ഡോ. എം.ആർ.തമ്പാൻ : അറിവിന്റെ ആൾരൂപം
.jpg)
3 years, 9 months Ago | 960 Views
'ജ്ഞാനസ്വരൂപൻ' എന്നാൽ ഈശ്വരൻ എന്നാണല്ലോ? അതായത് ജ്ഞാനം തന്നെ ഈശ്വരൻ എന്ന് വിവക്ഷ.
അങ്ങനെയെങ്കിൽ ഞാൻ ഈശ്വരനെ പലവട്ടം കണ്ടിട്ടുണ്ട്!
'എങ്ങനെ'യെന്നാണ് ചോദ്യമെങ്കിൽ മറുപടിയുണ്ട്. 'ഞാൻ ഡോ. എം.ആർ.തമ്പാനെ പലവട്ടം കണ്ടിട്ടുണ്ട്.
ഇന്നിവിടെ ജീവിച്ചിരിക്കുന്ന വൈജ്ഞാനിക ശ്രേഷ്ഠരുടെ മുൻനിരയിൽ പ്രതിഷ്ഠിക്കാവുന്ന വിഗ്രഹമാണ് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ. മലയാളികൾക്കും മലയാള ഭാഷക്കും അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല.
സമകാലികർക്കും ഭാവിതലമുറക്കും വേണ്ടി അദ്ദേഹം കോർത്തൊരുക്കിയ അറിവിന്റെ കൽഹാരഹാരങ്ങൾ മലായാള നാടിനെ സുഗന്ധ പൂരിതമാക്കുന്നു. വരും തലമുറയെ വിജ്ഞാനത്തിന്റെ ശാദ്വല ഭൂമിയിലേയ്ക്ക് നയിക്കുന്നതിനായി അദ്ദേഹം നടത്തിയതും നടത്തുന്നതുമായ തീവ്രയത്ന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നത് നിസ്തർക്കം.
അദ്ദേഹം പണ്ഡിതനാണ്; മഹാപണ്ഡിതനാണ്. പക്ഷേ, നമ്മെ കാണുമ്പോൾ -അല്ലെങ്കിൽ നാം നോക്കുമ്പോൾ -തന്റെ കൈയിൽ ഒന്നുമില്ല എന്ന മട്ടിൽ ചിരിക്കുന്നു.! കൊച്ചുകുട്ടിയെ പോലെ നിഷ്കളങ്കമായി ചിരിക്കുന്നു! ആഹ്ലാദിക്കുന്നു.
കലയും സാഹിത്യവും പാണ്ഡിത്യവുമെല്ലാം ഉത്കൃഷ്ടമാവുന്നത് അത് കലയാണെന്നും സാഹിത്യമാണെന്നും പാണ്ഡിത്യമാണെന്നും അറിയാത്തപ്പോഴും അറിയിക്കാത്തപ്പോഴുമാണ്. ഈശ്വരൻ അസാന്നിധ്യം കൊണ്ടാണ് സാന്നിധ്യമറിയിക്കുന്നത്. വിവേകമുള്ള പണ്ഡിതന്മാർ സ്വകീയമായ പാണ്ഡിത്യം അന്യരെ അറിയിക്കുന്നില്ല. ഈ വിധമുള്ള ലഘുതയാർന്ന മാനസിക നിലയാണ് എന്നെ എം.ആർ.തമ്പാനിലേയ്ക്ക് കൂടുതൽ അടുപ്പിച്ചതും ആകർഷിച്ചതും. ജീവിതത്തിലെ എന്തിനെയും ഏതിനേയും ഈ ദൃഷ്ടിയിലൂടെ വീക്ഷിക്കുവാൻ കഴിവുള്ളവർ ഒരിക്കലും പ്രകോപിതരാവറില്ല. അവർ ചിരിക്കാറേയുള്ളു. ഡോ.തമ്പാനെ ശ്രദ്ധിച്ചാലറിയാം; ഇപ്പോഴും ചിരിക്കുന്ന മുഖഭാവത്തോടെ മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയൂ.
ഈ വേളയിൽ ഒരു സംഭവം ഓർമ്മവരുന്നു. മഹാ പണ്ഡിതനായ എൻ.വി.കൃഷ്ണവാര്യരുമായി ബന്ധപ്പെട്ട സംഭവമാണത്. അമ്പലപ്പുഴയിലാണെന്നാണ് ഓർമ്മ. ഒരു വലിയ സാംസ്കാരിക സമ്മേളനം നടക്കുന്നു. എൻ.വി.യാണ് അധ്യക്ഷൻ. സ്വാഗത പ്രാസംഗികൻ തന്റെ പ്രസംഗം തുടങ്ങി. "ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് നമ്മുടെ ഏറ്റവും വിലപ്പെട്ട സ്വത്തായ എൻ.വി.കൃഷ്ണവാര്യരാണ്. അദ്ദേഹം മഹാപണ്ഡിതനാണ്. മാതൃകാ പത്രാധിപരാണ്; ഊർജ്ജസ്വലനായ സാഹിത്യപ്രവർത്തനം.........; ഇത്രയുമായപ്പോഴേക്കും തുടർന്ന് എൻ.വി.യെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അയാൾ അറച്ചുനിന്നു. ഉടനെ തന്നെ അധ്യക്ഷനായിരുന്ന എൻ.വി.പതുക്കെ സ്വാഗതപ്രസംഗികനോടായി പറഞ്ഞു: 'പ്രശസ്തനായ അമ്പലവാസിയുമാകുന്നു'.എൻ.വി.യുടെ ഈ വാക്കുകൾ കേട്ടയുടൻ തന്നെ പ്രാസംഗികൻ അത് അതുപോലെ തട്ടിവിട്ടു. സദസാകെ പൊട്ടിച്ചിരിയിലാണ്ടു. അക്കൂട്ടത്തിൽ എൻ.വി.യും ചിരിച്ചു. എൻ.വി.യുടെ ഈ നർമ്മബോധവും ലഘുത്വവും ലാളിത്യവും നിറഞ്ഞൊഴുകുന്ന അതേ മാനസിക നിലതന്നെയാണ് എം.ആർ.തമ്പാനുള്ളത്.
നിഷ്പക്ഷവും സ്വതന്ത്രവുമായ വിചാരമുള്ള വ്യക്തിയാണ് ഡോ.എം.ആർ.തമ്പാൻ. ഒരു വൃക്ഷത്തിന്റെ പൂവുകണ്ടാൽ അതിന്റെ സ്വഭാവമെന്താണെന്ന് ഏതാണ്ട് നമുക്ക് മനസ്സിലാക്കാനാവും. സംസ്കാരത്തിന്റെ വർണ്ണോജ്വലമായ നിരവധി പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന മഹാവൃക്ഷമാണ് തമ്പാൻ. പക്ഷെ അതിന്റെ സ്വഭാവമെന്തെന്ന് നമുക്ക് പിടി കിട്ടുന്നില്ല. അദ്ദേഹത്തെ അത്രയെളുപ്പമൊന്നും ആർക്കും പിടികിട്ടിയെന്നു വരില്ല. അതുതന്നെയാണ് എം.ആർ.തമ്പാന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ മനസ്സ് കുശഗ്രീയമാണ്. വിചാരങ്ങളെ അദ്ദേഹം ചികഞ്ഞും തുളച്ചും നോക്കുന്നു. ആകർഷകമായ എന്ത് വിചാരം ലഭിച്ചാലും അത്ഭുത സ്തബ്ധരായിപ്പോവുന്ന മനസ്സുകളെയാണ് നമുക്ക് ചുറ്റും ഏറെയും കാണാനാവുന്നത്. പക്ഷേ ഡോ.എം .തമ്പാന്റെ മനസ്സ് അത്തരമൊരു വിസ്മയത്തിലേയ്ക്ക് ചെന്ന് പതിക്കാറില്ല. അദ്ദേഹം അവയെ മനസ്സിലിട്ട് പരിശോധിക്കുന്നു; അതിന്റെ എല്ലാ വശങ്ങളും തിരിച്ചും മറിച്ചും നോക്കിക്കാണുന്നു!
സൂര്യന് താഴെയുള്ള ഒരു വിഷയവും ഡോ.തമ്പാന് അന്യമല്ല! മലയാള ഭാഷയെക്കുറിച്ചായാലും കല,സാഹിത്യം,സാംസ്കാരികം,തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായാലും പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര-സാമ്പത്തിക വിഷയങ്ങൾ, ബയോടെക്നോളജി, നാനോടെക്നോളജി എന്ന് വേണ്ട സൂര്യന് കീഴെയുള്ള ഏത് വിഷയമായാലും അദ്ദേഹത്തിന് നന്നായി വഴങ്ങും. അവയിലൊക്കെത്തന്നെയും അദ്ദേഹം ആർജ്ജിച്ചിട്ടുള്ള അറിവ് അപാരവും അത്ഭുതാവഹവുമാണ്.സംസ്ഥാന ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ സാരഥിയായിരുന്നപ്പോൾ അതിനെ അത്യുന്നതങ്ങളിലേയ്ക്ക് ഓടിച്ചു കയറ്റാൻ കഴിഞ്ഞതിന് കാരണവും മറ്റൊന്നല്ല. എം.ആർ.തമ്പാൻ അന്നഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ഇനിയുമൊരു രാജകുമാരൻ ഏത്തേണ്ടിയിരിക്കുന്നു!
സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു നാൾ ആകസ്മികമായി സംഭവിച്ചതല്ല. അനുക്രമമായി വളർന്നു വികസ്വരമായതാണ്. ഈ വളർച്ചക്ക് പിന്നിൽ ഏതാണ്ട് 35 വർഷക്കാലം അവിടെ വിവിധ തസ്തികകളിലായി സേവനമനുഷ്ഠിച്ച ഡോ.തമ്പാന്റെ ചൂടും ചൂരുമുണ്ട് എന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണ്.
താൻ മൂലം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാവുക എന്നത് ഡോ.എം.ആർ.തമ്പാന് സഹിക്കാനാവുന്ന കാര്യമല്ല. എന്നാൽ 'ഉർവ്വശീ ശാപം ഉപകാര'മായ അനുഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഡോ.തമ്പാന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുവാനുള്ള അവസരമൊരുക്കിയത്.
1969 കാലഘട്ടത്തിലായിരുന്നു ആ സംഭവം. അന്ന് ആം.ആർ.തമ്പാൻ കൊല്ലം എസ്.എൻ.കോളേജിലെ യൂണിയൻ ചെയർമാനായിരുന്നു കെ.എസ്.യു. സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം സി.പി.എം. നേതാവും പിന്നീട് മന്ത്രിയുമായ ജി.സുധാകരനെയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്. കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് സംസ്ഥാന ഗവർണറെയായിരുന്നു ആദ്യം നിശ്ചയിച്ചതെങ്കിലും അദ്ദേഹത്തിന് അസൗകര്യമായതിനാൽ മറ്റൊരാളെ ഉദ്ഘാടനത്തിനു കണ്ടെത്തേണ്ടിവന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്നത്തെ ഡയറക്ടറും ബഹുഭാഷാ പണ്ഡിതനുമായ എൻ.വി.കൃഷ്ണവാര്യരാവട്ടെ ഉദ്ഘാടകൻ എന്ന് നിർദ്ദേശിച്ചത് തമ്പാനായിരുന്നു. എൻ.വി.യെ പോയി കണ്ട് ക്ഷണിച്ചതും തമ്പാൻ തന്നെ. എൻ.വി.കൃഷ്ണവാര്യർ ക്ഷണം സ്വീകരിക്കുകയും കൃത്യമായിത്തന്നെ എത്തിച്ചേരുകയും ചെയ്തു.
യുവാക്കൾ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കേണ്ടതാണെന്നും ഇന്ത്യക്കാകെ ബാധകമാം വിധത്തിലും പുതിയൊരു സമൂഹജീവിതം ഉണ്ടായി വരും വിധത്തിലും ചരിത്ര സത്യങ്ങളുടെയും ശാസ്ത്ര വീക്ഷണത്തിന്റെയും മനുഷ്യാന്തസ്സിന്റേയും അടിസ്ഥാനത്തിൽ ഒരു സംസ്കാരം രൂപപ്പെട്ട് വരും വിധം പ്രവർത്തിക്കാൻ യുവാക്കൾ ഒരുങ്ങി ഇറങ്ങുക എന്നത് മാത്രമാണ് രക്ഷയെന്നും അതിനായി അവരെ ബോധവൽക്കരിക്കാൻ കൂട്ടായ ശ്രമം വേണമെന്നുള്ള പൊതുവായ അഭിപ്രായം സാംസ്കാരിക നായകരിൽ രൂപപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്ത് എൻ.വി.കൃഷ്ണവാര്യരും ഉടനുണ്ടാകേണ്ട സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് ഊന്നിപ്പപറഞ്ഞു. അതിനദ്ദേഹം ചൈനയെ ഉദാഹരണമാക്കുകയും ചെയ്തു. ഇത് ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് രുചിച്ചില്ല.നേരത്തെ തന്നെ കടുത്ത ഭിന്നത നിലനിന്നിരുന്ന വിദ്യാർത്ഥി വിഭാഗങ്ങൾ തമ്മിൽ അതിന്റെ പേരിൽ സംഘർഷമായി. സംഘർഷം മൂർച്ഛിച്ച് എൻ.വി.യെ ശാരീരികമായി ആക്രമിക്കുമെന്ന് ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തി. ഒടുവിൽ നന്നേ പണിപ്പെട്ടാണ് കൃഷ്നവാര്യരെ സുരക്ഷിതമായി യാത്രയാക്കിയത് .
തന്റെ അഭിപ്രായമനുസരിച്ച് തൻ ക്ഷണിച്ചുവരുത്തിയ അതിഥിക്ക് ഇത്തരമൊരു അനഭിലഷണീയ സാഹചര്യം നേരിടേണ്ടിവന്നതിൽ എം.ആർ.തമ്പാൻ വല്ലാതെ ദുഃഖിച്ചു. മനസ്സിന് ഒരു സ്വസ്ഥതയുമില്ലാത്ത അവസ്ഥ. ഉറക്കം വരാതിരുന്ന തമ്പാൻ അന്ന് രാത്രി തന്നെ കോളേജ് യൂണിയന്റെ ലറ്റർപാഡിൽ എൻ.വി.ക്ക് ഒരു കത്തെഴുതി.ഇന്ത്യ സംഭവങ്ങൾക്കെല്ലാം മാപ്പു ചോദിച്ചുകൊണ്ടും ഖേദം പ്രകടിപ്പിച്ചുകൊണ്ടുമുള്ളതായിരുന്നു കത്ത്. കത്ത് പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിന് തെല്ലൊരാശ്വാസം തോന്നിയെങ്കിലും പൊതുവെ ഒരജ്ഞാത ദുഃഖം മനസ്സിൽ തളംകെട്ടി നിന്നിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസം കഴഞ്ഞപ്പോൾ അയച്ച കത്തിന് മറുപടി വന്നു. തമ്പാനെ ആശ്വസിപ്പിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. എൻ.വി.യെന്ന മഹാമനുഷ്യന്റെ മനസിന്റെ ദർപ്പണമായിരുന്നു പ്രസ്തുത കത്തെന്ന് ഡോ. തമ്പാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൻ.വി.യുടെ മറുപടി ലഭിച്ച ശേഷമാണ് തനിക്ക് നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞതെന്നും തമ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. 'എൻ.വി.യുടെ കത്ത് കിട്ടിയപ്പോൾ ഒരു പ്രണയ ലേഖനം കിട്ടിയ സന്തോഷമായിരുന്നു' എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഈ സംഭവത്തോടെ എൻ.വി.കൃഷ്ണവാര്യരും എം.ആർ.തമ്പാനും തമ്മിൽ ഏറെ അടുത്തു. 'ഏതാണ്ട് ഒരേ തൂവൽ പക്ഷികൾ' എന്നു വിശേഷിപ്പിക്കാവുന്ന അവരുടെ സുദൃഢമായ സുഹൃദ്ബന്ധമാണ് ഡോ.തമ്പാനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. എൻ.വി.കൃഷ്ണവാര്യർ നിർബന്ധപൂർവ്വം എം.ആർ.തമ്പാനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.
എൻ.വി.കൃഷ്ണവാര്യർക്കുശേഷം സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'ശുക്രദശ' തെളിഞ്ഞത് ഡോ.എം.ആർ.തമ്പാന്റെ കാലത്തായിരുന്നുവെന്ന് ബധിരത ബാധിച്ചിട്ടില്ലാത്ത ഏവരും സമ്മതിക്കും. ഇതിനുദാഹരണമായി അക്കമിട്ടു നിരത്താനുള്ള വസ്തുതകളും കുറച്ചൊന്നുമല്ല ഉള്ളത്.
പ്രഗത്ഭമതികളായ എഴുത്തുകാരെ കണ്ടെത്തുന്നതിൽ തമ്പാൻ പ്രകടിപ്പിപ്പിച്ചിട്ടുള്ള ക്രാന്ത ദർശിത്വം അനന്യസാധാരണമായിരുന്നു. പ്രഗത്ഭമതികളെ സൂക്ഷ്മതയോടെ അന്വേഷിച്ചും കണ്ടെത്തിയും അവരുടെ സൃഷ്ടികളെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിജ്ഞാന വ്യാപന അമൃതവാഹിനിയിലൂടെ ജനങ്ങളിലേക്കൊഴുക്കുന്ന കാര്യത്തിൽ ഡോ.എം. ആർ. തമ്പാൻ പുലർത്തിയ ശുഷ്കാന്തിയും താല്പര്യവും സാമ്യമകന്നതാണ്. പുസ്തക വില്പനയുടെ കാര്യത്തിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അക്കാലത്ത് സർവകാല റിക്കാർഡാണ് സ്ഥാപിച്ചത്. അന്ന് പ്രതിവർഷം മൂന്ന് കോടി രൂപയിലധികം വില വരുന്ന പുസ്തകങ്ങൾ വിറ്റു പോയിരുന്നു. സമൂഹത്തിന്റെ മനസ്സ് വായിച്ചറിഞ്ഞു തദനുസൃതമായുള്ള വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ അവർക്ക് വയ്ക്കാനായി നൽകി എന്നത് തന്നെയാണ് വില്പന കൂടുവാനുള്ള കാരണം. ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച വ്യക്തി എന്ന ഖ്യാതിയും എം.ആർ.തമ്പാന് സ്വന്തം. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ പ്രിയദർശിനി പബ്ലിക്കേഷൻസ്, ശ്രേഷ്ഠ പബ്ലിക്കേഷൻസ്, സദ്ഭാവനാ ട്രസ്റ്റ്, കാൻഫെഡ് എന്നിവയുടെ പുസ്തകങ്ങളും ഡോ. എം.ആർ.തമ്പാനാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. ഏതാണ്ട് 4000ത്തിലധികം പുസ്തകങ്ങൾ അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാത്രമല്ല ഏറെ വിജ്ഞാന പ്രദങ്ങളായ 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടിയിറങ്ങുമ്പോൾ സ്ഥാപനത്തിന് 13 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടാക്കിയിരുന്നു എന്നത് ഒരു ചെറിയ കാര്യമല്ല! സർക്കാർ നിയന്ത്രിത സാംസ്കാരിക സ്ഥാപനങ്ങളിൽ സ്ഥിര നിക്ഷേപമുള്ള ഏക സ്ഥാപനം സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടാണെന്ന വസ്തുത അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കിരീടത്തിൽ ഈ പൊൻതൂവൽ ചാർത്തികൊടുത്തതാവട്ടെ ഡോ.എം.ആർ. തമ്പാനും. പ്രസ്തുത സ്ഥിര നിക്ഷേപത്തിൽ നിന്നും ഏതാണ്ട് ഒരു കോടിയോളം രൂപയാണ് പ്രതിശീർഷ പലിശയായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
നൂറു ദിവസങ്ങൾക്കുള്ളിൽ നൂറ്റിനാൽപത് പുസ്തകങ്ങൾ തയാറാക്കി ഒരു വേദിയിൽ ഒരുമിച്ച് പ്രകാശനം നടത്തിക്കൊണ്ട് ഈ രംഗത്ത് ചരിത്രം സൃഷ്ടിക്കുകയും ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം നേടുകയും ചെയ്തുവെന്നത് എം.ആർ.തമ്പാന്റെ കാലത്തെ അഭിമാനകരമായ നേട്ടങ്ങളിൽ മറ്റൊന്നാണ്. ഈ കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിവിധ ഗ്രന്ഥങ്ങൾക്ക് കേരളം സാഹിത്യ അക്കാഡമി, കേരളം കലാമണ്ഡലം തുടങ്ങിയവയുടേതുൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നതും അഭിമാനകരമായ മറ്റൊരു നേട്ടം.
'മനം പോലെ മംഗല്യം' എന്ന ചൊല്ലിന് സമാനം ഡോ.തമ്പാന് കൈവന്ന അസുലഭവും അസാധാരണവുമായ ഭാഗ്യത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല. ലോകൈകനാഥനായ ശ്രീ പത്മനാഭന്റെ ദാസനാവാനുള്ള മഹാഭാഗ്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഗ്രന്ഥ രചനയും അതിന്റെ പ്രസിദ്ധീകരണവുമാണ് ഇതിന് വഴിമരുന്നിട്ടത്. ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി രചിച്ച 'ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡോ. എം . ആർ.തമ്പാൻ അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. ഗ്രന്ഥത്തിന്റെ അച്ചടി പൂർത്തിയായ ഉടൻ തന്നെ ആദ്യ പ്രതി ശ്രീ പത്മനാഭന് സമർപ്പിക്കാനായിരുന്നു കൊട്ടാരത്തിൽ നിന്നുള്ള തീരുമാനം. അതിന് തീയതിയും നിശ്ചയിച്ചു. പ്രസ്തുത തീയതിക്ക് മുമ്പ് ഒരു പ്രതി കൊട്ടാരത്തിലെത്തിക്കണമെന്ന് ഡോ.എം.ആർ.തമ്പാനോട് കൊട്ടാരത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. പുസ്തകസമർപ്പണ ചടങ്ങിൽ രാജകുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാനുള്ള ക്ഷണവുമുണ്ടായി. നിശ്ചിത ദിവസം ഡോ.എം.ആർ.തമ്പാൻ കൃത്യമായി കവടിയാർ കൊട്ടാരത്തിലെത്തി പുസ്തകത്തിന്റെ കോപ്പി നൽകി. തമ്പുരാട്ടിയുടെ നിർഭാഗ്യമോ തമ്പാന്റെ ഭാഗ്യമോ എന്നറിയില്ല പുസ്തകസമർപ്പണ ദിനത്തിൽ തമ്പുരാട്ടിക്ക് ആ കർമ്മം നിർവഹിക്കാൻ നിർവാഹമില്ലാതെ വന്നു. രാജകുടുംബാംഗങ്ങൾ പെട്ടെന്നു തന്നെ ഒത്തുകൂടി ഒരു തീരുമാനമെടുത്തു. അശ്വതി തിരുനാളിന്റെ അഭാവത്തിൽ പ്രസ്തുത കർമ്മം ഡോ.എം.ആർ. തമ്പാൻ നിർവഹിക്കട്ടെ എന്നതായിരുന്നു തീരുമാനം. ഗ്രന്ഥ രചയിതാവായ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിയുടെയും മറ്റ് രാജകുടുംബാംഗങ്ങളുടെയും സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി എം.ആർ.തമ്പാൻ അതിനു സമ്മതം മൂളി. തുടർന്ന് രാജകീയ ആർഭാടങ്ങളോടെയും പ്രൗഢിയോടെയും ഡോ.തമ്പാനെ കവടിയാർ കൊട്ടാരത്തിൽ നിന്നു ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. കൊട്ടാരത്തിൽ നിന്നും എത്തിച്ച പുത്തൻ കസവു മുണ്ടും നേര്യതും ധരിച്ച് രാജകുടുംബാംഗങ്ങളാലും വാദ്യഘോഷങ്ങളാലും മതിലകം ഉദ്യോഗസ്ഥരാലും പരിസേവിതനായി ക്ഷേത്രത്തിനുള്ളിലേയ്ക്ക് കടന്ന തമ്പാന്റെ കൈകളിൽ പട്ടുവിരിച്ച തമ്പാളം നൽകി അതിൽ 'ശ്രീ പത്മനാഭ സ്വാമിക്ഷേത്രം' എന്ന ഗ്രന്ഥം പുഷ്പാലംകൃതമായി പ്രതിഷ്ഠിച്ചിരുന്നു. അലംകൃത താമ്പാളത്തിലെ പുസ്തകവുമായി ഡോ.തമ്പാൻ ശ്രീ കോവിൽ നടയിലേയ്ക്ക് നീങ്ങി. രാജകുടുംബാംഗങ്ങളും ക്ഷേത്രം ഭാരവാഹികളും അകമ്പടി സേവിച്ചു. ദേവ വാദ്യഘോഷങ്ങളുടെയും മന്ത്രധ്വനികളുടെയും ശംഖ നടത്തിന്റെയും ഹുലഹൂലിനടത്തിന്റെയുമെല്ലാം അടമ്പടിയിൽ ഡോ.തമ്പാൻ തന്റെ കൈകളിലെ സുഗന്ധപുഷ്പാലംകൃത ഗ്രന്ഥം ശ്രീ കോവിൽ നടയിൽ സമർപ്പിച്ചു.
പാൽക്കടൽ നടുവിൽ അനന്ത സർപ്പത്തിന് മുകളിൽ പള്ളികൊള്ളുന്ന ശ്രീ പത്മനാഭനെ ശ്രീ കോവിലിന്റെ മൂന്ന് വാതിലുകളിലും കൂടി പൂർണ്ണ രൂപത്തിൽ അടുത്തു കാണാൻ ഭാഗ്യം സിദ്ധിച്ചതോടെ ഭക്തിയിൽ ആറടി നിന്ന തമ്പാൻ ഒറ്റക്കൽ മണ്ഡപത്തിൽ സാഷ്ടംഗ നമസ്കാരം ചെയ്തു. തൊഴുതെഴുന്നേറ്റ അദ്ദേഹത്തെ സ്വീകരിച്ചത് രാജകുടുംബങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും അത്ഭുതം കൂറുന്ന മിഴികളാണ്! ഒപ്പമുണ്ടായിരുന്ന ക്ഷേത്ര ഭാരവാഹിയുടെ മുഖഭാവമാവട്ടെ അരുതാത്തതെന്തോ സംഭവിച്ച മട്ടിലും! ആരും ഒന്നും ഉരിയാടുന്നുമില്ല.
പന്തികേടുണ്ടെന്നു കണ്ട തമ്പാൻ ഒപ്പമുണ്ടായിരുന്ന ക്ഷേത്ര ഭാരവാഹിയോട് കാര്യം തിരക്കി. "അത് വേണ്ടായിരുന്നു......., സാരമില്ല; സാറിത് ആരോടും പറയണ്ട......" എന്നായിരുന്നു കിട്ടിയ മറുപടി. അതോടെ ഉൽക്കണ്ഠ വർധിച്ചു. എന്തെങ്കിലും പിഴവ് പറ്റിയോ എന്നുള്ള നേരിയ ഭയവും.
അവിടെ നിന്നും തമ്പാനും സംഘവും കവടിയാർ കൊട്ടാരത്തിലേക്ക് മടങ്ങി. തമ്പാന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. കൊട്ടാരത്തിലെത്തിയ തമ്പാൻ ഒപ്പമുണ്ടായിരുന്ന ക്ഷേത്ര ഭാരവാഹിയോട് വീണ്ടും ആരാഞ്ഞു. "അല്ല; എന്തു വേണ്ടായിരുന്നു എന്നാണ് നേരത്തെ പറഞ്ഞത്? എനിക്ക് മനസ്സിലായില്ല. ഞാൻ തെറ്റായതെന്തെങ്കിലും ചെയ്തുവോ? അങ്ങനെയെങ്കിൽ പ്രായശ്ചിത്ത ക്രിയയെന്ന നിലയിൽ എന്തുചെയ്യാനും ഒരുക്കമാണ്...."
അശ്വതിതിരുനാൾ തമ്പുരാട്ടിയും പൂയം തിരുനാൾ തമ്പുരാട്ടിയും അപ്പോഴവിടെ നിൽക്കുന്നുണ്ടായിരുന്നു. കാര്യങ്ങളെല്ലാം അവർ അറിഞ്ഞിരിക്കുന്നുവെന്ന് അവരുടെ മുഖത്തെ കുസൃതിച്ചിരിയിൽ നിന്നും തമ്പാന് മനസ്സിലായി. അവർ പറഞ്ഞു: "സാറ് വിഷമിക്കണ്ട. പ്രായശ്ചിത്ത ക്രിയയുണ്ട്. അത് ഞങ്ങൾ പറയാം. ....."ഡോ. തമ്പാൻ ആകാംഷാഭാവത്തോടെ തമ്പുരാട്ടിയുടെ മുഖത്തേയ്ക്ക് നോക്കി.
ഈയവസരത്തിൽ ഗതകാല ചരിത്രത്തിലേക്ക് കൂടി ചെറിയൊരു എത്തിനോട്ടം നടത്തേണ്ടതായുണ്ട്. പഴയ വേണാടിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരത്തു നിന്നു അനിഴം തിരുനാൾ ബാല മാർത്താണ്ഡവർമ്മ മഹാരാജാവ് ചോരപ്പുഴകൾ സൃഷ്ടിച്ചുകൊണ്ട് നടത്തിയ പടയോട്ടത്തിന്റെ അന്ത്യം തിരുവിതാംകൂറിന്റെ ഉദയമായിരുന്നു.
പത്മനാഭപുരത്തു നിന്നും വടക്കോട്ട് നീളെ ഒഴുകിയ ചെഞ്ചോരപ്പുഴയിൽ മുങ്ങിത്താഴ്ന്ന കിരീടങ്ങളും ചെങ്കോലുകളും, സിംഹാസനങ്ങളും ഏറെയാണ്. ചുടുചോരയിൽ മുക്കിയുണക്കിയ തീരുവിതാംകൂറിന്റെ ആദ്യ അരചനായി അനിഴം തിരുനാൾ ബാലമർത്താണ്ഡവർമ്മ. പരസഹസ്രം കണ്ഠങ്ങൾ അരിഞ്ഞു തള്ളിയ പള്ളിവാളുമായി ബാലമർത്താണ്ഡവർമ്മ ഉറച്ച കാൽവയ്കപ്പുകളോടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് നടന്നു കയറി. ശ്രീകോവിൽ നട തുറന്ന് തന്റെകയ്യിലെ പള്ളിവാൾ ശ്രീ പത്മനാഭന്റെ തൃപ്പാദങ്ങളിൽ അടിയറവെച്ചു.'തൃപ്പടിദാനം'! താൻ വെട്ടിപ്പിടിച്ചതും, കീഴടങ്ങിയതും, ദാനം കിട്ടിയതുമായ സർവ്വവും ലോകൈകനാഥന് സമർപ്പിച്ചശേഷം പശ്ചാത്താപ വിവശനായി അദ്ദേഹം ശ്രീ കോവിൽ നടയിലെ ഒറ്റക്കൽ മണ്ഡപത്തിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. നിലത്തു നിന്നും എഴുന്നേൽക്കുമ്പോൾ ആ വീരശൂരപരാക്രമിയുടെ മുഖത്ത് നിസ്വനായ ഒരു ദാസന്റെ ഭാവമായിരുന്നു. തുടർന്ന് രാജകുടുംബാംഗങ്ങൾ ഓരോരുത്തരായി സാഷ്ടാംഗനമസ്കാരം നടത്തി. അന്നുതൊട്ടിന്നേവരെയും രാജാവും രാജകുടുംബാംഗങ്ങളും നിത്യേന ഒറ്റക്കൽ മണ്ഡപത്തിൽ സാഷ്ടാംഗനമസ്കാരം നടത്തുന്നു. എല്ലാം ശ്രീ പത്മനാഭനിൽ സമർപ്പിച്ചുകൊണ്ടുള്ള നമസ്കാരം! രാജകുടുംബാംഗങ്ങൾ മാത്രമേ ഒറ്റക്കൽ മണ്ഡപത്തിൽ സാഷ്ടാംഗപ്രണാമം നടത്താറുള്ളു.
അവിടെയാണ് ഡോ.തമ്പാൻ എല്ലാം മറന്ന് നമസ്കരിച്ചത്. തമ്പുരാട്ടിമാരുടെ മുഖത്തേയ്ക്ക് ആകാംഷാഭാവത്തിൽ നോക്കി നിന്ന തമ്പാനോട് ലക്ഷ്മീഭായി തമ്പുരാട്ടി പറഞ്ഞു: "ഒറ്റക്കൽ മണ്ഡപത്തിൽ നമസ്കരിച്ചതോടെ താങ്കൾ ശ്രീ പത്മനാഭദാസനായിരിക്കുന്നു. ഇനി എന്നും ഇവിടെ വന്നു നമസ്കരിക്കുക എന്നതാണ് പ്രായശ്ചിത്തം". ഇതുകേട്ട ഡോ.തമ്പാന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളെക്കുറിച്ച് വിവരിക്കാനാവില്ലയെന്നാണ് അതുകണ്ടു നിന്നവർ പറഞ്ഞു കേട്ടിട്ടുള്ളത്.
നാട്ടുമരുന്നുകളെ കുറിച്ചും നാട്ടുചികിത്സയെ കുറിച്ചും ഗ്രാഹ്യമുള്ള എം.ആർ.തമ്പാന് മസിൽ ഉരുണ്ടുകയറ്റത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി പ്രാണായാമമാണെന്ന് പറഞ്ഞു കൊടുത്തത് ഈശാസ്വാമിയാണ്. നാലാമത് അന്തർ ദേശീയ ഗ്ലോബൽ പാർലമെന്റിൽ പങ്കെടുക്കാനായുള്ള 2013 ലെ അമേരിക്കൻ യാത്രയിൽ ഈശാസ്വാമിയും ഒപ്പമുണ്ടായിരുന്നു. അമേരിക്കയിലെ താമസത്തിനിടെ ഒരു രാത്രിയിൽ കാലിലെ മസിൽ ഉരുണ്ടുകയറി വിഷമിച്ച തമ്പാന് സ്വാമി ഉപദേശിച്ച പ്രതിവിധിയാണ് പ്രാണായാമം! അന്നത് പരീക്ഷിച്ച് വിജയിച്ച ശേഷം ഇന്നുമദ്ദേഹം പ്രാണായാമം തുടരുന്നു. പ്രാണായാമം തുടങ്ങിയ ശേഷം ഒരിക്കൽ പോലും മസിൽ ഉരുണ്ടു കയറിയിട്ടില്ലായെന്ന് ഡോ. തമ്പാൻ സാക്ഷ്യപ്പെടുത്തുന്നു.
ഭാരത് സേവക് സാമാജിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ഭാഗഭാക്കാവുകയും ചെയ്യുന്നതിൽ ഏറെ സന്തോഷവും സംതൃപ്തിയും പുലർത്തുന്ന അദ്ദേഹം ബി.എസ്എസ്സിന്റെ ആഭിമുഖ്യത്തിലുള്ള വിവിധങ്ങളായ പഠന-പരിശീലന കോഴ്സുകളുടെ 'ബോർഡ് ഓഫ് എക്സാമിനേഷൻസ്' ചെയർമാൻ കൂടിയാണ്. ബി.എസ്.എസ് ന്റെ പ്രവർത്തങ്ങൾക്ക് ചൂടും ചൂരും പകരുന്നതിൽ ബദ്ധശ്രദ്ധനായ ഡോ.തമ്പാന്റെ കറയറ്റ സഹകരണം പ്രവർത്തകരിൽ നവോന്മേഷവും ആവേശവും പകർന്നു നൽകുന്നുവെന്നത് വസ്തുതയാണ്.
മലയാള ഭാഷയെ കുറിച്ച് സംസാരിക്കുമ്പോൾ ഡോ.എം.ആർ.തമ്പാന് ആയിരം നാവുകളാണ്. മലയാള ഭാഷയുടെ പരിപോഷണത്തിനായി അദ്ദേഹം നടത്തുന്ന നിഷ്കാമ കർമ്മങ്ങളാകട്ടെ സാമ്യമകന്നതും.
ഏകീകൃത ലിപിവിന്യാസം ആവിഷ്കരിച്ചുവെങ്കിലും അത് പിന്തുടരാനാവില്ലെന്ന് കണ്ട് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'സുവർണ്ണം 2015' എന്ന പേരിൽ കോട്ടയത്ത് നടത്തിയ സാംസ്കാരികോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിനു പിന്നിലെ ശക്തി ശ്രോതസ്സ് ഡോ.എം.ആർ.തമ്പാനായിരുന്നു. ഗവൺമെന്റിൽ തനിക്കുള്ള മുഴുവൻ സ്വാധീനവും ചെലുത്തിയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയുമാണ് സർക്കാരിനെ കൊണ്ട് ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് കേട്ടിട്ടുള്ളത്. മലയാള ഭാഷയുടെ വൈകല്യങ്ങൾക്ക് പരിഹാരം കാണുക എന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു ഡോ.തമ്പാന്റെ എക്കാലത്തെയും പ്രവർത്തനങ്ങൾ. സംഭാഷണമദ്ധ്യേ ഒരിക്കൽ 'സുവർണ്ണം 2015'നെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർക്കുന്നു.
ലിപി വിന്യാസത്തിലെ അവ്യവസ്ഥകളും അവയുടെ കാരണങ്ങളും ചർച്ച ചെയ്യുക, ഭാഷാബോധനം, ഡി. റ്റി. പി. യും പ്രസാധനവും, മലയാള ഭാഷയുടെ കമ്പ്യൂട്ടർ അധിഷ്ഠിത പ്രയോഗങ്ങൾ എന്നിവയിൽ ലിപിവിന്യാസമുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക, ലിപി വിന്യാസത്തിലെ വ്യാകരണപരവും ആശയപരവുമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, പാഠപുസ്തകങ്ങൾ, പത്ര മാസികകൾ, സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ എന്നിവയിലെ ലിപിവിന്യാസം ഏകീകരിക്കുന്നതിനും ഏകീകൃത ലിപിവിന്യാസ വ്യവസ്ഥക്ക് അംഗീകാരം നേടിയെടുക്കുന്നതിനും വേണ്ട നടപടികൾ ചർച്ച ചെയ്യുക, പുതിയൊരു സ്റ്റൈൽ ബുക്കിന്റെ ഉള്ളടക്കം ചർച്ച ചെയ്ത് തീരുമാനിക്കുക തുടങ്ങിയവയായിരുന്നു ഡിസംബർ 15 മുതൽ 28 വരെ തീയതികളിൽ കോട്ടയത്ത് നടത്തിയ ശില്പശാലയുടെ മുഖ്യ ലക്ഷ്യങ്ങൾ ഡോ.സ്കറിയ സക്കറിയയുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ഈ ശില്പശാലയുടെ ഉദ്ഘാടകൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഡറേറ്റർ മലയാളമനോരമയുടെ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായിരുന്നു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു ചർച്ചക്കുള്ള രൂപരേഖ അവതരിപ്പിച്ചത്.
മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്കുറിച്ചായിരുന്നു ചർച്ചയുടെ തുടക്കം. പതിമൂന്നു സ്വരങ്ങളും മുപ്പത്തിയാറ് വ്യഞ്ജനങ്ങളും ചേർന്ന് നാൽപ്പത്തിയൊന്പത് അക്ഷരങ്ങളാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചിട്ടുള്ളത്. സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചിട്ടുള്ള അക്ഷരങ്ങളുടെ എണ്ണവും ഇത് തന്നെയാണ്. മലയാളത്തിന്റെ ആദ്യ ഡിക്ഷണറിയായ ഗുണ്ടർട്ട് ഡിക്ഷനറിയിൽ ഹെർമൻ ഗുണ്ടർട്ട് സ്വീകരിച്ചിട്ടുള്ളതും നാൽപത്തിയൊൻപത് അക്ഷരങ്ങളാണ്. എന്നാൽ ജോർജ്ജ് മാത്തൻ, ശേഷാതിരി പ്രഭു, എന്നിവർ അമ്പത്തിമൂന്നും റവ: പീറ്റ് അമ്പത്തിയാറുമാണ് മലയാള ഭാഷയുടെ അക്ഷരങ്ങളായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. പതിനാറ് സ്വരങ്ങളും മുപ്പത്തിയേഴ് വ്യഞ്ജനങ്ങളും ചേർത്ത് അമ്പത്തിമൂന്ന് അക്ഷരങ്ങൾ ഉണ്ടെന്നാണ് മലയാളത്തിന്റെ പണിനിയായ എ.ആർ.വാദിക്കുന്നത്. ഇവയിൽ എത്തും ശരിയാണെന്നു വാദിച്ചു ജയിക്കാൻ വൈയാകരണന്മാർക്ക് കഴിയും. ഇതര ഭാഷകളെ പോലെ മലയാള ഭാഷയുടെയും അക്ഷരങ്ങളുടെയും എണ്ണം നിജപ്പെടുത്തേണ്ടിയിരിക്കുന്നു. എൻ.വി.കൃഷ്ണവാര്യർ, പ്രൊഫ.എസ്.ഗുപ്തൻനായർ എന്നിവരുടെ നേതൃത്വത്തിൽ ഭാഷാ ഇൻസ്റ്റിട്യൂട്ടും പ്രൊഫ.എൻ.ഗോപാലപിള്ള.ഡോ. കെ.എം.ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടും ആദ്യ മലയാള നിഘണ്ടുകാരനായ ഹെർമൻ ഗുണ്ടർട്ടും മലയാള ഭാഷയുടെ അക്ഷരങ്ങളായി നിശ്ചയിച്ചിട്ടുള്ളത് നാല്പത്തിയൊമ്പതാണ്. അതിനാൽ മലയാള അക്ഷരങ്ങളുടെ എണ്ണം നാല്പത്തിയൊമ്പതായി നിജപ്പെടുത്തി ഇക്കാര്യത്തിൽ ഒരു ഐകരൂപ്യമുണ്ടാക്കാൻ യോഗം തീരുമാനിച്ചു.
പുതിയ ലിപി ചിഹ്നങ്ങളുടെ ന്യുനതകൾ പരിഹരിക്കുന്നതിനെക്കുറിച്ചായിരുന്നു അടുത്ത ഘട്ട ചർച്ച നടന്നത്. അഞ്ഞൂറിൽപരമുണ്ടായിരുന്ന ലിപികളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ശൂരനാട് കുഞ്ഞൻപിള്ളയുടെയും എൻ.വി.യുടെയും നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റി, ലിപികളുടെ എണ്ണം തൊണ്ണൂറായി കുറച്ചു. നാല് ലിപി ചിഹ്നങ്ങൾ ആവിഷ്കരിച്ചാണ് ലിപികളുടെ എണ്ണം കുറച്ചത്. ഉകാരത്തിന് ഒരു കുണുക്കും( ു)ഇതിന്റെ ദീർഘത്തിന് രണ്ട് കുണുക്കു ( ൂ) മാണ് സ്വര ചിഹ്നങ്ങളായി ആവിഷ്കരിച്ചത്. എന്നാൽ മഷി കേറി പലപ്പോഴും ദീർഘം തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഈ ന്യൂനത പരിഹരിക്കാനായി 'ഉ'ന്റെ ദീർഘത്തിന് രണ്ടു വൃത്തം കഴിഞ്ഞു ഒരു നീട്ടൽ ( ൂ) കൂടി കൊടുത്ത് ആശയ വ്യക്തത വരുത്തി. പുതിയ ലിപി ചിഹ്നങ്ങളിൽ വരുത്തിയ മാറ്റങ്ങൾ യോഗം അംഗീകരിച്ചു.
ഏകീകൃത ലിപിവിന്യാസത്തെ സംബന്ധിച്ചായിരുന്നു തുടർന്ന് ചർച്ച നടത്തിയത്. സ്ഥാപക ഡയറക്റായിരുന്ന എൻ.വി.കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ ഭാഷാ ഇൻസ്റ്റിട്യൂട്ടാണ് ഏകീകൃത ലിപിവിന്യാസം 1973 -ൽ ആവിഷ്കരിച്ചത്. ക ച ട ത പ രേഫത്തോട് ചേരുമ്പോൾ ഇരട്ടിപ്പ് വേണമെന്നതാണ് ഈ പരിഷ്കരണത്തിലെ മുഖ്യ വ്യവസ്ഥ. ഉച്ചരിക്കുന്നതുപോലെ എഴുതുന്ന ഭാഷയാണ് മലയാളം. ഉച്ചാരണത്തിൽ ഊന്നൽ വേണ്ടിടത്ത് മാത്രം ഇരട്ടിപ്പ് മതി. ഇതനുസരിച്ച് വർണം, വർഗം എന്നിവയ്ക്ക് ഉച്ചാരണത്തിൽ ഊന്നലില്ലാത്തതിനാൽ വ്യഞ്ജനത്തിന് ഇരട്ടിപ്പ് വേണ്ട. എന്നാൽ പാർട്ടി,വാർത്ത എന്നിവയ്ക്ക് രേഫം കഴിഞ്ഞാൽ ഇരട്ടിപ്പ് വേണം.
സംവൃതത്തിലാവസാനിക്കുന്ന പദങ്ങളുടെ അന്ത്യത്തിൽ 'ഉ'കാരം വേണ്ട. മീത്തൽ മാത്രം മതി. ഉദാഹരണം കോഴിക്കോട്, പാലക്കാട്,താലവ്യസ്വരങ്ങൾക്കു ശേഷം 'യ്ക്കു ' എന്ന ആവശ്യമില്ല.'ക്കു' മതി. ഉദാഹരണം ഇരിക്കുക, വെക്കുക. എന്നാൽ അർത്ഥവ്യത്യാസമുണ്ടെങ്കിൽ 'യ്' നിർബന്ധമായും ചേർക്കണം. മറയ്ക്കുക എന്ന പാദത്തിൽ നിന്നും 'യ്' മാറിയാൽ അർത്ഥവ്യത്യാസമുണ്ടാകും.വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാത് ഭാഷയിൽ എങ്ങനെ ഉച്ചരിക്കുന്നുവോ ആ രീതി തന്നെ മലയാളത്തിലുംസ്വീകരിക്കണമെന്നും ഈ പരിഷ്കരണത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ചാണ് ജ്യോതിബാസു എന്നത് ജ്യോതിബസുവും അസാം എന്നത് അസം ആയും ഐൻസ്റ്റീൻ ഐൻസ്റ്റൈൻ ആയും രൂപാന്തരപ്പെട്ടത്. സാർവത്രികമായി അംഗീകരിച്ച ഈ ലിപിവ്യന്യാസം തുടരണമെന്ന് യോഗം തീരുമാനിച്ചു.
ഡോ. തമ്പാൻ അവതരിപ്പിച്ച പ്രബന്ധത്തിലെ എല്ലാ നിർദ്ദേശങ്ങളും യോഗം അംഗീകരിക്കുകയുണ്ടായി. ഇതനുസരിച്ച് അദ്ദേഹം ഡയറക്ടർ ആയിരുന്ന വേളയിൽ 2012ൽ മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈൽ പുസ്തകം എന്ന ലഘു ഗ്രന്ഥം പ്രസിദീകരിച്ചു. വിദ്യാർത്ഥി സംഘടനകൾ, അധ്യാപക സംഘടനകൾ, മാധ്യമ പ്രതിനിധികൾ, ഭാഷാ പണ്ഡിതന്മാർ എന്നിവരുമായി ചർച്ച ചെയ്താണ് ഈ സ്റ്റൈൽ പുസ്തകം മലയാളത്തനിമയുടെ ഭാഗമായി പ്രസിദീകരിച്ചത്. സർക്കാരിന്റെ അംഗീകാരവും ഈ പുസ്തകത്തിന് ലഭിക്കുകയുണ്ടായി .
സാങ്കേതിക വിദ്യയുടെ വികാസത്തിനനുസൃതമായി ഭാഷയെ നവീകരിക്കാൻ മലയാളത്തനിമ എന്ന പ്രസ്ഥാനം ആരംഭിച്ചതാണ് ഡോ. തമ്പാന്റെ മറ്റൊരു നേട്ടം. അതേകുറിച്ചും ഡോ. തമ്പാൻ ഒരിക്കൽ വിശദമായ് സംസാരിക്കുകയുണ്ടായി. കമ്പ്യൂട്ടറിന് വേണ്ടി ഭാഷയെ സജ്ജമാക്കുന്നതിന്റെ നാന്ദിയായി ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും കെൽട്രോണും പത്ര ഉടമകളുടെ സംഘടനയായ റീന്റും (Rint) ചേർന്നു നടത്തിയ സംയുക്ത സംരംഭത്തിന്റെ ഫലമായി ഇലക്ട്രോണിക് ടെക്സ്റ്റ് കമ്പോസിങ് ഫൊണറ്റിക് സിസ്റ്റം ആവിഷ്കരിച്ചു. ഇതിലോടെയാണ് ഡിടിപി സമ്പ്രദയത്തിന് ഭാഷയെ സജ്ജമാക്കാൻ കഴിഞ്ഞത്. ഇംഗ്ലീഷ് ഭാഷയ്ക്ക് കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്ന പരിശോധനാ സജ്ജീകരണങ്ങൾ മലയാള ഭാഷയ്ക്കും ഉണ്ടാവണമെന്ന ആവശ്യം ഉയർന്നു വന്ന ഘട്ടത്തിലാണ് 1997 നവംബർ 1 ന് മലയാളത്തനിമ എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. എം. ആർ. തമ്പാൻ മലയാളത്തനിമയുടെ കൺവീനറായിരുന്നു. കമ്പ്യൂട്ടറിൽ മലയാളഭാഷയെ സജ്ജമാക്കുക എന്നതായിരുന്നു മലയാളത്തനിമയുടെ മുഖ്യ ലക്ഷ്യം.
ഭാഷ വിദഗ്‌ധരുടെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് ഈ സ്റ്റൈൽ പുസ്തകത്തിന്റെ ആമുഖത്തിൽ അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ഡോ. തമ്പാൻ വ്യക്തമാക്കിയിരുന്നു.
ലിപി വിന്യാസം, ചിഹ്നം, അകലമിടൽ എന്നിവയിലെ അവ്യവസ്ഥ മാനകീകരണം (standardization) നടത്താൻ മലയാളത്തനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെയാണ് സ്പെൽചെക്ക് സിസ്റ്റത്തിന് കളമൊരുക്കാൻ കഴിഞ്ഞത്. യൂണികോഡ് സിസ്റ്റത്തിൽ മലയാള ഫോണ്ടുകൾ 128 ആയി നിജപ്പെടുത്താൻ കഴിഞ്ഞതും ഈ പ്രസ്ഥാനത്തിന്റെ മറ്റൊരു നേട്ടമാണ്. ഇന്റർകൺവെൻഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഇതിനു ലഭ്യമായ എല്ലാ കമ്പ്യൂട്ടർ ആനുകൂല്യങ്ങൾക്കും അടിത്തറയിട്ടത് മലയാളത്തനിമയാണ്.
ഡോ. തമ്പാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിരിഞ്ഞപ്പോൾ ഇതിന്റെ പ്രവർത്തനം നിലച്ചു എങ്കിലും സർവ്വവിജ്ഞാനകോശം ഡയറക്ടറായതിനെത്തുടർന്ന് മലയാള ഭാഷയെ കമ്പ്യൂട്ടറിന് സജ്ജമാക്കാനായി മിഷൻ മലയാളം എന്ന പ്രസ്ഥാനം തുടങ്ങി. മറ്റൊരു രീതിയിൽ മലയാളത്തനിമയുടെ പ്രവർത്തനം തന്നെയാണ് ഇത് നിർവഹിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മിഷൻ മലയാളം ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടറിന്റെ മലയാളം കീബോർഡ് ലേ ഔട്ടും ക്യാരക്ടർ എൻകോഡിങ്ങും മാനകീകരിക്കുകയായിരുന്നു മിഷന്റെ പ്രധാന ലക്ഷ്യം. പി. ഗോവിന്ദപിള്ള ചെയർമാനായും ഡോ. തമ്പാൻ കൺവീനറായും ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചു. ടെക്നോക്രാറ്റുകളും ഭാഷാ പണ്ഡിതന്മാരും കമ്മിറ്റിയിൽ അംഗങ്ങൾ ആയിരുന്നു. കമ്മിറ്റിയുടെ ശുപാർശകൾ 2001ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 'അക്ഷരമാല' എന്ന പേരിൽ സി-ഡിറ്റ് മലയാള പാക്കേജ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്.
'അക്ഷരമാല' യുടെ പ്രകാശനം അന്നത്തെ ഇൻഫർമേഷൻ വകുപ്പ് മന്ത്രി എം.എം ഹസ്സൻ 2002 ആഗസ്റ്റിൽ നിർവഹിക്കുകയുണ്ടായി. ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ എല്ലാം നമ്മുടെ ഭാഷയ്ക്ക് കൈവരിക്കാൻ ഡോ. തമ്പാൻ ചെയർമാനായിരുന്ന മിഷൻ മലയാളത്തിന്റെയും സി-ഡിറ്റിന്റെയും ഇ. ആർ & ഡി.സിയുടെയും കൂട്ടായ്മയിലൂടെ കഴിഞ്ഞു. മിഷൻ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ നോളേജ് ബാങ്ക് തുടങ്ങാനുള്ള ഒരു പ്രോജെക്ട് കേന്ദ്ര ഗവൺമെന്റിനു സമർപ്പിച്ചു. ഇതാണ് രൂപാന്തരം പ്രാപിച്ച് വെബ് അധിഷ്ഠിത വിജ്ഞാന കലവറ എന്നായത്. ഈ പ്രോജക്ടിന്റെയും ഓൺലൈൻ കേരള വിജ്ഞാനകോശത്തിന്റെയും ഉദ്‌ഘാടനം ഡോ. തമ്പാൻ സർവ്വവിജ്ഞാനകോശം ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന 2011 ജൂലൈ മാസത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുകയുണ്ടായി.
പ്രവാസികളെ മലയാളം പഠിപ്പിക്കുന്നതിൽ മാധ്യമം പാത്രവുമായി സഹകരിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മഹത് സംരംഭമാണ് 'മധുരമെൻ മലയാളം'. മലയാള ഭാഷയ്ക്ക് ഡോ. തമ്പാൻ നൽകിയ മറ്റൊരു സംഭവനയാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ മാധ്യമം പത്രമാണ് 'മധുരമെൻ മലയാളം' പരിപാടി പ്രവർത്തനമാക്കിയത്. ഗൾഫിലെ ഏഴ് രാജ്യങ്ങളിലും പ്രസിദ്ധീകരണമുള്ള ഏക ഇന്ത്യൻ പത്രമായ മാധ്യമം മലയാളഭാഷ പ്രചരിപ്പിക്കാൻ ആദ്യം ആരംഭിച്ചത് 'എന്റെ സ്വന്തം മലയാളം' എന്ന പരിപാടിയിലൂടെയാണ്. ഇതിന്റെ വിജയത്തിന്റെ അടിത്തറയിൽ നിന്നാണ് അടുത്ത പരിപാടിയായ 'മധുരമെൻ മലയാളം' പരിപാടി ആരംഭിച്ചത്. കേരളത്തിലൊതുങ്ങി നിന്ന മലയാളഭാഷ പശ്ചിമഘട്ടം കേറിയും ഏഴാം കടലിനക്കരെ കടന്നും ഒരു ലോകഭാഷയായി വളരുന്ന കാഴചയാണ് മാധ്യമം പത്രം ദുബായിൽ നടത്തിയ ഗ്രാന്റ് ഫിനാലെയിൽ കണ്ടതെന്ന് ഡോ. തമ്പാൻ ഒരിക്കൽ അനുസ്മരിക്കുകയുണ്ടായി.
മലയാളം ശ്രേഷ്ഠഭാഷയാക്കുന്നതിനുവേണ്ടി ഡോ. എം. ആർ.തമ്പാൻ നടത്തിയ പ്രയത്നം ചെറുതൊന്നുമല്ല. അതിനായി അദ്ദേഹം കൈ-മെയ് മറന്ന് പ്രവർത്തിക്കുക മാത്രമല്ല തന്റെ മുഴുവൻ സ്വാധീന ശക്തിയും അതിനായി ഉപയോഗിക്കുകയും ചെയ്തു.
ദ്രാവിഡ ഗോത്രത്തിൽപ്പെട്ട തമിഴ് - തെലുങ്കു-കന്നട ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തിന് ഈ അംഗീകാരം ലഭിച്ചില്ലയെന്നതിൽ തമ്പാനുണ്ടായ ദുഖവും അമർഷവും ചെറുതൊന്നുമായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് കലഹിക്കുവാൻപോലും അദ്ദേഹം മടിച്ചില്ല.
മലയാളത്തിന് ഈ അംഗീകാരം ലഭിക്കാത്തതിന് കാരണം 1500 വർഷത്തെ പഴക്കമില്ലാത്തതിനാലാണെന്ന അഭിപ്രായത്തോട് ഡോ. തമ്പാൻ അതിശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. തമിഴ്-തെലുങ്കു-കന്നട ഭാഷകളിൽ അന്യം നിന്നുപോയ പ്രാഗ് ഭാഷാ സ്വഭാവങ്ങൾ ഇന്നും മലയാളത്തിലുമുണ്ടെന്നത് മേൽപറഞ്ഞ ഭാഷകൾക്കൊപ്പമോ അല്ലെങ്കിൽ അതിനതീതമായോ ആയ പഴക്കം മലയാളത്തിനുണ്ടെന്നല്ലേയെന്ന് തെല്ലൊരു രോഷത്തോടെ തന്നെ ഡോ. തമ്പാൻ ആരായുന്നു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു ഉപസമിതിയാണ് ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി തീരുമാനിക്കുന്നത്. ഈ സമിതിയിൽ മലയാള ഭാഷയുടെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല. അച്യുതാനന്ദൻ മുഖ്യമന്ത്രി കാലഘട്ടത്തിൽ തന്നെ ശ്രേഷ്ഠപദവിക്കുള്ള ശ്രമം തുടങ്ങിയതാണ്. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടികേന്ദ്ര സർക്കാരിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിന്റെ പ്രതിനിധികളെക്കൂടി ഉൾക്കൊളിച്ചുകൊണ്ട് ഈ വിഷയം പുനഃ പരിശോധിച്ചത്. സമിതിയിലെ നീക്കങ്ങൾ മനസ്സിലാക്കി അന്നത്തെ മുഖ്യമന്ത്രി കെ.സി ജോസഫിനെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പ്രശ്നത്തിൽ ഇടപെടുവിച്ച് കേന്ദ്ര ഗവണ്മെന്റിനെക്കൊണ്ട് നടപടികൾ സ്വീകരിപ്പിച്ചത് ഡോ. തമ്പാനാണ്. സബ്ജെക്ട് എക്സ്പെർട്ടായി നിയമിക്കപ്പെട്ട എം.ജി.എസ്. നാരായണനെ അന്ന് മന്ത്രിയായിരുന്ന കെ.സി ജോസഫിനെക്കൊണ്ട് ഫോണിൽ ബന്ധപ്പെടുവിച്ചതിന് പുറമെ ഡോ. തമ്പാൻ മുഖ്യമന്ത്രിയെക്കൊണ്ടും എം.ജി.എസിനോട് സംസാരിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഈ പ്രശ്നത്തിന് പിന്നിൽ നിന്ന് സമയാസമയങ്ങളിൽ വേണ്ടുന്നതെല്ലാം ചെയ്തതും സമ്മർദ്ദങ്ങൾ ചെലുത്തിയതും ഡോ.എം.ആർ. തമ്പാനാണ്. പക്ഷെ അദ്ദേഹം അതൊന്നും ഭവിക്കില്ല. 'എന്റെ കൈയിൽ ഒന്നുമില്ലേ' എന്ന മട്ടിൽ ഒരു ചിരി മാത്രം.
ഡോ. എം.ആർ. തമ്പാൻ ഡയറക്ടറായിരുന്ന കാലഘട്ടത്തിൽ ആരംഭിച്ച പ്രസിദ്ധീകരണ പദ്ധതികൾ ഏറെയുണ്ട്. ആരോഗ്യ പുസ്തക കോർണർ, വിജ്ഞാനം 21ആം നൂറ്റാണ്ടിലേക്ക്, ദർശനമാല, നിയമം സാധാരണക്കാരന്, ഡിക്ഷ്ണറി പ്രോജക്ട്, കമ്പ്യൂട്ടർ ഗ്രന്ഥ പരമ്പര, വിശ്വവിജ്ഞാന ഗ്രന്ഥങ്ങൾ, അംബേദ്കർ കൃതികൾ, പ്രശസ്ത സാഹിത്യകാരന്മാരുടെ സമ്പൂർണ്ണ കൃതികളുടെ സമഗ്ര പഠനം, അറിവ് നിറവ് പരമ്പര, എന്റെ കേരളം തുടങ്ങിയവ അവയിൽ ചിലതുമാത്രം.
സാംസ്‌കാരിക -വൈജ്ഞാനിക രംഗങ്ങളിലെ നിറ പൗർണമിയാണ് ഡോ.എം.ആർ.തമ്പാൻ. 'തൊട്ടതെല്ലാം പൊന്നാക്കുക' എന്ന വിശേഷണത്തിന് സർവഥാ അനുയോജ്യനായ അദ്ദേഹം വൈജ്ഞാനിക മേഖലയുടെയും സാമൂഹ്യ സേവനത്തിന്റെയും ചരിത്രമെഴുതുന്നവർക്ക് ഒരു വലിയ തലക്കെട്ടാണ്.
വ്യക്തിപരമായ ആവശ്യങ്ങളെയും താല്പര്യങ്ങളെയും സംബന്ധിച്ചിടത്തോളം ഋഷി സമാനമായ അനാസക്തിയും നിസ്സംഗത്വവുമാണ് അദ്ദേഹത്തിനുള്ളത് ! മുൻകാല രഷ്ട്രീയ പ്രവർത്തകനെന്ന നിലയിലോ തുടർന്ന് സംസ്ഥാന സർക്കാർ സർവ്വീസിലെ ഉദ്യോഗസ്ഥ പ്രമുഖനെന്ന നിലയിലോ ഉള്ള ആർഭാടങ്ങളോ അസഹിഷ്ണുതയോ യാതൊന്നും തന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഡോ.എം.ആർ.തമ്പാൻ ഗ്രീഷ്മ സായാഹ്നത്തിലെ ഇളം തെന്നലിനെയാണ് അനുസ്മരിപ്പിക്കുന്നത്.
Read More in Organisation
Related Stories
ഒന്നിലും കുലുങ്ങാത്ത 'തണ്ടർ ചൈൽഡ്'
1 year, 11 months Ago
മാർച്ച് ഡയറി
4 years Ago
മറുകും മലയും
3 years, 1 month Ago
സുഗ്രീവാജ്ഞ അലംഘനീയം - ബി.എസ്.ബാലചന്ദ്രൻ
3 years, 8 months Ago
പ്രവർത്തനവും വിജയവും
2 years, 10 months Ago
Comments