Saturday, Sept. 26, 2026 Thiruvananthapuram

ചിലന്തിവിഷം പ്രോട്ടീനാണ്, കാൻസർ കോശങ്ങളെപ്പോലും നശിപ്പിക്കാൻ ശേഷിയുള്ളവ

banner

12 hours, 50 minutes Ago | 5 Views

'വിഷവഴി’കളിലൂടെ സഞ്ചരിച്ച മലയാളി ഗവേഷകരുൾപ്പെട്ട സംഘം കണ്ടെത്തിയത് ചിലന്തിവിഷത്തിലെ പ്രോട്ടീനുകൾ, അതും കാൻസർ കോശങ്ങളെപ്പോലും നശിപ്പിക്കാൻ ശേഷിയുള്ളവ. സ്റ്റെഗോഡിഫസ് സരസിനോറം എന്ന ചിലന്തികളുടെ വിഷഗ്രന്ഥിയെക്കുറിച്ചുള്ള പഠനത്തിലാണ് ഔഷധമൂല്യമുള്ള ഘടകങ്ങൾ കണ്ടെത്തിയത്.
 
പട്ടാമ്പി ഗവ. കോളേജിലെ സുവോളജിവിഭാഗം പ്രൊഫസർ ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ഗവേഷണം.  അദ്ദേഹത്തിന്റെ ശിഷ്യരടക്കം പന്ത്രണ്ട് ഇന്ത്യൻ ഗവേഷകർ ഇതിൽ പങ്കാളികളായി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നെയ്ച്ചർ  സയന്റിഫിക്സ് റിപ്പോർട്ട്‌സിന്റെ പുതിയ ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന ചിലന്തിവർഗമാണ് കോളനികളായി കൂടുണ്ടാക്കി ജീവിക്കുന്ന സ്റ്റെഗോഡിഫസ് സരസിനോറം.
പുളിയുറുമ്പുകളുടെ കൂടുപോലുള്ളവയിൽ നൂറിലേറെ ചിലന്തികൾ വരെയുണ്ടാകും. പാലക്കാട് അട്ടപ്പാടി, കുമ്പിടി, തൃശ്ശൂർ പുല്ലൂറ്റ്  എന്നിവിടങ്ങളിൽ നിന്നാണ് ചിലന്തികളെ ശേഖരിച്ചത്. ഐ.ഐ.ടി. ബോംബെയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു ഇവയുടെ  വിശകലനങ്ങൾ. കാൻസർ, ബാക്ടീരിയൽ രോഗങ്ങൾ എന്നിവയ്‌ക്കെതിരേയുള്ള പുതിയ മരുന്നുകളുടെ നിർമാണത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണീ ഗവേഷണം. 
 


 



Read More in Health

Comments