Wednesday, April 16, 2025 Thiruvananthapuram

പാതിവ്രത്യ ശക്തി അപാരം

banner

10 months, 4 weeks Ago | 62 Views

പാതിവ്രത്യത്തിന്റെ ശക്തി അത്യപാരംതന്നെയെന്ന് രാമായണം നമുക്ക് പറഞ്ഞു തരുന്നതായി ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാല ചന്ദ്രൻ പ്രസ്താവിച്ചു.

 

സൂര്യനെപ്പോലും പിടിച്ചുനിറുത്താൻ അതിന് സാദ്ധ്യമാകുമെന്ന് വ്യക്ത‌മാക്കുന്ന സംഭവങ്ങൾ രാമായണത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.

 

ശീലാവതിയുടെ പാതിവ്രത്യ ശക്തിയുടെ ഫലമായുണ്ടായ സംഭവങ്ങളാണ് മഹാബലവാന്മാരായ ബാലിയുടെയും സുഗ്രീവന്റെയും ജനനത്തിന് കാരണം. സഹോദരങ്ങളായ ബാലി -സുഗ്രീവന്മാരിൽ ബാലിയെ ശ്രീ രാമൻ വധിച്ചതും സുഗ്രീവൻ രാഘവന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹായിയുമായിത്തീർന്നതുമെല്ലാം രാമായണത്തിലെ പ്രധാന ഭാഗങ്ങളാണ്.

 

പതിവ്രതാരത്നമായിരുന്നു ശീലാവതി. ശിശുവായിരിക്കുമ്പോൾ തന്നെ ശീലാവതിയുടെ ആത്മാർത്ഥതയും സൽസ്വഭാവവും സത്യസന്ധതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശീലാവതി യൗവ്വനത്തിലെത്തിയപ്പോൾ ഉഗ്രശ്രവസ്സ് എന്ന യുവാവിനെ വിവാഹം കഴിച്ചു. അതിക്രൂരനും വിടനുമായിരുന്നു ഉഗ്രശ്രവസ്സ്. എന്നിട്ടും ശീലാവതി തന്റെ ഭർത്താവിനെ അതിയായി സ്നേഹിക്കുകയും ദൈവത്തെപ്പോലെ പൂജിക്കുകയും ചെയ്തു. അന്യപുരുഷന്മാരുടെ ചാരത്തു ചെല്ലുവാനോ അവരെ ഒന്ന് നോക്കുകപോലുമോ ശീലാവതി ചെയ്യാറില്ലായിരുന്നു. അകാരണമായി അന്യപുരുഷന്മാരെ സ്പ‌ർശിക്കുന്നത് അഭിസാരികമാരുടെ ലക്ഷണമാണെന്ന തത്വത്തിൽ ഉറച്ചുനിന്നായിരുന്നു ശീലാവതിയുടെ ജീവിതം.

 

എല്ലാവിധ ദുർഗുണങ്ങളുടെയും വിളനിലമാണ് തന്റെ ഭർത്താവെന്നും വ്യേശ്യാസ്ത്രീകളുമായാണ് അയാൾക്ക് കുടുതൽ ബന്ധമെന്നും അറിഞ്ഞിട്ടും ശീലാവതി ഭർത്താവിനെ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്‌തില്ല. അന്യസ്ത്രീകളുമായി നിരന്തരം അവിഹിത ബന്ധം പുലർത്തുന്നവർക്ക് സാധാരണ സംഭവിക്കുന്നതുപോലെതന്നെ കാലക്രമത്തിൽ ഉഗ്രശ്രവസ്സിന്റെ സർവ്വ ധനങ്ങളും നഷ്ടമായി എന്നുമാത്രമല്ല കുഷ്‌ഠരോഗം ഉൾപ്പെടെയുള്ള പലവിധ രോഗങ്ങളും പിടിപെടുകയും ചെയ്‌തു. അപ്പോഴും ശീലാവതി ഭർത്താവിനെ ഭക്‌തിയോടെ പരിചരിച്ചു. ഭക്ഷണത്തിനു വകയില്ലാതായതോടെ ശീലാവതി ബ്രാഹ്മണരുടെ ഭവനങ്ങളിൽപോയി ഭിക്ഷയെടുത്തു കൊണ്ടുവന്നാണ് ഭർത്താവിനെ പോറ്റിയിരുന്നത്. ശീലാവതിയുടെ പരിചരണത്തിലൂടെ അൽപ്പം രോഗശാന്തി ലഭിച്ചപ്പോഴേയ്ക്കും ഉഗ്രശ്രവസ്സിന്റെ ദുർഗുണങ്ങൾ വീണ്ടും തലപൊക്കി. ശീലാവതി ഭിക്ഷാടനത്തിനായി പോകുമ്പോൾതന്നെക്കൂടി കൊണ്ടുപോകണമെന്ന് ഉഗ്രശ്രവസ്സ് വാശിപിടിച്ചു. ഭർത്താവിന്റെ വാശിക്ക് ശീലാവതി എതിരുനിന്നില്ല. തുടർന്ന് തന്റെ ഭർത്താവിനെയും തോളിലേറ്റിക്കൊണ്ടായി ശീലാവതിയുടെ ഭിക്ഷാടനം.

 

ഒരുനാൾ ഉഗ്രശ്രവസ്സിനേയും തോളിലേറ്റി ശീലാവതി ഭിക്ഷാടനത്തിന് പോകവേ വഴിയിൽ ഒരു മാളികവീട്ടിലെ ഓവുചാലിൽ നിന്നുമുള്ള വെള്ളം വഴിക്കുകുറേകെ ഒഴുകുന്നുണ്ടായിരുന്നു. ശീലാവതി ഭർത്താവിനെ തോളിലിട്ടുകൊണ്ടുതന്നെ വെളത്തിൽ ചവിട്ടാതെ ചാടി മറി കടന്നു നടന്നു. ഉഗ്രശ്രവസ്സ് അപ്പോൾ ശീലാവതിയോട് എന്താണിങ്ങനെ ചാടാൻ കാരണമെന്ന് ആരാഞ്ഞു. ആ മാളികവീട് ഒരു വേശ്യാ ഗൃഹമാണെന്നും അവിടെനിന്നും ഒഴുകിവരുന്ന ജലം പാപക്കറ പുരണ്ടതായതിനാൽ അതിൽ ചവിട്ടുന്നത് പാപമായതിനാലാണ് താൻ അതിൽ ചവിട്ടാതെ ചാടിക്കടന്നതെന്നും ശീലാവതി പറഞ്ഞു. വഴിയിൽക്കണ്ട മാളികവീട് വേശ്യാഗൃഹമാണെന്നറിഞ്ഞതോടെ ഉഗ്രശ്രവസ്സിന് ആ വേശ്യാഗൃഹത്തിൽ പോകണമെന്ന് മോഹമായി. തന്റെ മോഹം അയാൾ ഭാര്യയെ അറിയിച്ചു. ഉഗ്രശ്രവസ്സിന്റെ ആശ വാശിയായതോടെ ശീലാവതി അന്നുവരെ താൻ ഒരുക്കൂട്ടിവച്ച പണമെല്ലാമെടുത്ത് ഉഗ്രശ്രവസ്സിന് നൽകിക്കൊണ്ട് വേശ്യാഗൃഹത്തിൽക്കൊണ്ടുപോകാമെന്ന് സമ്മതിച്ചു.

ഒരു സന്ധ്യാസമയത്ത് ഉഗ്രശ്രവസ്സിനേയും തോളിലേറ്റി വേശ്യാഗൃഹത്തിലേയ്ക്ക് പോകവേ ശൂലത്തിൽ കിടന്നിരുന്ന മാണ്ഡവ്യ മഹർഷിയുടെ ദേഹത്ത് ഉഗ്രശ്രവസ്സിന്റെ പാദങ്ങൾ ശക്തിയായി തട്ടി. കോപിഷ്ഠനായ മഹർഷി ഉഗ്രശ്രവസ്സിനെ ശപിച്ചു: "പതിവൃതയായ ഭാര്യയുടെ തോളിൽക്കയറി വേശ്യാഗൃഹത്തിൽ പോകുന്ന മനുഷ്യാധമാ നീ പാപിയും വിടനുമാണ്. അതുകൊണ്ട് അടുത്ത സൂര്യോദയ സമയത്ത് നിന്റെ തല പൊട്ടിപ്പിളർന്ന് മരിക്കുവാൻ ഇടയാകട്ടെ" എന്നതായിരുന്നു മാണ്ഡവ്യ മഹർഷിയുടെ ശാപം. തന്റെ ഭർത്താവിനെ മഹർഷി ശപിച്ചതിൽ ശീലാവതി വല്ലാതെ ദുഃഖിച്ചു. തന്റെ ഭർത്താവ് അടുത്ത സൂര്യോദയത്തിൽ തലപൊട്ടിപ്പിളർന്ന് മരിക്കുമെന്നതോർത്തപ്പോൾ ശീലാവതിക്ക് ദുഃഖം താങ്ങാനായില്ല. അൽപ്പം ചിന്തിച്ചിരുന്നശേഷം ശീലാവതി ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. അഴിച്ചിട്ട കേശഭാരവും ചുവന്നുകലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന ശരീരവുമായി ശീലാവതി ഈവിധം പ്രതിജ്ഞ ചെയ്തു: “ഞാൻ പതിവ്രതയാണെങ്കിൽ ഞാനിതാ പറയുന്നു, നാളെ സുര്യൻ ഉദിക്കരുത്." ഈ ഉഗ്രപ്രതിജ്ഞ കേട്ട് മൂന്ന് ലോകങ്ങളും നടുങ്ങി. ശീലാവതിയുടെ പ്രതിജ്ഞ പ്രകാരം പിറ്റേദിവസം ഉദിക്കേണ്ടതില്ലെന്ന് സൂര്യനും തീരുമാനിച്ചു. സൂര്യൻ ഉദിക്കാതിരുന്നതുമുലം സൂര്യന്റെ സാരഥിയായ അരുണന് വിശ്രമമായി. ഈ സമയത്ത് ദേവേന്ദ്രന്റെ രാജധാനി സന്ദർശിക്കണമെന്ന് അരുണന് ആഗ്രഹമുദിച്ചു. അരുണൻ അവിടേയ്ക്ക് തിരിച്ചു. ഇന്ദ്രരാജധാനി ചുറ്റി സഞ്ചരിക്കവേ ഒരു മണ്ഡപത്തിൽ ദേവനർത്തകിമാരുടെ നൃത്തം നടക്കുന്നതായി അറിഞ്ഞു. അരുണന് അതു കാണുവാൻ മോഹമായി. എന്നാൽ അവിടെ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. നൃത്തമണ്ഡപത്തിൽ കടക്കുവാനായി അരുണൻ സ്ത്രീവേഷംപൂണ്ടു. തുടർന്ന് അരുണി എന്ന പേരിൽ നൃത്തമണ്ഡപത്തിൽ പ്രവേശിച്ചു. അതിസുന്ദരിയായ അരുണിയെ കണ്ടപ്പോൾ ഇന്ദ്രന് വല്ലാത്ത മോഹമായി. എങ്ങിനെയും അരുണിയെ പ്രാപിക്കണമെന്ന് നിശ്ചയിച്ച് അരുണിയുമായി അടുത്തു. അന്നുരാത്രി അരുണി ദേവേന്ദ്രനുമായി കഴിഞ്ഞു. അടുത്തദിവസം രാവിലെയായപ്പോൾ അരുണി തൻെറ എല്ലാ വിവരവും ഇന്ദ്രനെ അറിയിച്ച ശേഷം പറഞ്ഞു: "ദേവാ ഞാൻ ഗർഭിണിയാണ്." ഇന്ദ്രൻ അരുണിയെ സമാധാനിപ്പിച്ചു. ഇന്ദ്രൻ പറഞ്ഞു: "നീ വിഷമിക്കണ്ട. ഇപ്പോൾത്തന്നെ നീ ഒരാൺകുഞ്ഞിനെ പ്രസവിക്കും. എന്റെ പുത്രനായ ആ കുഞ്ഞിനെ ഞാൻ ഗൗതമമുനിയുടെ ഭാര്യയായ അഹല്യയെ ഏൽപ്പിക്കാം." തുടർന്ന് അരുണി അരുണനായി മടങ്ങിപ്പോയി.

ഇതിനകം ശീലാവതിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു. സൂര്യൻ ഉദിക്കാതിരുന്നതോടെ ആകെ അങ്കലാപ്പിലായ ത്രിമൂർത്തികൾ അനസൂയയെയുംകുട്ടി ശീലാവതിയെ ചെന്നുകാണുകയും മാണ്ഡവ്യ മഹർഷിയുമായും അനസൂയ ശീലാവതിയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയുമായിരുന്നു. പതിവുപോലെ അരുണൻ സൂര്യന്റെ ചാരത്തുപോയി. അരുണനോട് സൂര്യൻ ചോദിച്ചു: "അങ്ങ് എവിടെയായിരുന്നു?" നടന്ന കാര്യങ്ങളെല്ലാം അരുണൻ സൂര്യനോട് വിവരിച്ചു. ഇന്ദ്രൻ മോഹിച്ച ആ രൂപം തനിക്കുകൂടി കണ്ടാൽ കൊള്ളാമെന്ന് സുര്യൻ അരുണനോട് പറഞ്ഞു. ഉടനെതന്നെ സൂര്യനുമുന്നിൽ അരുണൻ അതിസുന്ദരിയായ അരുണിയായി മാറി. അരുണിയുടെ സൗന്ദര്യം സൂര്യന്റെ മനസ്സിളക്കി. അങ്ങനെ അരുണി വിണ്ടും ഗർഭവതിയായി. അപ്പോഴും അരുണി ഉടൻ തന്നെ പ്രസവിച്ചു. അതും ആൺകുഞ്ഞ്. ആ കുട്ടിയെയും സൂര്യൻ അഹല്യയെ തന്നെ ഏൽപ്പിച്ചു. ദേവേന്ദ്രനും സൂര്യദേവനും തന്നെ ഏൽപ്പിച്ച കുട്ടികളെ അഹല്യ സ്നേഹപൂർവ്വം വളർത്തി. എന്നാൽ അഹല്യ കുട്ടികളെ ഇത്രമേൽ സ്നേഹിക്കുന്നത് അഹല്യയുടെ ഭർത്താവായ ഗൗതമമുനിക്ക് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല കൂട്ടികൾ മഹാവികൃതികളുമായിരുന്നു. ഒരുനാൾ ഇവരുടെ കുസൃതി കണ്ട് കോപം പൂണ്ട ഗൗതമൻ ഇരുവരെയും ശപിച്ച് വാനരരാക്കി വനത്തിലേക്കയച്ചു. ഈ വിവരം ഇന്ദ്രനും സൂര്യനും അറിഞ്ഞു. ഇരുവരും വനത്തിലെത്തി കുട്ടികളെ കണ്ടുപിടിച്ചു. ഇന്ദ്രന്റെ പുത്രന് നീളമുള്ള വാൽ ഉണ്ടായിരുന്നതിനാൽ ബാലി എന്നും സൂര്യപുത്രന് മനോഹരമായ കഴുത്തുണ്ടായിരുന്നതിനാൽ സുഗ്രീവനെന്നും പേരുകൾ നൽകി. ഈ സമയം കിഷ്‌കിന്ധാരാജ്യം ഭരിച്ചുകൊണ്ടിരുന്ന ഋക്ഷരസ്സ് എന്ന വാനര രാജാവ് അവിടെ വന്നു. മക്കളില്ലായിരുന്ന അദ്ദേഹത്തിന് ദേവന്മാർ തങ്ങളുടെ പുത്രന്മാരെ നൽകി. എതിർക്കുന്ന ശത്രുവിന്റെ പകുതിബലം കൂടി തന്നിലേയ്ക്ക് സംക്രമിക്കുമെന്ന് അനുഗ്രഹിച്ച് ഇന്ദ്രൻ പുത്രനായ ബാലിക്ക് ഒരു മാല സമ്മാനിച്ചു. സുര്യദേവനാകട്ടെ സുഗ്രീവൻ കിഷ്കിന്ധാരാജ്യത്തിലെ രാജാവാകുമെന്നും ശ്രീരാമഭക്തനായി വാഴുമെന്നും അനുഗ്രഹിച്ചു.

 

ഈവിധം ദേവേന്ദ്രന്റെയും സൂര്യദേവന്റെയും മക്കളായി ബാലിയും സുഗ്രീവനും ജനിക്കാനുള്ള കാരണഭൂത പതിവ്രതയായ ശീലാവതിയാണ്- ബി.എസ്. ബാലചന്ദ്രൻ പറഞ്ഞു.



Read More in Organisation

Comments