വൈക്കം സത്യാഗ്രഹ ശതാബ്ദി ദേവാലയങ്ങൾ സർവ്വർക്കുമാവണം

1 year, 8 months Ago | 163 Views
"നാം ശരീരമല്ല അറിവാണ് എന്ന് അരുൾ ചെയ്ത ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്തോടെ പരിവർത്തകമാക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ജാതിയുടേയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിലുള്ള ഭിന്നതകൾ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് അപകടകരമായ അവസ്ഥാവിശേഷത്തിലെത്തിപ്പെടുകയും അതു വഴി കാലത്തിന്റെ മുഖാകൃതിക്കു തന്നെ മാറ്റം വന്നുഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അവതാരമൂർത്തിയായി ശ്രീനാരായണഗുരുദേവൻ പിറവികൊള്ളുന്നത്. ഇവിടെ ഉടലെടുക്കുന്ന ഭിന്നതകൾക്കും വിഭാഗീയതകൾക്കും ദുരന്തങ്ങൾക്കും അനാര്യതുഷ്ട പ്രശ്നങ്ങൾക്കുമെല്ലാം ഹേതുവായുള്ളത് സമൂഹത്തിൽ താണ്ഡവമാടുന്ന അജ്ഞതയാണെന്ന് ബോധ്യപ്പെട്ട് രൂപംകൊണ്ട അവതാരമാണത്!
സർവ്വ ചരാചരങ്ങളും പ്രപഞ്ച സൃഷ്ടാവിനു മുന്നിൽ ഒന്നാണെന്ന് സമർത്ഥിക്കുകയും സർവ്വ ജീവജാലങ്ങളേയും കാരുണ്യപൂർവ്വം കാണണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്ത ഗൗതമബുദ്ധന്റെ എതിർചേരിയിൽ തന്റെ നിലപാടുതറ പടുത്തുയർത്തിയ ജഗദ്ഗുരു ശ്രീശങ്കാരാചാര്യർ ഒരു മതത്തെ തന്നെ നാലായി വിഭജിച്ച് ചാതുർ വർണ്യത്തിന് വ്യാകരണം ചമച്ചു കൊണ്ട് പുതിയ സമസ്യകൾ സൃഷ്ടിക്കുകയാണ് ചെയ്തതെങ്കിൽ ആധുനിക ലോകത്തിന്റെ വിപ്ലവദീപ്തമായ എല്ലാ പരിവർത്തനങ്ങളുടേയും പ്രോൽഘാടകനായി മാറിയ ശ്രീനാരായണഗുരുദേവനാകട്ടെ മനുഷ്യവർഗ്ഗത്തിനാകെ ഒരു ജാതിയേ ഉള്ളൂവെന്നും ഒരു മതമേ ഉള്ളുവെന്നും ഒരു ദൈവമേയുള്ളൂ എന്നും സിദ്ധാന്തവൽക്കരിക്കുകയായിരുന്നു!
വിഭാഗീയത സൃഷ്ടിച്ചുകൊണ്ട് മനുഷ്യൻ മനുഷ്യനെ പീഡിപ്പിക്കുന്ന നിലയിലുള്ള ജുഗുപ്സാവഹ കാലഘട്ടത്തിലാണ് നവോത്ഥാനത്തിന്റെയും പരിവർത്തനത്തിന്റേയും ചിന്ത ഉണർത്തിക്കൊണ്ട് 'നാം ഒന്ന്' എന്ന ആശയം സാക്ഷാൽ ശ്രീനാരായണഗു രുദേവൻ മുന്നോട്ടുവെച്ചത്. പ്രബുദ്ധമായ ഒരു ജനതതിയെ വാർത്തെടുക്കുക എന്നതായിരുന്നു ലക്ഷ്യം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം സ്വാമിയും ദാസനും തമ്മിലുള്ളതാവരുതെന്നും സഹോദരങ്ങൾ തമ്മിലുള്ളതാവണമെന്നും മനുഷ്യർ പരസ്പരം പീഡിപ്പിക്കപ്പെടരുതെന്നും മനുഷ്യസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സങ്കീർത്തനം മുഴക്കിയ ഗുരുദേവൻ കണ്ടു. ദ്വന്ദ്വങ്ങൾക്കുപകരം മനുഷ്യസമത്വവും സ്നേഹവും അഹിംസയും വർഗ്ഗരഹിത സമൂഹമെന്ന സൗഭാഗ്യവുമാണ് അറിവിന്റെ മൂർത്തിയായ ഈ അവതാരപുരുഷൻ കാംക്ഷിച്ചത്! ശ്രീബുദ്ധനും, ക്രിസ്തുദേവനും, ശ്രീകൃഷ്ണനും, മുഹമ്മ ദ് നബിയും പ്രബോധിപ്പിച്ചതും മറ്റൊന്നായിരുന്നില്ല.
‘എനിക്ക് നിങ്ങളെ ആവശ്യമുണ്ട് നിങ്ങൾക്ക് എന്നെയും' എന്ന ചിന്ത മനസ്സിൽ രൂപപ്പെടണമെങ്കിൽ അജ്ഞതയെന്ന അശ്രീകരത്തെ ഹൃദയത്തിൽ നിന്നും തൂത്തെറിഞ്ഞ് ജ്ഞാനമെന്ന ശ്രീദേവിയെ അവിടെ കൂടിയിരുത്തണമെന്നും എല്ലാറ്റിനേയും ഒന്നായി കാണുവാനുള്ള ഹൃദയമഹാത്മ്യം ഉടലെടുക്കണമെങ്കിലും അറിവെന്ന ഭഗവാനെ മനസ്സിന്റെ അൾത്താരയിൽ പ്രതിഷ്ഠിച്ച് പൂവിട്ടു പൂജിച്ചേ മതിയാകൂവെന്നും മഹാതേജസ്സിന്റെ ഉറവിടവും അറിവിന്റെ ആൾരൂപവുമായ ഗുരുദേവൻ ഉറക്കെ ചിന്തിപ്പിക്കുകയും ചെയ്തു.
‘ഒരു' അല്ലെങ്കിൽ 'ഒന്ന്' എന്ന ആശയം മാനവഹൃദയങ്ങളിലേയ്ക്ക് സന്നിവേശിപ്പിച്ചു കൊണ്ടുള്ള ആ വെള്ളിവെളിച്ചമാണ് നാം വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടത്. സമൂഹത്തിലെ അ ന്ധകാരമകറ്റുവാനായി അറിവിന്റെ വെളിച്ചം പരത്തുക എന്ന ഗുരുദേവന്റെ ദർശനം ഈ യുഗത്തെ അറിവിന്റെ യുഗമാക്കി മാറ്റി. അറിവിന്റെ തിരിച്ചറിവ് ഭിന്നതകൾ ഇല്ലാതാക്കുകയും അപകടകരങ്ങളായ അതിർ വരമ്പുകളെ തച്ചുതകർക്കുകയും ചെയ്യുന്നു. ഇവിടെയാണ് അറിവിനെ ആരാധിക്കുന്ന ദർശനമായി ഈശ്വരാരാധന മാറുന്നത്.
ഈശ്വരൻ അറിവാണെന്നിരിക്കെ അറിവിനെ ആരാധിക്കുവാൻ സർവ്വമാനപേർക്കും അവകാശമുണ്ട്. അരൂപിയായ ഈശ്വര സാന്നിദ്ധ്യമായി നാം ഓരോരുത്തരേയും സ്വാധീനിക്കുന്ന ദൈവചിന്ത ഒന്നാണ്. അതു കൊണ്ടു തന്നെ വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഏത് ദേവാലയങ്ങളിലും ആർക്കും കടന്നു ചെല്ലുവാനും ഈശ്വരരാധന നടത്തുവാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന് കാണാം. നമ്മുടെ ഭരണഘടന അനുശാസിക്കുംവിധം തുല്യനീതി, തുല്യ അവകാശം, തുല്യ അവസരം എന്ന കാഴ്ചപ്പാടിൽ നാം ഓരോരുത്തരുടേയും മനസ്സ് പരിവർത്തിതമാകേണ്ടതുണ്ട്.
‘ദേവാലയങ്ങൾ സർവ്വർക്കുമായി തുറന്നുകൊടുക്കുക' എന്ന അനിഷേധ്യ ആവശ്യം അംഗീകരിക്കപ്പെടുക എന്നതായിരുന്നു സാമൂഹ്യ പരിവർത്തനമേധത്തിന് ബീജാവാപം നൽകിയ ശ്രീനാരായണഗുരുദേവന്റെ അടിസ്ഥാന ലക്ഷ്യം. ആ നിലയിൽ തന്നെയാണ് വൈക്കം സത്യാഗ്രഹത്തെ അദ്ദേഹം ആശീർവദിച്ചതും. അഹിംസയിലും സഹനത്തിലും ഊന്നി നിന്നുകൊണ്ടുള്ളതാവണം സമരമെന്നതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ഹൈന്ദവ-ക്രൈസ്തവ- ഇസ്ലാം-സിക്ക് - പാഴ്സി-ബുദ്ധ ഭേദമില്ലാതെ ഏത് ആരാധനാലയത്തിലും സ്വതന്ത്രമായി കടന്നു ചെന്ന് ആരാധന നടത്തുവാനുള്ള മനുഷ്യന്റെ അവകാശ സംരക്ഷണത്തിന് അടിസ്ഥാനശില പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ മാർഗ്ഗദർശിയായിരുന്നു ഗുരുദേവൻ. അരൂപിയായ ദൈവത്തിന് ജാതി-മത-വർണ്ണ വർഗഭേദമില്ലായെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ 'എല്ലാം ഒന്ന്' എന്ന പരമമായ സത്യം വൈക്കം സത്യാഗ്രഹമെന്ന ഐതിഹാസിക സമരത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘോഷിക്കപ്പെടുകയായിരുന്നു. ദേശീയ പ്രസ്ഥാനവും, എസ്.എൻ.ഡി.പി യും, എൻ.എസ്.എസും തോളോട് തോൾ ചേർന്നു നിന്നു നടത്തിയ ഈ പോരാട്ടത്തിൽ പങ്കാളികളാവാൻ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ അഹമഹമികയാ മുന്നിട്ടിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. മഹാത്മജിയുടെ മനം നിറഞ്ഞ ആശീർവാദം കൂടിയായതോടെ പ്രക്ഷോഭത്തിന്റെ ആവേശവും ഊർജ്ജസ്വലതയും ശത ഗുണീഭവിച്ചു. വൈക്കത്ത് ശ്രീനാരായണഗുരുദേവനുപോലും വഴി മാറിപോകേണ്ടിവന്നുവെങ്കിൽ അവിടെ മനുഷ്യ മനസ്സുകൾക്കുണ്ടാവേണ്ട പരിവർത്തനത്തിന്റെ അനിവാര്യത സമൂഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.
മനുഷ്യന് വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യത്വത്തിന് മതവും ജാതിയുമില്ല. മനുഷ്യത്വമുണ്ടാവുന്നതാവട്ടെ ജ്ഞാനത്തിലൂടെയും. ഇതു പറയുമ്പോൾ ആലപ്പുഴയിൽ സംഭവിച്ച ക്ലോറിൻ വാതക ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ സംഭവം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സഹജീവികൾക്കുവേണ്ടി മരിക്കാനും മനുഷ്യന് കഴിയുമെന്നു തെളിയിച്ച സംഭവമായിരുന്നു അത്. എല്ലാം ഒന്ന് എന്നു കണ്ടാൽ മാത്രമേ അതിനു കഴിയൂ. ക്ലോറിൻ ദുരന്ത വേളയിൽ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരെയത്രയും വിഷവായുവിൽ നിന്നും രക്ഷിക്കുവാനുള്ള ശ്രമത്തിലേർപ്പെട്ടിരുന്ന സിസ്റ്റ്ർ ലയോളയുടെ അവസാന വാക്കുകൾ 'അവരെല്ലാം രക്ഷപ്പെട്ടി ല്ലേ...?' എന്നായിരുന്നു! ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ടവരെല്ലാം രക്ഷപ്പെട്ടില്ലേ എന്നല്ല സിസ്റ്റ്ർ ലയോള ആരാഞ്ഞത്. അവിടെയാണ് നാം ഈശ്വരനെ കാണുന്നത്! എല്ലാം ഒന്ന് എന്നു കരുതുന്നവർക്കും ജ്ഞാനം ആർജ്ജിച്ചവർക്കും മാത്രമേ അതിന് സാധിക്കൂ. നമുക്ക് സിസ്റ്റർ ലയോളയാവാൻ കഴിയണം. വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലവും അതുതന്നെയാണ്.
ഏത് ദേവാലയത്തിലും പ്രവേശിക്കുവാനും ഏത് ഈശ്വരനെ ആരാധിക്കുവാനും ഓരോ പൗരനുമുള്ള അവകാശത്തെ ഗൗരവപൂർവ്വം തന്നെ നോക്കിക്കാണണം. വിഭാഗീയവൽക്കരിക്കപ്പെട്ട് വേലി കെട്ടിത്തിരിക്കപ്പെടുന്ന ജീർണ്ണിത സംസ്കാരത്തിൽ നിന്നും നാം ഉണർന്ന് ഉത്തിഷ്ഠമായേ തീരൂ. അതാവട്ടെ വൈക്കം സത്യാഗ്രഹ ശതാബ്ദിയിലെ നമ്മുടെ പ്രതിജ്ഞ.
Read More in Organisation
Related Stories
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 7 months Ago
മറുകും മലയും
1 year, 11 months Ago
പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം
9 months, 1 week Ago
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 2 months Ago
ലീഡർ ലീഡർ മാത്രം
2 years, 8 months Ago
ആയുർവേദത്തിലെ നാട്ടു ചികിത്സ
2 years, 10 months Ago
നിങ്ങൾക്കറിയാമോ ?
1 year, 11 months Ago
Comments