മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ

3 years, 3 months Ago | 629 Views
രാവണപുത്രി മണ്ഡോദരിയെ അധർമ്മത്തിന്റെയും നീച കർമ്മങ്ങളുടെയും ഇരുൾ മൂടിയ ഗുഹയിൽ തെളിച്ചുവെച്ച നന്മയുടെ മൺചെരാതായിവേണം നോക്കി കാണാനെന്ന് തുഞ്ചൻ ഭക്തി പ്രസ്ഥാനം -പഠനകേന്ദ്രം ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
വിധിയെ തടുക്കാൻ ആരാലുമാവില്ലെന്ന് മണ്ഡോദരിയുടെ രാമായണം ആവർത്തിച്ച് ചൂണ്ടിക്കാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുഞ്ചൻ ഭക്തിപ്രസ്ഥാനം - പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന രാമായണം പ്രഭാഷണ പരമ്പരയിൽ സ്മസാരിക്കുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.
കശ്യപ പ്രജാപതിക്ക് ദനു എന്ന ഭാര്യയിലുണ്ടായ പുത്രൻ മയന്റോയും അപ്സരസ്ത്രീയായ ഹേമയുടെയും പുത്രി മണ്ഡോദരി, വിധിവശാലാണ് രാക്ഷസ രാജാവായ രാവണന്റെ പത്നിയായത്. അതീവ സുന്ദരിയായിരുന്നു മണ്ഡോദരി. സീതാന്വേഷണ ദൗത്യവുമായി ലങ്കയിലെത്തിയ ഹനുമാൻ രാജധാനിയിലെ രാവണന്റെ കൊട്ടാരത്തിൽ ആരും കാണാതെ കയറി പരിശോധന നടത്തവേ കൊട്ടാരത്തിലെ ഒരു മുറിയിൽ നവരത്‌നാലംകൃത മഞ്ചത്തിൽ ശയിക്കുകയായിരുന്ന മണ്ഡോദരിയെ കണ്ട് സീതാദേവിയാണെന്ന് തെറ്റിദ്ധരിച്ചുപോയി. അത്രമേൽ മനോഹാരിയായിരുന്നു മണ്ഡോദരി.
പാർവതി ദേവിയുടെ ശാപത്താൽ മണ്ഡൂകമായി (തവള) മാറിയ ദേവകന്യക ക്ഷേപമോക്ഷം ലഭിച്ച് വീണ്ടും കന്യകയായിത്തീർന്നതാണ് മണ്ഡോദരി. സുലക്ഷണ എന്നായിരുന്നു മണ്ഡൂകമായി മാറുന്നതിന് മുൻപ് കന്യകയുടെ പേര്. പേരുപോലെ തന്നെ സുലക്ഷണയായിരുന്നു കന്യക. പാലാഴിമഥനത്തിൽ ലഭിച്ച സുലക്ഷണ പർവ്വതിദേവിയുടെ പരിചാരികയായിരുന്നു. ഒരിക്കൽ കുളിക്കാൻ സരസ്സിലിറങ്ങിയ ശേഷമായിരുന്നു പർവ്വതിദേവി കുളികഴിഞ്ഞു ഉടുക്കുവാനുള്ള കോടിപ്പുടവ എടുക്കാൻ മറന്ന കാര്യം ഓർത്തത്. പാർവ്വതി ഒപ്പമുണ്ടായിരുന്ന സുലക്ഷണയെ പുറവയെടുക്കാനായി മാളികയിലേക്കയച്ചു. സുന്ദരിയായ സുലക്ഷണയെ കണ്ട് മോഹിച്ച പരമശിവൻ കാമമോഹിതനായി അവളെ പ്രാപിച്ചു. താൻ ഗർഭിണിയാവുമെന്ന് ഭയന്ന സുലക്ഷണയെ ശ്രീപരമശിവൻ സമാധാനിപ്പിച്ചു. "നീ വിവാഹിതയായി ഭതൃസംഗമം ഉണ്ടായതിന് ശേഷം മാത്രമേ ഇന്നത്തെ തേജോധാരണം ഗർഭമായി മാറി പ്രസവിക്കുകയുള്ളൂ" എന്ന് മഹാദേവൻ സമാധാനിപ്പിച്ചു.
സുലക്ഷണ പാര്വതിദേവിയുടെ കോടിപ്പുടവയുമെടുത്തു മടങ്ങിച്ചെന്നപ്പോൾ സമയം വൈകിയതിനാൽ പർവ്വതിദേവി അവളെ സൂക്ഷിച്ചു നോക്കി മുഖത്തും മാറിലും ഭസ്മത്തിന്റെ പാടുകൾ കണ്ട പർവ്വതിദേവിക്ക് കാര്യം മനസിലായി. പർവ്വതിദേവി അവളെ ശപിച്ച് ഒരു മണ്ഡൂകമാക്കി ആ സരസ്സിൽ തന്നെ തള്ളിയിട്ടു.
ഈ കാലഘട്ടത്തിലായിരുന്നു മയൻ എന്ന അസുരനും ഭാര്യ ഹേമയും ഒരു പുത്രിക്ക് വേണ്ടി ഹിമവൽ പാർശ്വത്തിൽ കഠിനതപസ്സാരംഭിച്ചത്. അതൊരു സംഭവമാണ്.
മയൻ ഒരുനാൾ അപ്സരസ്സുകളുടെ നൃത്തം കാണാൻ ദേവലോകത്തുപോയി അവിടെവെച്ച് ഹേമ എന്ന അപ്സര കന്യകയെ പരിചയപ്പെടുകയും തമ്മിൽ പ്രേമബദ്ധരാവുകയും ചെയ്തു. വിവരമറിഞ്ഞ ഇന്ദ്രാദികൾ ഹേമയെ മയന് വിവാഹം കഴിച്ചുകൊടുത്തു. മയൻ ഹിമവാന്റെ ഒരു ഭാഗത്തുപോയി 'ഹേമപുരം' എന്ന നഗരം നിർമ്മിച്ച് ഹേമയുമൊത്ത് താമസമാക്കി. അവർക്ക് മായാവിയെന്നും ദുന്ദുഭിയെന്നും രണ്ട് പുത്രന്മാർ ജനിച്ചു. പക്ഷേ ഒരു പുത്രിയെ ലഭിക്കാത്തതിൽ അവർ അതീവ ദുഖിതരായിരുന്നു. അതിനായി ഇരുവരും ഹിമാവാൻ പാർശ്വത്തിൽ തപസ്സാരംഭിക്കുകയായിരുന്നു.
തപസ്സിൽ സംപ്രീതനായ പരമശിവൻ പാർവ്വതീദേവി മുഖേന സുലക്ഷണയ്ക്ക് ശാപമോക്ഷം നൽകിക്കൊണ്ട് അവളെ മയന് പുത്രിയായി നൽകി. മയൻ അവൾക്ക് മണ്ഡോദരി എന്ന് പേരിട്ട് വളർത്തി. ഒരിക്കൽ അതുവഴി വന്ന രാവണൻ അതീവ സുന്ദരിയും സുലക്ഷണയുമായ മണ്ഡോദരിയെക്കണ്ട് അവളിൽ ആകൃഷ്ടനാവുകയും കന്യകയെ തനിക്ക് വിവാഹം കഴിച്ചുതരണമെന്ന് മയനോട് ആവശ്യപ്പെടുകയും ചെയ്തു. മയനും ഹേമയും മണ്ഡോദരിയെ വിധിപ്രകാരം രാവണന് വിവാഹം ചെയ്തു കൊടുത്തു.
സുന്ദരി മാത്രമല്ല സുശീലയും സുചരിതയുമായിരുന്നു മണ്ഡോദരി. ലങ്കാധിപതിയും പരാക്രമിയുമായിരുന്നു രാവണനെങ്കിലും താൻ ആർജ്ജിച്ചെടുത്ത വരബലത്തെ ലങ്കയുടെ സമ്പത്തിലും കരബലത്തിലും അഹങ്കരിച്ചിരുന്ന രാവണലിൽ സത്യ-ധർമ്മങ്ങൾ തൊട്ടുതീണ്ടിയിട്ടുകൂടിയില്ലായെന്നത് മണ്ഡോദരിയെ വല്ലാതെ ദുഃഖിപ്പിച്ചിരുന്നു.
തനിക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളിലൊക്കയും ഭർത്താവിനെ നേർവഴിക്കു നയിക്കാൻ മണ്ഡോദരി ശ്രമിക്കുന്നുണ്ട്. സദ്ബുദ്ധി ഉപദേശിക്കുന്നുണ്ട്. സീതയെ അപഹരിച്ചുകൊണ്ട് വന്നപ്പോൾ അതിലുള്ള അപ്രീതി മണ്ഡോദരി പ്രകടിപ്പിച്ചതാണ്. ഇതുമൂലമുണ്ടാകാനിടയുള്ള ആപതിനെക്കുറിച്ചും നാശത്തിനെക്കുറിച്ചും പലവട്ടം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ശിംശപാ വൃക്ഷച്ചുവട്ടിൽ വിരഹ വേദനയോടെ ശ്രീരാമനെയും ഭജിച്ച് കണ്ണുനീർ തൂക്കിയിരിക്കുകയായിരുന്ന സീതയോട് പ്രേമാഭ്യർത്ഥന നടത്തുവാനായി എത്തിയ രാവണനെ തൃണസമാനനായി കണ്ടുകൊണ്ടാണ് സീത സംസാരിക്കുന്നത്. സന്യാസി വേഷത്തിലെത്തിയപ്പോഴല്ലാതെ ഒരിക്കൽപ്പോലും രാവണന്റെ മുഖത്തുനോക്കിയിട്ടില്ലാത്ത സീതാദേവി ഒരു പുൽക്കൊടി പറിച്ചെടുത്ത് അതിനോടായി പറയുന്നു: "നീച രാക്ഷസാ... നീ എന്നെ അപഹരിച്ചുകൊണ്ടു വന്നിരിക്കുന്നു. യാഗശാലയിൽ കടന്നുചെന്ന് ഒരു പെൺപട്ടി ഹോമദ്രവ്യത്തെ മോഷ്ടിച്ചെടുക്കുന്നതിന് തുല്യമാണത്. ദുഷ്ട രാവണാ... നിന്നെ വധിച്ച് എന്നെ കൊണ്ടുപോകാനായി എന്റെ ഭർത്താവ് ശ്രീരാമചന്ദ്രൻ ഉടനെതന്നെ കടൽ കടന്നെത്തും..."
തന്നെ തൃണസമാനനായി കണ്ടും പെൺപട്ടിയോട് ഉപമിച്ചും സംസാരിച്ചതിൽ ക്രുദ്ധനായ രാവണൻ കോപത്താൽ വിറയ്ക്കുന്ന കരങ്ങളോടെ സീതയെ കൊല്ലാൻ കരവാൾ ഊരിയപ്പോൾ മണ്ഡോദരിയാണ് ഓടിയെത്തി തടയുന്നത്. ഭർത്താവിന്റെ കരങ്ങളിൽ ബലമായി പിടിച്ചുകൊണ്ട് മണ്ഡോദരി പറയുന്നു: "മോഷ്‌ടിക്കപ്പെട്ട് തടങ്കലിൽ കഴിയുകയും രാത്രിയെന്നും പകലെന്നും ഭേദമില്ലാതെ രാക്ഷസിമാരുടെ ഭീക്ഷണിക്കേട്ടു തപിക്കുകയും ചെയ്യുന്നതിനിടയിലും പാതിവ്രത്യത്തിനു തരിമ്പും ഭംഗം വരാതെ ഭർത്താവിനെ ഭജിച്ച് ദുഃഖിതയായി കഴിയുന്ന സീതയെ വധിക്കുന്നത് വീരപുരുക്ഷന്മാർക്ക് ചെർന്നതാണെന്ന് അങ്ങ് കരുതുന്നുണ്ടോ? ദേവ-രാക്ഷസ-നാഗ-അപ്സര-ഗന്ധർവ്വ വർഗ്ഗങ്ങളിലെ സുന്ദരികളായാ എത്രയോ നാരിമാർ അങ്ങേയ്ക്ക് വശംവദരായുണ്ട്...?" പിന്നെയെന്തിനാണീ അധർമ്മ പ്രവർത്തി? മണ്ഡോദരി ഈ വിധത്തിൽ ശക്തിയായി സംസാരിച്ചുകൊണ്ട് തടഞ്ഞപ്പോൾ രാവണന് വധോദ്യമത്തിൽ നിന്നും പിന്മാറേണ്ടിവന്നു.
സീതാദേവിയുടെ സുരക്ഷ കാര്യത്തിൽ മണ്ഡോദരി സദാ ശ്രദ്ധിച്ചിരുന്നു എന്നു വേണം കരുതാൻ. രാവണൻ സീതയെ വധിക്കാനൊരുങ്ങിയപ്പോൾ ഉടനെ തന്നെ മണ്ഡോദരി അവിടെയെത്തുന്നു എന്നത് ശ്രദ്ധേയമാണ്.
രാവണന്റെ ദുഷ്ചെയ്തികൾമൂലം മണ്ഡോദരിക്ക് കഠിനമായ വേദനകളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാവണന് ലഭിച്ച ശാപങ്ങൾ മൂലം വാനരന്മാരിൽനിന്നും ഏറെ കഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നത് രാവണപത്നിക്കാണ്. രാമ-രാവണയുദ്ധം ആരംഭിച്ച ശേഷം യുദ്ധവിജയത്തിനായി ശുക്രാചാര്യന്റെ നിർദ്ദേശപ്രകാരം രാവണൻ യാഗം മുടക്കുവാനായി വാനരന്മാർ മണ്ഡോദരിയെ കഠിനമായാണ് ഉപദ്രവിക്കുന്നത്.
താൻ വധിക്കപ്പെടുമെന്നുറപ്പായപ്പോഴും രാവണൻ മണ്ഡോദരിയോട് പറയുന്നത് "ഞാൻ മരണപ്പെടുന്ന പക്ഷം നീ എന്നോടൊപ്പം ചിതയിൽ ദഹിച്ചുകൊള്ളുക..." എന്നാണ്. ഈ സമയങ്ങളിലൊക്കെയും മണ്ഡോദരിയാവട്ടെ രാവണന് സദ്ബുദ്ധി ഉപദേശിക്കുന്നു. 'സീതയെ മടക്കിക്കൊടുത്ത് നാശങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും രക്ഷ നേടൂ'. എന്നാണ് രാവണ പത്നി രാവണനോട് എപ്പോഴും പറഞ്ഞിരുന്നത്!-
Read More in Organisation
Related Stories
ഈ മൃഗക്കലിക്ക് അറുതിയില്ലേ ?
10 months Ago
ആരാണ് ഹനുമാന്റെ പിതാവ്
3 years, 5 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
2 years, 1 month Ago
സ്വാമി ഭജനാനന്ദ
3 years, 5 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
2 years, 10 months Ago
സംസ്കാരഭാരതം കാവ്യസദസ്സ്
4 years Ago
രാഷ്ട്ര ശിൽപി കണ്ട മഹദ് സ്വപ്നങ്ങളുടെ ഫലമാണ് ബി.എസ്.എസ് : ഡോ. രമേശ് ഇളമൺ നമ്പൂതിരി
2 years, 5 months Ago
Comments