Saturday, April 19, 2025 Thiruvananthapuram

നവതിയുടെ നിറവിൽ സി.വി.പത്മരാജൻ

banner

1 year, 5 months Ago | 176 Views

പത്മരാജൻ സാർ  

ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്തുകൊണ്ടിരിക്കുക' എന്നത് അന്വർത്ഥമാക്കിയ സമാരാധ്യനായ ജനനേതാവാണ് സി.വി.പത്മരാജൻ. അദ്ദേഹം നവതിയുടെ നിറവിലാണ്. തൊണ്ണൂറ് വയസ്സു തികഞ്ഞവർ വേറെയും ധാരാളമുണ്ടായിരിക്കാം. എന്നാൽ സി.വി.പത്മരാജൻ സാറിനെപ്പോലെ ഒരാൾ സി.വി.പത്മരാജൻ മാത്രമേയുള്ളു!.

 

സി.വി.പത്മരാജൻ സാറിന്റെ ഏറ്റവും വലിയ പ്രത്യേകത സമഭാവനയും ദീർഘ വീക്ഷണവും സാമ്യമകന്ന ഇച്ഛാശക്തിയുമാണ്. സ്നേഹത്തിന്റെ നിറകുംഭവും നന്മയുടെ ജീവനാവാസരൂപവുമാണദ്ദേഹം. ഒട്ടേറെ മഹാത്മക്കളുമായി അടുത്തിടപെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതുപോലെതന്നെ എത്രയോ സാധാരണക്കാരുടെ ജീവിതത്തിലേയ്ക്കും അദ്ദേഹം കടന്നുചെന്നു. ഭാഗ്യമെന്നപോലെ നിർഭാഗ്യവും അദ്ദേഹത്തിന് ഉണ്ടാവാതിരുന്നിട്ടില്ല. എന്നാൽ രണ്ടിനേയും ഒരേ പോലെ അദ്ദേഹം സ്വീകരിച്ചു. ഒൻപതു പതിറ്റാണ്ടു പൂർത്തിയാക്കിയ അദ്ദേഹത്തെ നോക്കുന്ന നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.

 

ഹൃദയംഗമമായ സ്നേഹാദരങ്ങളാണ് എനിക്ക് എന്നും സി.വി.പത്മരാജൻ സാറിനോടുള്ളത്. ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ള നേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊല്ലം ഡി.സി.സി. പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. കെ.പി.സി.സി.യുടെ ആഭിമുഖ്യത്തിലുള്ള സി.എസ്.ഡി. ടി. (സെന്റർ ഫോർ സയൻസ് ഡവലപ്പ്മെന്റ് പ്ലാനിംഗ് ആന്റ് ട്രാൻസ്ഫർ ഓഫ് ടെക്നോളജി)യുടെ രൂപീകരണ പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്ന് പ്രൊഫ. കെ.എം.ചാണ്ടിയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ്. അന്ന് സി.വി.പത്മരാജൻ സാർ അതിന്റെ ഗവേണിംഗ്ബോഡി അംഗമായിരുന്നു. വികസനോന്മുഖവും ജനക്ഷേമാത്മകവുമായ ചിന്തയിലൂന്നി നിന്നുള്ള സംഘ ടനാ പ്രവർത്തനം ഏതുവിധമാവണം എന്നതിനെക്കുറിച്ച് കോൺഗ്രസ്സ് പ്രവർത്തകരെ ബോധവല്ക്കരിക്കുകയും അതിനായി പരിശീലിപ്പിക്കുയും ചെയ്യുന്നതിനുള്ള ഒരു കളരി' എന്നതായിരുന്നു സി.എസ്.ഡി.ടിയിലൂടെ ലക്ഷ്യമിട്ടത്. ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമെന്ന നിലയിൽ വിഷയത്തിൽ അവഗാഹവും ദീർഘവീക്ഷണത്തോടെയുള്ള ആശയങ്ങളുമുള്ള ഡോ.പി.കെ.ഗോപാലകൃഷ്ണനെ രൂപീകരണ ചുമതലയേല്പിക്കുവാൻ തീരുമാനമായി. ഡോ.പി.കെ.ഗോപാലകൃഷ്ണൻ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ അതിനൊപ്പം ഞാനുമുണ്ടായിരുന്നു.

 

കെ.പി.സി.സി. പ്രസിഡന്റ് കെ.എം.ചാണ്ടിയുടെയും പാർട്ടി ലീഡർ കെ.കരുണാകരന്റെയും നിർദ്ദേശപ്രകാരം സി.എസ്.ഡി.ടി. ചെയർമാനായി ഡോ.പി.കെ.ഗോപാലകൃഷ്ണനും സെക്രട്ടറിയായി ഞാനും നിയോഗിക്കപ്പെട്ടു. സാമൂഹ്യ പരിവർത്തനത്തിന്റെ പടവാളായി മാറുംവിധമാവണം സി.എസ്.ഡി.ടി.യുടെ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെയും ആഗ്രഹത്തോടെയുമുള്ള ഡോ.പി.കെ. ഗോപാലകൃഷ്ണന്റെ വിശ്രമരഹിത പ്രവർത്തനങ്ങളിൽ ഉണർവും ഉന്മേഷവും പകർന്നുകൊണ്ട് സി.വി.പത്മരാജൻസാറും.

 

1982 - നു ജനുവരി 29-ന് ഡോ.കെ.ജി. അടിയോടി, തെന്നല ബാലകൃഷ്ണ പിള്ള, എം.എം.ജേക്കബ്ബ്, ടി.എച്ച്.മുസ്തഫ, ഡോ.പി.കെ.ഗോപാലകൃഷ്ണൻ, ഡോ.പി.കെ.അ ബ്ദുൾ അസീസ്, ബി.എസ്.ബാലചന്ദ്രൻ എന്നിവർ ഒപ്പിട്ട് രൂപീകരിക്കപ്പെട്ട സി.എസ്.ഡി.ടി.സി. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തു. ചാണ്ടി, കെ. കരുണാകരൻ എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളും കെ.പി. സി.സി. വൈസ് പ്രസിഡന്റ് ഡോ.കെ.ജി.അടിയോടി, എ.ഐ.സി.സി. ജോയിന്റ് സെ ക്രട്ടറി കെ.വാസുദേവപ്പണിക്ക ർ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.എം.ജേക്കബ്ബ്, ടി.എച്ച്.മുസ്തഫ, തെന്നല ബാലകൃഷ് ണപിള്ള, കെ.പി.സി.സി. സാമ്പത്തികകാര്യ സമിതി ചെയർമാൻ ഡോ.പി.കെ.ഗോപാലകൃഷ്ണൻ, ബി.എസ്.ബാലചന്ദ്രൻ, ഡോ.പി.കെ. അബ്ദുൾ അസീസ്, എം.ഡി.നാലപ്പാട്ട്, സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളിൽ നിന്നുള്ള പ്രതിനിധികളെന്ന നിലയിൽ മലപ്പുറം ഡി.സി.സി. തൃശൂർ ഡി.സി. പ്രസിഡന്റ് ടി.കെ.ഹംസ, സി. പ്രസിഡന്റ് പി.പി.ജോർജ്ജ്, കൊല്ലം ഡി.സി.സി.പ്രസിഡന്റ് സി.വി.പത്മരാജൻ എന്നിവർ അംഗങ്ങളുമായുള്ള ഭരണസമിതി രൂപീകരിച്ചായിരുന്നു പ്രവർത്തനം.

 

അടുത്തു നടന്ന പൊതുതെരഞ്ഞെടുപ്പിൽ സി.വി.പത്മരാജൻ സാർ മത്സരിക്കുകയും വിജയിച്ച് മന്ത്രിയാവുകയും ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റായി. മന്ത്രിയായിരുന്നപ്പോൾ നാടിനും ജനങ്ങൾക്കുമെന്ന പോലെ, കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ സംഘടനയ്ക്കുവേണ്ടിയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സ്വീകരിച്ച നടപടികളും ചിരസ്മരണീയമാണ്. കെ.കരുണാകരൻ മുഖ്യമന്ത്രിയും സി.വി.പത്മരാജൻ സാർ കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന കാലഘട്ടം കോൺഗ്രസ്സിന്റെ വർണ്ണകാലഘട്ടമായിരുന്നുവെന്ന് ആരും സമ്മതിക്കും.

 

കെ.പി.സി.സി. പ്രസിഡന്റിന്റെ ചിന്താ സരണിയിലെത്തുന്ന പുതിയ ആശയങ്ങ്ളും കർമ്മ പരിപാടികളും സംഘടനാ പ്രവർത്തനത്തേയും പ്രവർത്തകരേയും അനുദിനം ഊർജ്ജസ്വലരാക്കിയിരുന്നുവെന്ന വസ്തുത ഉൾപ്പുളകത്തോടെ ഓർക്കാൻ കഴിയും. തിരുവനന്തപുരത്ത് നന്ദവനം ജംഗ്ഷനിലെ ഒരു വാടക ക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെ.പി.സി.സി.ക്ക് സ്വന്തമെന്നവകാശപ്പെടാവുന്ന ഒരാസ്ഥാന മന്ദിരം അനിവാര്യമാണെന്ന ചിന്തയ്ക്ക് കോൺഗ്രസ്സ് പ്രവർത്തകരിൽ ബീജാവാപം നടത്തിയത് അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന സി.വി.പത്മരാജൻ സാറായിരുന്നു! അഭിലാഷ സഫലീകരണത്തിന് അദ്ദേഹം സംസ്ഥാനം മുഴുവൻ ചുറ്റി സഞ്ചരിച്ച് ധനം സ്വരൂപിച്ചു. സി.വി.പത്മരാജൻ സാർ അന്നൊഴുക്കിയ വിയർപ്പിന്റെ വിലയാണ് വെള്ളയമ്പലത്തു വാങ്ങിയ ഇന്ദിരാഭവൻ. ആ മന്ദിരത്തിൽ അദ്ദേഹത്തിന്റെ പേരുവയ്ക്കുവാനോ ചിത്രം വയ്ക്കുവാൻ പോലുമോ അദ്ദേഹം താൽപ്പര്യം കാട്ടിയില്ല അതാണ് സി.വി.പത്മരാജൻ സാർ!

 

കോൺഗ്രസ്സിലെ ഗ്രൂപ്പിസത്തോട് സി.വി.പത്മരാജൻ സാറിന് എന്നും അകലമാണ്. ഒരു ഗ്രൂപ്പിലും ഉൾപ്പെടാതെ നിന്ന അദ്ദേഹം യോജിപ്പിനായി പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമങ്ങൾ പാഴ്ശ്രമങ്ങളാണെന്നു തിരിച്ചറിയുമ്പോഴും അദ്ദേഹം പിന്മാറാതെ ശ്രമം തുടർന്നു.

 

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ സ്വന്തമായി ഗ്രൂപ്പുണ്ടാക്കണമെന്നത് ഒരു ചടങ്ങായി കൊണ്ടുനടന്നവർക്ക് സി.വി.പത്മരാജൻ സാർ ഒരപമാനമാണ്. കേരളത്തിൽ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തെത്തി സ്വന്തമായി ഗ്രൂപ്പുണ്ടാക്കാതിരുന്ന നേതാവെന്ന ഖ്യാതിയും സി.വി.പത്മരാജൻ സാറിനു സ്വന്തം!.

 

സംഘടനാ പ്രവർത്തനങ്ങളിൽ അതിയായ വിശ്വാസമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സംഘടനകൾ കെട്ടിപ്പടുക്കുവാനും അവയിലൂടെ പ്രവർത്തിക്കുവാനും അവയെക്കൊണ്ട് പ്രവർത്തിപ്പിക്കുവാനും അദ്ദേഹത്തിന് അതിയായ സാമർത്ഥ്യമാണുള്ളത്. കെ.പി.സി.സി.യുടെ പരിപാടികൾ ചിട്ടയോടെ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്ന സി.വി.പത്മരാജൻ സാർ. സി.എസ്.ഡി.ടി. പ്രവർത്തനത്തിലും പ്രത്യേകം ശ്രദ്ധിക്കുകയും ഒപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഡോ.പി.കെ.ഗോപാലകൃഷ്ണനോട് അദ്ദേഹം സൂക്ഷിച്ചിരുന്ന ആത്മബന്ധം കൂടുതൽ സഹായകമായി മാറുകയും ചെയ്തു.

 

കെ.പി.സി.സി.ഓഫീസ് തിരുവനന്തപുരം നന്ദാവനം ജംഗഷനിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വേളയിൽ ബി.എസ്.ഡി.ടി പ്രവർത്തനവും അവിടം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. കെ.പി.സി.സി.ക്ക് ആധുനിക മുഖം നൽകുംവിധം വെള്ളയമ്പലത്ത് പുതിയ ഇന്ദിരാഭവൻ സജ്ജമാക്കിയപ്പോൾ അതിന്റെ ഏറ്റവും താഴെയുള്ള ഭാഗം സി.എസ്.ഡി.ടി പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുകയുണ്ടായി. കെ.പി.സി.സി. ആസ്ഥാനത്ത് ഇന്നുകാണുന്ന ലൈബ്രറി സി.എസ്.ഡി.ടി മുൻകൈയെടുത്ത് ഒരുക്കിയത് സി.വി.പത്മരാജൻ സാറിന്റെ  താൽപ്പര്യപ്രകാരമാണ്. രാജ്യത്തു ലഭിക്കുമായിരുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വരുത്തി അവ പരിശോധിച്ച് വാർത്തകളുടെയും ലേഖനങ്ങളുടേയും പ്രാധാന്യവും പ്രത്യേകതയും പരിശോധിച്ചും, കണക്കിലെടുത്തും തരംതിരിച്ച് മുറിച്ചെടുത്ത് നിത്യേന കെ.പി.സി.സി.പ്രസിഡന്റിനെത്തിക്കുക എന്ന പ്രധാനപ്പെട്ട പ്രവർത്തനവും സി.എസ്.ഡി.ടി ചെയ്തിരുന്നു. രാഷ്ട്രീയ വിഷയങ്ങളിലും രാജ്യകാര്യങ്ങളിലുമുള്ള പൊതുവായ കാഴ്ചപ്പാടുകൾ, വിലയിരുത്തലുകൾ, വിമർശനങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ബോധം പാർട്ടി നേത്യത്തിനുണ്ടായിരിക്കണമെന്ന കാര്യത്തിൽ സി.വി.പത്മരാജൻ സാറിന് നിർബന്ധമുണ്ടായിരുന്നു. ആ അഭിപ്രായത്തിന് ഇന്നും തെല്ലും മാറ്റം സംഭവിച്ചിട്ടില്ല.

 

പിന്നീടദ്ദേഹം സംസ്ഥാന വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ വേളയിലാണ് ഞാൻ ബി.എസ്.എസ്.കേരള ഘടകം ജനറൽ സെക്രട്ടറിയാവുന്നത്. ബി.എസ്.എസ്.പ്രവർത്തനത്തിന് ആശയപരമായ മുഖമെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്ന സദ്ഭാവന' ആശയത്തിന് വ്യാപക പ്രചരണം നൽകുന്ന കാര്യത്തിൽ പരാജൻ സാർ വിലപ്പെട്ട സംഭാവനയാണ് നൽകിയത്. സദ്ഭാവനാ ആശയത്തിന്റെ പ്രചരണത്തിനായി സംസ്ഥാനത്തെ വൈ ദ്യുതി തൂണുകളിൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ അദ്ദേഹം നൽകിയ അനുമതി വളരെ പ്രയോജനം ചെയ്തു. അന്ന് ബി.എസ്.എസ്.പ്രവർത്തനത്തിന് സി.വി.പത്മരാജൻ സാർ നൽകിയ പിന്തുണയും പ്രചോദനവും ഏറെ ഗുണം ചെയ്തുവെന്ന വസ്തുതയും ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. ഏതു നിലയിൽ വിലയിരുത്തിയാലും സി.വി.പത്മരാജൻ സാർ മാതൃക തന്നെയാണ്. അദ്ദേഹം ധാരാളം വായിച്ചു ധാരാളം ചിന്തിച്ചു; ധാരാളം പ്രസംഗിച്ചു; ധാരാളം സഞ്ചരിച്ചു; ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു. ഇതിൽ നിന്നെല്ലാം തന്റേതായ തികച്ചും പ്രായോഗികമായ ഒരു ജീവിതദർശനം രൂപവൽക്കരിച്ചു.

 

ബി.എസ്.എസിന്റെ ധനകാര്യ രേഖകൾ തയ്യാറാക്കുന്ന കാര്യത്തിൽ വ്യക്തവും സുകാര്യവുമായ രീതിയിലുള്ള അടിത്തറ രൂപപ്പെടുത്തുന്ന കാര്യത്തിൽ ബി.എസ്.എസിന്റെ മുഴുവൻസമയ പ്രവർത്തകയായിരുന്ന അദ്ദേഹത്തിന്റെ അനന്തിരവൾ സുജാ രാജേന്ദ്രൻ നടത്തിയ പ്രയത്നവും വിസ്മരിക്കാനാവുന്നില്ല.

 

ആ വ്യക്തിത്വം അദ്വീതിയമാകുന്നു. അദ്ദേഹത്തെപ്പോലെ മറ്റൊരാൾ വളരെ ചുരുക്കം. അദ്ദേഹം ഒപ്പമുള്ളത് ആഹ്ലാദകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ വിശിഷ്ടമായ ഒരനുഗ്രഹമായി നമുക്കു തോന്നുന്നു!. ആ അനുഗ്രഹം ഇനിയുമെത്രയോ വർഷങ്ങളോളം നമുക്കു ലഭിക്കുമാറാവട്ടെ എന്നാണ് പ്രാർത്ഥന.



Read More in Organisation

Comments