Friday, April 18, 2025 Thiruvananthapuram

രാജ്യത്ത് പുതിയ രണ്ടിനം സിര്‍ഫിഡ് ഈച്ചകളെ കണ്ടെത്തി

banner

3 years, 3 months Ago | 416 Views

വടക്കുകിഴക്കേ ഇന്ത്യയിൽനിന്നും പശ്ചിമഘട്ടത്തിൽനിന്നുമായി രണ്ട് പുതിയ ഇനം സിർഫിഡ് (syrphidae) ഈച്ചകളെ കണ്ടെത്തി. മോണോസെറോമിയ ഫ്ളാവൊസ്ക്യൂട്ടേറ്റ (Monoceromyia flavoscutata), മോണോസെറോമിയ നൈഗ്ര (Monoceromyia nigra) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനൽകിയത്. കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ എസ്.എസ്. അനൂജ്, അണ്ണാമല സർവകലാശാലയിലെ ഗവേഷക വിദ്യാർഥി എച്ച്. ശങ്കരരാമൻ, ജർമനിയിലെ അലക്സാണ്ടർ കുവനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ശാസ്ത്രജ്ഞൻ ക്സിമോ മെൻഗ്യു (Ximo Mengual) എന്നിവർ ചേർന്നാണിവയെ കണ്ടെത്തിയത്.

 

ജേണൽ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തിയിരുന്നു.

 

തമിഴ്നാട്ടിലെ തടിയൻകുടിസിയിൽ മരക്കറയുടെ ഒലിപ്പുകളിൽ മുട്ടയിടുന്നതായി കണ്ടെത്തിയ മോണോസെറോമിയ ഫ്ളാവൊസ്ക്യൂട്ടേറ്റയുടെ ശരീരഭാഗത്തുള്ള മഞ്ഞനിറം കാരണമാണ് അവയ്ക്ക് ഈ പേരു നൽകിയത്. അരുണാചൽപ്രദേശിൽനിന്ന് കണ്ടെത്തിയ മോണോസെറോമിയ നൈഗ്രയുടെ ശരീരഭാഗത്തിന് കറുപ്പ് നിറമായതിനാൽ ഇങ്ങനെയും പേര് നൽകി. ഇവയ്ക്ക് പുറമേ മോണോസെറോമിയ ജനുസ്സിന്റെ പുനരവലോകനവും ഏഴ് സ്പീഷിസിന്റെ പുനർവിവരണവും നടത്തി. മുൻപ് രണ്ട് വ്യത്യസ്ത സ്പീഷിസുകളായി കണക്കാക്കിയ മോണോസെറോമിയ മൾട്ടിപങ്റ്റേറ്റയും (Monoceromyia multipunctata) മോണോസെറോമിയ പോളിസ്റ്റോയ്ഡസും (Monoceromyia polistoides) ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 

ആവാസവ്യവസ്ഥയിൽ ഏറെ പ്രാധാന്യമുള്ളതും വിരളമായി കാണപ്പെടുന്നതുമാണ് ഈ ഇനമെന്ന് എസ്.എസ്. അനൂജ് പറഞ്ഞു. വംശനാശസാധ്യതയുള്ളതിനാൽ പശ്ചിമഘട്ടത്തിന്റെയും വടക്കുകിഴക്കൻ ഇന്ത്യയുടെയും ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Read More in Environment

Comments