Friday, April 18, 2025 Thiruvananthapuram

ചരിത്രത്തില്‍ ആദ്യം, നിർണായകം ഹൃദ്രോഗിയിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചു

banner

3 years, 3 months Ago | 353 Views

വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. 57കാരനായ ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വച്ചുപിടിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് നടന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. ഈ ശസ്ത്രക്രിയ വിജയകരമായാൽ ലോകമെമ്പാടുമുള്ള അവയവമാറ്റ ശസ്ത്രക്രിയയിൽ നിർണായകമായ മാറ്റമായിരിക്കും സംഭവിക്കുക.

ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലൊരു നേട്ടം ആദ്യമാണ്.

57 വയസ്സുകാരനായ ഡേവിഡ് ബെന്നെറ്റാണ് ശസ്ത്രിക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്ടർമാർ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം മനുഷ്യശരീരത്തിൽ ഉടൻ തിരസ്കരിക്കാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്ടർമാർ പറഞ്ഞു.

മനുഷ്യരുടെ അവയവങ്ങൾ ലഭിക്കുന്നതിലെ വലിയ കുറവ് കാരണം ലോകത്താകമാനം അവയവമാറ്റ ശസ്ത്രികയകൾ വലിയ പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്ന് മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വെച്ചുപിടിപ്പിക്കാനുള്ള ഗവേഷണങ്ങളും സജീവമായിരുന്നു. കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ 3800 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡാണിത്. ഹൃദയം ലഭിക്കാതെ മരിച്ചുപോകുന്ന രോഗികളുടെ എണ്ണം എത്രയോ അധികമായിരുന്നു.

മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളിൽ ഭൂരിപക്ഷവും പൂർണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങൾ മനുഷ്യശരീരം തിരസ്കരിക്കുന്നതാണ് പരാജയങ്ങൾക്ക് കാരണമായിരുന്നത്. 1984ൽ, ബേബി ഫേ എന്ന മരണാസന്നയായ ഒരു ശിശു ഒരു വാലില്ലാ കുരങ്ങിന്റെ ഹൃദയവുമായി 21 ദിവസം ജീവിച്ചതാണ് ഇതിന് മുൻപത്തെ ഏറ്റവും വലിയ നേട്ടം. 



Read More in World

Comments