Wednesday, April 16, 2025 Thiruvananthapuram

വിപ്ലവ കവിത്രയം

banner

3 years, 10 months Ago | 4255 Views

സ്വാതന്ത്ര്യസമരത്തിന്റെ അഗ്നി മദ്ധ്യാഹ്നങ്ങളിലൂടെ നടന്നു കയറുകയായിരുന്ന നാടിനു രാജ്യസ്നേഹത്തിന്റെയും ഉൾക്കരുത്തിന്റെയും സർവോപരി ആവേശത്തിന്റെയും ഊർജ്ജം പകർന്നു നൽകിയ സ്നേഹ-സാഹസിക-ധീരകവികൾ  ഇവിടെ ഏറെയുണ്ട്! പദങ്ങൾ പടവാളാക്കിക്കൊണ്ട് ശത്രുക്കളെ അരിഞ്ഞു വീഴ്ത്തിയ അവർ സമരഭടന്മാരിൽ കോരി നിറച്ച രാജ്യസ്നേഹവും ആവേശവും അളവറ്റതാണ്. ജനമനസ്സുകളിൽ അവർ പടർത്തിയ വിപ്ലവ വീര്യവും കുറച്ചൊന്നുമായിരുന്നില്ല! ആ തൂലികകളിൽ നിന്നൂർന്നുവീണ അക്ഷരനക്ഷത്രങ്ങൾക്ക് ചന്ദന ശീതള ആസ്വാദ്യത മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച് ആവേശത്തിന്റെ അഗ്നിജ്വാലകളും കരുത്തിന്റെ കിരണീബലവുമുണ്ടായിരുന്നു. 

മഹാരഥന്മാരായ കവികളുടെയും കഥാകാരന്മാരുടെയും രചനകൾ ജനമനസ്സുകളെ ജ്വലിപ്പിക്കുന്നതിനൊപ്പം സ്വാതന്ത്ര്യ പോരാട്ടത്തിൽ അണിചേരുവാൻ പ്രേരിപ്പിക്കുകയും, അതാവണം പരമമായ ലക്ഷ്യമെന്ന ഉൾക്കാഴ്ച്ച ഹൃദയത്തിൽ ദ്യോതിപ്പിക്കുകയും ചെയ്തു! 

ഇതേക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ആരുടെയും സ്മൃതിപഥത്തിലെത്തുന്നത് 'കവിത്ര'യങ്ങളെക്കുറിച്ചായിരിക്കും. മലയാള സാഹിത്യ ചരിത്രം ചികഞ്ഞാൽ രണ്ട് കാലഘട്ടങ്ങളിലായി രണ്ടു കവിത്രയങ്ങൾ ഉണ്ടായിട്ടുണ്ടെന്നു കാണാം !

പുരാതന കവിത്രയവും ആധുനിക കവിത്രയവും ...! തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി നമ്പൂതിരി എന്നിവരാണ് പുരാതന കവിത്രയങ്ങളെങ്കിൽ കുമാരനാശാൻ, ഉള്ളൂർ എസ്.പരമേശ്വരഅയ്യർ, വള്ളത്തോൾ നാരായണ മേനോൻ എന്നിവരാണ് ആധുനിക കവിത്രയങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അസ്തമന പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ഉദയപാദത്തിലുമായിരുന്നു ആധുനിക കവിത്രയങ്ങൾ തങ്ങളുടെ രചനകളിലൂടെ ജനതയെ സരള ഹൃദയരും ഒപ്പം ആവേശഭരിതരുമാക്കിയത്.

കുമാരനാശാൻ

സ്വാതന്ത്ര്യത്തേക്കാളുപരിയായി മറ്റൊന്നുമില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കവിയാണ് കുമാരനാശാൻ. വാല്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും ഓജസ്കരമായ ക്ളാസിസത്തിന്റെ പിന്തുടർച്ചാവകാശിയാണ് അദ്ദേഹമെന്നതിൽ തെറ്റില്ലയെന്നതുപോലെ തന്നെമലയാള കവിതയിൽ കാൽപനികപ്രസ്ഥാനത്തിന് നാന്ദികുറിച്ച കവി കൂടിയാണദ്ദേഹം !

'സ്വാതന്ത്ര്യം തന്നെ അമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം 

പാരതന്ത്ര്യം മനികൾക്ക് 

മൃത്യുവിനേക്കാൾ ഭയാനകം ......' എന്നെഴുതിയ കുമാരനാശാന്റെ മനസ്സ് അന്തക്കരണ - സാമൂഹ്യ സ്വാതന്ത്ര്യങ്ങൾക്ക് എത്രമാത്രം വില കല്പിച്ചിരുന്നുവെന്ന് വ്യക്തം. സ്വാതന്ത്ര്യത്തിന് അന്തക്കരണ സ്വാതന്ത്ര്യമെന്ന മൗലികാംശവും സാമൂഹ്യ സ്വാതന്ത്യമെന്ന ബാഹ്യംശവുമുണ്ടല്ലോ!

സ്നേഹം,സ്വാതന്ത്ര്യം, സത്യം, പരിണാമ ബോധം, സമദർശനം എന്നിവയിലൂന്നി നിന്നുള്ളതായിരുന്നു കുമാരനാശാന്റെ ജീവിത ദർശനത്തിലെ അടിസ്ഥാന മൂല്യങ്ങൾ 'ചണ്ഡാലഭിഷുകി'യിൽ അദ്ദേഹമെഴുതി:

'സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം 

സ്നേഹത്തിൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ സ്വച്ഛ 

സ്നേഹം താനാനന്ദമാർക്കും. 

സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതിതന്നെ മരണം ...........'

ഈ വരികൾ ആ സ്നേഹ ഗായകന്റെ മനസ്സ് കാണാനുള്ള വഴി തുറക്കുന്നു.

എസ്.എൻ.ഡി .പി. യോഗത്തിന്റെ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ചെയ്ത പ്രസംഗത്തിലെ ചില വരികളും ഈ സന്ദർഭത്തിൽ എടുത്തു കാട്ടേണ്ടതുണ്ട്. 'സ്നേഹത്തിന്റെ അനിർവചനീയമായ ശക്തികൾ ലോകത്തിൽ പാരസ്പരീകമായി പ്രവർത്തിക്കുകയാകുന്നു. സനിശ്ചയമായും അധ്യക്ഷനായി എന്നെ ക്ഷണിപ്പാൻ നിങ്ങളുടെ മഹാമനസ്കതയെ ഉത്തേജിപ്പിച്ചത് അതുതന്നെയായിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. സ്നേഹത്തിന്റെ ഒരു ശക്തി അസമ വസ്തുക്കളെ സമീകരിക്കുന്നതു പോലെ അതിന്റെ വേറൊരു ജാലവിദ്യ ചെറിയ സാധനങ്ങളെ ഊതിപ്പെരുക്കി നാം അറിയാതെ തന്നെ നമ്മുടെ ദൃഷ്ടിക്ക് വലുതാക്കി കാട്ടുകയും ചെയ്യുന്നു. നമ്മുടെ കുടുംബ ജീവിതം തന്നെ ഇതിനു ദൃഷ്ടാന്തമാണ്. അടുക്കളയിലും മുറ്റത്തും പിച്ച നടന്ന് കൊഞ്ചിക്കളിക്കുന്ന കിടാവ് വീട്ടിലെ സർവ്വാധികാരമുള്ള യജമാനനോ യജമാനത്തിയോ ആയിരിക്കുന്നു. പ്രിയ ജനങ്ങൾ നൽകുന്ന പനിനീർപ്പൂവ് തുല്യ പരിണാമമായ പത്മരാഗത്തെക്കാൾ വിലപിടിച്ചതായി തോന്നുന്നു! സ്നിഗ്ധ ജനങ്ങൾ ഉച്ചരിക്കുന്ന ഇതര സാധാരണമായ വാക്കുകൾ തന്നെ നമ്മുടെ ചെവിയിൽ വീണാഗാനമായും അമൃതനിഷ്യന്ദമായും മാറുന്നു. നാം ഇതിൽ എല്ലാം കാണുന്നത് സ്നേഹത്തിന്റെ പ്രഭാവമാക്കുന്നു. വാസ്തവത്തിൽ സ്നേഹം തന്നെ ലോകത്തെ ഭരിക്കുകയും മറ്റ് ശക്തികളുടെ ഭരണത്തെക്കാൾ സ്നേഹത്തിന്റെ ഭരണത്തിന് കീഴ്വഴങ്ങാൻ ജനങ്ങൾ എവിടെയും സന്നദ്ധരായിരിക്കുകയും ചെയ്യുന്നു...." ആശാൻ സ്നേഹമതാനുവർത്തിയായിരുന്നുവെന്നു കാണാൻ ഈ വരികളിലധികമെന്തിന് ...?

സത്യത്തിൽ നിന്നുള്ള വ്യതിചലനം മൂലം താളപ്പിഴയും അതുമൂലം ദുഃഖവും സംജാതമാവുന്നുവെന്ന കാഴ്ചപ്പാടിലൂന്നി നിന്നായിരുന്നു കവിയുടെ സഞ്ചലനങ്ങൾ. അനാദികാലം മുതലേ എല്ലാ ജീവിതാന്വേഷികളും അന്വേഷിച്ചു പോന്നിട്ടുള്ളത് ഇത് തന്നെയാണ്.  സചേതനവും അചേതനവുമായ എല്ലാറ്റിന്റെയും ബാഹ്യത്തിലൂടെ ആന്തരത്തിലേയ്ക്ക് നോക്കി അവയുടെ സത്യം അന്വേഷിക്കുക എന്നത് ആശാന്റെ ഉള്ളിലെ കലയുടെ ലക്ഷ്യമായിരുന്നുവെന്ന് കാണാം. " ദുരവസ്ഥയിൽ ; തനിക്ക് തന്ന തുണ്ടു പായയിലേയ്ക്ക് ആ ഇരുണ്ട രാത്രിയിൽ സാവിത്രി ചാത്തനെക്കൂടി ക്ഷണിക്കുന്നുണ്ട്.

"ഈയക്കോൽ പോലെ തണുത്ത വിരലേലും 

പ്രേയാന്റെ കൈയേന്തിപ്പേവലാംഗി 

തീയ്യെവലംവെച്ചവനെ നയിച്ചുതൻ 

പായിൽ ശയിപ്പിച്ചു താൻശയിച്ചാൾ .....

തുടർന്ന് കവി പുറത്തേയ്ക്കു വന്ന് പ്രകൃതിയെ വർണ്ണിക്കുകയാണ് ഈശ്വര ചിന്ത കൂടി അതിൽ ഉൾച്ചേർക്കുന്നുമുണ്ട്! പ്രതിഭാസങ്ങൾക്കതീതമായി നിന്നുകൊണ്ടുള്ള ഈ വീക്ഷണം സാവിത്രീ-ചാത്തന്മാരുടെ സമാഗമത്തിന് ഗാംഭീര്യവും  ഒപ്പം സത്യത്തിന്റെ മുഖവും നൽകുന്നു.

തികഞ്ഞ പരിണാമബോധമാണ് ആശാൻ സൂക്ഷിച്ചിരുന്നത്. ആനന്ദനെന്ന ഭിക്ഷുവിനെ ചണ്ഡാല കന്യക സ്നേഹിക്കുന്നു. ആനന്ദന്റെ തിരോധാനത്തിൽ അത്യന്തം ഖിന്നയായ അവൾ ആനന്ദന്റെ കാല്പാടുകളെ ചുംബിച്ച് ചുംബിച്ച് അയാളെ തിരഞ്ഞു നടക്കുന്നു. ഒടുവിൽ ചണ്ഡാലി എത്തിച്ചേരുന്നത് ബുദ്ധവിഹാരത്തിലാണ്. അനുരാഗിയായി ചെന്ന അവൾ അവിടെ ഭിക്ഷുകിയായി പരിണമിക്കുകയാണ്.

ബ്രാഹ്മണർ ചണ്ഡാലികക്കെതിരെ കോപാക്രാന്തരാകുമ്പോൾ ശ്രീബുദ്ധൻ ആ ജാതി കോമരങ്ങളെ വല്ലാതെ ഭർത്സിക്കുന്നുണ്ട്. ഇവിടെയാണ് കവിയിലെ പരിഷ്കർത്താവ് വീര്യവാനായി ഉണർന്നെണീക്കുന്നത്!

'ദുരവസ്ഥ'യിൽ മുറ്റത്തു കണ്ട വെൺപ്രാവുകളോട് സാവിത്രി അസൂയപ്പെടുന്നത് അവ അനുഭവിക്കുന്നസ്വാതന്ത്ര്യത്തെ ഓർത്താണ്. അതേപോലെ തന്നെ സാവിത്രി ചാത്തനെ വരിക്കുവാൻ തീരുമാനിക്കുമ്പോൾ കവി അവളെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്.

കവിജന്മം നൽകിയ ഓരോ കഥാപാത്രവും പരിണാമ ചക്രത്തിന്റെ ആരക്കാലുകൾ തന്നെയാണ്. വാസവദത്ത, മാതംഗി, സാവിത്രി, ദീർഘബാഹു തുടങ്ങിയവരിലെല്ലാം നമുക്ക് വീക്ഷിക്കാനുമാവും.

1099 മകരം 3 ന് മരണം 'റഡീമർ' എന്ന ബോട്ടിന്റെ വേഷത്തിലെത്തി മഹാകവിയെ കവർന്നു കൊണ്ടു പോവുകയായിരുന്നു; 'ദുരവസ്ഥ'യിൽ  താൻ തന്നെ കുറിച്ചിട്ട വരികൾ പോലെ 

അന്തമില്ലാത്തുള്ളൊരാഴത്തിലേക്കിതാ 

ഹന്ത താഴുന്നു താഴുന്നു കഷ്ടം!

പിന്തുണയും പിടിയും കാണാതുൾഭയം  

ചിന്തി, ദുസ്വപ്നത്തിലെന്നപോലെ

പൊന്തനുഴറുന്നു,കാലനിൽക്കുന്നില്ലെന്റെ 

ചിന്തേ, ചിറകുകൾ നൽകണേ നീ!

ഉള്ളൂർ 

കാവ്യഭംഗി കവിഞ്ഞൊഴുകുന്ന കവിതകൾ കൊണ്ട് മലയാളഭാഷയെ വാരിപ്പുണർന്ന കവിയാണ് ഉള്ളൂർ എസ് പരമേശ്വര അയ്യർ.

"കാക്കേ കാക്കേ ....കൂടെവിടെ 

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ 

കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ 

കുഞ്ഞു കിടന്നു കരഞ്ഞീടും....."

ഈ വരികൾ മൂളാവാത്തവരായി മലയാളികളിൽ ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഉള്ളൂരിന്റെ "കാക്കേ കാക്കേ ....." എന്ന കവിതയിലെ ഈ വരികൾ ദശാബ്ദങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ തിളങ്ങി നിൽക്കുന്നു! ഇനിയുമതങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും!

ഭാരതത്തിന്റെ പുരാണേതിഹാസങ്ങളുടെ ഭാവസ്പന്ദനമുള്ള കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മൂല്യങ്ങളുടെ സംസ്ഥാപനത്തിലും പ്രചാരണത്തിലുമാണ് കവിയുടെ മനസ്സ് വ്യാപാരിച്ചിരുന്നതെന്നു വ്യക്തം. സാഹിത്യത്തിൻറെ സ്വാധീനശക്തിയെ മനുഷ്യോന്മുഖമാക്കാൻ ഉള്ളൂരിനായി. ജാതിയുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ടുകിടന്നവരുടെ പക്ഷത്തുനിന്ന് കൊണ്ടും അവർക്ക് സർവ്വ പിന്തുണയുമേകിക്കൊണ്ടും അവരെ അകറ്റി നിർത്തുന്നവർക്ക് ശക്തമായ താക്കീതും ഉപദേശവും നല്കിക്കൊണ്ടുമുള്ളവയിരുയാരുന്നു ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ സൃഷ്ടികളിലേറെയും. പുരാണേതിഹാസങ്ങളിൽ നിന്നും ചരിത്രത്തിലേക്കും തുടർന്ന് സ്വനാട്ടിലേയ്ക്കുമുള്ള പ്രയാണമായി "ഉമാകേരളം " എന്ന സൃഷ്ടിയെ കാണാം. രാജ്യസ്നേഹം പരമാവധി പ്രകടമാക്കുന്ന രചനയാണിത്. വായനക്കാരുടെ മനസ്സിൽ ആവേശവും കർത്തവ്യബോധവും അത് കോരിനിറയ്ക്കുന്നു. 'ഇനിയൊരുജന്മമുണ്ടെങ്കിൽ അത് ഇവിടെ തന്നെയായിരിക്കണം' എന്ന 'ഉമാകേരള'ത്തിലെ കവിയുടെ പ്രാർത്ഥന ശ്രദ്ധേയമാണ്. 'ചിത്രശാല' എന്ന സൃഷ്ടിയും ഇതിൽ നിന്നും വ്യത്യസ്തമല്ല.

പാവപ്പെട്ടവരുടെ മേൽ 'കുതിരകയറുന്ന'വരെ കണക്കിന് ശകാരിക്കാൻ ഉള്ളൂരിന് യാതൊരു മടിയുമില്ലായിരുന്നു. 'തുമ്പപ്പൂവ്' എന്ന കവിതയിൽ കവി ജാതി വ്യവസ്ഥക്കെതിരെ ഗർജ്ജിക്കുകയാണ് ചെയ്യുന്നത്. മാനത്ത് വിരിയുന്ന നക്ഷത്രപൂക്കളെ കണ്ട് ചൊടിച്ച കണ്ണുകളോട് കവി ആവശ്യപ്പെ ടുന്നത് 'കുപ്പക്കുഴിയിലേയ്ക്ക് കൂടി ഒന്ന് നോക്കൂ' എന്നാണ് 'അവിടെ കുറേ തൂവെൺ മലരു'കളെ കാണാം. ആ തുമ്പകൾ പറമ്പിൽ അങ്ങിങ്ങായി പകച്ച് ഒതുങ്ങിനിൽക്കുകയാണ്" എന്ന്  താഴ്ന്ന ജാതിക്കാരെ ഉദ്ദേശിച്ചാണ് കവി അത് പറയുന്നത്.

'ജാതിച്ചുവട്ടിൽജ്ജലസേകമേകും 

ജനങ്ങളി പൂച്ചെടി കൈയനക്കി 

വളർത്തിടുന്നില്ലെന്നതുപോട്ടെ! കഷ്ടം'

ഉള്ളൂരിന്റെ 'കർണ്ണഭൂഷണ'ത്തിലും ജാതിചിന്തകളെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കർണ്ണനാണ് ഇതിലെ നായകൻ. കർണ്ണൻ സൂതപുത്രനല്ലെന്നും സുരജനാണെന്നും സൂരൻ അറിയിച്ചപ്പോൾ കർണ്ണൻ പറയുന്നതിപ്രകാരം:

'സൂതജനാവട്ടെ സൂരജനാവട്ടെ 

മേദിനി ദേവിതന്നങ്കമാർന്നോൻ 

ആന്തരമായിവരണ്ടിലുമോർക്കുകിൽ 

ഞാൻ തരഭേദമേ കാൺമീലല്ലാ'

പുൽക്കൊടി മുതൽ അത്യുന്നതങ്ങളിൽ വരെയുള്ള എന്തിലും ഏതിലും മഹത്വം ദർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ദർശനം 'പൂമ്പാറ്റയോട്', 'പുഴമൊഴി', 'മഞ്ഞുത്തുള്ളികൾ', 'പനിനീർപ്പൂവ്', 'കുയിലിനോട്', 'അക്കരപ്പച്ച', 'ഇരുമ്പിന്റെ നൈരാശ്യം', 'കാലം', 'ബാലങ്കുരം', 'ചപ്പും ചിപ്പും',  'തത്വോപദേശം', 'തുമ്പപ്പൂവ്', 'പെരിയാറ്റിനോട്', തുടങ്ങിയുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം ഇത് തുളുമ്പി നിൽക്കുന്നു.

സമത്വം സാഹോദര്യവും പുലരുന്ന കാലഘട്ടത്തിൽ മാത്രമേ തന്റെ സങ്കൽപ്പത്തിലുള്ള സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 

'കവിയും കീർത്തിയും',  'കുയിലിനോട്',  'തുമ്പപ്പൂവ്', 'പ്രഭാതഗാഥ', 'സൗഭ്രാത്രഗാനം', 'ഇന്നത്തെ ലോകം', 'വിനയം', തുടങ്ങിയ കവിതകളിൽ ഇത് തുടിച്ചു നിൽക്കുന്നത് കാണാം.

സാമൂഹ്യ നീതിയും സമത്വവും ഊട്ടിയുറപ്പിക്കുന്നതിന് വളമേകുന്ന തരത്തിലുള്ള സൃഷ്ടികളും ഏറെയുണ്ട്. 'ചിത്രശാല'യിലൂടെ അദ്ദേഹം തുറന്നു കാട്ടുന്നതാവട്ടെ ഭാരത സ്ത്രീകളുടെ ഗതകാല പ്രതാപമാണ്. സ്ത്രീകൾക്ക് ഏറെ മഹത്വം കൽപ്പിക്കുകയും സ്ത്രീയെ ദേവതയായി സങ്കൽപ്പിച്ച് പൂജിക്കുകയും ചെയ്ത നാടാണ് ഭാരതമെന്നതിൽ കവി അഭിമാനം കൊള്ളുന്നുണ്ട്. ഋഷിമാരുടെ സംഭാവനയായ ഭാരത സംസ്കാരത്തിന്റെ മഹത്വം ആധുനിക തലമുറ മനസ്സിലാക്കാതെ നശിപ്പിക്കുന്നതിൽ അദ്ദേഹം കലഹിക്കുന്നുണ്ട്.

കർമ്മം ചെയ്യാൻ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്ന കവിയാണ് ഉള്ളൂർ. 'ഉദ്ബോധനം' എന്ന കവിതയിൽ കവി നേരിട്ടുതന്നെ അതുപദേശിക്കുന്നുണ്ട്. പരാജയങ്ങളെ കൂട്ടാക്കാതെ വാശിയോടെ മുന്നോട്ട് പോകാൻ വേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹം ഉപദേശിക്കുന്നു.

"നിന്മിഴി മങ്ങാതെ പാദം കുഴയാതെ 

നട്ടെല്ലുതെല്ല് വളഞ്ഞിടാതെ 

ധീരനായ് മുന്നോട്ട് ചാടിക്കുതിച്ചു നീ 

പോരുക പോരുക പുണ്യവാനേ....." എന്ന വരികളിൽ അത് തെളിഞ്ഞു നിൽക്കുന്നു. സുഖം തേടി അലയുന്ന മനുഷ്യനോട് നിഷ്കാമകർമ്മത്തിലൂടെ സുഖം കണ്ടെത്താനാവുമെന്ന വഴി ഉപദേശിച്ചു കൊടുക്കുന്നുണ്ട്.  

നാം നമ്മളാൽ തന്നെ സ്വയം ഉയർത്തപ്പെടുന്ന പക്ഷം മുൻകാലത്തേതുപോലെ ഭാരതം വീണ്ടും സ്വർഗ്ഗ മാകുമെന്നും കവി വിശ്വസിക്കുന്നു. അതിനായി വേണ്ടത് കഠിനാധ്വാനമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. "കണ്മിഴിക്കാമെഴുന്നേൽക്കാം കതകിൻ സാക്ഷ നീക്കീടാം 

കടക്കാം തെല്ലുവെളിയിൽ കാലമെന്തെന്ന് നോക്കീടാം...."

എന്ന് കവി ഉപദേശിക്കുന്നു. ഒപ്പം തന്നെ 

"കണ്മിഴിക്കുവാൻമേല, കൈയനക്കുവാൻ മേല 

നമ്മൾക്കും സുഖം വേണം, സ്വാതന്ത്ര്യം ശീഘ്രം വേണം ..."

എന്ന് കുറ്റപ്പെടുത്താനും മടിക്കുന്നില്ല.

1877 ജൂൺ 6 ന് കോട്ടയം ജില്ലയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്ത് ജനിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യർ 1949 -ൽ ഇഹലോകവാസം വെടിഞ്ഞു.

വള്ളത്തോൾ 

അചഞ്ചലമായ ദേശഭക്തിയുടെ സ്നിഗ്ധ സൗന്ദര്യവും ശക്തിയും തുടിച്ചു നിൽക്കുന്ന ഒട്ടേറെ കവിതകളുടെ രചയിതാവാണ് 'വള്ളത്തോൾ' എന്നറിയപ്പെടുന്ന വള്ളത്തോൾ നാരായണമേനോൻ.

'ഭാരതമെന്ന പേർകേട്ടാലഭിമാന 

പൂരിതമാകണമന്തരംഗം 

 കേരളമെന്ന് കേട്ടാലോ തിളയ്ക്കണം 

ചോര നമുക്ക് ഞരമ്പുകളിൽ ...' എന്നുറക്കെ പാടി 'ഭാരതീയരായ കേരളീയ'രുടെ ഞരമ്പുകളിൽ  ചോര തിളപ്പിച്ച മഹാകവിയാണദ്ദേഹം.

മലയാളത്തിന്റെ ദേശീയകവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വള്ളത്തോൾ നാരായണമേനോൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആവേശവും പ്രചോദനവുമരുളുന്ന ഒട്ടേറെ സൃഷ്ടികൾ നടത്തിയിട്ടുണ്ട്.  മാതൃഭാഷയോട് അദ്ദേഹം സൂക്ഷിച്ച സ്നേഹ ബഹുമാനങ്ങളും അനന്യ സാധാരണം.

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 

മർത്യനു പെറ്റമ്മ തൻ ഭാഷതാൻ ...." എന്ന വരികളിൽ ഇത് പ്രകടമായി കാണാം.

ബംഗാളിന് രബീന്ദ്രനാഥ ടാഗോറും തമിഴ്നാടിന് സുബ്രഹ്മണ്യഭാരതിയും എന്നപോലെയാണ് മലയാളത്തിന് വള്ളത്തോൾ നാരായണമേനോൻ.

തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ 1930 -ൽ  അദ്ദേഹം സ്ഥാപിച്ച 'കലാമണ്ഡലം' എന്ന കലാപഠന കേന്ദ്രം ഈ രംഗത്ത് സമഗ്ര മാറ്റങ്ങൾക്ക് വഴിവെച്ചു.  കലാമണ്ഡലം വളർന്നു വലുതായി ഇന്ന് കല്പിത സർവ്വകലാശാലയായി തീർന്നിരിക്കുന്നു.

വള്ളത്തോളിന്റെ വാത്മീകി രാമായണ പരിഭാഷ പ്രസിദ്ധമാണ്. 1905 -ൽ അദ്ദേഹം രാമായണം പരിഭാഷ ആരംഭിച്ച് 1907 -ൽ പൂർത്തിയാക്കുകയുണ്ടായി. പിന്നീട് രോഗബാധിതനാവുകയും ബധിരത അദ്ദേഹത്തെ പിടികൂടുകയും ചെയ്തു.  'ബധിര വിലാപം ' എന്ന ഖണ്ഡകാവ്യം അദ്ദേഹം രചിച്ചത് തന്റെ ബധിരതയിൽ വിലപിച്ചുകൊണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നാണ് 'മഗ്ദലനമറിയം'. സ്വന്തം ജീവിതത്തിൽ പുരണ്ട പാപക്കറ പശ്ചാത്താപത്താൽ കഴുകിക്കളഞ്ഞ മഗ്ദലനമറിയം എന്ന വേശ്യയുടെ ചിത്രം വരച്ചു കാട്ടുന്ന ബൈബിൾ കഥയുടെ കാവ്യരൂപമാണ് മഗ്ദലനമറിയം.

'ചിത്രയോഗം' എന്ന മഹാകാവ്യം പുറത്തുവന്നതോടെയാണ് അദ്ദേഹം മഹാകവിയായത്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ ഒരു പ്രബന്ധത്തിൽ വള്ളത്തോളിനെ മഹാകവി വള്ളത്തോൾ നാരായണമേനോൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ ജീവിതം വള്ളത്തോളിനെ വല്ലാതെ സ്വാധീനിച്ചു. മഹാത്മജിയെ തന്റെ ഗുരുനാഥനായി കണ്ടുകൊണ്ട് വള്ളത്തോൾ രചിച്ച ശ്ലോകങ്ങൾ ഏറെയുണ്ട്. 'എന്റെ ഗുരുനാഥൻ' എന്ന കവിത ഗാന്ധിജിയെ വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു. 

"ക്രിസ്തുദേവന്റ പരിത്യാഗശീലവും സാക്ഷാൽ

കൃഷ്ണനാം ഭഗവാന്റെ ധർമ്മ രക്ഷോപായവും

ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ

ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിൻ

സ്ഥൈര്യവു,മൊരാളിൽ ചേർന്നാൽ

ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ

അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിൻ! "

മഹാത്മജിയെ കുറിച്ച് ഇതിൽ കൂടുതൽ എന്തു പറയാൻ!

മാതൃരാജ്യത്തെയും അതിന്റെ സ്വാതന്ത്ര്യത്തെയും തന്റെ അമ്മയായും അമ്മയുടെ സ്വാതന്ത്ര്യമായും കണ്ടുവണങ്ങാനാണ് കവി ആഹ്വാനം ചെയ്തത്.

"വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ 

വന്ദിപ്പിനുപാസ്യരായുല്ലൊർക്കാമുപാസ്യയെ

ആഴിവീചികളാനുവേലം വെൺനുരകളാൽ 

ത്തോഴികൾപോലെ , തവചാരു തൃപ്പാദങ്ങളിൽ 

തൂ വള്ളിച്ചിലമ്പുകളിടുവിക്കുന്നു; തൃപ്തി 

കൈവരാഞ്ഞഴിക്കുന്നു പിന്നെയും തുടരുന്നു 

വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ 

വന്ദിപ്പിൻനനന്യ  സാധാരണ സൗഭാഗ്യയെ"



Read More in Organisation

Comments