Saturday, April 19, 2025 Thiruvananthapuram

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

banner

3 years, 2 months Ago | 287 Views

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിളുകളും ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ജില്ലാതല അവലോകന യോഗമാണ് ഈ തീരുമാനം എടുത്തത്.

തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനുവരി 31 നകം ടീമുകള്‍ രൂപീകരിക്കും. താലൂക്ക് -ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.

പന്ത്രണ്ടിന പരിപാടി നിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാവാത്തരീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. കല്യാണ മണ്ഡപങ്ങള്‍, ഉല്‍സവ ആഘോഷ കേന്ദ്രങ്ങള്‍, പട്ടണങ്ങള്‍, മത്സ്യ - ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ സന്ദര്‍ശനം നടത്തണം.

ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചരണവും പ്രോല്‍സാഹനവും നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭാവിയില്‍ വരാനിടയുള്ള ഉല്‍സവ ആഘോഷങ്ങള്‍ ഹരിത ഉല്‍സവങ്ങളായി ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച്‌ സംഘടിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.

കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.



Read More in Kerala

Comments