ഇവിടെ ചരിത്രം ഉറങ്ങുന്നു!

2 years, 4 months Ago | 205 Views
ആഗ്രാകോട്ട
മുഗളന്മാരുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ആഗ്രാ കോട്ട 'ആഗ്രയിലെ ചെങ്കോട്ട' എന്നറിയപ്പെടുന്നു. ഉത്തർപ്രദേശ് സംസ്ഥാനത്ത് യമുനാനദിക്കരയിൽ ആഗ്രാ നഗരത്തിലാണ് ആഗ്രാകോട്ട സ്ഥിതി ചെയ്യുന്നത്. ജഹാംഗീർ കൊട്ടാരം, ഖാസ്മഹൽ, ദിവാനേ ഖാസ് തുടങ്ങിയ കെട്ടിടങ്ങൾ ഈ കോട്ടക്കകത്ത് സ്ഥിതിചെയ്യുന്നു.
മുഗൾ ചക്രവർത്തിയായ അക്ബറാണ് ആഗ്രയിലെ ഈ കോട്ട ഇന്ന് കാണുന്നവിധത്തിൽ നിർമിച്ചത്. പ്രാചീന കാലത്ത് 'ബാദൽഗഡ്' എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. 1558-ൽ ഇവിടം സ്വന്തമാക്കിയ അക്ബർ ചുവന്ന മണൽക്കല്ലുകൊണ്ട് കോട്ട പുതുക്കിപ്പണിതു. എട്ടു വർഷംകൊണ്ട് പണി പൂർത്തിയായ ഈ കോട്ട പിന്നീട് ആഗ്രയിലെ ചെങ്കോട്ട എന്നറിയപ്പെടാൻ തുടങ്ങി. പിൽക്കാലത്ത് ഷാജഹാൻ ചക്രവർത്തി, അക്ബറിന്റെ നിർമിതികൾ തകർത്ത് പകരം വെള്ള മാർബിൾ കൊട്ടാരങ്ങൾ ഇവിടെ പണിതു. തലസ്ഥാനം ദൽഹിക്ക് മാറ്റിയപ്പോഴും അദ്ദേഹം കഴിഞ്ഞിരുന്നത് ഇവിടെത്തന്നെയായിരുന്നു. ഔരംഗസീബ് ഷാജഹാനെ എട്ടുവർഷത്തോളം ഈ കോട്ടയിൽ തടവിലിട്ടു. 1666-ൽ ഷാജഹാൻ മരിച്ചു. തുടർന്ന് ഈ കോട്ടയുടെ പ്രതാപവും നശിക്കുകയായിരുന്നു. 1803-ൽ ബ്രിട്ടീഷുകാർ ഇവിടും സ്വന്തമാക്കി. സ്വാതന്ത്ര്യത്തിനുശേഷം ആഗ്രാ കോട്ട ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി.
മഹാബലിപുരം
ക്രി. വ 17-ആം നൂറ്റാണ്ടിൽ പല്ലവ രാജാക്കന്മാരുടെ തുറമുഖമായിരുന്നു കോറോമാന്റൽ തീരത്ത് നിർമ്മിക്കപ്പെട്ട "മഹാബലിപുരം". ഇവിടത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പണിതുയർത്തിയത് മഹാനായ പല്ലവ ഭരണാധികാരി നരസിംഹവർമനായിരുന്നു. ഇവിടെയുള്ള രഥങ്ങളും മണ്ഡപങ്ങളും കരിങ്കല്ലിലാണ് കൊത്തിയെടുത്തിട്ടുള്ളത്. മിനുക്കിയ കല്ലുകൾ ഉപയോഗിച്ചാണ് കടലോര ക്ഷേത്രം പണിതിട്ടുള്ളത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടയിലുള്ള മഹാബലിപുരം ഇന്ന് ശിൽപകലയുടെ നാടാണ്. പ്രദേശത്തെ കൽപണിക്കാരുടെയും കൊത്തുപണി വിദഗ്ധരുടെയും കഴിവിനുള്ള പ്രോത്സാഹനം എന്ന നിലയിൽ തമിഴ്നാട് സർക്കാർ ഇവിടെ ശിൽപകലാശാല സ്ഥാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യപ്പുലരിക്ക് സാക്ഷിയായി....
1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായപ്പോൾ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ദൽഹിയിലെ 'ചെങ്കോട്ട'യിൽ നിന്നാണ്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതും ഇവിടെത്തന്നെ.
മുഗൾ ചക്രവർത്തി ഷാജഹാനാണ് 1648-ൽ ചെങ്കോട്ട പണിതത്. കോട്ടക്കുള്ളിൽ അഞ്ഞൂറോളം കെട്ടിടങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. ഒൻപതുവർഷത്തോളമെടുത്തു കോട്ടയുടെ പണി പൂർത്തിയാക്കാൻ! നിർമാണച്ചെലവ് അന്ന് ഒരു കോടി രൂപയായിരുന്നു! ചുവന്ന നിറമുള്ള മണൽകല്ലുകൊണ്ടാണ് കോട്ട നിർമിച്ചിരിക്കുന്നത്. ഉള്ളിലെ കൊട്ടാരങ്ങൾ മാർബിൾ കൊണ്ടുള്ളവയാണ്. നഗരത്തെ അഭിമുഖീകരിക്കുന്ന ഭാഗത്ത് കോട്ടയുടെ ഉയരം 33.5 മീറ്ററാണ്. ദിവാനേ ആം എന്നറിയപ്പെടുന്ന ഹാളിലാണ് ചക്രവർത്തിയുടെ ഇരിപ്പിടം. അതിനു താഴെ പ്രധാനമന്ത്രിയുടെ ഇരിപ്പിടം ഒരുക്കിയിരുന്നു.
താജ്മഹൽ
തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ മരണത്തെത്തുടർന്ന് ദുഖിതനായ ഷാജഹാൻ പ്രിയതമയോടുള്ള സ്നേഹത്തിൻെറ സ്മാരകമായാണ് താജ്മഹൽ നിർമിച്ചത്. മുംതാസിന്റെ ശവകുടീരം ഇവിടെയാണ്. പിന്നീട് ഷാജഹാൻ മരിച്ചപ്പോൾ അദ്ദേഹത്തെയും ഇവിടെത്തന്നെയാണ് ഖബറടക്കിയത്. യമുനാ തീരത്ത് ആഗ്രയിലാണ് വെണ്ണക്കല്ലിൽ തീർത്ത ഈ ലോകാദ്ഭുതം. ഇരുപതിനായിരത്തോളം പേർ 22 വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 73 മീറ്ററോളം ഉയരവും അത്രതന്നെ വീതിയുമുണ്ട് താജിന്. മാർബിളിനൊപ്പം രത്നങ്ങളും ഇതിൽ പതിപ്പിച്ചിരിക്കുന്നു.
കുത്തബ്മീനാർ
ഇന്ത്യയിൽ 'അടിമവംശം' സ്ഥാപിച്ച കുത്ബുദീൻ ഐബക് എന്ന ഭരണാധികാരിയാണ് കുത്തബ്മിനാറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. 1192 ലായിരുന്നു ഇത്. ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളുടെ ഇടയിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ ഗോപുരം ദൽഹിയുടെ അടയാളമാണെന്ന് പറയാം.
72.5 മീറ്റർ ഉയരമുള്ള മിനാറിന്റെ അടിത്തറക്ക് 14.32 മീറ്ററും മുകൾഭാഗത്തിന് 2.75 മീറ്ററുമാണ് വ്യാസം. മുകളിലെത്താൻ 379 പടികൾ കയറണം. അഞ്ച് നിലകളുള്ള ഈ ഗോപുരത്തിന്റെ ഓരോ നിലയും വ്യത്യസ്ത ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. മിനാറിന്റെ നിർമാണം പൂർത്തിയാക്കിയത് ഐബക്കിന്റെ പിൻഗാമി ഇൽത്തുമിഷാണ്.
സാഞ്ചി
മധ്യപ്രദേശിലെ റയ്സൻ ജില്ലയിലാണ് സാഞ്ചി എന്ന പുരാതന നഗരം സ്ഥിതിചെയ്യുന്നത്. ബത് വിന നദിയുടെ തീരത്തുള്ള ഈ നഗരത്തിൽ വിദിഷഗിരി കുന്നിലാണ് അശോക ചക്രവർത്തി സ്ഥാപിച്ചതും വിശ്വപ്രശസ്തവുമായ 'സാഞ്ചി സ്തൂപം' നിലകൊള്ളുന്നത്. 35 മീറ്റർ വ്യാസത്തിലും 18 മീറ്റർ ഉയരത്തിലും മണൽക്കല്ലുകൊണ്ടു പണിതതാണ് സ്തൂപം. ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ശതവാഹനന്മാരാണ് സ്തൂപത്തിന് നാല് ഗേറ്റുകൾ നിർമിച്ചത്. ഇവയുടെ തൂണുകളെ നാല് ആനശിൽപങ്ങൾ താങ്ങിനിൽക്കുന്നു. അഞ്ചാം നൂറ്റാണ്ടിൽ നാല് ബുദ്ധ പ്രതിമകൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. ബുദ്ധമതം ക്ഷയിച്ചതോടെ ഇവിടത്തെ പ്രതാപവും മങ്ങി. ഇന്ന് സാഞ്ചി സ്തൂപത്തിനടുത്തായി ബുദ്ധമത കലാ-സാംസ്കാരിക വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ട്.
ഇന്ത്യഗേറ്റ്
ദൽഹി നഗരഹൃദയത്തിലുള്ള രാജ്പഥിന്റെ സമാപന സ്ഥല സൗധമാണ് 'ഇന്ത്യാഗേറ്റ്'. ഒന്നാംലോക യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച 90,000 ഇന്ത്യൻ സൈനികരുടെ സ്മരണക്കായാണ് ഇത് പണിതുയർത്തിയത്. ഇവരിൽ 13,500 ഭടന്മാരുടെ പേരുകൾ സൗധത്തിന്റെ ഭിത്തിയിൽ കൊത്തിവച്ചിരിക്കുന്നു. അതിവിശാലമായ മൈതാനത്തിന് മധ്യത്തിൽ 42 മീറ്റർ ഉയരത്തിൽ ഇന്ത്യാഗേറ്റ് തലയുയർത്തി നിൽക്കുന്നു. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ മരിച്ച ഭടന്മാരുടെ സ്മരണക്കായി ഗേറ്റിന്റെ കമാനത്തിനു താഴെ "അമർ ജവാൻ ജ്യോതി" എന്ന കെടാദീപം ജ്വലിച്ചുനിൽക്കുന്നു.
Read More in Organisation
Related Stories
നാട്ടറിവ്
3 years, 4 months Ago
സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
2 years, 4 months Ago
ബി എസ് എസ് സംസ്കാര ഭാരതം കാവ്യസദസ്സ്: കവികൾ സ്വന്തം കവിതകൾ ആലപിച്ചു
3 years, 11 months Ago
ജൂലൈ മാസത്തെ പ്രധാന ദിവസങ്ങൾ
1 year, 8 months Ago
സമൂഹം 'ബോക്സ് ലൈഫിൽ നിന്നും പുറത്തുവരണം: ബി.എസ്. ശ്രീലക്ഷ്മി
2 years, 1 month Ago
സുമിത്രയ്ക്ക് സമം സുമിത്ര മാത്രം
3 years, 5 months Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
2 years, 10 months Ago
Comments