Wednesday, Aug. 20, 2025 Thiruvananthapuram

കുതിരാനിലെ ഒരു തുരങ്കം തുറന്നു;

banner

4 years Ago | 369 Views

ഏറെ കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ കുതിരാനിലെ ഒരു തുരങ്കം ഇന്ന് തുറന്നു. ദേശീയപാത 544ല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കപാത. തുരങ്കപാത ഇന്ന് തുറക്കുമെന്ന വിവരം കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സ‌ംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയാണ് കുതിരാനിലേതെന്ന് ഗഡ്കരി ട്വീറ്റില്‍ വ്യക്തമാക്കി. 1.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരാനിലെ തുരങ്കപാത, കേരളത്തെ തമിഴ്നാടുമായും കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. പീച്ചി വന്യജീവി സങ്കേതത്തിലൂടെയാണ് കുതിരാന്‍ തുരങ്കപാത കടന്നുപോകുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. 970 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. 14 മീറ്റര്‍ വീതിയിലാണ് തുരങ്കപാത നിര്‍മ്മിച്ചിരിക്കുന്നത്. വീതിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണ് കുതിരാന്‍. പത്ത് മീറ്ററാണ് തുരങ്കത്തിനുള്ളിലെ ഉയരം. ഇന്ന് രാത്രി എട്ടു മണിയോടെയാണ് കുതിരാനിലെ ഒരു തുരങ്കപാത ഗതാഗതത്തിനായി തുറന്നത്. ഉടന്‍ തന്നെ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് അനുമതി ലഭിച്ചതോടെയാണ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് മുൻപ്‌  നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് ബുധനാഴ്ചയോടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി  അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കുതിരാന്‍ തുരങ്കപാത പൂര്‍ത്തിയായതോടെ കോയമ്പത്തൂർ  - കൊച്ചി പാതയിലെ യാത്രസമയം ഗണ്യമായി കുറയ്ക്കാനാകും. രണ്ടു തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.



Read More in Kerala

Comments