Thursday, April 10, 2025 Thiruvananthapuram

മനസ് വായിക്കും റോബോട്ട് ! പിന്നിൽ ചൈനീസ് ഗവേഷകർ

banner

3 years, 2 months Ago | 307 Views

റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ കുതിപ്പ് നടത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകർ. ആളുകളുടെ മനസ് 96 ശതമാനം കൃത്യതയോടെ വായിച്ചെടുക്കാൻ കഴിയുന്ന റോബോട്ടിനെ തങ്ങൾ സൃഷ്ടിച്ചെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ചൈനീസ് ഗവേഷകർ.

ത്രീ ഗോർജസ് യൂണിവേഴ്സിറ്റിയിലെ ഇന്റലിജന്റ് മാനുഫാക്ചറിംഗ് ഇന്നൊവേഷൻ ടെക്നോളജി സെന്ററിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിലെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഈ റോബോട്ടിന്റെ പരീക്ഷണങ്ങൾ ഒരു അസംബ്ലി ഫാക്ടറിയിൽ നടന്നതായും റിപ്പോർട്ടിലുണ്ട്.  ഇൻഡസ്ട്രിയൽ റോബോട്ടായ ഇത് തൊഴിലാളികളുടെ മസ്തിഷ്ക തരംഗങ്ങൾ നിരീക്ഷിക്കുക മാത്രമല്ല, പേശികളിലെ വൈദ്യുത തരംഗങ്ങൾ ശേഖരിക്കുകയും ചെയ്തതായി ഗവേഷകർ പറയുന്നു.

ഫാക്ടറികളിലെ സങ്കീർണ ഉത്പന്നങ്ങൾ തടസമില്ലാതെ കൂട്ടിച്ചേർക്കാൻ ഈ റോബോട്ടിന് കഴിയും. തൊഴിലാളികൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവരുടെ മസ്തിഷ്ക തരംഗങ്ങൾ വായിച്ചെടുക്കാനും നിർമ്മാണങ്ങൾക്കാവശ്യമായ ശരിയായ ടൂളുകൾ തിരഞ്ഞെടുക്കാനും റോബോട്ടിന് കഴിയുമെന്നാണ് പറയുന്നത്.

തിരഞ്ഞെടുത്ത വോളന്റിയറുകളെ ഉപയോഗിച്ചാണ് റോബോട്ടിന്റെ പരീക്ഷണം നടന്നത്.  മനുഷ്യനെയും റോബോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു പ്രത്യേക സാങ്കേതിക ഉപകരണമുണ്ട്.  ഈ ഉപകരണം വോളന്റിയറിൽ ഘടിപ്പിക്കുമ്പോഴാണ് റോബോട്ടുകൾക്ക് മനുഷ്യന്റെ ചിന്തകളും ചലനവും ഗ്രഹിക്കാനാകുന്നത്. ബ്രെയ്‌ൻ വേവ് ഡിറ്റെക്ടർ അടങ്ങിയ ഹെഡ്സെറ്റ്, ആം സെൻസറുകൾ എന്നിവ ഇതിൽപ്പെടുന്നു.

അതേ സമയം, ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ ഗവേഷകരുടെ സാന്നിദ്ധ്യത്തിൽ ലബോറട്ടറി അന്തരീക്ഷത്തിലാണെന്നും ഒരു യഥാർത്ഥ ഫാക്ടറി അന്തരീക്ഷത്തിൽ റോബോട്ടിന് സാങ്കേതികവിദ്യകളെ എങ്ങനെയൊക്കെ ഉപയോഗിക്കാൻ കഴിയുമെന്നതിന് കൂടുതൽ പഠനങ്ങൾ തുടരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു



Read More in World

Comments