INS ബാസിന് പകരം ഗ്രീൻഫീൽഡ് എയർപോർട്ട്; നിക്കോബാറിൽ 13,000 കോടിയുടെ വിമാനത്താവളം വരുന്നു
3 months, 2 weeks Ago | 114 Views
ഗ്രേറ്റ് നിക്കോബാറിലെ 81,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള ഐ.എൻ.എസ്. ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരം, 13,000 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക-സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഈ സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ വിമാനത്താവളം വരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിന്റെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു. സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനത്താവളം, മേഖലയിൽ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ ശേഷിയും ശക്തമാക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന വിമാനത്താവളം നാവികസേനയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.
കാംബെൽ ബേയിലുള്ള ഐ.എൻ.എസ്. ബാസിലെ നിലവിലെ 4,500 അടി റൺവേ 10,000 അടിയായി നീട്ടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പുതിയ വിമാനത്താവളം എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. മൊത്തം 81,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുടെ പ്രധാനപ്പെട്ട നാല് ഘടകങ്ങളിൽ ഒന്നാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന് പുറമെ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ടൗൺഷിപ്പ് എന്നിവയും ഈ വികസന പാക്കേജിന്റെ ഭാഗമാണ്. തന്ത്രപ്രധാനമായ മലാക്ക കടലിടുക്ക് കപ്പൽപ്പാതയ്ക്ക് സമീപം, കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ പ്രതിരോധ അടിത്തറ ശക്തമാക്കുന്നതിൽ ഈ വിമാനത്താവളം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More in World
Related Stories
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
5 years, 3 months Ago
2024 - ൽ ആർട്ടിമിസ് 3 : ചന്ദ്രനിൽ വീണ്ടും മനുഷ്യൻ
5 years, 6 months Ago
ഒന്നിലധികം പേര്‍ക്ക് ഒന്നിച്ച് ട്വീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ട്വിറ്റര്‍
4 years, 6 months Ago
ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന് ഡാമണ് ഗാല്‍ഗട്ടിന്
4 years, 11 months Ago
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
2 years, 3 months Ago
Comments