Thursday, April 10, 2025 Thiruvananthapuram

അടുത്ത വർഷം മുതൽ മിക്സഡ് സ്കൂൾ മാത്രം മതി: ബാലാവകാശ കമ്മിഷൻ

banner

2 years, 8 months Ago | 290 Views

അടുത്ത അധ്യയനവർഷംമുതൽ കേരളത്തിലെ ഗേൾസ്, ബോയ്‌സ് സ്കൂളുകൾ നിർത്തലാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. തുല്യത ഉറപ്പാക്കാൻ എല്ലാ വിദ്യാലയങ്ങളിലും സഹവിദ്യാഭ്യാസം നടപ്പാക്കാൻ കർമപദ്ധതി തയ്യാറാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഈ വിഷയത്തിലുള്ള പൊതുതാത്‌പര്യഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ 90 ദിവസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

ലോകം ശ്രദ്ധിച്ച കേരള വികസനാനുഭവങ്ങളിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസരംഗത്തെ നേട്ടം. ധനിക-ദരിദ്ര വ്യത്യാസവും ജാതി-മത ഭിന്നതകളും ലിംഗഭേദവുമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസ പ്രാപ്യത ഉറപ്പാക്കാൻ കേരളീയസമൂഹത്തിനു സാധിച്ചു. പെൺകുട്ടികളുടെ സ്കൂൾപ്രവേശനം വർധിപ്പിക്കാൻ അന്നത്തെ സാമൂഹികസാഹചര്യത്തിൽ സ്ഥാപിക്കപ്പെട്ടതാണ് പെൺകുട്ടികൾക്കുവേണ്ടിയുള്ള സ്കൂളുകൾ.

എന്നാൽ, ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെ സ്കൂളുകളിൽ പഠിപ്പിക്കേണ്ട സാമൂഹികസാഹചര്യം ഇന്നു നിലനിൽക്കുന്നില്ല. ഗേൾസ്, ബോയ്‌സ് സ്കൂളുകൾ കുറച്ചേ ഉള്ളൂവെങ്കിലും ഈ അശാസ്ത്രീയരീതി നിർത്തലാക്കാൻ സർക്കാർ ഇനിയും അമാന്തിക്കരുതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. 

ആരോഗ്യകരമായ സ്ത്രീ-പുരുഷബന്ധത്തെയും തുല്യതയെയുംകുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് സ്കൂൾതലത്തിൽതന്നെ കുട്ടികൾക്കുണ്ടാവണം. പരസ്പരബഹുമാനം, തുല്യത തുടങ്ങിയവയിൽ അധിഷ്ഠിതമായ സമൂഹസൃഷ്ടിക്ക് യോജിച്ചതാവണം വിദ്യാലയാന്തരീക്ഷമെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഏറെ പ്രശസ്തമായ ചില ഗേൾസ് സ്കൂളുകളിൽ സഹവിദ്യാഭ്യാസം നടപ്പാക്കാൻ രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകണം. സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനു മുന്നോടിയായി സ്കൂളുകളിൽ ശൗചാലയമടക്കമുള്ള ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.



Read More in Kerala

Comments