Thursday, April 10, 2025 Thiruvananthapuram

ചെറായി ബീച്ച് : വിനോദ സഞ്ചാരികളുടെ പറുദീസ

banner

3 years, 4 months Ago | 379 Views

സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ബീച്ചുകളിലൊന്നാണ് 'ചെറായി'. വൃത്തിയുള്ളതും, ശാന്തവുമാണ് ചെറായിയുടെ കടൽ തീരം.  ശാന്തസുന്ദരമായ ഈ കടൽതീരത്ത് വെയിൽ കായുന്നതിനും കടലിൽ നീന്തിത്തുടിക്കുന്നതിനുമായി നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ സൂര്യാസ്തമയം കാണുന്നതിനടക്കം സഞ്ചാരികളുടെ പ്രവാഹം അവർണ്ണനീയമായിരുന്നു. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന സ്വകാര്യ സംരംഭങ്ങളും ഇവിടെ അനവധിയാണ്.

കടലോരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കേരളത്തനിമയുള്ള   റിസോർട്ടുകൾ പ്രദേശത്തിന്റെ സൗന്ദര്യം   വർദ്ധിപ്പിക്കുന്നു. കടൽ വിഭവങ്ങളും, നാടൻ  വിഭവങ്ങളും, വിളമ്പുന്ന ഭക്ഷണ ശാലകൾ, ഉല്ലാസ യാത്രയ്ക്കുള്ള  ബോട്ടുകൾ, പരിശീലന പരിപാടികൾ, കലാ രൂപങ്ങളോട് കിടപിടിക്കാൻ പോന്ന ആകർഷണീയത എന്നിവയുമുണ്ട് ചെറായിക്ക്.    

വിദേശികളെ അതിഥികളായി കണ്ടു ആദരിക്കുന്ന ജനങ്ങള്, വൃത്തിയും സുരക്ഷിതത്വവും ചെറായിയുടെ പേര് വിദേശ രാജ്യങ്ങളിലടക്കം പ്രശസ്തമാക്കാൻ കാരണമായി. കുടുംബശ്രീകളുടെ നേതൃത്വത്തിൽ  ബീച്ച് ശുദ്ധിയാക്കുന്നതിനായി  വനിതകൾ നടത്തുന്ന പരിശ്രമവും ശ്രദ്ധേയമാണ്.  നാട്ടുകാരായ സഞ്ചാരികൾക്ക് പോലും കായൽപ്പരപ്പിലൂടെയുള്ള സുരക്ഷിതമായ പെഡൽ ബോട്ടുയാത്ര ഹരം പകരുന്നതാണ് . പള്ളിപ്പുറം പഞ്ചായത്ത് മുൻകൈയെടുത്ത്  ജനകീയ സമിതികൾ രൂപീകരിച്ച് 2002  മുതൽ ഇവിടെ  ചെറായി ബീച്ച്  ഫെസ്റ്റിവൽ സംഘടിപ്പിച്ചു വരുന്നു.

ഡിസംബർ അവസാന വാരത്തിൽ നടക്കുന്ന ഇത് അഞ്ചു ദിവസം നീണ്ടുനിൽക്കും.  ടൂറിസം മേള നാടിനെയാകെ ഉത്സവ ലഹരിയിലാക്കും. ഡി.ടി.പി സി യും ചെറായി വാട്ടർ സ്പോർട്സും ചേർന്ന് വിദേശികൾക്ക്  പ്രിയങ്കരമായ കയാക്കിങ്, ബീച്ച് ബൈക്ക് ജെറ്റ്സി  വാട്ടർ സ്കൂട്ടർ തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള പരിശീലനം  ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി  രാജ്യാന്തര നിലവാരം പുലർത്തുന്ന കറ്റമരൻ  വിഭാഗങ്ങളായ  നാക്ര എഫ്  20  നാത്രാ 570 എന്നീ പായ്കപ്പലുകളും  ഉദ്ഘടാനം ചെയ്യപ്പെട്ടിരുന്നു .

ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ ചെറായിക്ക്  സാധി ച്ചെങ്കിലും  മുരടിച്ചു നിൽക്കുന്ന കാഴ്ച കൂടി സമീപകാലത്ത് നമുക്ക് ഇവിടെ കാണാൻ കഴിയും. പരന്നു കിടന്ന മണൽത്തിട്ടകളിൽ അധികവും കടൽ കവർന്ന്  ടൈൽ വിരിച്ച നടപ്പാതകൾ  തകർന്നു.  വിനോദ സഞ്ചാരികളുടെ പ്രവാഹം ഉണ്ടായിരുന്ന സമയത്താണിതെല്ലാം സംഭവിച്ചതെങ്കിലും അതൊന്നും ഒഴുക്കിനെ ബാധിച്ചതേയില്ല. മുതൽ മുടക്കിയാൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പു നൽകുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു ചെറായി.   

വൻകിട സ്വകാര്യ സംരംഭകർ പലരും ഇവിടെ  കാലുറപ്പിച്ചത് അതിനുള്ള തെളിവുകൂടിയാണ്. ചെറായിയെ  രാജ്യത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജില്ലാ  ഭരണകൂടം കൂടി മുൻകൈയെടുത്ത്  ഇത്തരം പദ്ധതികൾക്ക് തുടക്കം കുറിച്ചത് . ലൈഫ് ഗാർഡുകളുടെ സേവനവും ഭിന്നശേഷിക്കാർക്ക്  കൂടി ഉപയോഗപ്പെടാനാകുന്ന  വാക്ക് വേകളും വീൽചെയറുകളും വാഹന പാർക്കിംഗ് സൗകര്യവുമൊക്കെ സഞ്ചാരികൾക്കായി ഡി. റ്റി.പി .സി  വാഗ്ദാനം ചെയ്തിരിക്കുന്നു.



Read More in Organisation

Comments