Thursday, April 10, 2025 Thiruvananthapuram

സി. അച്യുതമേനോൻ - നാടിൻറെ അഭിമാനമുഖം

banner

2 years, 9 months Ago | 317 Views

അഗ്നിരഥത്തിലെഴുന്നെള്ളുന്ന  പുതുയുഗപൊൻപുലരിയെ ആത്യന്തിക  സ്വപ്നം മനസ്സിന്റെ  അൾത്താരയിൽ  പ്രതിഷ്ഠിച്ച് പൂവിട്ട് പൂജിച്ചു കൊണ്ട് ത്യാഗത്തിന്റെയും വേദനകളുടെയും യാതനകളുടെയും അഗ്നിമധ്യാഹ്നങ്ങളിലൂടെ നടന്നു കയറിയ ഒരു കൂട്ടം ധീരയോദ്ധാക്കളെ കേരളം ഭാരതത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മ അയ്യപ്പനെയും മഠത്തിൽ അപ്പുവിനെയും കെ.പി.ആർ.ഗോപാലനെയുമൊക്കെ പോലുള്ളവർ.

മരണം കയറിയിറങ്ങുന്ന കഴുമരത്തിൽ തൂങ്ങിയാടാൻ വിധിക്കപ്പെട്ടപ്പോഴും, ക്രൂരവും മനുഷ്യത്വലേശമന്യേയുമുള്ള മർദ്ദനങ്ങളുടെ ഘോഷയാത്രകളിൽ സന്ധിബന്ധങ്ങളും ദോരന്തരാളത്തിലെ കുല്യസമൂഹങ്ങളും ഒടിഞ്ഞുനുറുങ്ങുമ്പോഴും മാറ്റത്തിന്റെ മധുരമന്ത്രസ്വനി മാത്രം മുഴക്കിയ വീരപുത്രന്മാർ.......!

അവരിൽ രക്തസാക്ഷിത്വം വരിച്ചവരുണ്ട്, ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുണ്ട്, മരണത്തിന്റെ കാലൊച്ചയ്ക്ക് കാതോർത്ത് ചുമച്ച് ചോര തുപ്പി തളർന്നു കഴിയുന്നവരുണ്ട്, മരണത്തെ മുഖാമുഖം കണ്ടപ്പോഴും ആദർശത്തിന്റെ കൊടിക്കൂറ ഉയരത്തിലുയരത്തിൽ പറപ്പിച്ച ജ്ഞാതരും അജ്ഞാതരുമായ ആ യുഗപ്രഭവന്മാരുടെ ത്യാഗധന്യമായ ജീവിത കഥയിലേക്ക് എത്തിനോക്കുമ്പോൾ ആരുടെ മുന്നിലും തെളിഞ്ഞു വരുന്ന മുഖങ്ങളിൽ പ്രധാനപ്പെട്ടതാണ് സഖാവ് സി.അച്യുതമേനോന്റെ മുഖം.  

ദശാബ്ദങ്ങൾ എത്രയോ നാമ്പിടുകയും ഞെട്ടറ്റുവീഴുകയും ചെയ്തിട്ടും ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ചരിത്രപുഷനായ സി.അച്യുതമേനോനെക്കുറിച്ചുള്ള  ഓർമ്മകൾ  മലയാളിയുടെ മനസ്സുകളിൽ അന്നും ഇന്നും ജ്വലിച്ചുനിൽക്കുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന സി.അച്യുതമേനോനെ ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയായി വേണം കാണാൻ. കമ്മ്യൂണിസം എന്താണെന്നും എങ്ങിനെയാണെന്നും, എങ്ങിനെയാവണമെന്നുമുള്ളതിനെക്കുറിച്ചുള്ള അറിവിന്റെ അവസാന വാക്കുകളാണല്ലോ ഇ.എം.എസ്.ഉം സി.അച്യുതമേനോനും.

രാഷ്ട്രീയത്തെ കുറിച്ച് അറിയാനും ആലോചിക്കാനും തുടങ്ങിയ കാലത്ത് ഞാൻ കണ്ടെത്തിയ ആദർശ പ്രതീകങ്ങളിൽ ഒന്നായിരുന്നു ചേലാട്ട് അച്യുതമേനോൻ. മഹാത്മജിയും, സുഭാഷ് ചന്ദ്രബോസും, പണ്ഡിറ്റ്ജിയും, ആചാര്യ കൃപാലിനിയുമെല്ലാം അരങ്ങുതകർത്ത സ്വാതന്ത്ര്യസമരം എന്നെപ്പോലുള്ളവർക്ക് ഒരു കേട്ടറിവ് മാത്രമായിരുന്നു. പി[പക്ഷെ, ആ കേട്ടറിവുകളിലും അച്യുതമേനോനും ഇ.എം.എസ്സും ഉണ്ടായിരുന്നു. അച്യുതമേനോന്റെ വാക്കുകളിൽ പറഞ്ഞാൽ: "എന്റെ തലമുറ സ്വാതന്ത്ര്യ സമരത്തൊനൊപ്പം വളർന്നു വന്ന തലമുറയാണ്. 1930 ഏപ്രിലിൽ ഗാന്ധിജി ഉപ്പു സത്യാഗ്രഹമാരംഭിച്ചപ്പോൾ ഞാൻ എസ്.എസ്.എൽ.സി.പരീക്ഷ എഴുതി നിൽക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു. എനിക്ക് അന്ന് വയസ്സ് 17. എന്നെപ്പോലുള്ള ബഹു  ലക്ഷം യുവാക്കന്മാരെപ്പോലെ ഞാനും സ്വയം സ്വാതന്ത്ര്യസമരമെന്ന അതിശക്തമായ നീർച്ചുഴിയിലേയ്ക്ക് വലിച്ചു താഴ്ത്തപ്പെടുകയായിരുന്നു. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ അടുത്തചരിത്രഘട്ടമായ 1942 ആഗസ്റ്റിലെ ക്വിറ്റ് ഇൻഡ്യാ സമരമാകുമ്പോഴേയ്ക്കും ഞാൻ എന്റെ ആദ്യത്തെ ജയിൽ ജീവിതം കഴിഞ്ഞു മുഴുവൻ സമയ രാഷ്ട്രീയക്കാരനായി എന്റെ രണ്ടാമത്തെ ജയിൽ ജീവിതത്തിന് തയാറായി. പക്ഷെ അതല്ല ഞങ്ങളുടെ തലമുറയുടെ പ്രത്യേകത.ഞങ്ങളിൽ ഗണ്യമായ വിഭാഗത്തിന് പ്രകാശമാനമായ ഒരു സ്വപ്നമുണ്ടായിരുന്നു. ഒരു ധീര നൂതന ലോകത്തിന്റെ സ്വപ്നം! സോഷ്യലിസത്തിന്റെ സ്വപ്നം!  സ്വാതന്ത്ര്യമെന്നാൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളിൽ നിന്നുള്ള മോചനത്തിനൊപ്പം ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ ഇതൊക്കെ കൂടിയാണെന്ന് ഞങ്ങൾ ധരിച്ചു...."

മഹാത്മജിക്ക് തുറന്ന കത്തെഴുതി നേതാജി സുഭാഷ്ചന്ദ്രബോസിന്റെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുകയും മഹാത്മജിയെ വിമർശിക്കുകയും ചെയ്തുകൊണ്ട് ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് കോൺഗ്രസിനോട് വിടപറഞ്ഞപ്പോൾ ഗാന്ധിജിയും പണ്ഡിറ്റ്ജിയും നയിച്ച കോൺഗ്രസ് വിട്ട് അച്യുതമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് മനസ്സും ശരീരവും ചേർത്ത് വച്ചപ്പോൾ പറഞ്ഞു: "എനിക്ക് പാർട്ടിയോടുള്ളത് ബന്ധനസ്ഥനായ ഒരു പക്ഷിക്ക് കൂടിനോടുള്ള വിധേയത്വമല്ല; സമൂഹത്തെക്കുറിച്ച് ഞാൻ കണ്ട സ്വപനം സാക്ഷാത്കരിച്ചു കാണുവാനുള്ള ഏറ്റവും നല്ല ഉപാധി മാത്രമായിരുന്നു എനിക്ക് പാർട്ടി.സമത്വത്തിന്റെ സൗന്ദര്യമുള്ള ഒരു സ്വപ്നം. അതിന് കഴിഞ്ഞത് കൊണ്ടാണ് ഞാൻ അവരിലൊരാളായത് ....."

വ്യാപരിച്ച  മേഖലകളിലെല്ലാം അനിതര സാധാരണ മികവ് പുലർത്തിയ രാഷ്ട്രീയ നേതാവാണ് സി.അച്യുതമേനോൻ.  അഴിമതിയെയും അധർമ്മത്തെയും ഒരു വിളിപ്പാടിനും ഏറെയപ്പുറം മാറ്റി നിർത്തിക്കൊണ്ട് അനാർഭാടമായ ജീവിതം നയിച്ച ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ പ്രഥമ ഗണനീയനാണ് അദ്ദേഹം.

സി. അച്യുതമേനോൻ എന്ന മഹോന്നത വ്യക്തിത്വത്തെ ഞാൻ ആദ്യമായി അടുത്തുകണ്ടതും സംസാരിച്ചതും  ഇന്നലെയെന്നപോലെ ഓർക്കുന്നു. 1978 ലായിരുന്നു അത്.മുൻ ലേബർ കമ്മീഷണറും അച്യുതമേനോന്റെ മരുമകന്റെ പിതാവുമായ പി.എൻ.കൃഷ്ണപിള്ളയുടെ കവടിയാർ അമ്പലമുക്കിലെ വസതിയിൽ വച്ചാണ് ഞാൻ ആദ്യമായി അച്യുതമേനോനുമായി സംസാരിക്കുന്നത്. അച്യുതമേനോൻ ഇടയ്ക്കിടെ പി.എൻ.കൃഷ്ണപിള്ളയുടെ വസതിയിൽ വന്ന് തങ്ങാറുണ്ടായിരുന്നു. എവിടെയുമെന്നപോലെ അവിടെയും അദ്ദേഹത്തിന്റെ ദൈനംദിന കൃത്യങ്ങളിലെ മുഖ്യ ഇനം എഴുത്തുതന്നെ ആയിരിക്കും. ഞാൻ കാൻഫെഡിന്റെ സജീവ പ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുന്ന കാലമായിരുന്നു അത്. ഒരു നാൾ കാൻഫെഡ് സെക്രട്ടറി പി.എൻ.പണിക്കർ സാർ അച്യുതമേനോനെ കാണാനായി പി.എൻ.കൃഷ്ണപിള്ളയുടെ വീട്ടിൽ പോയപ്പോൾ എന്നെയും കൂടെ കൂട്ടി. സി.അച്യുതമേനോനെ അടുത്ത് കാണുവാനും സംസാരിക്കുവാനും മോഹിച്ചിരിക്കുകയായിരുന്ന എനിക്ക് 'രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും പാല്' എന്നതിന് തുല്യമായി . ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മുൻവശത്തെ ഹാളിൽ കസേരയിലിരുന്ന് അദ്ദേഹം, എഴുതുകയായിരുന്നു. എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്ന അദ്ദേഹം ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടയിരുന്നില്ല. ഞങ്ങൾ അങ്ങോട്ട് ചെന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. ആ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുവാൻ ഞങ്ങൾക്കും മനസ്സ് വന്നില്ല. ഏതാണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞു കാണും തന്റെ ചാരത്ത് ആരോ ഉണ്ടെന്ന തോന്നൽ കൊണ്ടാവാം അദ്ദേഹം മുഖമുയർത്തി കണ്ണാടിക്ക് മുകളിലൂടെ ഞങ്ങളെ നോക്കി....

"ങാ ...ഇതാര് ...? പണിക്കാരോ...?വരൂ ....ഇരിക്കൂ ...." എന്ന് പറഞ്ഞ് ഞങ്ങളെ ഞങ്ങളെ സ്വാഗതം ചെയ്തു. പി.എൻ.പണിക്കർ സർ എന്നെ അച്യുതമേനോന് പരിചയപ്പെടുത്തി.

"ഇത് ബാലചന്ദ്രൻ......"എന്റെ മുഖത്തേയ്ക്ക് അദ്ദേഹം ഒന്ന് നോക്കി.  ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട് !

തുടർന്ന് ഏറെനേരം സംസാരിച്ചിരുന്നു. അനൗപചാരിക വിദ്യാഭ്യാസം തന്നെയായിരുന്നു മുഖ്യ സംഭാഷണ വിഷയം. ഏത് വിഷയത്തെക്കുറിച്ചായാലും അദ്ദേഹം ആധികാരികമായും വിശദമായും സംസാരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതമെന്ന് അന്നെനിക്ക് തോന്നി. വളരെ വിജ്ഞാനപ്രദമായിരുന്നു ആ സംഭാഷണം. എത്ര നേരം കേട്ടിരുന്നാലും മടുപ്പ് തോന്നാത്ത സംഭാഷണ ശൈലിയും. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയെന്ന അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം അന്നെനിക്ക് ഒരു ആരോപണമായാണ് തോന്നിയത്.

അച്യുതമേനോനുമായുള്ള രണ്ടാമത് സന്ദർശനവും പി.എൻ.പണിക്കർ സാർ മുഖേന ആയിരുന്നു. തിരുവനന്തപുരം വഴുതയ്ക്കാട് സുഗതൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ അച്യുതമേനോനെ തൊട്ടടുത്ത കാൻഫെഡ് ഓഫീസിലേയ്ക്ക് ക്ഷണിക്കാനായി പണിക്കർസാർ  ചുമതലപ്പെടുത്തിയത് എന്നെയാണ്. ഞ്ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ദേഹം സുഗതൻ സ്മാരക മന്ദിരത്തിന് പുറത്ത് കുറേപേരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ശർമ്മാജി, പി.കെ.വാസുദേവൻ നായർ, എസ്,വി,ഉണ്ണികൃഷ്ണൻ, തൊഴിലാളി നേതാവ് പി.ഭാസ്കരൻ, കെ.വി.സുരേന്ദ്രനാഥ്, സി.ഉണ്ണിരാജ തുടങ്ങിയവരെല്ലാം അവരിൽപ്പെടും. ഞാൻ വിവരം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ബാലചന്ദ്രൻ  ഇന്ന് അൽപ്പം തിരക്കുണ്ട്.  ഇനി ഒരു ദിവസം വരാമെന്ന് പണിക്കരോട് പറയുക...." തുടർന്ന് പണിക്കർ  സാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും  കാൻഫെഡ് വിശേഷങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു.  ഒരിക്കൽ ഡോ. പി.കെ. ഗോപാലകൃഷ്ണനോടൊപ്പവും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടുണ്ട്.

ഡോ.പി.കെ.ഗോപാലകൃഷ്ണന്റെ വികാസനോന്മുഖമായ നിർദ്ദേശങ്ങളോടും അഭിപ്രായങ്ങളോടും  അച്യുതമേനോൻ  അതിയായ താൽപര്യവും ശ്രദ്ധയുമാണ് പ്രകടിപ്പിച്ചു കണ്ടത്.  വികസന ലക്ഷ്യത്തോടെ ഡോ. പി.കെ.ജി.മുന്നോട്ടുവെച്ച പരിപാടികളേയും സംരംഭങ്ങളേയും പ്രശംസിക്കുകയും ചെയ്തു. നാടിന്റെ വികസന കാര്യത്തിൽ അച്യുതമേനോൻ എത്രകണ്ട് താൽപര്യം സൂക്ഷിച്ചിരുന്നുവെന്നും  എത്രയേറെ ആഗ്രഹിച്ചിരുന്നുവെന്നും ആ പ്രതികരണങ്ങളിൽ  നിന്നും വ്യക്തമായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അതുകൊണ്ടു തന്നെയാവണം ഡോ.പി.കെ.ജി.യും അച്യുതമേനോനോട് വല്ലാത്ത സ്നേഹവും ആഭിമുഖ്യവുമാണ് സൂക്ഷിച്ചിരുന്നത്. പല സന്ദർഭങ്ങളിലും അദ്ദേഹമത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അച്യുതമേനോന്റെ അനിതര സാധാരണ വ്യക്തിത്വത്തെ കുറിച്ച് തെങ്ങമം ബാലകൃഷ്ണനും ഒരുപാട് സംസാരിച്ചിട്ടുണ്ട്. സി.അച്യുതമേനോനെ കുറിച്ച് പറയുമ്പോൾ തെങ്ങമം ബാലകൃഷ്ണന് ആയിരം നാവുകളായിരുന്നു. ഡോ. പി.കെ.ജി.യും മറിച്ചായിരുന്നില്ല.

അനീതിക്കും അക്രമത്തിനുമെതിരെ വ്യാഘ്രത്തെപ്പോലെ ചാടിവീഴാൻ അച്യുതമേനോൻ ഒരിക്കലും മടിച്ചിട്ടില്ല . അന്ന് ജയിലുകളിൽ നിലവിലുണ്ടായിരുന്ന പല പ്രാകൃത കീഴ്വഴക്കങ്ങളെയും ചോദ്യം ചെയ്യാൻ അച്യുതമേനോൻ ധൈര്യം കാട്ടി. തൽഫലമായാണ് ജയിലിലെ 'മുക്കാലിയിൽ കെട്ടി അടി'യും , 'കൊണോഫയൽ പരേഡും' അവസാനിച്ചത്. ജയിലിനുള്ളിൽ ചെറിയ  തെറ്റുകൾ ചെയ്യുന്നവർക്ക് നൽകുന്ന ശിക്ഷയാണ് 'മുക്കാലിയിൽ കെട്ടി അടി'. മരം കൊണ്ടുണ്ടാക്കിയ മുക്കാലിയിൽ കുറ്റം ചെയ്ത തടവുകാരനെ കെട്ടിവയ്ക്കും. അരയ്ക്ക് ചുറ്റും ലോഷനിൽ മുക്കിയ ഒരു തുണിമാത്രമായിരിക്കും ചുറ്റിയിരിക്കുക. അയാളുടെ ശരീരവും കൈയും കാലുമെല്ലാം മുക്കാലിയോട് ചേർത്ത് തോൾ ബൽറ്റിട്ട് മുറുക്കിയിട്ട് ഒരാൾ ചൂരൽ വടികൊണ്ട് തടവുകാരന്റെ ചന്തിയിൽ സർവശക്തിയും സമാഹരിച്ച് ആഞ്ഞടിക്കും. മുക്കാലിയിൽ കിടക്കുന്നവൻ പ്രാണവേദനയെടുത്ത് പുളയുമ്പോഴും അടി തുടരും. ഈ വിധം അടിക്കുന്നതിന് പ്രത്യേകം പരിശീലനം നൽകപ്പെട്ട വാർഡന്മാരുണ്ട്.  ജയിലിലുള്ള മുഴുവൻ തടവുകാരെയും തങ്ങളുടെ ബ്ലോക്കുകൾക്ക് മുന്നിൽ നിരത്തി നിറുത്തിയശേഷമായിരിക്കും അടിക്കുക. മറ്റ് തടവുകാർക്കുള്ള താക്കീതെന്ന നിലയിലാണെത്രെ ഇത്. ഈ വിധം ഒരു നാൾ മുക്കാലിയിൽ കെട്ടി അടിനടത്തവേ അച്യുതമേനോൻ അതിനെ ശക്തമായി എതിർത്തു. ഈ വിധം മർദ്ദിക്കാൻ അനുവദിക്കില്ലായെന്നും നിറുത്തണമെന്നും ആവശ്യപ്പെട്ടു. ജയിലധികൃതർ ആ ശിക്ഷ പൂർത്തിയാക്കിയെങ്കിലും തുടർന്നുണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയന്ന് പിന്നീട് വിയ്യൂർ ജയിലിൽ മുക്കാലിയിൽ കെട്ടി അടി ഉണ്ടായിട്ടില്ല.  

അതേപോലെ തന്നെയാണ് ജയിലിലെ  'കോണോ ഫയൽ പരേഡി'നും അച്യുതമേനോൻ തന്നെയാണ് വിരാമമിട്ടത്.  മുക്കാലിയിൽ കെട്ടിയുള്ള അടിപോലെ തന്നെ ഇതും ജയിൽ ചട്ടങ്ങളിൽപ്പെടുന്ന കാര്യമായിരുന്നില്ല. ഒരു കീഴ്വഴക്കം മാത്രം. ആഴചയിൽ ഒരു ദിവസം ജില്ലാ ആശുപത്രിയിലെ ഡോക്ടർ തടവുകാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുവാൻ ജയിലിലെത്തും. അന്ന് തടവുകാർ മുറിക്ക് പുറത്തിറങ്ങി വരിയായി നിൽക്കണം. കൗപീനം (കോണകം) മാത്രമേ ധരിക്കാവൂ. ഡോക്ടറും ജയിലധികൃതരും മുന്നിലെത്തുമ്പോൾ കൗപീനം അഴിച്ചുമാറ്റണം. ഇത്തരത്തിൽ എത്തിയ സംഘത്തോട് അച്യുതമേനോൻ ആക്രോശിച്ചു.   "പൊതുസ്ഥലത്തുവച്ച് കൗപീനം അഴിച്ചുമാറ്റുവാൻ സാധ്യമല്ല...." അന്നത്തെ ഡോക്ടർ ബി.എൽ.ജോസഫ് അടക്കമുള്ളവർ ഞെട്ടി. ഡോക്ടർ ജോസഫ് ഉടനെ തിരിച്ചു പോയി. അതിനുശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ 'കോണോ ഫയൽ പരേഡ്' നടന്നിട്ടില്ല.

തൃശൂർ തേക്കിൻകാട് മൈതാനം എന്നും അച്യുതമേനോന് ഒരു ദൗർബല്യമായിരുന്നു.... എവിടെയൊക്കെ ഏതൊക്കെ നിലയിൽ വ്യാപരിച്ചാലും അല്പം ഇടവേള കിട്ടിയാൽ അദ്ദേഹം തൃശൂരിലെത്തും; സായംസന്ധ്യകളിൽ മുണ്ടും മടക്കിക്കുത്തി ഇടയ്ക്കിടെ കണ്ണാടി മൂക്കത്ത് ഉറപ്പിച്ചുവച്ച് ചുറ്റിനും നോക്കി മെല്ലെ നടക്കാൻ.....!

വായിച്ചും പറഞ്ഞു കെട്ടും മാത്രമല്ല നേരിട്ട് കണ്ടും ചേലാട്ട് അച്യുതമേനോന്റെ മഹത്വം എനിക്ക് നന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഏത് അർത്ഥതലത്തിൽ വിലയിരുത്തിയാലും അച്യുതമേനോൻ എന്ന ഏകാന്ത ദീപ്തമായ രാഷ്ട്രീയ നക്ഷത്ര ജ്യോതിസ്സ് നാടിൻറെ അഭിമാനം തന്നെയാണ്....!



Read More in Organisation

Comments