Saturday, April 19, 2025 Thiruvananthapuram

കർക്കിടകത്തിലെ കറുത്തവാവ്

banner

1 year, 8 months Ago | 244 Views

ഈ വർഷത്തെ കർക്കിടകവാവ് കർക്കിടകം ഒന്നാം തീയതിയാണ് (ജൂലൈ 17) പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്ന ദിനം എന്നതാണ് കർക്കിടകത്തിലെ കറുത്തവാവിന്റെ പ്രത്യേകത. വളരെ ചുരുക്കിപ്പറഞ്ഞാൽ "മരിച്ചുപോയവരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തുന്ന ദിനം എന്നു വേണമെങ്കിൽ പറയാം.

ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന അവസ്ഥയെയാണല്ലോ മരണമെന്ന് വിളിക്കുന്നത്. ഭൗതികശരീരം ഉപേക്ഷിച്ച് പോകുന്ന ആത്മാവ് മറ്റൊരു ലോകത്ത് എത്തിച്ചേരുമെന്നും ഭൂമിയിൽ ചെയ്യുന്ന പ്രവർത്തികൾക്കനുസരണമായുള്ള സുഖ-ദുഃഖങ്ങളായിരിക്കും അവിടെ അനുഭവിക്കേണ്ടിവരികയെന്നുമുള്ള വിശ്വാസം മിക്കവാറുമെല്ലാ മതവിഭാഗങ്ങളിലുമുണ്ട്. ആ വിധം മൺമറഞ്ഞുപോയ പിതൃക്കൾക്കു വേണ്ടിയുള്ള ബലിതർപ്പണമാണ് കർക്കിടകവാവ് ദിനത്തിൽ നടക്കുന്നത്. അനുഷ്ഠാനങ്ങളിൽ ഏറ്റവും ഭാവാത്മകമായുള്ളത് ഹൈന്ദവാചാര ചടങ്ങായ കർക്കിടക വാവുബലി തന്നെയാണ്.

 

ഇപ്പോൾ കർക്കിടക മാസത്തിലെ കറുത്ത വാവുദി നത്തിലാണ് വ്യാപകമായി ബലികർമ്മങ്ങൾ നടക്കുന്നത്. എന്നാൽ പണ്ടുകാലത്ത് എല്ലാ മാസത്തിലും കറുത്ത വാവുദിനത്തിൽ ബലിതർപ്പണം നടക്കുമായിരുന്നു. രാജവാഴ്ചക്കാലത്ത് എല്ലാ മാസങ്ങളിലേയും കറുത്തവാവുദിവസം പൊതു അവധിദിനമായി പ്രഖ്യാപിച്ചിരുന്നതായി പുരാരേഖകളിൽ കാണാം. വിശ്വാസികൾക്ക് ബലിയിടാനുള്ള സൗകര്യത്തിനായാണ് അന്ന് എല്ലാമാസവും കറുത്തവാവുദിനത്തിൽ പൊതു അവധി നൽകിയിരുന്നത്. മരിച്ചുപോയ മാതാ പിതാക്കൾക്കുവേണ്ടി മൂത്ത പുത്രൻ ബലിയിടണമെന്നതാണ് വിശ്വാസമെങ്കിലും ഇപ്പോൾ മൂത്ത പുത്രന്റെ അഭാവത്തിലോ അസൗകര്യം കണക്കിലെടുത്തോ മറ്റ് മക്കൾ ബലിയിടാറുണ്ട്. തിരുവനന്തപുരത്തെ തിരു വല്ലം പരശുരാമക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ, വർക്കല പാപനാശം, ആലുവ ശിവരാത്രി മണൽപ്പുറം, അരുവിപ്പുറം ക്ഷേത്രം, കുഴിത്തുറ താമ്രപർണ്ണി, ശംഖുംമുഖം തുടങ്ങിയവയാണ് പ്രധാന ബലി തർപ്പണ പുണ്യതീർത്ഥങ്ങളെങ്കിലും നൂറുകണക്കിന് മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഈ ചടങ്ങ് നടക്കുന്നുണ്ട്. പതിനായിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണം നടത്തുന്നത്. തിരുവ ല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം, കുഴിത്തുറ താമ്രപർണ്ണി എന്നിവിടങ്ങളിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എല്ലാ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ക്യൂനിന്ന് കർമ്മങ്ങളിൽ പങ്കെടുക്കുന്നു. വാവുദിനത്തിൽ രാവിലെ എഴുന്നേറ്റ് ഭക്ഷണമൊന്നും കഴിക്കാതെയാണ് ബലിയിടുന്നത്. ബലിയിടുന്നതിന് തലേ നാൾ നെല്ലരികൊണ്ടുള്ള ആഹാരം ഒരുനേരം ഒഴിവാക്കും. വലിയൊരുവിഭാഗം വിശ്വാസികൾ ബലിക്ക് തലേന്ന് പഴ ങ്ങൾ മാത്രം കഴിക്കുന്നതായി കണ്ടുവരുന്നു. ബലികർ മ്മത്തിനെത്തുന്നവർ തീർത്ഥത്തിൽ കുളിച്ച് ഈറനുടുത്ത് നിലത്തു മുട്ടുകുത്തിയിരുന്ന് പുരോഹിതൻ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ ഉരുവിടുകയും കർമ്മങ്ങൾ ചെയ്യുകയുമാണ് കാണുന്നത്. ബലികഴിഞ്ഞ് ബലിവസ്തുക്കൾ തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ച് മരിച്ചുപോയവരെ സ്മരിച്ചു കൊണ്ട് ബലിക്കോപ്പ് ജലത്തിലേയ്ക്ക് പിന്നിലോട്ട് വലിച്ചെറിയും. മരിച്ചവർക്കുവേണ്ടിയുള്ള കർമ്മമായതിനാലാണ് ബലിദ്രവ്യങ്ങൾ പിന്നിലേയ്ക്ക് എറിയുന്നത്. അതുകഴിഞ്ഞ് ആ ജലത്തിൽ തന്നെ മുങ്ങിനിവരും. ബലിയിടുന്നതിന് മുമ്പും ബലികഴിഞ്ഞും ബലിയിടുന്ന വ്യക്തി കുളിക്കണമെന്നതാണ് ചടങ്ങ്. കർമ്മങ്ങളെല്ലാം കഴിഞ്ഞശേഷമായിരിക്കും വിശ്വാസി എന്തെങ്കിലും ആഹരിക്കുക.

ബലിയിടുന്ന കാര്യത്തിൽ ബ്രാഹ്മണർക്ക് മറ്റ് ഹിന്ദുക്കളിൽ നിന്നും വ്യത്യസ്ഥമായ ചില ആചാരങ്ങളുള്ളതായി കാണുന്നു. വിവാഹിതനായ പുത്രൻ ഭാര്യാസമേതനായി ബലിയിട്ടാലേ ഫലമുള്ളൂ എന്നൊരു വിശ്വാസമുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുക്കൾ ഇഹലോകവാസം വെടിഞ്ഞവർക്കായി ബലിയിടാറുണ്ട്. ഗംഗ, യമുന നദികളിൽ നടത്തിവരുന്ന ബലിക്ക് അവർ അർഘ്യം എന്നാണ് പറയുന്നത്.

ബലി മുടങ്ങുന്നത് ദോഷമാണെന്ന് വിശ്വാസികൾ കരുതുന്നു. വളരെക്കാലമായി ഈ കർമ്മം നടത്താതിരുന്നാൽ വളരെ വലിയ കെടുതികൾ അനുഭവിക്കേണ്ടിവരുമെന്നാണ് വിശ്വാസം. മാത്രമല്ല ആത്മാക്കളുടെ ശാപം ഏൽക്കേണ്ടി വരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിധം ശാപം ഏൽക്കുന്നപക്ഷം കാശിയിലോ രാമേശ്വരത്തോ ചെന്ന് മൂന്നുദിവസം താമസിച്ച് ബലികർമ്മം നടത്തിയാലേ ശാപമോക്ഷം ലഭിക്കൂ എന്നും വിശ്വസിക്കുന്നു. തിരുനെല്ലി ക്ഷേത്രത്തിൽ പോയി ബലിയിട്ടാൽ തുടർന്ന് ബലിയിട്ടില്ലെങ്കിലും ശാപമുണ്ടാകില്ല എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

ബലിയിട്ടശേഷം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ കഴിക്കുന്ന പതിവുമുണ്ട്. തീർത്ഥക്കരയിൽ ബലിയിടുന്നതിനുപകരം വീട്ടിൽ ബലിയിടുന്നവരും ധാരാളമുണ്ട്. ബലിയിട്ടശേഷം ബലിച്ചോറ് കാക്കയ്ക്ക് കൊടുക്കുന്നു. കാക്ക അത് ഭക്ഷിച്ചാൽ പിതൃക്കൾ അസ്വീകരിച്ചു എന്നാണ് വിശ്വാസം.

ബലികഴിഞ്ഞ് കഴിക്കാൻ ഒരുക്കുന്ന സദ്യ ഒരു തൂശനി ലയിൽ വിളമ്പി മുറിക്കുള്ളിൽ വച്ച് അൽപ്പസമയം കതകടച്ചിടുന്ന പതിവുമുണ്ട്. പിതൃക്കൾക്ക് സദ്യ നൽകുന്നതായാണ് സങ്കൽപ്പം. മുറിയിലെ ഇലയിൽ വിളമ്പിയ സദ്യ പിന്നീട് കഴിച്ചാൽ അതിന് രുചി വ്യത്യാസമുണ്ടായിരിക്കും എന്നും പറയപ്പെടുന്നു. പിതൃക്കൾ ഭക്ഷിച്ചു എന്നാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും വിശ്വസിക്കുന്നു.



Read More in Organisation

Comments