Wednesday, April 16, 2025 Thiruvananthapuram

പൊളിഞ്ഞ റോഡ് അറിയിക്കാൻ ആപ്പ് : പൊതുമരാമത്ത് ഉടൻ നന്നാക്കും

banner

3 years, 10 months Ago | 457 Views

 പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ നിവേദനവുമായി ആരുടേയും പുറകേ പോകണ്ട. റോഡുകളിൽ തകരാർ കണ്ടാൽ ഉടൻ പൊതുമരാമത്ത് വകുപ്പിനെ നേരിട്ട് അറിയിക്കാനുള്ള ആപ്പ് ജൂൺ ഏഴു മുതൽ പ്രവർത്തന സജ്ജമാവും. ഗൂഗിൾ പ്ളേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാവും. റോഡിന്റെ ചിത്രം സഹിതം ആപ്പിൽ അപ് ലോഡ് ചെയ്യാം.

ആദ്യഘട്ടത്തിൽ പൊതുമരാമത്തിന്റെ കീഴിലുള്ള നാലായിരം കിലോമീറ്റർ റോഡുകളുടെ കാര്യത്തിലാണ് ഈ സേവനം. അടുത്ത ഘട്ടത്തിൽ അത് 7000 കിലോ മീറ്ററാവും. ക്രമേണ കൂടുതൽ വിപുലമാക്കും.

പൊതുമരാമത്ത് വകുപ്പ് പരാതികൾ എസ്.എം.എസ് വഴിയും ഇ മെയിൽ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എൻജിനിയർമാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് തുടർവിവരങ്ങൾ അറിയാം. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ കാര്യത്തിലേ ഈ സംവിധാനമുള്ളു.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി) ഭാഗമായുള്ള റോഡ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റം (ആർ.എം.എം.എസ്) പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്പ്. യു.കെ.ആസ്ഥാനമായുള്ള ട്രാൻസ്പോർട്ട് റിസർച്ച് ലബോറട്ടറി (ടി.ആർ.എൽ) ആയിരുന്നു കൺസൽട്ടൻസി കമ്പനി.

പദ്ധതിയുടെ ഭാഗമായ 7000 കിലോ മീറ്റർ റോഡാണ് ഈ സംവിധാനത്തിൽ വരുന്നത്. ആദ്യ ഘട്ടമായാണ് 4000 കിലോമീറ്റർ പാതയുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത്. ആറു കോടിയാണ് ആകെ ചെലവ്.എട്ട് വർഷത്തെ പരിപാലന ചെലവ് ഉൾപ്പെടെ സോഫ്റ്റ് വെയർ സജ്ജമാക്കാൻ 4.5 കോടിയാണ് ചെലവ്. റോഡുകളുടെ അറ്റകുറ്റ പണികളും പരിപാലനവും വേഗത്തിലും ശാസ്ത്രീയമായും നിർവഹിക്കാമെന്നതാണ് മേന്മ.

സംസ്ഥാനത്ത് 1.5 ലക്ഷം കിലോ മീറ്റർ റോഡാണുള്ളത്.ഇതിൽ 32,000 കിലോ മീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളത്. ബാക്കി റോഡുകൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. അതിന്റെ പരിപാലന ചുമതലയും അവർക്കാണ്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരാതികൾ മാത്രമേ ആപ്പ് വഴി അറിയിക്കാൻ സാധിക്കൂ.

 



Read More in Kerala

Comments