Saturday, April 19, 2025 Thiruvananthapuram

സുമിത്രയ്ക്ക് സമം സുമിത്ര മാത്രം

banner

3 years, 5 months Ago | 685 Views

രാമായണത്തിലെ വ്യക്തിത്വങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെങ്കിലും  മനുഷ്യമനസ്സിനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നത് ദശരഥ പത്നി സുമിത്രയാണെന്ന് തുഞ്ചൻ ഭക്തിപ്രസ്ഥാനം പഠനകേന്ദ്രം ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു.

ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി സുമിത്രയും നിന്നും ഉൽഫുല്ലമാവുന്നുവേണെന്നഭിപ്രായപ്പെട്ടുകൊണ്ട് ആർഷ സംസ്കൃതിയുടെ അന്തരാത്മാവിൽ വിടർന്നു നൽകുന്ന കൽഹാര കുസുമാമാണ് സുമിത്രയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

തുഞ്ചൻ ഭക്തി-പ്രസ്ഥാനം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.

സുമിത്രയെ രാമായണത്തിൽ എവിടെയും വികാരധീനയായി കാണപ്പെടുന്നില്ല സാധാരണനിലയിൽ വികാരധീനയായി വേണ്ട സന്ദർഭങ്ങളിൽ പോലും...! ഏത് പ്രതിസന്ധിയെയും വിവേകപൂർവ്വം നേരിടുന്ന സുമിത്ര സ്നേഹവും ആത്മാർത്ഥതയും കൊണ്ട് എന്തിനെയും കീഴടക്കാനാവുമെന്നും പലവട്ടം തെളിയിക്കുന്നു.

നീണ്ട പതിനാലുവർഷത്തെ വനവാസത്തിനായി ശ്രീരാമൻ യാത്രതിരിക്കുമ്പോൾ ഒപ്പം പുറപ്പെട്ട തന്റെ പുത്രൻ ലക്ഷ്മണനെ തികഞ്ഞ സന്തോഷത്തോടെയാണ് സുമിത്ര യാത്രയാകുന്നത്. തന്റെ മകൻ പതിനാലുവർഷക്കാലം നാടും വീടും വിട്ടു കാട്ടിൽ കഴിയേണ്ടി വരുമെന്നത് മാതാവെന്ന നിലയിൽ ദുഃഖമുളവാക്കുന്നതാണെങ്കിലും കുടുംബിനി എന്ന നിലയിൽ അത് വിസ്മരിച്ച് ജേഷ്ഠന് തുണപോകാൻ അനുഗ്രഹിക്കുക ആശീർവദിക്കുകയാണ് ചെയ്യുന്നത്. അന്നേരം ലക്ഷ്മണന്റെ പത്നി ഊർമിളയുടെ നയനങ്ങൾ നിറഞ്ഞു തുളുമ്പിയപ്പോൾ  തലയിൽ തഴുകി സമാശ്വസിപ്പിച്ചുകൊണ്ട് ഊർമിളയുടെ മുഖത്തേക്ക് നോക്കിനിന്ന ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു: "പുത്രാ നീ  സന്തോഷമായും സമാധാനമായും ഭ്രാധാവിന് തുണ പോവുക ഇവിടെ ഊർമിള ഞങ്ങളുടെ സ്വന്തം മക്കളായി ഞങ്ങളോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞു കൊള്ളട്ടെ....!" അത് കേട്ടുനിന്ന ഊർമ്മിളയുടെ മുഖത്ത് വിരഹവേദനയുടെ  ചുവടെയുള്ള പുഞ്ചിരി വിടരുമ്പോൾ ലക്ഷ്മണന്റെ മുഖത്ത് സമാധാനത്തിന്റെ തിളക്കം.

 ശ്രീരാമനൊപ്പം ലക്ഷ്മണനെ വനത്തിലേക്കയക്കാൻ ആ മാതാവിന് ഒരുവട്ടംകൂടി ചിന്തിക്കേണ്ടിവന്നില്ല. യാത്രാനുമതി ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ; "പ്രിയപുത്രാ ലക്ഷ്മണാ....., എനിക്ക് ആറ്റുനോറ്റിരുന്ന്  ലഭിച്ച പുത്രനാണ് നീ..... ആ പുത്രൻ എനിക്ക് അഭിമാനമാവുകയാണുണ്ണി... നിന്നെപ്പോലെ സഹോദര സ്നേഹമുള്ള ഒരു പുത്രന് ജന്മം നൽകാൻ കഴിഞ്ഞ ഞാൻ ധന്യയും  ഭാഗ്യവതിയുമാണ്...." എന്നായിരുന്നു.

 ശ്രീരാമൻ കാട്ടിലേക്ക് പോയി കഴിഞ്ഞ് പുത്ര വിരഹത്താൽ അതീവ ദുഃഖിതയായി തളർന്ന് വീണ് പോയ കൗസല്യയോടൊപ്പമിരുന്ന് കണ്ണുനീർ വാർക്കുകയല്ല സുമിത്ര ചെയ്തത്. മറിച് കൗസല്യയുടെ കൈപിടിച്ച് സ്വന്തം കരതലത്തിൽ വച്ച് തലോടി കൊണ്ട് പറഞ്ഞു: "പൂജനീയ ജേഷ്ഠത്തീ..., തളരരുത്..., കരയുകയുമരുത്...., കണ്ണുനീർ ഒന്നിനും ഒരു പരിഹാരമല്ലയെന്നറിയുക. ധർമ്മനീതികളിൽ നിന്നും വ്യതി ചലിക്കാത്തവനും ധീരനുമായ ശ്രീരാമനെ പുത്രനായി ലഭിച്ച അവിടുന്ന് അനുഗ്രഹീതയാണ്. സത്യത്തിൽ നിന്നും നീതിയിൽ നിന്നും അണുവിട വ്യതിചലിക്കാതെ ദശരഥമഹാരാജാവിന്റെ അഭിമാനം കാത്തു സംരക്ഷിക്കാൻ വേണ്ടിയാണ് അവിടുത്തെ പുത്രൻ നമ്മുടെ പുത്രൻ- ആരണ്യന്തരരേ യാത്രയായിരിക്കുന്നത്. സ്വ പിതാവിന് ധർമ്മച്യുതി സംഭവിക്കാതിരിക്കാനാണ് നാടും വീടും രാജ്യവും കിരീടവും ചെങ്കോലും എല്ലാം ഉപേക്ഷിച്ച് രാമൻ വനവാസത്തിനു പോയത്. ഈ വിധമുള്ള ഒരു പുത്രനെ ലഭിക്കുക എന്നത് മഹാഭാഗ്യമാണ്. പൂർവികരുടെ പാതയിലൂടെ ചരിക്കുന്നവനാണ് ശ്രീരാമൻ. ലോകമുള്ള കാലത്തോളം ശ്രീരാമൻ തിളങ്ങിനിൽക്കും. ഈ വണ്ണമുള്ള ഒരു പുത്രനെ ജന്മം കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കൂ ദേവീ...., കണ്ണുനീർ തുടയ്ക്കൂ...."

ഇത് പറയുമ്പോൾ സുമിത്രയുടെ കണ്ണുകളും  ഈറനണിഞ്ഞിരുന്നുവെന്നത് മറ്റൊരു കാര്യം! ദശരാഥമഹാരാജാവ് സ്വർഗ്ഗത്തിലേക്ക് പോയി കഴിഞ്ഞപ്പോൾ കൈകേയി പശ്ചാത്താപ വിവശയാവുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലും ദുഃഖത്താൽ തളർന്നവളുമായി കണ്ട കൈകേഴിയേയും സുമിത്രയാണ്  സമാധാനിപ്പിക്കുന്നത്. തന്റെ ധർമ്മഭാഷണത്തിലൂടെ കൈകേയിയെ സുമിത്ര ആശ്വസിപ്പിക്കുന്നു. സ്വയം അറിയാതെ വിധിയുടെ നിയോഗം നടപ്പാക്കുക മാത്രമാണ് കൈകേയി  ചെയ്യുന്നതെന്ന് മനസ്സിലാക്കുവാനുള്ള  വിവേകം സുമിത്രയ്ക്ക് മാത്രമാണുണ്ടായത്.

വിധിയെ തടുക്കാനോ ജാതകഫലത്തെ മായ്ക്കാനോ  ബ്രഹ്മാ -വിഷ്ണു -മഹേശ്വരന്മാർക്ക് പോലുമാവില്ലായെന്ന സത്യത്തെ ഓർമിപ്പിച്ചുകൊണ്ട് കടുത്ത പ്രവർത്തിയിൽ നിന്നും കൈകേയിയെ പിന്തിരിപ്പിക്കുന്നത് സുമിത്രയാണ്. ജാതകത്തിൽ 14 വർഷത്തെ പരിവ്രാജക യോഗമുണ്ടെന്നും അതനുഭവിക്കാതെ വന്നാൽ മരണമായിരിക്കും ഫലമെന്നും രാജ്യത്തെ ഒരു ജോത്സ്യൻ കൈകേഴിയോട് പറഞ്ഞിട്ടുള്ള കാര്യം സുമിത്രയ്ക്ക് അറിയാമായിരുന്നു.

വനയാത്രയ്ക്ക് പുറപ്പെടവേ ലക്ഷ്മണന് സുമിത്ര ദേവി നൽകുന്ന ഉപദേശം  ഈ ലോകമുള്ള കാലത്തോളം തിളങ്ങിനിൽക്കും. കാശിരാജപുത്രി പറഞ്ഞു: "പ്രിയപുത്രാ.... സന്തോഷത്തോടെ യാത്ര പോവുക.... നിന്റെ ഭ്രതാവും സർവ്വരാലും പൂജിക്കപ്പെടുന്നവനും ഏവർക്കും പ്രിയങ്കരനുമായ ശ്രീ രാമനിൽ നിനക്ക് അകൈതവമായ ഭക്ത്യാദരങ്ങൾ    എപ്പോഴുമുണ്ടാവണം. പ്രായം  കൂടിയവരെ അനുസരിക്കുക എന്നതാണ് ധർമ്മം. പുത്രാ ലക്ഷ്മണാ...., ശ്രീരാമനെ നീ ദശരഥ ചക്രവർത്തിക്ക്  തുല്യമായി കാണണം. സീതാദേവിയെ നിന്റെ  മാതാവായ ഞാനാണെന്ന് വേണം കരുതാൻ. അവരുടെ കാലുകളിൽ ഒരു മുള്ള് തറയ്ക്കുവാൻ പോലും ഇടനൽകരുത്. ആരണ്യത്തെ നീ അയോദ്ധ്യയായി കാണണം. നിന്റെ ജേഷ്ഠൻ ശ്രീരാമന്റെ സാന്നിധ്യം അവിടെ അയോദ്ധ്യയാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. യാതൊരു വിഘ്‌നവും  ഉണ്ടാവാതിരിക്കട്ടെ. പോയ് വരിക..."

ജ്യേഷ്ഠ സഹോദരനെ അച്ഛനെപ്പോലെയും ജേഷ്ഠത്തിയമ്മയെ സ്വന്തം അമ്മയെ പോലെയും കാണുക എന്ന സനാതന ധർമ്മത്തിന്റെ സൂര്യതേജസ്സാണ് സുമിത്രയുടെ ഉപദേശത്തിലൂടെ ചൊരിയപ്പെടുന്നത്.!

രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാർക്ക് മാത്രമല്ല സീത-ഊർമ്മിള-മണ്ഡവി  ശ്രുതികീർത്തി എന്നീ പുത്രവധുകൾക്കും അദ്ധ്യാത്മിക ജ്ഞാനവും  ജീവിത ധർമ്മവും ഉപദേശിച്ചത് സുമിത്രയായിരുന്നു.

ഊർമ്മിളയെ ഉപദേശങ്ങളാലും സാന്ത്വനവാക്കുകളാൽ നിരന്തരം ആശ്വസിപ്പിച്ചു കൊണ്ടും കൗസല്യയ്ക്ക് ധൈര്യം പകർന്നുകൊണ്ടു ഉത്തര കോസാലധിപതി പുത്രിയുടെ സ്വന്തം അനുജത്തിക്ക് തുല്യമായാണ് സുമിത്ര പതിനാല് സംവത്സരങ്ങളും കഴിഞ്ഞത്.

ഏത് അർത്ഥത്തിൽ വിലയിരുത്തിയാലും കാശിരാജവംശത്തിലെ സൂര്യന്റെ പുത്രിയായ സന്ധ്യദേവിയെന്ന  സുമിത്രയുടെ വ്യക്തിത്വം അനിതരസാധാരണം തന്നെയാണ്- ബി.എസ്. ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.



Read More in Organisation

Comments