Friday, April 18, 2025 Thiruvananthapuram

കുടുംബ ബന്ധങ്ങളിലെ ദൃഢതയായിരിക്കും ഭാവിതലമുറയുടെ വീക്ഷണങ്ങളെ സ്വാധീനിക്കുക: ബി.എസ്. ശ്രീലക്ഷ്മി

banner

1 year, 1 month Ago | 714 Views

തന്റെ മാതാവ് ഷീല ടീച്ചർ ഇന്നു ജീവിച്ചിരുന്നുവെങ്കിൽ ബി.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ ഏറെ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുമായിരുന്നുവെന്ന്‌ ടീച്ചറുടെ പുത്രിയും സ്‌മാർട്ട് ഇൻഡ്യാ സൊല്യൂഷൻസ്   മാനേജിംഗ് ഡയറക്‌ടറുമായ ബി.എസ്. ശ്രീലക്ഷ്‌മി പ്രസ്താവിച്ചു.

ടീച്ചറുടെ അഭിലാഷ സഫലീകരണത്തിനുള്ള പാതയിലൂടെയാണ് ബി.എസ്.എസ് സഞ്ചരിക്കുന്നത്. സ്ത്രീ ശാക്‌തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതടക്കം ദീർഘവീക്ഷണത്തോടെയുള്ള വിവിധ പരിപാടികൾ ഭാരത് സേവക് സമാജ് ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഷീല ടീച്ചർ ജീവിച്ചിരുന്നുവെങ്കിൽ ഇതിൽ ഏറെഅഭിമാനിക്കുമായിരുന്നു. ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. പൊതുവായി വിലയിരുത്തിയാൽ സ്ത്രീകൾക്ക് ഇപ്പോഴും സുഭദ്രമായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലായെന്നുവേണം കാണാനെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് അജ്‌ഞാത മാംവിധമുള്ള വിള്ളലുകൾ ഇപ്പോഴും നിലനില്ക്കുകയാണെന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെടുകയുണ്ടായി. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കു മാത്രമേ ഈ വിള്ളലുകൾ നികത്താനാവു.

ഷീല ടീച്ചറുടെ സ്മ‌രണാർത്ഥം രൂപീകരിക്കപ്പെട്ടിട്ടുള്ള ജോബ് ഡേ ഫൗണ്ടേഷന്റെ പതിനാലാം വാർഷിക സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. മകൾ ബി.എസ്. ശ്രീലക്ഷ്മി.

അമ്മയുടെ കാലടിപ്പാടുകൾ പിൻതുടർന്നാണ് തന്റെ ജീവിതസഞ്ചാരമെന്നും അമ്മ ഓർമ്മയായി പതിനാലുവർഷത്തിനുള്ളിൽ ഒരുദിവസം പോലും അമ്മയുടെ അദൃശ്യ സാന്നിദ്ധ്യം അനുഭവിക്കാതിരുന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഷീലടീച്ചറുടെ മാതൃകാപരമായ ജീവിതശൈലിയെക്കുറിച്ചുള്ള ഓർമ്മകളെ നേർത്ത ദുഃഖഛവി പുരണ്ട സ്വരത്തിൽ ശ്രീലക്ഷ്മി വേദിയിലേക്ക് ആനയിക്കുകയുമുണ്ടായി.

തങ്ങൾക്കുമുന്നിലെത്തുന്ന ഓരോ അവസരങ്ങളും യുക്ത‌മാംവിധം ഉപയോഗിക്കേണ്ടതാണെന്ന കാര്യത്തിലും തങ്ങൾ ഇടപെടുന്ന ഓരോ വ്യക്തിക്കും അവരർഹിക്കു ന്ന മാന്യത കല്പിച്ചുനൽകേണ്ടതാണെന്ന കാര്യത്തിലും ഷീല ടീച്ചർ നിർബന്ധബുദ്ധി സൂക്ഷിച്ചിരുന്ന കാര്യം ശ്രീലക്ഷ്‌മി അനുസ്മരിച്ചു. അവസരങ്ങൾ യഥാവിധി പ്രയോജനപ്പെടുത്താത്തപക്ഷം അത് നഷ്ടങ്ങൾക്കു വഴിയൊരുക്കുമെന്നും ടീച്ചർ വിശ്വസിച്ചിരുന്നു. അതായത് റെഡ്‌കാർ തിയറി'യിൽ വിശ്വസിച്ചിരുന്നു എന്നർത്ഥം. യാത്രചെയ്യവേ നാം എത്ര ചുവന്ന കാറുകളെ കടന്നുവന്നു എന്നാരാഞ്ഞാൽ അതിനു മറുപടിയുണ്ടായെന്നുവരില്ല. എന്നാൽ കടന്നുപോകുന്ന ഓരോ ചുവന്ന കാറിനും നിശ്ചിത തുക ലഭിക്കുമെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നിലയിലുള്ള പ്രയോജനം ലഭിക്കുമെന്നോ വന്നാൽ കടന്നുപോകുന്ന ചുവന്ന കാറുകൾ എത്രയെന്ന് നാം കൃത്യമായി കണക്കെടുത്തുവയ്ക്കും. ഇതിനെയാണ് റെഡ് കാർ 'തിയറി' എന്നു പറയുന്നത്. അമ്മയുടെ പ്രവർത്തനങ്ങളിൽ അത് സുവ്യക്തമായിരുന്നു. ഗ്രാമപ്രദേശത്തുനിന്നും നഗരത്തിലേക്കു പറിച്ചുനടപ്പെട്ടപ്പോൾ നഗരത്തിന്റെ പുതുമകളിൽ മനമർപ്പിച്ച് വെറുതേയിരിക്കുവാനല്ല ടീച്ചർ ആഗ്രഹിച്ചത്. മറിച്ച് നവ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിച്ചു കൊണ്ട് പുതിയ സാദ്ധ്യതകൾ കണ്ടെത്തുവാനും മനസ്സിലാക്കുവാനും തദനുസൃതമായി പ്രവർത്തിക്കുവാനും ഉത്സാഹം കാട്ടുകയാണുണ്ടായത്. 

താനും അമ്മയും തമ്മിൽ ശക്തമായ ഒരു മാനസി‌ക ഐക്യം നിലവിലുണ്ടായിരുന്നുവെന്ന് ശ്രീലക്ഷ്മി ഓർമ്മിച്ചു. ഇന്ന് പല കുടുംബങ്ങളിലും അതുണ്ടാവാറില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത്രകണ്ട് സൗന്ദര്യവത്തുമായിരിക്കില്ല. അവിടങ്ങളിൽ പരസ്‌പര കുറ്റപ്പെടുത്തലുകളും അടിച്ചേൽപ്പിക്കലുമെല്ലാം സാധാരണ സംഭവങ്ങളായി കാണുന്നു. ഇത് കുട്ടികളേയും ബാധിക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അവരുടെ സ്വഭാവരീതിയിലും സമീപനത്തിലും പ്രകടനത്തിലുമെല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നത് നിസ്തർക്കം. അതേപോലെതന്നെ അനാവശ്യവും  ആശാസ്യമല്ലാത്തതുമായ താരതമ്യങ്ങൾ നടത്തുന്നതും കുട്ടികളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തിയേതീരൂ. ബന്ധങ്ങളിലെ ദൃഢതയായിരിക്കും ഭാവി തലമുറയുടെ വീക്ഷണങ്ങളെ സ്വാധീനിക്കുകയെന്ന് ബി.എസ്. ശ്രീലക്ഷ്മി ഓർമ്മിപ്പിച്ചു. ഇന്നു നാം പൊതുവേ കാണുന്നത് ബന്ധങ്ങളിൽ അനഭിലഷണിയ പ്രവണതകൾ നിലനില്ക്കുന്നുണ്ട്. തീർത്തും അനാരോഗ്യകരമായ ഈ സ്‌ഥിതിക്ക് മാറ്റം വരണം. അക്കാര്യത്തിൽ മുതിർന്നവർ പ്രത്യേകം ശ്രദ്ധിച്ചേ തീരൂ. കുടുംബങ്ങളിലെ ദൃഢത ഊട്ടിയുറപ്പിക്കുന്നതിലൂടെ മാത്രമേ ഇതു സാധിക്കൂ എന്ന വസ്തുത വിസ്മരിക്കപ്പെടരുത്. കുട്ടികൾ വീട്ടിൽ നിന്നും അകന്ന് ഏതു നാട്ടിൽ പോയാലും അവർക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്ന തോന്നലുണ്ടാവണമെങ്കിൽ കൂടുംബബന്ധങ്ങൾ ദൃഢവും ഊഷ്‌മളവുമായിരിക്കണം. അതോടൊപ്പം തന്നെ തങ്ങൾ അർഹിക്കുന്ന സ്‌ഥാനം മുതിർന്നവർ തങ്ങൾക്കു നൽകുന്നതായുള്ള വിശ്വാസവും സംജാതമാവണം. കുട്ടികൾ വീട്ടിൽ നിന്നുതന്നെ ലിംഗസമത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും അതിനനുകൂലമായ സാഹചര്യമാണ് അച്ഛനമ്മമാർ സൃഷ്ടിക്കേണ്ടതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

കുടുംബാന്തരീക്ഷത്തിലെ അനഭിലഷണീയ പരിതസ്‌ഥിതികളാണ് തങ്ങളെ നാട്ടിൽ നിന്നും അകറ്റി നിറുത്താൻ പ്രേരിപ്പിച്ച് ഘടകങ്ങളിൽ പ്രധാനപ്പെട്ടതെന്നാണ് അവരിൽ പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രസ്തുത അന്തരീക്ഷത്തിനു മാറ്റം വന്നാൽ സ്‌ഥിതി മറിച്ചാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ നമ്മുടെ സമൂഹവും ഇക്കാര്യത്തിൽ സഹകരണാത്‌മക നിലപാടാണോ സ്വീകരിക്കുന്നതെന്നതും പരിശോധിക്കേണ്ടതായുണ്ട്. ലോകരാജ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രാധാന്യമുള്ള രാജ്യമാണ് ഇൻഡ്യ. ഇൻഡ്യയിലെ നാല്പത്തിഎട്ടു ശതമാനത്തോളം വരുന്ന വനിതകളിൽ 38 ശതമാനവും വീട്ടമ്മമാരാണ്. അതായത് ശമ്പളമില്ലാത്ത ജോലിക്കാർ മുപ്പത്തിഎട്ടുശതമാനം എന്നർത്ഥം. അലപം നർമ്മരസം കലർത്തി ശ്രീലക്ഷ്മി പറഞ്ഞു. ഈ വീട്ടമ്മമാരിൽ ഏറിയ പങ്കും ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ ആണെന്നും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. വിവാഹം കഴിഞ്ഞശേഷം യോഗ്യതയ്ക്കനുസൃതമായ ജോലി സ്വീകരിക്കാൻ അനുവദിക്കാമെന്ന് സമ്മതിച്ചവർ തന്നെ വിവാഹാനന്തരം ചുവടുമാറ്റുന്നു. അങ്ങിനെ വരുമ്പോൾ അത്തരം ഭാര്യമാരിൽ കടുത്ത നിരാശാബോധം ഉടലെടുക്കും. അനുകൂല സാഹചര്യങ്ങളുടെ പിൻതുണയിൽ അതു വളർന്നുവലുതായി വിവാഹമോചനത്തിൽ വരെ എത്തിച്ചേർന്ന സംഭവങ്ങളും ഏറെയുണ്ട്. ജീവിത പങ്കാളിക്ക് അർഹിക്കുന്ന ബഹുമാനമോ സ്വാതന്ത്ര്യമോ നൽകാതെ സ്വന്തം ഇഷ്ട‌മനുസരിച്ചുമാത്രം കാര്യങ്ങൾ നടക്കണമെന്നു വാശിപിടിക്കുന്ന ഭർത്താക്കന്മാരെയും ഇന്ന് ധാരാളമായി കാണാൻ കഴിയും. താൻ അദ്ധ്വാനിച്ച് പണം കൊണ്ടുവന്ന് വീട്ടുകാര്യങ്ങൾ നടത്തുന്നു എന്നതുകൊണ്ട് തന്റെ ഇഷ്ടമനുസരിച്ചു തന്നെ കാര്യങ്ങൾ നടക്കണം എന്നാണവർ വാദിക്കുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽപോലും ഉപയോഗിക്കാൻ സ്വന്തം കയ്യിൽ പണമില്ലാതെ വിഷമിക്കുന്ന അനേകം ഭാര്യമാർ ഇന്നുണ്ട്. അവർക്ക് ഏത് ആവശ്യത്തിനും ഭർത്താക്കന്മാരുടെ മുമ്പിൽ കൈ നീട്ടേണ്ടിവരുന്നു. ഇവിടെയാണ് സാമ്പത്തിക സ്വാതന്ത്യ്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും കണക്കിലെടുക്കേണ്ടത്. പരമപ്രധാനമായ ഈ വസ്തു‌ത വർഷങ്ങൾക്കു മുൻപു തന്നെ ഷീല ടീച്ചർ മനസ്സിൽ കണ്ടിരുന്നു. സ്ത്രീകൾക്ക് സ്വന്തമായൊരു വരുമാനമുണ്ടാക്കിക്കൊണ്ട് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയുണ്ടാകുംവിധത്തിലുള്ള പരിപാടികൾക്കും പദ്ധതികൾക്കും ടീച്ചർ രുപം നൽകി ബി.എസ്.സിലൂടെ പ്രാവർത്തികമാക്കിയതിനു കാരണവും മറ്റൊന്നല്ല. ശ്രീലക്ഷമി പറഞ്ഞു.

പരസ്‌പരം സ്നേഹിക്കുവാനും ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്. അതില്ലാതാവുമ്പോൾ ബന്ധങ്ങൾ ഉലയുന്നു. വീടുകളിലെ ആഭ്യന്തര പ്രശ്ന‌ങ്ങൾ മുതൽ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലേക്കു വരെ അതു വളരുവാനിടയാക്കും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പരമമായ ശ്രദ്ധ പുലർത്തണമെന്നതായിരുന്നു ഷീലടിച്ചറുടെ കാഴ്ച്‌ചപ്പാട്. ബി.എസ്. ശ്രീലക്ഷ്മി തുടർന്നുപറഞ്ഞു.



Read More in Organisation

Comments