വിളിച്ചാൽ വിളികേൾക്കും, 24 മണിക്കൂറും ഇആർഎസ്എസ് സംവിധാനം

3 years, 10 months Ago | 404 Views
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (ഇആർഎസ്എസ്) കൺട്രോൾ റൂം.
എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) എന്ന സംവിധാനത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് സംസ്ഥാന പൊലീസ് ആസ്ഥാനത്താണ്. ഇവിടെയെത്തുന്ന സന്ദേശങ്ങൾ രേഖപ്പെടുത്തിയ ശേഷം വിവരം അതതു പൊലീസിനു കൈമാറുന്നതാണു രീതി. ഏതു സർവീസ് പ്രൊവൈഡറുടെ മൊബൈലിൽനിന്നും ടോൾ ഫ്രീ നമ്പരായ 112ലേക്കു വിളിക്കാം. പഴയ 100 മിക്കവരും ഇപ്പോഴും ഉപയോഗിക്കുന്നതിനാൽ തൽക്കാലം 100ൽ വിളിച്ചാലും കോൾ 112ലേക്ക് എത്തും. എന്നാൽ അധികം താമസിയാതെ ഈ സംവിധാനം മാറി 112 മാത്രമാകും.
മുൻപുണ്ടായിരുന്ന ക്രൈം സ്റ്റോപ്പർ, വനിതാ സംരക്ഷണം തുടങ്ങിയ സേവനങ്ങളും 112ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 108 ആംബുലൻസ് സർവീസും ആവശ്യമെങ്കിൽ ഇവിടെനിന്നു ക്രമീകരിക്കും. രാജ്യത്താകെ തന്നെ എമർജൻസി സർവീസ് 112 എന്ന നമ്പരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കി വരുന്നതേയുള്ളൂവെങ്കിലും കേരളം ഇക്കാര്യത്തിലും ഒന്നാംസ്ഥാനത്താണ്. തുടങ്ങിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂവെങ്കിലും ഇതിനകം തന്നെ ഒട്ടേറെ പുരസ്കാരങ്ങളും കേരളത്തിലെ ഇആർഎസ്എസ് ടീമിനു ലഭിച്ചുകഴിഞ്ഞു. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ചുമതല ഇൻസ്പെക്ടർ ബി.എസ്.സാബുവിനാണ്.
പൊലീസ് വരുന്ന വഴി ഇങ്ങനെ
ജീവൻരക്ഷാ സഹായം ആവശ്യപ്പെട്ടും അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടിയും 112ലേക്ക് വിളിക്കാം. മൊബൈലിലെയോ പൊലീസ് ആപ്പിലെയോ എസ്ഒഎസ് ബട്ടൺ അമർത്തിയും സഹായം ആവശ്യപ്പെടാം. തിരുവനന്തപുരത്ത് രേഖപ്പെടുത്തുന്ന കോൾ, നിങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഏതു ജില്ലയാണോ അവിടുത്തെ കോഓർഡിനേഷൻ സെന്ററിലേക്ക് കൈമാറും. അവിടെനിന്ന്് മൊബൈൽ ഡേറ്റാ ടെർമിനലിലേക്ക് സന്ദേശം പറക്കുകയായി.
എല്ലാ പൊലീസ് വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഈ സംവിധാനത്തിൽ വിവരം കിട്ടുന്നതോടെ സഹായം ആവശ്യപ്പെടുന്ന ആളിന്റെ അടുത്തുള്ള പൊലീസ് വാഹനം സ്ഥലത്തേക്ക് കുതിച്ചെത്തും. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഏഴു മുതൽ 15 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്തെത്തും. ഇതു 5 മിനിറ്റാക്കി കുറയ്ക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഇൻസ്പെകടർ ബി.എസ്.സാബു പറയുന്നു.
മാത്രമല്ല. വിളിക്കുന്നയാൾ അയാളുടെ ലൊക്കേഷൻ പറയാതെ തന്നെ, ലൊക്കേഷൻ തിരിച്ചറിയുന്ന സംവിധാനവും അധികം വൈകാതെ നടപ്പിലാവും. റെയിൽവേ പൊലീസിനെയും ഇപ്പോൾ 112ൽ കണക്ട് ചെയ്തിട്ടുണ്ട്. ട്രെയിനിൽ കളവോ മോശമായ പെരുമാറ്റമോ ഉണ്ടായാൽ ഇൗ സംവിധാനത്തിലൂടെ പൊലീസ് സഹായമെത്തും.
രാവും പകലും സജ്ജം
24 മണിക്കൂറും ഇആർഎസ്എസ് സംവിധാനം പ്രവർത്തനക്ഷമമാണ്. നാൽപതോളം പൊലീസ് ഉദ്യോഗസ്ഥർ വിവിധ ഷിഫ്റ്റുകളിലായി കൺട്രോൾ റൂമിൽ ഡ്യൂട്ടിക്കുണ്ടാവും. കോൾ എൻഗേജ്ഡ് ആകാതിരിക്കുന്നതിനായി നിലവിൽ 150 ലൈനുകൾ ക്രമീകരിച്ചിട്ടുണ്ട്. ലൈനുകൾ കൂട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു. പൊലീസ് സഹായം ആവശ്യപ്പെട്ട് വിളിക്കുന്നയാളുടെ നമ്പർ രേഖപ്പെടുത്തുകയും അദ്ദേഹം ആവശ്യപ്പെട്ട സഹായം ലഭിച്ചോയെന്ന് ഫീഡ്ബാക്ക് തേടുന്നതും പ്രത്യേകതയാണ്.
കോവിഡ് കാലത്ത് മരുന്ന് എത്തിക്കാനും
ലോക്ഡൗൺ കാലത്ത് തിരുവനന്തപുരത്തുള്ള ഒരാൾക്ക് കോഴിക്കോടുള്ള ബന്ധുവിന് ജീവൻരക്ഷാ മരുന്ന് എത്തിക്കണമെന്ന് കരുതുക. 112ൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞ ശേഷം മരുന്ന് പായ്ക്ക് ചെയ്ത് അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയേ വേണ്ടൂ. പൊലീസ് വാഹനങ്ങളിലൂടെ കൈമാറി രാത്രിയോടെ മരുന്ന് സുരക്ഷിതമായി കോഴിക്കോട്ടെത്തും.
Read More in Kerala
Related Stories
മാലിന്യം കൂടിയാൽ കെട്ടിടനികുതിയും കൂടും
2 years, 11 months Ago
പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം
3 years, 1 month Ago
ആലപ്പുഴ 'കിഴക്കിന്റെ വെനീസ് '
3 years, 3 months Ago
തൊപ്പിയും കോട്ടും വേണ്ട; ഇനി ബിരുദ ദാന ചടങ്ങില്‍ ഡോക്ടര്‍മാരെത്തുക കേരള വേഷത്തില്‍
3 years, 6 months Ago
ഷവര്‍മ ഉണ്ടാക്കാന്‍ മാനദണ്ഡം ലൈസന്‍സില്ലാത്ത കടകള്‍ പൂട്ടിക്കും- ആരോഗ്യമന്ത്രി
2 years, 11 months Ago
ഏപ്രിൽ 27 വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം
3 years, 11 months Ago
Comments