Wednesday, April 16, 2025 Thiruvananthapuram

രാമായണത്തിലെ ഭരതൻ അനുകരണീയ വ്യക്തിത്വം - ബി. എസ്. ബാലചന്ദ്രൻ

banner

1 year, 8 months Ago | 250 Views

 രാമായണത്തിലെ ഭരതൻ പൂർണ്ണമായും അനുകരണീയനാണെന്ന് ബി.എസ്.എസ്. അഖിലേന്ത്യാ ചെയർമാൻ  ബി. എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു.

ത്യാഗസന്നദ്ധതയുടെ ഔന്നത്യവും മൂല്യബോധത്തിന്റെ ആഴവും ധാർമ്മികതയുടെ തിളക്കവും ഭാതൃസ്നേഹത്തിന്റെ ദൃഢതയുടെ നിഷ്കാമകർമ്മത്തിന്റെ തേജസ്സും എന്നുവേണ്ട മനുജ്ജന്മത്തിനുണ്ടാവേണ്ടതായ എല്ലാ ഗുണഗണങ്ങളും ഒത്തുചേർന്ന വ്യക്തിത്വത്തിനുടമയാണു ഭരതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.

രാമായണത്തിൽ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഭരതൻ രംഗത്തെത്തുന്നുള്ളൂവെങ്കിലും ഭരതന്റെ അളവു കാന്തിയും മൂല്യവും ധർമ്മനിഷ്ഠയും ഏറെ പ്രകീർത്തിതമാണ്. സർവ്വവിധമായ സുഖഭോഗങ്ങളും തന്റെ കൈവെള്ളയിലൊതുക്കാമായിരുന്നുവെന്നിരിക്കേ അവയൊക്കെ ത്യജിച്ചുകൊണ്ട് ധർമ്മനീതികളിലുറച്ചു നിന്ന് പിതൃഭക്തിയോടെ ജ്യേഷ്ഠ സഹോദരനുവേണ്ടി രാജ്യം സൂക്ഷിപ്പുകാരനായി വർത്തിക്കാനാണ് ഭരതൻ ഇഷ്ടപെട്ടത്!

ദശരഥ മഹാരാജാവിന്റെ കൗസല്യ, കൈകേയി, സുമിത്ര എന്നീ ഭാര്യമാരിൽ കൈകേയിയുടെ പുത്രനാണ് ഭരതൻ. കേകയ രാജാവായ സുധാജിത്തിന്റെ സഹോദരിയാണ് കൈകേയി. അപുത്ര ദുഃഖത്താൽ അതീവ ഖിന്നനായി ജീവിച്ചുവന്ന ദശരഥമഹാരാജാവ് നടത്തിയ പുത്രകാമേഷ്ടി യാഗത്തെ തുടർന്ന് യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന ദിവ്യരൂപം നൽകിയ പ്രസാദ പായസം കഴിച്ച് മൂന്നു പത്നിമാരും ഗർഭം ധരിക്കുകയും അതിൽ കൗസല്യക്ക് ശ്രീരാമനെന്നും സുമിത്രക്ക് ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിങ്ങനെയും പുത്രന്മാർ ജനിച്ചപ്പോൾ കൈകേയിക്ക് പൂയം നക്ഷത്രത്തിൽ ജനിച്ച പുത്രനാണ് ഭരതൻ. കുലഗുരുവായ വസിഷ്ഠമഹർഷിയിൽ നിന്നും അസ്ത്ര-ശസ്ത്ര വിദ്യകളും വേദേതിഹാസങ്ങളുമെല്ലാം അഭ്യസിച്ച ഭരതൻ മിഥിലാപുരിയിലെ രാജാവായ ജനകന്റെ സഹോദരൻ കുശധ്വജന്റെ പുത്രി മാണ്ഡവിയെ പാണീഗ്രഹണം ചെയ്തു.

ഭരതനും ശത്രുഘ്നനും കേകയരാജ്യത്ത് മാതുലനായ സുധാജിത്തിനോടൊപ്പം കഴിഞ്ഞുകൂടവേ ദശരഥമഹാരാജാവ് രാജ്യഭരണം ശ്രീരാമനെ ഏല്പിച്ച് വനത്തിൽ പോയി തപസ്സുചെയ്യാൻ ആഗഹിച്ചു. ശ്രീരാമപട്ടാഭിഷേകത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി. ഈയവസരത്തിലാണ് ഭരത മാതാവ് കൈകേയി പണ്ട് ദേവാസുരയുദ്ധവേളയിൽ ദശരഥൻ വാഗ്ദാനം ചെയ്തിരുന്ന രണ്ട് വരങ്ങൾ ആവശ്യപ്പെട്ടത്. അവയിൽ ഒന്ന് തന്റെ പുത്രൻ ഭരതനെ രാജാവായി വാഴിക്കണമെന്നതും മറ്റൊന്ന് ശ്രീരാമനെ പതിനാല് വർഷത്തേക്ക് വനവാസത്തിനയക്കണമെന്നുള്ളതുമായിരുന്നു. ഇതുകേട്ട ഉടൻ തന്നെ യാതൊരു മടിയും കൂടാതെ ശ്രീരാമൻ വനവാസത്തിനായി പുറപ്പെട്ടു. ശ്രീരാമനൊപ്പം പത്നി സീതയും സഹോദരൻ ലക്ഷ്മണനും നിർബന്ധപൂർവ്വം ശ്രീരാമനൊപ്പം വനത്തിലേക്കു തിരിച്ചു. അസഹ്യമായ പുത്ര വിരഹദുഃഖത്താൽ ദശരഥ മഹാരാജാവ് നിലത്തുവീണ് പിടഞ്ഞ് നാടുനീങ്ങി. കേകയരാജ്യത്തായിരുന്ന ഭരതനേയും ശത്രുഘ്‌നനേയും ദൂതന്മാരെ അയച്ച് വിവരമറിയിച്ചു. കൊട്ടാരത്തിലെത്തിയ ശേഷം പിതാവിന്റെ വാനപ്രസ്ഥത്തേക്കുറിച്ചറിഞ്ഞ ഭരതൻ അതീവ ദുഃഖിതനും ഒപ്പം കോപിഷ്ഠനുമായി. കൈകേയിക്കുനേരെ വാൾ എടുക്കാൻ പോലും കോപാന്ധനായ ഭരതൻ മടിച്ചില്ല. ഒരുനിമിഷം ചിന്തിച്ചശേഷം ഉറയിൽ നിന്നൂരിയവാൾ സ്വയം തന്റെ കണ്ഠത്തിലേക്കു ചേർത്തു. തൽക്ഷണം ശത്രുഘ്‌നൻ ഭരതന്റെ കൈകളിൽ കടന്നുപിടിച്ചു. ആ പ്രതിരോധ ശക്തിയാൽ സ്വബോധം തിരിച്ചുകിട്ടിയ ഭരതൻ തന്റെ മാതാവ് കൈകേയിയെ തുറിച്ചുനോക്കി. ആ നോട്ടത്തിൽ കൈകേയി അഗ്നിചൂടേറ്ററോസാദലംപോലെ വാടിപ്പോയി!

രാജാധികാരങ്ങളും രാജകീയ സുഖ സൗകര്യങ്ങളുമെല്ലാം തന്റെ കാൽക്കീഴിലാണെന്ന സത്യത്തെ തൃണവൽഗണിച്ചു കൊണ്ട് ഭരതൻ ഉടൻതന്നെ കാഷായ വസ്ത്രധാരിയായി വനത്തിലേയ്ക്കു തിരിക്കുകയാണുണ്ടായത്. ജ്യേഷ്ഠ സഹോദരനവകാശപ്പെട്ട രാജ്യം ഒരു കാരണവശാലും താൻ സ്വീകരിക്കുകയില്ലെന്ന് ഭരതൻ പ്രഖ്യാപിച്ചു. ഭരതനുമാത്രം ചെയ്യാൻ കഴിയുന്ന കാര്യം!. ദുഷ്ടബുദ്ധിയായ മാതാവിന്റെ ഉദരത്തിൽ പിറന്നതിൽ താൻ ലോക നിന്ദിതനായിത്തീർന്നിരിക്കുന്നു എന്നു വിലപിച്ചു. ശ്രീരാമനെ തിരിച്ചുകൊണ്ടു വരുവാനായി വനയാത്രയ്ക്കു തിരിച്ച ഭരതനെ അനുഗമിക്കാൻ ശത്രുഘ്നനും തീരുമാനിച്ചു. വസിഷ്ഠമഹർഷിയും അവർക്കൊപ്പം കൂടി.

ശ്രീരാമനോട് തിരിച്ചുവരണമെന്നഭ്യർത്ഥിച്ച ഭരതനോടും മറ്റുള്ളവരോടും പതിനാലുവർഷം കഴിയാതെ മടക്കയാത ഇല്ല" എന്നാണ് ശ്രീരാമൻ പറഞ്ഞത്. "ബന്ധുക്കളേയോ മിത്രങ്ങളേയോ നശിപ്പിച്ചിട്ട് ലഭിക്കുന്ന ദ്രവ്യം എന്തുതന്നെയായാലും അത് വിഷം ചേർത്ത ഭക്ഷണംപോലെ"യാണെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു. ജ്യേഷ്ഠനു പകരം ഞാൻ വനവാസമനുഷ്ഠിച്ചു കൊള്ളാം അങ്ങ് രാജ്യഭരണം ഏറ്റെടുത്താലും" എന്ന ഭരതന്റെ അപേക്ഷയെ ധർമ്മസംഹിതകൾ നിരത്തി രാമൻ ഖണ്ഡിക്കുകയും അയോദ്ധ്യയിലേക്കു മടങ്ങുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ''അങ്ങിനെയെങ്കിൽ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു പൂജിക്കുവാനായി അവിടുത്തെ പാദുകങ്ങൾ നൽകിയാലും" എന്ന ഭരതന്റെ അപേക്ഷ ശ്രീരാമൻ സ്വീകരിച്ചു. രാമപാദുകങ്ങൾ ഭക്ത്യാദരങ്ങളോടെ ശിരസ്സിലേറ്റി മനസ്സില്ലാമനസ്സോടെ അയോദ്ധ്യയിലേക്കു മടങ്ങും മുൻപ് ഭരതൻ ഇപ്രകാരം അറിയിച്ചു. പതിനാലു വർഷം പൂർത്തിയാക്കിയതിന്റെ പിറ്റേനാൾ അങ്ങ് അയോദ്ധ്യയിൽ തിരിച്ചെത്താത്തപക്ഷം ഞാൻ അഗ്നിപ്രവേശം ചെയ്യും."

തുടർന്നുള്ള പതിനാലുവർഷക്കാലം ശ്രീരാമനുവേണ്ടി രാജ്യം സൂക്ഷിക്കുന്ന ഒരു സൂക്ഷിപ്പുകാരന്റെ പ്രവർത്തിയാണ് ഭരതൻ ചെയ്തത്! സർവ്വസുഖഭോഗങ്ങളും കൈപ്പിടിയിലൊതുങ്ങിനിൽക്കവേ രാജ്യലക്ഷ്മിയെ കടുകുമണിയോളം പോലും ആഗ്രഹിക്കാത്ത ഭരതന്റെ പ്രവർത്തിഅസിധാരാവ്രതത്തിനോളം (കാകോദ്ദീപകമായ സാഹച്യത്തിൽ സുന്ദരിയായ ഭാര്യ അരികിലുള്ളപ്പോൾ കാമവികാരങ്ങൾ കൂടാതെ ഒരേ കിടക്കയിൽ കഴിയുന്നതുപോലെയും വാളിന്റെ വായ്ത്തലയിലൂടെ നടക്കുന്നതിനുതുല്യവും ദുഷ്കരവും അത്യന്തം ക്ലേശകരവുമായ വ്രതം) കഠിനമെന്ന് രഘുവംശത്തിൽ കാളിദാസൻ പറഞ്ഞിട്ടുണ്ട്.

കുടുംബബന്ധങ്ങൾക്ക് ചവറുവിലപോലും കൽപിക്കാതിരിക്കുകയും സമ്പത്തിനും അധികാരത്തിനുംവേണ്ടി എന്തു നീചപ്രവർത്തിയും ചെയ്യാൻ മടിക്കാത്തതുമായ ഇന്നത്തെ കാലഘട്ടത്തിൽ ദശരഥനന്ദനൻ ഭരതനിലൂടെ വെളിവാക്കപ്പെടുന്ന സാഹോദര്യത്തിന്റെ ആഴവും മൂല്യബോധത്തിന്റെ പരപ്പും ത്യാഗസന്നദ്ധതയുടെ തിളക്കവുമെല്ലാം വിവരണാതീതം തന്നെയാണ്. ബി എസ്. ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.



Read More in Organisation

Comments