Saturday, April 19, 2025 Thiruvananthapuram

സ്വാമി ഭജനാനന്ദ

banner

3 years, 5 months Ago | 389 Views

മനം നിറയുന്ന  ഭജനാമൃതം 

ഇരുപതാംനൂറ്റാണ്ട് ദർശിച്ച ആത്മീയ തേജസ്സുകളിൽ പ്രഥമ ഗണനീയനാണ് ശ്രീമദ് അഭേദാനന്ദ സ്വാമി തിരുവടികൾ. ഓംകാരത്തിന്റെ പൊരുളറിയുകയും ധ്യാനത്തിലൂടെയും യുക്തിപൂർവ്വകമായ പദാർത്ഥ ചിന്തയിലൂടെയും ജീവിതത്തിന്റെ മറുകര കാണുകയും ചെയ്ത ആതമജ്ഞാനിയാണ് അദ്ദേഹം. കേരളം ഭാരതത്തിന് സംഭാവന ചെയ്ത മഹാതപസ്വിയായ അദ്ദേഹത്തിന്റെ പ്രഥമ-പ്രധാന ശിഷ്യനാണ് ശ്രീമദ് ഭജനാനന്ദ സ്വാമികൾ.

അഭേദാനന്ദ ഭാരതിക്ക് അനേകമനേകം ശിഷ്യന്മാരാണുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ വത്സല ശിഷ്യനാര് എന്ന ചോദ്യത്തിന് ഒരൊറ്റ മറുപടിയേയുള്ളു; സ്വാമി ഭജനാനന്ദ! അഭേദാനന്ദ ഭാരതിയുടെ സമാധിക്കുശേഷം അഭേദാശ്രമം മഠാധിപതിയായി ആശ്രമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഭജനനന്ദ സ്വാമിയായിരുന്നു.അഭേദാനന്ദ സ്വാമികളുടെ അഭീഷ്ടവും അതായിരുന്നു.

ലോകവ്യാപാരങ്ങളെ പാടെ ഉപേക്ഷിക്കുകയും ലൗകികമായ സർവ്വതും ത്യജിക്കുകയും ചെയ്ത സാധനചതുഷ്ടയ സമ്പന്നർക്കാണല്ലോ സന്യാസം വിധിച്ചിരിക്കുന്നത്! നിത്യാനിത്യ വസ്തുവിശേഷം, വൈരാഗ്യം, ശമാഭിഷ്ടകം, മോക്ഷേച്ഛ എന്നിവയാണ്  സാധനചതുഷ്ടയം. അതായത് എല്ലാ ദിവസവും കൃത്യമായി അനുഷ്ഠിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങളെ വേർതിരിച്ചറിയൽ (നിത്യാനിത്യവസ്തുവിശേഷം). ഒന്നിനെക്കുറിച്ചും സ്നേഹവും ആഗ്രഹവും ഇല്ലാത്ത അവസ്ഥ (വൈരാഗ്യം) ആദ്ധ്യാത്മിക ജീവിതത്തിനുള്ള അഭ്യാസത്തിൽ ഇന്ദ്രിയങ്ങളെയും മനസ്സിനേയും നിയന്ത്രിക്കുന്നതിനായുള്ള, ശമം, ദമം, ഉപദതാരി, തിതിക്ഷ, സമാധാനം, ശ്രദ്ധ  എന്നീ ആറ് കാര്യങ്ങൾ ശീലിക്കൽ (ശമാദിഷഡ്കം), മോക്ഷം ലഭിക്കണമെന്ന ആഗ്രഹം (മോക്ഷേച്ഛ) എന്നിവ. 'ശമം' എന്നാൽ ആന്തരമായ ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കൽ എന്നാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയവ്യാപാരങ്ങളെ നിയന്ത്രിക്കൽ എന്നാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയ നിഗ്രഹം, മനോനിയന്ത്രണം എന്നിങ്ങനെയും വിവക്ഷിക്കാം. 'ദമം' എന്നാൽ ബാഹ്യേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രവർത്തനം നിയന്ത്രിക്കലാണ്. 'ഉപതതാരി'യെന്നാൽ ശത്രുത്വം ഉപേക്ഷിച്ചവൻ എന്നർത്ഥമാകുന്നു. 'തിതിക്ഷ' എന്നാൽ സഹനശക്തി, ക്ഷമ എന്നിവയെ കുറിക്കുന്നതാണ്. 'സമാധാനം' എന്നാൽ മനസ്സിനെ അടക്കിയുള്ള ധ്യാനമെന്നും 'ശ്രദ്ധ'യെന്നാൽ ഗുരുവചനങ്ങളിലെ ഉപദേശങ്ങളും തത്വങ്ങളും പൂർണ്ണമനസ്സോടെ ഗ്രഹിക്കൽ എന്നും അർത്ഥമാകുന്നു. ഇവയൊക്കെയും അഭേദാനന്ദസ്വാമി തിരുവടികളിൽ നിന്നും ശമാദിഷഡ് കത്തിലൊന്നായ 'ശ്രദ്ധ' യോടെ ഉൾക്കൊണ്ട ജ്ഞാനതപസ്വിയായിരുന്നു  ശ്രീമദ് ഭജനാനന്ദ സ്വാമികൾ. അതുകൊണ്ടുതന്നെ പുത്രനിർവ്വിശേഷമായ സ്നേഹ വിശ്വാസങ്ങളായിരുന്നു അഭേദാനന്ദസ്വാമി തിരുവടികൾക്ക് ഭജനാനന്ദസ്വാമികളോടുണ്ടായിരുന്നത്. സ്വാമികളുടെ 'അപ്പൂ..' എന്ന വിളിയിൽ തന്നെ ആ വാത്സല്യം പ്രകടമായിരുന്നു. ആശ്രമവുമായി ബന്ധപ്പെട്ട ഏതു പ്രശ്നവും 'അപ്പുവുമായി ആലോചിച്ച് ചെയ്യുക' എന്നതായിരിക്കും ഗുരുദേവന്റെ നിർദേശം. പ്രശ്നം സങ്കീർണ്ണമാണെങ്കിൽ 'അപ്പുവുമായും പ്രഭയുമായും സംസാരിച്ച് തീരുമാനിക്കുക' എന്നായിരിക്കും പറയുക.  

ഭജനാനന്ദ സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര് അപ്പു (സദാശിവൻ) എന്നായിരുന്നു. 'പ്രഭ എന്നത് പ്രബോധനന്ദ സ്വാമികളുടെ പൂർവശ്രമത്തിലെ പ്രഭാകരൻ എന്ന പേരിനെ ചുരുക്കി ഗുരുദേവൻ വിളിക്കുന്ന നാമമാണ്. ഭജനാനന്ദ സ്വാമികളോടെന്ന പോലെ തന്നെ പ്രബോധനന്ദ സ്വാമികളോടും ഗുരുദേവന് സഹോദര നിർവ്വിശേഷമായ സ്നേഹവും വിശ്വാസവുമായിരുന്നു. ജീവിതത്തിന്റെ മഹാഭൂരിപക്ഷം കാലവും പരിവ്രാജക യാത്രകളിലായിരുന്ന അഭേദാനന്ദ ഭാരതി ഏത് സ്ഥലത്തായിരുന്നാലും കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നത് ഭജനന്ദസ്വാമികളെയും പ്രബോധനന്ദസ്വാമികളയുമായിരുന്നു. ഹൈസ്കൂൾ പ്രധാനാധ്യാപകനായി സർവ്വീസിൽ നിന്നും വിരമിച്ച പ്രബോധനന്ദ സ്വാമികൾ അവസാന നാളുകളിൽ സർവ്വ സംഗ പരിത്യാഗിയായി അഭേദാശ്രമത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഏറെനാൾ അഭേദാനന്ദാശ്രമം പ്രസിഡന്റുമായിരുന്നു അദ്ദേഹം.

1949 ലായിരുന്നു സദാശിവൻ നായർ എന്ന അപ്പു സ്വാമി അറയൂർ അഭേദാനന്ദാശ്രമത്തിൽ എത്തുന്നത്. ഭജനാനന്ദ സ്വാമികളുടെ സഹോദരനും ഇക്കഴിഞ്ഞ (2021) സെപ്റ്റംബർ 4 ന് പരലോക പ്രാപ്തനാകുകയും ചെയ്ത തങ്കപ്പൻ സ്വാമിയാണ് അപ്പുസ്വാമിയെ അഭേദാനന്ദാശ്രമത്തിൽ കൊണ്ടുവന്ന് അഭേദാനന്ദജിയെ പരിചയപ്പെടുത്തുന്നത്. പ്രഥമ ദർശനത്തിൽ തന്നെ 'ഇവൻ എന്റേതാണ്' എന്ന മട്ടിലുള്ള പ്രതികരണമാണ് കണ്ടതെന്ന് അന്ന് ഒപ്പമുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറെ നാളായി കാത്തിരുന്നതെന്തോ അത് കൈവന്ന മട്ടിലുള്ളതായിരുന്നു അഭേദാനന്ദജിയുടെ ഭാവമെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭേദാനന്ദ സ്വാമികൾക്ക് സന്യാസ ദീക്ഷ നൽകിയ സ്വാമി ശ്രീ സ്വരൂപാനന്ദ സ്വാമികൾ  അഭേദാനന്ദ സ്വാമികളെ ആദ്യമായി കണ്ടപ്പോൾ സ്വരൂപാനന്ദ സ്വാമികളുടെ മുഖത്തുണ്ടായിരുന്നു വികാരവും ഇതുതന്നെയായിരുന്നുവെത്രേ. അഭേദാനന്ദസ്വാമികളിൽ കഠിനമായ പരീക്ഷണങ്ങൾ നടത്തിയ ശ്രീ സ്വരൂപാനന്ദ സ്വാമികൾക്ക് തുല്യം അപ്പു സ്വാമിയിലും കഠിനമായ പരീക്ഷണങ്ങൾ തന്നെയായിരുന്നു അഭേദാനന്ദ സ്വാമികൾ നടത്തിയത്.

1949 -ലെ അഭേദാനന്ദാശ്രമ ഭജനസംഘത്തിന്റെ പണ്ഡരീപുരപദയാത്രയിൽ സംഘത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുവാൻ അപ്പുസ്വാമികളാണ് നിയോഗിക്കപ്പെട്ടത്. ദിവസേന സഹസ്രനാമജപം, ഗീതാപാരായണം, പ്രവചനം, വഴിയിൽ ഭിക്ഷാടനം വൈകുന്നേരം എത്തുന്നയിടത്ത് അന്തിയുറക്കം ഇതായിരുന്നു   പണ്ഡരീപുരപദയാത്ര പരിപാടി.

1954 -ൽ ഗുരുദേവൻ അപ്പുസ്വാമിയെ വിളിച്ച് ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തി പ്രസാദവുമായി മടങ്ങിയെത്താൻ നിർദ്ദേശിച്ചു.യാത്രയ്ക്ക് കർശനമായ ഒരു നിബന്ധനയുണ്ടായിരുന്നു. 'പണം കൈകൊണ്ടു തൊടാൻ പാടില്ല. മറ്റുള്ളവരിൽ നിന്നും അന്നമോ വസ്ത്രമോ സ്വീകരിക്കുന്നതിൽ തെറ്റില്ല ....' ഇതായിരുന്നു നിബന്ധന.

ഗുരുദേവാജ്ഞ ശിരസ്സാ വഹിച്ചുകൊണ്ട് വത്സല ശിഷ്യൻ  അപ്പോൾ തന്നെ യാത്ര തിരിച്ചു. തുണി കൊണ്ടുള്ള തോൾ സഞ്ചിയിൽ ഏതാനും വസ്ത്രങ്ങൾ മാത്രമെടുത്തായിരുന്നു യാത്ര. ഭാരതമൊട്ടാകെയുള്ള പുണ്യക്ഷേത്രങ്ങളെല്ലാം അദ്ദേഹം സന്ദർശിച്ചു. ഒടുവിൽ കൈലാസദർശനവും കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമായിരുന്നു മടക്കം. യാത്രക്കിടെ മരണത്തെ മുഖാമുഖം ദർശിച്ചതുൾപ്പെടെയുള്ള അത്ഭുതകരമായ നിരവധി അനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി. മടങ്ങിയെത്തിയ 'അപ്പു'വിനെ അഭേദാനന്ദ സ്വാമികൾ ഗാഢം പുണർന്നു.

ഭജനാനന്ദ സ്വാമികളുടെ അവസാന വാക്ക് ഗുരുദേവനായിരുന്നു. ഗുരുദേവൻ എന്തു കൽപ്പിക്കുന്നുവോ അതനുഷ്ഠിക്കുക എന്നതായിരുന്നു വ്രതം. ആശ്രമത്തിലെ ഏത് കാര്യത്തിനും അപ്പുസ്വാമി അവിഭാജ്യ ഘടകമായി. നാമജപ വേദികളിലും, പൂജാസ്ഥലങ്ങളിലും, പരിസര ശുചീകരണവേളകളിലും, സത്സംഗവേദികളിലും, ആശ്രമം കുശിനിയിൽവരെ അപ്പുസ്വാമിയുടെ സാന്നിധ്യമുണ്ടാകും.അതേപോലെ തന്നെ പ്രബോധനന്ദ സ്വാമികളെപ്പോലെയുള്ളവരെ സഹോദര സ്ഥാനീയരായാണ് ഭജനാനന്ദ സ്വാമി കണ്ടിരുന്നത്.

1972 -ൽ ഗുരുദേവൻ അപ്പുസ്വാമിക്ക് സന്യാസദീക്ഷ നൽകി. സ്വാമി ഭജനാനന്ദൻ എന്ന് നാമകരണവും ചെയ്തു. സംഗീതത്തിൽ അതീവ തൽപ്പരനും മനോഹരമായി പാടുകയും ചെയ്തിരുന്ന അപ്പുസ്വാമിക്ക് അഭേദാനന്ദ സ്വാമികൾ അറിഞ്ഞു നൽകിയ നാമമാണ് 'ഭജനാനന്ദ'. ഭജനാനന്ദ സ്വാമികളുടെ ഭജന ഏറെ പ്രസിദ്ധമായിരുന്നു.സ്വാമികളുടെ ഭജന കേൾക്കാനായി വൻ ജനക്കൂട്ടമായിരുന്നു തടിച്ചു കൂടിയിരുന്നത്.ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ആദ്ധ്യാത്മിക വേദികളിലുമെല്ലാം ഭജനാനന്ദ സ്വാമികളുടെ ഭജനയ്ക്കായി തിരക്കായിരുന്നു.

കുറഞ്ഞ കാലം കൊണ്ട് ഭജനാനന്ദ സ്വാമികൾ മഹാ ജ്ഞാനിയായിത്തീർന്നു. നിരന്തര വായനയും തുടരെയുള്ള യാത്രകളും പണ്ഡിതന്മാരുമായുള്ള നിരന്തര സമ്പർക്കവും ചർച്ചകളും സർവ്വോപരി ഗുരുദേവന്റെ സംശയദൂരീകരണമായിരുന്നു അദ്ദേഹത്തിന് ഇക്കാര്യത്തിൽ സഹായകമായത്. വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുകൾ എന്നിവയെല്ലാം ഭജനാനന്ദ സ്വാമികൾക്ക് ഹൃദിസ്ഥമായിരുന്നു. ഇവയിലെ എന്തും ഗ്രന്ഥങ്ങളിലെ പേജുനമ്പർ ഉൾപ്പെടെ പറഞ്ഞു വിശദീകരിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനു പുറമെ മന്ത്ര-തന്ത്രവിദ്യകളിലും അനിതര സാധാരണമായ അറിവാണ് അദ്ദേഹം നേടിയത്. കേരളം സർവ്വകലാശാല ലക്സിക്കൺ വിഭാഗം ഡയറക്ടറായിരുന്ന ഡോ.ബി.സി.ബാലകൃഷ്ണൻ ഒരിക്കൽ പറയുകയുണ്ടായി, "ഭജനാനന്ദ സ്വാമികൾക്കുള്ള താന്ത്രിക ജ്ഞാനം അപാരമാണ്. ശ്രീചക്രം തയ്യാറാക്കുന്നതിലെ  സൂക്ഷ്മ തലങ്ങൾ വിവരിക്കുവാൻ സ്വാമിജിക്കുള്ള കഴിവ് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.....' ഭജനാനന്ദ സ്വാമികളുടെ സഹചാരിയായിരുന്ന ചെങ്കൽ സുധാകരനോടാണ് ഡോ.ബാലകൃഷ്ണൻ ഇത് പറഞ്ഞത്. വായനാകാര്യങ്ങളിലും ആത്മീയ ചർച്ചാ കാര്യങ്ങളിലുമെല്ലാം ചെങ്കൽ സുധാകരൻ ഭജനാനന്ദ സ്വാമികൾക്ക് സഹായിയായിരുന്നു . അഭേദാനന്ദാശ്രമം പ്രവർത്തനങ്ങളിലെ മിഴിവുറ്റ ഒരു കണ്ണിയാണ് അദ്ദേഹം. മാത്രമല്ല ഭജനാനന്ദ സ്വാമികളെക്കുറിച്ച് എല്ലാമറിയുന്ന വ്യക്തിയും.   

ഭജനാനന്ദ സ്വാമികളുടെ ആത്മീയ പ്രഭാഷണങ്ങൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പലപ്പോഴും മണിക്കൂറുകൾ നീണ്ടു പോകാറുണ്ടായിരുന്നു. ഭജനയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഭജനാനന്ദ സ്വാമികളോട് 'ഇനി പ്രഭാഷണമാകാം' എന്ന് ഗുരുദേവൻ അഭിപ്രായപ്പെട്ടതോടെയായിരുന്നു ആ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. മനുഷ്യ മനസ്സുകളെ ഭഗവദ് പാദങ്ങളിലേയ്ക്ക് അലിയിച്ചു ചേർക്കുംവിധമുള്ളവയായിരുന്നു സ്വാമികളുടെ പ്രഭാഷണങ്ങളും ഭജനയും.

ഭജനാനന്ദ സ്വാമി രചിച്ച  'ഭഗവതാമൃതം' എന്ന കൃതിയെ ഒരു മഹത് ഗ്രന്ഥമായി ഭക്തർ കരുതുന്നു. അതിൽ വിവരിക്കാത്ത ആദ്ധ്യാത്മിക കാര്യങ്ങളില്ല. ഉദ്ധരിക്കാത്ത ആത്മീയ കഥകളുമില്ല. ഭജനാനന്ദ സ്വാമികളുടെ തർജ്ജമ ഗ്രന്ഥമായ 'ആനന്ദവൃന്ദാവന ചമ്പു' അദ്ദേഹത്തിന്റെ സാഹിത്യവാസനയെ വെളിവാക്കുന്നതാണ്.

ശിഷ്യന് അറിവ് പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഗുരുദേവനും അതീവ തൽപ്പരനായിരുന്നു. സത്സംഗം കഴിഞ്ഞ് മിക്കവാറും രാത്രികളിൽ ഇരുവരും മണിക്കൂറുകളോളം ആദ്ധ്യാത്മിക ചർച്ചയിൽ മുഴുകിയിരിക്കാറുണ്ട്. ചിലപ്പോഴൊക്കെ നേരം പുലരുവോളം അത് നീണ്ടുപോകുമായിരുന്നു. ഗുരുദേവനുമൊത്തും ഒറ്റയ്ക്കും നടത്തിയ തീർത്ഥ യാത്രകളിൽ നിന്നുമാണ് ഭജനാനന്ദ സ്വാമികൾക്ക് കൂടുതൽ അറിവ് ലഭിച്ചതെന്ന് പറയാം. പുരാണങ്ങളിലെ സൂക്ഷ്മ തത്വങ്ങൾ പോലും വളരെ വിശദമായി വിവരിക്കുവാൻ സ്വാമികൾക്ക് കഴിഞ്ഞിരുന്നു.

സ്വാമിയുടെ അവസാന നാളുകളിൽ സന്തത സഹചാരിയായുണ്ടായിരുന്നത് ഇപ്പോൾ ആറയൂർ ആശ്രമ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന മണികണ്ഠ സ്വാമിയാണ്. ഏതു സമയവും മണികണ്ഠൻ ഭജനാനന്ദ സ്വാമികൾക്കൊപ്പമുണ്ടാകും. സ്വാമികൾക്കും മണികണ്ഠൻ എപ്പോഴും കൂടെയുണ്ടാവണമെന്ന് നിർബന്ധമായിരുന്നു. സഹോദരനെപ്പോലെയോ അനന്തിരവനെപ്പോലെയോ ആയിരുന്നു ഭജനാനന്ദസ്വാമികൾക്ക് മണികണ്ഠൻ.  

അഭേദാനന്ദ സ്വാമികൾ പറയുന്നതെന്തായാലും അത് അതേപടി നടപ്പിലാക്കുക ഭജനാനന്ദ സ്വാമികളുടെ ജീവിത വ്രതമായിരുന്നു. അതിന് ഉത്തമോദാഹരണം ഇപ്പോൾ അറയൂർ ആശ്രമത്തിൽ കാണുന്ന പ്രധാന മന്ദിരത്തിന്റെ നിർമ്മാണമാണ്. അഭേദാനന്ദ സ്വാമി തിരുവടികൾ സമാധിയാകുന്നതിനും ഏതാനും നാളുകൾക്ക് മുമ്പ് അറയൂർ ആശ്രമത്തിൽ കാണുന്ന പ്രധാന മന്ദിരത്തിന്റെ നിർമ്മാണമാണ്. അഭേദാനന്ദ സ്വാമി തിരുവടികൾ സമാധിയാകുന്നതിനും ഏതാനും നാളുകൾക്ക് മുമ്പ് അറയൂർ ആശ്രമത്തിലെ പഴയ കെട്ടിടം പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് ഭജനാനന്ദ സ്വാമികളോട് സംസാരിച്ചിരുന്നു. അത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അധികനാളുകൾ കഴിയും മുമ്പേ അഭേദാനന്ദ സ്വാമിയെന്ന പൊൻവെളിച്ചം സ്വർണ്ണ ചിറകടിച്ച് സ്വർഗത്തിലേക്ക് പറന്നുപോയി. അഭേദാനന്ദജിയുടെ സമാധി കർമ്മങ്ങളെല്ലാം ചെയ്തത് ഭജനാനന്ദ സ്വാമികളായിരുന്നു. അതിനു ശേഷം ആശ്രമത്തിലെത്തിയ ഭജനാനന്ദ സ്വാമികൾ ആദ്യം ചെയ്തത് ആശ്രമത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താറുള്ള ഗോപിനാഥൻ കോൺട്രാക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. കോൺട്രാക്ടറോട് ഉടനടി പഴയ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയുവാൻ അദ്ദേഹം നിർദ്ദേശിച്ചു. അന്നത്തെ നിലയിൽ തന്നെ ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന പണി ആരംഭിക്കുവാൻ നിർദ്ദേശിക്കുമ്പോൾ ആശ്രമം ഖജനാവിലുണ്ടായിരുന്നത് വെറും മൂന്നക്ക സംഖ്യ മാത്രം! ഇതറിയാവുന്ന കോൺട്രാക്ടർ സ്വാമിജിയുടെ നിർദ്ദേശം കേട്ട് പതറിപ്പോയി. 'തുടങ്ങിക്കോളൂ എല്ലാം ഗുരുദേവൻ നടത്തിത്തരും ' എന്നായിരുന്നു ഭഹജനാനന്ദ സ്വാമിയുടെ മറുപടി.

ഇക്കാര്യം സ്വാമിജിയും ചിന്തിക്കാതിരുന്നില്ല. കെട്ടിടനിർമ്മാണത്തിന് വലിയൊരു തുക വേണം. എന്ത് മാർഗ്ഗം....? ചർച്ചകളിലൂടെ തീരുമാനമായി. 'ഭിക്ഷയാത്ര' സംഘടിപ്പിക്കുക. അഭേദാശ്രമം ഭജന സംഘം സ്വാമി ഭജനാനന്ദയുടെ നേതൃത്വത്തിൽ ഭഗവത് കീർത്തനങ്ങളും പാടി ദേശ ദേശാന്തരം നടന്നു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ സ്വാമിജിയുടെ ഇരു കാലുകളും നീരുവന്ന് വീർത്തു. ആശ്രമ ബന്ധുക്കൾ സ്വാമിജിയോട് യാത്ര തൽക്കാലം നിറുത്തിവയ്ക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം അനുസരിച്ചില്ല. ഗുരുദേവന്റെ ആഗ്രഹം സാധിതപ്രായമാകാതെ പിന്നോട്ടില്ല എന്നായിരുന്നു മറുപടി. കേരളത്തിന് പുറത്തു നിന്നും നല്ലൊരു തുക സംഭാവനയായി ലഭിച്ചു. 'ഭിക്ഷാപാത്ര'ത്തിലെ തുകയും ചെറുതായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഉദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ മന്ദിരത്തിന്റെ പണി പൂർത്തിയായി. ഭജനാനന്ദ സ്വാമിയുടെ കാലുകളിൽ അന്നുണ്ടായ നീര് അദ്ദേഹം സമാധിയാകുംവരെയും മാറിയിരുന്നില്ല.

അഭേദാനന്ദ സ്വാമികളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുന്ന കാര്യത്തിൽ ഭജനാനന്ദസ്വാമി ബദ്ധശ്രദ്ധനായിരുന്നു. ആറയൂർ ആശ്രമത്തിലെ അഖണ്ഡനാമവേദിപോലെ തിരുവനന്തപുരത്തും മുകളിൽ ഒരു നിലപണിത് അവിടെ അഖണ്ഡ നാമ വേദിയാക്കണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചിരുന്നു.അഭേദാനന്ദജിയുടെ സമാധിക്കു ശേഷം ഭജനാനന്ദജിയുടെ നേതൃത്വത്തിലാണ് അത് സാധിതപ്രായമാക്കിയത്.   

ഗംഗാ നദീതീരത്ത് സ്ഥിരമായി നാമജപം നടക്കുന്ന വിധം ഒരു മഹാമന്ത്രാലയം സ്ഥാപിക്കണമെന്നും അവിടെ അഖണ്ഡ നാമജപം ആരംഭിക്കണമെന്നും സമാധിക്കു മുമ്പ് അഭേദാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടിരുന്നു. ഭജനാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ അതും നടപ്പിലാക്കി. ഹരിദ്വാറിൽ കൺഖൽ എന്ന സ്ഥലത്തെ ശേഖുപുരത്ത് ഭജനാനന്ദ സ്വാമി നേരിട്ടെത്തിയായിരുന്നു ആശ്രമത്തിനനുയോജ്യമായ  സ്ഥലം കണ്ടുപിടിച്ചത് പ്രസ്തുത സ്ഥലം വിലയ്ക്ക് വാങ്ങി അതിവേഗം അവിടെ ഒരാശ്രമം പണിതീർത്ത് ഗുരുദേവസങ്കല്പത്തിനനുസൃതമാംവിധം അവിടെ നാമജപം തുടങ്ങുകയായിരുന്നു. അതിന്റെ നടത്തിപ്പിനായി ഹൈദരാബാദ്, പൂന, ബോംബെ എന്നീ  സ്ഥലങ്ങളിലുള്ള ഗുരുദേവ ഭക്തരിൽ ചിലരെ ചേർത്ത് ഒരു ട്രസ്റ്റ് രൂപീകരിച്ച് ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു.   അവിടെ ഇന്നും അഖണ്ഡനാമജപം യാതൊരു തടസ്സവും കൂടാതെ മുന്നോട്ടുപോകുന്നു. ആരോഗ്യമുള്ള കാലംവരെയും ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന അഭേദാനന്ദാശ്രമങ്ങൾ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിൽ ഭജനാനന്ദസ്വാമികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ കേഴകൊള്ളാ ദേശത്ത് ആശാശിവാലയത്തിലാണ് ആശാരൂർ ശിവാലയത്തിലാണ് അപ്പു എന്ന് വിളിപ്പേരുള്ള സദാശിവൻ നായർ എന്ന ഭജനാനന്ദ സ്വാമി പിറന്നത്. 'ആശാന്മാരുടെ ഊരിൽ ശിവസാന്നിധ്യമുള്ള ആലയത്തിൽ ' സാത്വികനും പൊതുകാര്യപ്രസക്തനുമായ ജനാർദ്ധനൻ പിള്ളയുടെയും ഗൗരിപിള്ളയുടെയും പുത്രനായി 1926 ഫെബ്രുവരി 13 നായിരുന്നു ജനനം. തികഞ്ഞ ഈശ്വര ഭക്തരും ധാർമ്മിഷ്ടരുമായിരുന്ന ജനാർദ്ദനൻ പിള്ള-ഗൗരിപ്പിള്ള ദമ്പതികളുടെ എട്ട് മക്കളിൽ മൂത്തപുത്രനാണ് അപ്പു. അതിന് താഴെ രണ്ടു സഹോദരന്മാരും അഞ്ച് സഹോദരിമാരും. തങ്കപ്പൻ നായർ, രവീന്ദ്രൻ നായർ എന്നിവരാണ് സഹോദരന്മാർ. തുളസീഭായി, ര്തനാഭായി, സുശീലാഭായി എന്നിവർ മാത്രമേ ഇപ്പോൾ ജീവിച്ചിരുപ്പുള്ളു.

അഭേദാനന്ദ സ്വാമികളുടെയും ഭജനാനന്ദ സ്വാമിയുടെയും മനസ്സിലുണ്ടായിരുന്ന മോഹങ്ങളിൽ പൂവണിയാതെ പോയത് ആറയൂർ അഭേദാനന്ദാശ്രമത്തിന്റെ വികസനമാണ്. ഏക്കർ കണക്കിനു വരുന്ന ആറയൂരിലെ ഭൂമിയിൽ വിദ്യാലയം, ആതുരാലയം, സംസ്കൃത വിദ്യാപീഠം, കൊച്ചുകുട്ടികൾക്കായുള്ള പാഠശാല, ഭക്തർക്കായുള്ള കുടീരങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലുമൊക്കെ ആരംഭിക്കണമെന്ന അതിയായ മോഹം അഭേദാനന്ദ സ്വാമികൾക്കുണ്ടായിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എഴുതിയ കത്തുകൾ ഇതിന് ഉദാഹരണങ്ങളാണ്. ആശ്രമത്തിനു വേണ്ടി മോഹിച്ചതെല്ലാം സാധിക്കുകയും തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്ത അഭേദാനന്ദ സ്വാമികളുടെയും ഭജനാനന്ദ സ്വാമികളുടെയും ഈ മോഹങ്ങൾ പൂവണിയിക്കാൻ ശക്തമായ ഭരണസംവിധാനത്തിന് കഴിഞ്ഞേക്കാം.

ഭജനാനന്ദ സ്വാമി സന്ദർശിക്കാത്ത പുണ്യസ്ഥലങ്ങൾ ഭാരതത്തിൽ ഒന്നുപോലുമില്ല. വലിയൊരു ശിഷ്യ സമ്പത്തിനും ഉടമയാണദ്ദേഹം. ഋഷി സമാനനും കൃതതീർത്ഥനുമായ ആ യോഗീവര്യൻ 2005 ഒക്ടോബർ ഒന്നിന് രാത്രി 11 മണിക്ക് സമാധിയായി.

 



Read More in Organisation

Comments