുഖം വികസിച്ചു. ലോക പ്രശസ്തനായ അർജുനന്റെ ഗുരു ദ്രോണരാണെന്ന് അറിയപ്പെടണം. സങ്കോചത്തോടെ യാണെങ്കിലും ദ്രോണർ പറഞ്ഞു. 'നിന്റെ വലതുകൈയിലെ തള്ളവിരൽ മുറിച്ചു തരിക'. ഒരു ഗുരു ഇത്രയും ക്രൂരനാകാൻ പാടുണ്ടോ. ഏകലവ്യൻ നടുങ്ങിയില്ല. അവൻ തള്ളവിരൽ മുറിച്ച് ദ്രോണരുടെ പാദത്തിൽ സമർപ്പിച്ചു. ആ നിന്ദ്യമായാ വേദന ദ്രോണരെ ജീവിതാന്ത്യം വരെ വേട്ടയാടിയിരിക്കണം. തൻറെ രണ്ടു താത്പര്യങ്ങൾ സാധിച്ചതുകൊണ്ടാണ് ദ്രോണർക്ക് അർജ്ജുനനോട് അമിത വാത്സല്യം ഉണ്ടായത്. തന്നെ അപമാനിച്ച ദ്രുപനെ പിടിച്ചുകെട്ടി തന്റെ മുൻപിൽ നിഷ്പ്രയാസം കൊണ്ട് വന്ന അർജ്ജുനനോട് തോന്നിയ വിധേയത്വമോ വാത്സല്യമോ ആകാം. മറ്റൊരിക്കൽ ദ്രോണർ ഗംഗയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മുതല ദ്രോണരുടെ കാലിൽ കടിച്ചു. പിടി വിടുന്നില്ല പാണ്ഡവ കൗരവ കുമാരന്മാർ കരയ്ക്കു നില്പുണ്ട്. മുതല വെള്ളത്തിന്നടിയിലാണ്. അർജ്ജുനൻ അമ്പെയ്ത് മുതലയുടെ ശിരസ്സിൽ കൊള്ളിച്ചു. മുതല പിടിവിട്ട് പാഞ്ഞു. ദ്രോണർ രക്ഷപ്പെട്ടു . ആ സംഭവവും ദ്രോണർക്ക് അർജ്ജുനനോട് തീർത്താൽ തീരാത്ത കടമയും സ്നേഹവും ഉണ്ടാക്കി. ദ്രുപദന്റെ മകൻ ധൃഷ്ടദ്യുമ്നൻ കുരുക്ഷേത്ര യുദ്ധത്തിന്നിടയിൽ ദ്രോണരെ വധിച്ചു. താൻ ചെയ്ത പാപത്തിന്റെ ഫലം മരണം തന്നെ. അശ്വത്ഥന്മാവിന്റെ പേരിൽ ധർമ്മപുത്രർ നുണ പറഞ്ഞതും കർണ്ണന്റെ കവച കുണ്ഡലങ്ങൾ ദേവേന്ദ്രൻ ഇരന്നു വാങ്ങിയതും കുരുക്ഷേത്ര യുദ്ധത്തിന്റെ കറുത്ത വശങ്ങളാണ്.
ഒരു മഹാ ഗുരുദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം കാട്ടിയത് അക്ഷന്തവ്യമാണ്.
Read More in Organisation
Related Stories
ഡിസംബർ 31 : തുഞ്ചൻ ദിനം
3 years, 7 months Ago
പാദരക്ഷകൾ പരമ പ്രധാനം
3 years, 8 months Ago
സർ സി. ശങ്കരൻ നായർ: കോൺഗ്രസ്സ് പ്രസിഡന്റായ ഏക മലയാളി
2 years, 3 months Ago
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ
3 years, 7 months Ago
മഹാനടൻ പി. മാധവൻ നായർ എന്ന മധു മധുരം മനോഹരം
2 years, 7 months Ago
ലീഡർ ലീഡർ മാത്രം
3 years Ago
അറിയാം നമുക്ക് രാമായണത്തെ
3 years, 4 months Ago
Comments