Wednesday, April 16, 2025 Thiruvananthapuram

കുട്ടികളോട് കഥ പറയണം; വിവേകത്തോടെ ഇടപെടണം

banner

3 years, 9 months Ago | 443 Views

ധാരാളം കഥകേട്ട് വളരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇന്ന് കഥ പറയുന്നവർക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വരവോടെ കഥ പറച്ചിൽ അന്യം നിന്നുപോയി. മാതാപിതാക്കൾ അത് അത്ര ഗൗരവമായി എടുക്കുന്നില്ല. കഥപറയുന്നത്, കഥ വായിച്ച് കേൾപ്പിക്കുന്നത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറയാണെന്ന ശാസ്ത്രീയ മനഃശാസ്ത്ര സത്യം മാതാപിതാക്കൾ മനസ്സിലാക്കണം.

മൂന്നു വയസ്സുകാരൻ മുപ്പതു വയസ്സുകാരനും കഥ കേൾക്കാൻ ഇഷ്ടമാണ്. പക്ഷെ മക്കളോടും കൊച്ചുമക്കളോടും കാലത്ത് പറയുന്ന അമ്മമാരുടെയും അമ്മൂമ്മമാരുടെയും കാലം കഴിഞ്ഞിരിക്കുന്നു. പണ്ട് കുഞ്ഞുങ്ങൾക്ക് കാക്കയെയും, കോഴിയെയും കാണിച്ചു അവരുടെ കഥകൾ പറഞ്ഞാണ് ആഹാരം നല്കിയിരുന്നത്. അപ്പുപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു നിന്ന് കേട്ട കഥകളാണ് പിൽക്കാലത്തു് ടി. വി ചാനലിലുടെ നമ്മൾ കാണുന്ന പുരാണകഥകളും, ചിത്രകഥകളും. നമ്മൾ ടി. വിയിൽ കാണുന്നതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞത് കേട്ടുകേൾവിയിലൂടെ പറഞ്ഞ കഥകളാണ്. കഥാപാത്രങ്ങളാണ്. ഇന്ന് കുഞ്ഞിന് ആഹാരം  കൊടുക്കുന്നത് ടി. വി ഓണാക്കിയിട്ടു അതിന്റെ മുന്നിലിരുന്നാണ്. കഥ പറഞ്ഞുകൊടുക്കേണ്ട അപ്പൂപ്പനും അമ്മൂമ്മയും ഭൂരിഭാഗവും വൃദ്ധസദനത്തിലും. പണ്ട് സന്ധ്യക്ക് നാമം ജപിക്കുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളെയും കൂടെ പിടിച്ചു സന്ധ്യാനാമം പറഞ്ഞുകൊടുക്കുമായിരുന്നു. അതിൽനിന്ന് കുട്ടികൾ ചോദിക്കുന്ന ഒരോ ചോദ്യത്തിനും അവർ മറുപടി ക്ഷമയോടെ കഥയിൽത്തന്നെ പറഞ്ഞുകൊടുത്തിരുന്നു. അത്തരം കഥകയിലൂടെയും ആശയവിനിമയത്തിന്റെയും നിമിഷങ്ങൾ അനേകായിരങ്ങളുടെ ജീവിതങ്ങളെ ധന്യമാക്കിയിട്ടുണ്ട്.

 ഇന്ന് മാതാപിതാക്കൾ കുട്ടികളെ ടി. വിയുടെ മുൻപിൽ ഇരുത്തുന്ന പരിതാപകരമായ കാഴ്ചയാണ് കാണുന്നത്. ഇത് അവരുടെ ബുദ്ധിവികാസത്തെയും, ചിന്തയേയും, പെരുമാറ്റത്തെയും, പഠനത്തെയും വളരെ ആഴത്തിൽ വികലമാക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നില്ല.

കഥ കേൾക്കുന്ന കുട്ടിക്ക് ശ്രദ്ധിച്ചു കേൾക്കാനുള്ള കഴിവ് ഉണ്ടാകുന്നു. ഏകാഗ്രത ഉണ്ടാക്കുന്നു. കാലാകാലങ്ങളിൽ കുട്ടികൾ ഈ കഥകൾ അയവിറക്കും. ഭാവിയിൽ അവരുടെ കുട്ടികൾക്ക് ഇത് കൈമാറാൻ സാധിക്കും.

കഥപറഞ്ഞു കേൾക്കുന്ന അല്ലെങ്കിൽ വായിച്ചു കേൾക്കുന്ന കുട്ടികൾ സാവധാനം വായനയുടെ ലോകത്ത് എത്തും എന്ന കാര്യത്തിൽ സംശയമില്ല. വായനാശീലം ഇല്ലാത്തതാണ് ഇന്നത്തെ കുട്ടികളുടെ കാതലായ പ്രശ്നങ്ങളിലൊന്ന്. വായിക്കുന്ന മാതാവിനെയും പിതാവിനെയും കണ്ടാണ് കുട്ടികൾ വായനയിലേക്ക് വരേണ്ടത്. കഥകൾ വായിച്ചു കൊടുക്കുന്ന മാതാപിതാക്കൾ വായനയുടെ വിത്തുകൾ ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ മനസ്സിൽ വിതയ്ക്കുന്നവരാണ്. പാട്ടുപാടി ഉറക്കുന്നതും ശിശുക്കളോട് സംസാരിക്കുന്നതും ഭാഷ പഠനത്തിന്റെ ആദ്യപാഠങ്ങൾ തന്നെ. നാലും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് നല്ല വർണ്ണചിത്രങ്ങളുള്ള പുസ്തകങ്ങൾ വാങ്ങി കൊടുക്കുക.

 ഓരോ വീട്ടിലും ഒരു ചെറിയ ലൈബ്രറി ഉണ്ടാക്കണം. കുട്ടികൾ ഈ പുസ്തകശേഖരം കാണട്ടെ. കുട്ടികളെ ലൈബ്രറികളിൽ കൊണ്ടുപോയി അവിടെയിരുന്ന് വായിക്കുന്നവരെ കാണിച്ചുകൊടുക്കണം. പുസ്തകോത്സവ ങ്ങളിലും കുട്ടികളെ കൊണ്ടുപോണം. കുട്ടികളിൽ വായനാശീലം വളർത്താൻ ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ വരുത്തുന്ന പത്രം തന്നെയാണ്. നമ്മൾ അച്ഛനും അമ്മയും രാവിലെ പത്രം വായിക്കുന്നത് കണ്ടുവേണം കുട്ടികൾ വളരാൻ. പത്രത്തിൽ വരുന്ന വാർത്തകൾ കുട്ടികളെ വായിച്ചു കേൾപ്പിക്കുക. അതും കൊച്ചുകുട്ടികൾ ആണെങ്കിൽ. വായിക്കാൻ അറിവായ കുട്ടികൾ ആണെങ്കിൽ കുട്ടികളെ അടുത്ത് പിടിച്ചിരുത്തി വായിപ്പിക്കുക. ലോകത്തിലെ എല്ലാ വാർത്തകളും പത്രത്തിൽ നിന്ന് തന്നെ നമുക്ക് അറിയാൻ കഴിയും. അതിലൂടെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ജനറലായിട്ടുള്ള ധാരാളം അറിവുകൾ കിട്ടുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വേലിയേറ്റം എല്ലാ വീടുകളിലും ഉണ്ട്. ഈ വേലിയേറ്റത്തിൽ പുസ്തകങ്ങൾ  ഒഴുകിപ്പോകാതെ സൂക്ഷിക്കുന്ന മാതാപിതാക്കൾ വിവേകമുള്ളവരാണ്.



Read More in Organisation

Comments