നവോത്ഥാന നായകർ

3 years, 4 months Ago | 440 Views
സ്വാമി വിവേകാനന്ദൻ പറഞ്ഞ "ഭ്രാന്താലയ"മെന്ന "വിശേഷണ"ത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച നവോത്ഥാന നായകർ ഏറെയുണ്ട്. അവരുടെ തീവ്രയത്നം കേരളത്തെ മെല്ലെ 'ഭ്രാന്ത്' വിമുക്തമാക്കുകയായിരുന്നു.
ഒരുമിച്ച് നടക്കാനും ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനുമൊക്കെ പോരാടേണ്ടിവന്ന ചരിത്രമാണ് കേരളത്തിന്റേത്. 2017 മാണ്ട് മിശ്രഭോജനത്തിന്റെ നൂറാം വാർഷികം കൂടിയാണ്. 1917 മെയ് 29 നാണ് സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ എറണാകുളത്തെ ചെറായിയിൽ മിശ്രഭോജനം നടത്തിയത്. വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച സമരമായിരുന്നു മിശ്രഭോജനം.
2017 ലെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം സ്കൂളിലായിരുന്നു. 1914 ലാണ് ഊരൂട്ടമ്പലം സ്കൂളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുലയ സമുദായത്തിൽപെട്ട പഞ്ചമി എന്ന കുട്ടിയെ പഠിപ്പിക്കാനായി കൊണ്ടുവന്നത്. സ്കൂളിനു തീവെച്ചതുൾപ്പെടെയുള്ള അക്രമങ്ങൾ ആയിരുന്നു ഇവിടെ അരങ്ങേറിയത്. പഞ്ചമിയുടെ അഞ്ചാം തലമുറയിൽപെട്ട ആതിരയ്ക്ക് സ്കൂൾ പ്രവേശനം നൽകിക്കൊണ്ടാണ് ആ ചരിത്ര സംഭവത്തെ കേരളം ഈ വര്ഷം ഓർക്കുന്നത്. ജാതികൾക്കകത്തും പുറത്തുമുള്ള തൊട്ടുകൂടായ്മയ്ക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നവോത്ഥാനനായകരുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ നിരവധിയാണ്.
ശ്രീനാരായണ ഗുരു സ്വാമികൾ
കേരളീയ നവോത്ഥാനത്തിന്റെ പിതാവ് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം പ്രചരിപ്പിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തമാകാനും ആഹ്വാനം ചെയ്തു.
വൈകുണ്ഠ സ്വാമികൾ
അവർണ്ണരുടെ അവശതകൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ സമത്വ സമാജം എന്ന സാമൂഹിക സംഘടന രൂപികരിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി. എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനായി മുതിരിക്കിണർ കുഴിച്ചു.
ചട്ടമ്പി സ്വാമികൾ
വിജ്ഞാനത്തിന്റെ ഖനി തന്നെയാകയാൽ വിദ്യാധിരാജൻ എന്നറിയപ്പെട്ടു.
അയ്യങ്കാളി
വില്ലുവണ്ടി സമരത്തിലൂടെ ശ്രദ്ധേയൻ. സാധുജന പരിപാലന സംഘം സ്ഥാപിച്ചു.
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യ സംസ്കൃത സ്കൂളിന്റെ സ്ഥാപകൻ.
വക്കം അബ്ദുൾഖാദർ മൗലവി
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്. മുസ്ലിം ഐക്യ സംഘ സ്ഥാപനത്തിന് നേതൃത്വം നൽകി.
പണ്ഡിറ്റ് കെ.പി.കറുപ്പൻ
അരയസമാജം സ്ഥാപിച്ചു. ജാതിക്കുമ്മി, ഉദ്യാനവിരുന്ന് തുടങ്ങിയ കവിതകളിലൂടെ ജാതീയതയ്ക്കെതിരെ ജനവികാരം വളർത്തി. 1913 ൽ കറുപ്പന്റെ നേതൃത്വത്തിൽ കൊച്ചി കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമ്മിച്ച് കായൽ സമ്മേളനം നടത്തിയത് ചരിത്രസംഭവമാണ്.
സഹോദരൻ അയ്യപ്പൻ
സമസ്ത സഹോദര സംഘടന സ്ഥാപിച്ചു. ഇതിന്റെ മുഖപത്രമായിരുന്നു സഹോദരൻ മാസിക.
Read More in Organisation
Related Stories
രാമായണ പാരായണം സർവ്വ ദുഃഖഹരം : ബി.എസ്. ബാലചന്ദ്രൻ
4 years, 2 months Ago
വെളിച്ചമില്ലാതെ പ്രപഞ്ചമില്ല
1 year, 11 months Ago
'പത്രവിതരണക്കാരൻ': മലയാളികൾ കണികണ്ടുണരുന്ന നന്മ ചിറകുള്ള മുന്തിരിപ്പൂക്കൾ
1 month, 4 weeks Ago
മെയ് ഡയറി
4 years, 1 month Ago
ബി.എസ്.എസ് സാംസ്ക്കാര ഭാരതം കാവ്യസദസ്സ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു
1 year, 1 month Ago
ജൂൺ ഡയറി
4 years Ago
നവംബർ മാസത്തെ വിശേഷ ദിവസങ്ങൾ
3 years, 8 months Ago
Comments