ചുണ്ടപ്പൂവും, ചുമന്ന കണ്ണുകളും

2 years, 8 months Ago | 442 Views
നമുക്ക് സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യ കുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യ ശാസ്ത്രത്തിലെ വർഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹചുണ്ട (Solanum indicum) (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ), പുത്തരിച്ചുണ്ട (വെള്ള നിറമുള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ടുതരം ചുണ്ടകൾ. പുണ്യാഹത്തിന് ഉപയോഗിക്കുന്ന ആദ്യം പറഞ്ഞ ചുണ്ടയുടെ പൂവാണ് കഥകളി കൂടിയാട്ടം, കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.
നല്ലപോലെ വിടർന്ന് പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ ഞെട്ട്) പോകാതെ പറിച്ചെടുക്കുക. ഓരോ പൂവിന്റെയും വിത്തുണ്ടാകുന്ന വെളുത്ത ഭാഗവും (ovary) അതിനു തൊട്ടു താഴെയുള്ള പച്ചനിറത്തിലുള്ള അല്പം ഭാഗവും മാത്രം വേർപെടുത്തി എടുക്കുക. ഈ ഭാഗം, നല്ലപോലെ വൃത്തിയാക്കിയ ഉള്ളംകൈയിൽ വച്ച് മറുകയ്യിന്റെ ചൂണ്ടാണി വിരൽ കൊണ്ട് മൃദുവായി തിരുമ്മുക. കയ്യിലുള്ള ഉരുണ്ട വസ്തു കൂടുതൽ മൃദുവായി മാറിക്കൊണ്ടിരിക്കും. അവസാനം, അത് കറുത്തു, ഞെക്കിയാൽ, പൊട്ടാതെ, അമരുന്ന പാകത്തിലാവും. (പൊട്ടാതിരിക്കുവാൻ ആണ് 'പച്ച നിറത്തിലുള്ള അൽപം ഭാഗവും' ചേർത്ത് എടുക്കുന്നത്. പൊട്ടിയാൽ ചെറിയ വിത്തുകൾ പുറത്തേക്ക് വരും. പിന്നെ, ബാക്കി ഭാഗം തിരുമ്മിയിട്ട് കാര്യമില്ല). ഈ അവസ്ഥയിൽ തിരുമ്മിയ വിരൽ കണ്ണിൽ തൊട്ടാൽ കുറച്ചെങ്കിലും ചുമക്കും. ആവശ്യമെങ്കിൽ, അപ്പോൾ തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലപോലെ ഉണങ്ങിയ വെളുത്ത പരുത്തി തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കാം. ദീർഘ സൂക്ഷിക്കുവാനാണെങ്കിൽ കുറച്ചു പശുവിൻനെയ്യിൽ, വൃത്തിയാക്കിയ, (കുപ്പി, സ്റ്റീൽ, പിച്ചള) പാത്രത്തിൽ സൂക്ഷിച്ചുവെക്കാം.
വേഷത്തിന്റെ മുഖത്തെ അണിയലെല്ലാം കഴിഞ്ഞശേഷം ചുണ്ടപ്പൂവ് (പുഷ്പത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെങ്കിലും 'ചുണ്ടപ്പൂവ്' എന്നാണ് പറയാറുള്ളത്) കണ്ണിൽ ഇടാം. സൂക്ഷിച്ചിരിക്കുന്ന പൂവ് വലുതാണെങ്കിൽ അത് ആവശ്യാനുസരണം മുറിക്കാം. നല്ലപോലെ തിരുമിയ നല്ല പൂവാണെങ്കിൽ, വളരെ ചെറിയ ഭാഗം മതിയാവും; മൊട്ടുസൂചിയുടെ തലതപ്പിനോളം തന്നെ വേണമെന്നില്ല. രണ്ട് കണ്ണിലേക്കും ആവശ്യമുള്ള രണ്ടെണ്ണം ഉള്ളം കയ്യിൽ വെച്ച് അല്പം വെള്ളം ചേർത്ത് മൃദുവായി തിരുമുക. കുറച്ച് സമയം മതി. പൂവ് കട്ടിയായിട്ടുണ്ടെങ്കിൽ അത് മൃദുവാനും, നെയ്യിന്റെ അംശം ഉണ്ടെങ്കിൽ അത് മാറ്റുവാനും വേണ്ടിയാണ് ഇങ്ങനെ തിരുമ്മുന്നത്. ചൂണ്ടാണി വിരൽ തുമ്പിൽ പൂവ്വെടുത്ത് കണ്ണിന്റെ വെള്ളയിൽ വെച്ച്, താഴത്തെ കൺപോളയുടെ പീലികൾ പതുക്കെ പുറത്തേക്ക് വലിച്ച്, ദൃഷ്ടി താഴെക്കാക്കിയാൽ ചുണ്ടപ്പൂവ് താഴത്തെ കൺപോളയ്ക്കുള്ളിൽ എത്തും. കണ്ണുകൾ അടച്ച്, കുറച്ചുനേരം കണ്ണുകൾ വട്ടത്തിൽ ചുറ്റിച്ചാൽ ചുവന്ന് തുടങ്ങും. ക്രമത്തിൽ നിറം വർദ്ധിച്ച്, മറ്റു ആഭരണമെല്ലാം ധരിച്ച് അരങ്ങത്തെ ത്തുമ്പോഴേക്കും കടുത്ത ചുവപ്പ് നിറം ആവും.
ചൂണ്ടയടങ്ങുന്ന സസ്യ കുടുംബത്തിൽ 'ആൽക്കലോയിഡുകൾ' എന്ന രാസവസ്തു ധാരാളമുണ്ട്. അവ രക്തക്കുഴലുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ശക്തമാക്കുന്നു; രക്തക്കുഴലുകളെ അല്പം വികസിപ്പിക്കുന്നു. ഇത്രയും വസ്തുതകൾ മുൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അടുത്തകാലത്ത് ഡോക്ടർ സി.പി ഉണ്ണികൃഷ്ണനും ഡോക്ടർ ശശികുമാറും (ചൈതന്യ ഹോസ്പിറ്റൽ, രവിപുരം, എറണാകുളം) നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമായി ഏതാനും വസ്തുതകൾ കൂടി അറിയുവാൻ കഴിഞ്ഞു. കണ്ണിന്റെ പുറത്തുള്ള നേർത്ത സുതാര്യമായ പാട പോലെയുള്ള രണ്ട് ഭാഗങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് മുഴുവനും കാണുവാൻ സാധിക്കാത്ത ധാരാളം വളരെ ചെറിയ രക്തക്കുഴലുകൾ ഉണ്ട്. ചുണ്ടപ്പൂവിടുന്നതിന്റെ ഫലമായി ആ രക്തക്കുഴലുകൾ കൂടുതൽ പ്രകടമാകുന്നു. ഇതാണ് കണ്ണ് ചുവക്കുവാൻ കാരണം. ജൈവതന്ത്രം സിദ്ധാന്തം അനുസരിച്ച് ചൂണ്ടയിലുള്ള 'അട്രോപിൻ' എന്ന രാസവസ്തു, കൃഷ്ണമണിയുടെ നടുവിലുള്ള പ്രകാശം കടത്തിവിടുന്ന ചെറിയ ദ്വാരത്തിന്റെ (പ്യുപിൾ) വലുപ്പം കൂട്ടേണ്ടതാണ്. അപ്രകാരം സംഭവിച്ചാൽ കണ്ണിന്റെ സൂക്ഷ്മമായി കാണുവാനുള്ള ശേഷി (ഫോക്കസിങ് അക്കോമഡേഷൻ) താൽക്കാലികമായി തടസ്സപ്പെടും. കുറച്ചു ദിവസങ്ങൾക്ക് ശേഷമേ അത് ശരിയാവുകയുള്ളൂ. എന്നാൽ, ചുണ്ടപ്പൂവ് ഉപയോഗിക്കുന്നവരാരും പ്രസ്തുത അവസ്ഥയുണ്ടായതായി പറയാറില്ല. കാരണം, പ്യുപിൾ വികസിക്കുന്നില്ല എന്നും കണ്ണിന്റെ സമ്മർദ്ദം വർധിക്കുന്നില്ല എന്നുമാണ് കണ്ടെത്തിയത്. ഭൗതികശാസ്ത്ര സമ്മതങ്ങളായ ഗവേഷണ പദ്ധതികളുടെ കൂടെയുള്ള പഠനങ്ങൾ തുടരുന്നുണ്ട്
Read More in Organisation
Related Stories
'റൺ' ബി. എസ്. എസിന്റെ സ്കിൽ മാനിഫെസ്റ്റോ: ബി. എസ്. എസ്. ബാല്ചന്ദ്രൻ
2 years, 6 months Ago
ഇവിടെ ചരിത്രം ഉറങ്ങുന്നു!
2 years, 4 months Ago
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
3 years, 3 months Ago
പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം
9 months, 1 week Ago
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
2 years, 10 months Ago
Comments