Wednesday, June 24, 2026 Thiruvananthapuram

അന്ന് ഫ്രാൻസ് നിഷേധിച്ചു, സ്വയം വികസിപ്പിച്ച് ഇന്ത്യ; വിരൂപാക്ഷ റഡാർ, സ്വാഭിമാനത്തിന്റെ വിജയം

banner

1 day, 7 hours Ago | 14 Views

സൈനിക ഇലക്ട്രോണിക്‌സ് രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കിയാണ് ഇന്ത്യ സ്വന്തമായി ഗാലിയം നൈട്രൈഡ് (GaN) അധിഷ്ഠിത ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അരെ ( എഇഎസ്എ ) റഡാറുകൾ പൂർണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ചത്. ഈ ആധുനിക റഡാർ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചതോടെ അത്യാധുനിക സാങ്കേതികവിദ്യ സ്വന്തമായുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. എന്നാൽ ഈ വിജയത്തിന് പിന്നിൽ ഒരു തിരസ്‌കാരത്തിന്റെ ചരിത്രമുണ്ട്. അത് തുടങ്ങുന്നത് 2016ലാണ്. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണി നിലനിൽക്കുന്ന സമയം. ഇന്ത്യയുടെ വ്യോമസേന സ്‌ക്വാഡ്രൺ ശേഷി കുത്തനെ കുറയുന്നു. മികച്ച യുദ്ധവിമാനങ്ങൾക്കുള്ള കരാറുകൾക്കായുള്ള ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചു. ഈ സമയത്താണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ അടിയന്തരമായി 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്.
 
യുദ്ധവിമാന കരാർ ചർച്ചകൾക്കിടെ, റഡാറുകളിൽ ഉപയോഗിക്കുന്ന ഗാലിയം നൈട്രൈഡ് ചിപ്പുകളുടെ സാങ്കേതികവിദ്യ കൈമാറാൻ ഫ്രാൻസ് വിസമ്മതിച്ചിരുന്നു. യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്ക്കും ഈ സാങ്കേതിക വിദ്യ അത്യാവശ്യമായിരുന്നു. കയറ്റുമതി നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ആവശ്യം ഫ്രാൻസ് നിഷേധിച്ചു. വാസ്സെനാർ അറേഞ്ച്‌മെന്റ് (Wassenaar Arrangement) പോലുള്ള കർശനമായ അന്താരാഷ്ട്ര കയറ്റുമതി നിയന്ത്രണ നിയമങ്ങൾ നിലവിലുള്ളതിനാൽ ഇത്തരം തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ കൈമാറാൻ കഴിയില്ലെന്ന് ഫ്രാൻസ് അറിയിച്ചു. അക്കാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള റഡാർ സാങ്കേതികവിദ്യയായിരുന്നു ഇത്. ഇത്തരം അതീവ രഹസ്യസ്വഭാവമുള്ള സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിലെ നിയന്ത്രണങ്ങൾ ഇന്ത്യയ്ക്ക് ഈ ചിപ്പുകൾ ലഭ്യമാകുന്നതിന് തടസ്സമായി. അക്കാലത്ത് ഇന്ത്യ വാസ്സെനാർ അറേഞ്ച്മെന്റ് എന്നത് പരമ്പരാഗത ആയുധങ്ങളുടെയും (Conventional Arms), സിവിൽ ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ്. അക്കാലത്ത് ഇന്ത്യ അതിൽ അംഗമായിരുന്നില്ല.
 
2016ൽ ഫ്രാൻസ് ഇന്ത്യയ്ക്ക് ഗാലിയം നൈട്രൈഡ് അധിഷ്ഠിത റഡാർ സാങ്കേതിക വിദ്യ കൈമാറാൻ വിസ്സമ്മതിച്ചതോടെ രാജ്യം സ്വീകരിച്ച ദൃഢനിശ്ചയമാണ് പിന്നീട് വിരൂപാക്ഷ റഡാറിന്റെ പിറവിക്ക് കാരണമായി തീർന്നത്. ഡിആർഡിഒ ആരംഭിച്ച തീവ്രമായ ഗവേഷണങ്ങളാണ് ഇന്ന് ഈ രംഗത്ത് രാജ്യത്തെ തല ഉയർത്തി നിൽക്കുന്ന സ്ഥിതിയിലേക്ക് ഉയർത്തിയത്.
 
നിലവിലുള്ള ഗാലിയം ആഴ്‌സനൈഡ് (GaAs) സിസ്റ്റങ്ങളേക്കാൾ അഞ്ചിരട്ടി പവർ നൽകാൻ ഗാലിയം നൈട്രൈഡ് ചിപ്പുകൾക്ക് സാധിക്കും. ഇവയ്ക്ക് ഉയർന്ന താപനിലയിലും സുരക്ഷിതമായി പ്രവർത്തിക്കാനാകും. ഇത് റഡാറുകളുടെ പ്രവർത്തന പരിധി വർദ്ധിപ്പിക്കുകയും ശത്രുക്കളുടെ ജാമിംഗ് ശ്രമങ്ങളെ അതിജീവിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ സഹായിക്കുകയും ചെയ്യുന്നു. റഷ്യയുടെ പക്കലുള്ള പഴയ റഡാർ സാങ്കേതികവിദ്യയേക്കാൾ മികച്ചതാണ് ഇന്ത്യ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഡിആർഡിഒ വികസിപ്പിച്ച 'വിരൂപാക്ഷ' റഡാർ ഇന്ത്യയുടെ സൂപ്പർ സുഖോയ് വിമാനങ്ങളിൽ ഘടിപ്പിക്കും. 400 കിലോമീറ്ററിലധികം അകലെയുള്ള സാധാരണ ലക്ഷ്യങ്ങളെയും 200 കിലോമീറ്റർ അകലെയുള്ള സ്റ്റെൽത്ത് വിമാനങ്ങളെയും കണ്ടെത്താൻ ഈ റഡാറിന് ശേഷിയുണ്ട്. കൂടാതെ, തേജസ് മാർക്ക് 2 (Tejas Mk2), എഎംസിഎ (AMCA) എന്നീ ഭാവി യുദ്ധവിമാനങ്ങളിലും ഈ ഗാലിയം നൈട്രൈഡ് അധിഷ്ഠിത റഡാറുകൾ ഉപയോഗിക്കും.
 
അമേരിക്ക, ചൈന, ഫ്രാൻസ്, ഇസ്രായേൽ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ കൈവശമുള്ളത്. ഈ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്. വിരൂപാക്ഷ റഡാറിന്റെ വ്യാവസായിക ഉത്പാദനം ആരംഭിച്ചിട്ടില്ല. വിരൂപാക്ഷ റഡാറിന്റെ വൻതോതിലുള്ള വ്യാവസായിക ഉത്പാദനത്തിനായി ഡി.ആർ.ഡി.ഒ 'ഡെവലപ്മെന്റ് കം പ്രൊഡക്ഷൻ പാർട്ണർ' (DcPP) മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ പൊതു-സ്വകാര്യ പ്രതിരോധ നിർമ്മാണ കമ്പനികളെ ഉൾപ്പെടുത്തി ഒരു കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്.
 
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് ഇതിലെ പ്രധാന പങ്കാളി. റഡാറിന്റെ അന്തിമ നിർമ്മാണം, സുഖോയ് വിമാനങ്ങളിൽ ഇത് ഘടിപ്പിക്കൽ ഫ്‌ലൈറ്റ് ടെസ്റ്റിംഗ് എന്നിവ എച്ച്.എ.എൽ നാസിക് യൂണിറ്റിൽ വെച്ച് നിർവ്വഹിക്കും. അസ്ത്ര മൈക്രോവേവ് എന്ന കമ്പനി റഡാറിന്റെ ഹൃദയമായ ഗാലിയംനൈട്രൈഡ് അധിഷ്ഠിത ട്രാൻസ്മിറ്റ്റിസീവ് (T/R) മോഡ്യൂളുകളുടെ നിർമ്മാണമാണ് നിർവഹിക്കുക. റഡാറിനാവശ്യമായ ഉയർന്ന കൃത്യതയുള്ള മെക്കാനിക്കൽ ഘടകങ്ങളുടെയും സബ്-അസംബ്ലികളുടെയും നിർമ്മാണം ലാർസൻ ആൻഡ് ടൂബ്രോ (L&T) നിർവഹിക്കും. റഡാറിന്റെ ഇലക്ട്രോണിക് ഘടകങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണത്തിന്റെയും ചുമതല ഐകോം ടെലി (ICOMM Tele), ഡാറ്റാ പാറ്റേൺസ് എന്നീ കമ്പനികൾക്കാണ്. റഡാറിന്റെ എക്‌സൈറ്റർ യൂണിറ്റ്, റിസീവർ യൂണിറ്റ്, ആന്റിന ബീം കൺട്രോൾ മദർബോർഡ് എന്നിവ രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യാനുള്ള കരാർ ആക്‌സിസ്‌കേഡ്‌സ് (AXISCADE-S) എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.



Read More in India

Comments