Thursday, April 10, 2025 Thiruvananthapuram

ബർണാഡ്ഷാ: വിശ്വസാഹിത്യത്തിലെ മുടിചൂടാമന്നൻ

banner

3 years, 5 months Ago | 684 Views

വിശ്വസാഹിത്യത്തിലെ മുടിചൂടാമന്നനാണ്  ബർണാഡ്ഷാ.  ലോകം കണ്ട മഹാ സാഹിത്യകാരന്മാരിൽ മുൻനിരക്കാരൻ.

1896 ജൂലൈ 28ന് അയർലൻഡിലെ ഡബ്ലിൻ നഗരത്തിലാണ് ബെർണാഡ്ഷാ ജനിച്ചത്. പിതാവ് കോടതി ജീവനക്കാരൻ. മാതാവ് ഒരു ഭൂഉടമയുടെ മകൾ, സംഗീതജ്ഞ. രണ്ട് സഹോദരിമാർ. പതിനഞ്ചാം വയസ്സിൽ ബർണാഡ് സ്കൂളിൽ പോക്ക് നിർത്തി. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല. ഇത്  Cashel Byroon's Profession  എന്ന നോവലിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  ഔപചാരിക വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ കുട്ടികളുടെ ആത്മാവിനെ കൊല്ലുമെന്നും  ബുദ്ധി മരവിപ്പിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമ്മയും സഹോദരിമാരും ലണ്ടനിലേക്ക് താമസംമാറി.  അദ്ദേഹം ഡബ്ലിനിലിൻ  അച്ഛനോടൊപ്പം നിന്നു. ഒരു എസ്റ്റേറ്റിൽ ഗുമസ്തനായി ജോലി ചെയ്യാനും തുടങ്ങി.  15 വയസ്സാണ് അദ്ദേഹത്തിന്.  1876 ഏപ്രിലിൽ അദ്ദേഹം ലണ്ടനിലെത്തി. ചെറുപ്പത്തിലേ  സാഹിത്യത്തിലും സംഗീതത്തിലും വായനയിലും തൽപരനായിരുന്നു ബർണാഡ്ഷാ.  ലണ്ടനിലെത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായും സാഹിത്യ പ്രവർത്തനങ്ങളിലേക്ക് വഴിമാറി.   സ്റ്റാർ എന്ന ഇംഗ്ലീഷ് സായാഹ്ന പത്രത്തിൽ ലേഖനം എഴുതാൻ തുടങ്ങി. വിഷയം സംഗീതം. 'സാറ്റർഡേ റിവ്യൂ' വാരികയിൽ വന്ന ലേഖനങ്ങൾ സമകാലീന നാടകങ്ങളുടെ വിമർശനമായിരുന്നു.

സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഫാബിയൻ സൊസൈറ്റിയിൽ അദ്ദേഹമെത്തുന്നത് 1884 സെപ്റ്റംബറിൽ ലണ്ടനിൽ പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഹെൻട്രി ജോർജ് നടത്തിയ പ്രസംഗത്തിൽ ആകൃഷ്ടനായാണ് മദ്യപാനം, പുകവലി, മാംസഭോജനം എന്നിവ എതിരായിരുന്ന അദ്ദേഹം 1911 വരെ ഈ സംഘടനയുടെ നിർവാഹക സമിതി അംഗമായിരുന്നു. 1898 ൽ ഷാർലറ്റ് പയ്ൻ ടൗൺഷൻഡ്  എന്ന ഐറിഷ്  വനിതയെ വിവാഹം കഴിച്ചു. 1906 മുതൽ ഇവർ  താമസിച്ച ഹെർട്ഫോഡ്  ഷെയറിലെ  വസതി ഷാസ് കോർണർ എന്ന പേരിൽ പ്രസിദ്ധമാണ്.

ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതം വരച്ചിടുന്ന ബർണാഡ്ഷായുടെ ആദ്യ നാടകം Windower's Houses.  1892ൽ അരങ്ങിലെത്തി.  അതൊരു മികച്ച കാൽവെപ്പായിരുന്നു. 10 വർഷം പിന്നിട്ടപ്പോൾ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായി   മാറിക്കഴിഞ്ഞിരുന്നു.

പ്രസിദ്ധമായ 63 നാടകങ്ങളുണ്ട്. അദ്ദേഹത്തിന്റേതായി നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹം എഴുതി.  പത്രങ്ങളിലും മറ്റും ബർണാഡ്ഷാ എഴുതിയ 2,50,000 ത്തിലേറെ കത്തുകളും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനയായി പരിഗണിക്കപ്പെടുന്നു.  

1895ൽ ഫാബിയൻ സൊസൈറ്റിയിൽ സഹപ്രവർത്തകനായിരുന്ന സിഡ്നി വെബ്, ഗ്രഹാം വെല്ലാസ് എന്നിവരുമായി ചേർന്ന് ബർണാഡ്ഷാ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് സ്ഥാപിച്ചു. ഇവിടുത്തെ ലൈബ്രറിയിൽ അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടേയും ശേഖരം സൂക്ഷിച്ചിട്ടുണ്ട്.  1925 ൽ  അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1931-1936 കാലത്ത് അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തി. 1938 ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പ്രാദേശിക ഭരണകൂടത്തിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1950 നവംബർ രണ്ടിന് തൊണ്ണൂറ്റിനാലാം വയസ്സിൽ മരിച്ചു. 'ഷാസ് കോർണറി'ലാണ്  ഷാ അവസാന കാലം ചെലവഴിച്ചത്.  അദ്ദേഹത്തിന്റെ ചിതാഭസ്മം 1943 സെപ്റ്റംബർ 12ന് അന്തരിച്ച പത്നി  ഷാർലറ്റ് ഷായുടേതിനൊപ്പം ഷാസ് കോർണറിലെ പൂന്തോട്ടത്തിൽ വിതറുകയായിരുന്നു.



Read More in Literature

Comments