നാടിനു വേണ്ടി ജീവൻ കൊടുത്തവർ

1 year, 11 months Ago | 141 Views
മാർച്ച് 23 വിഷാദ സ്മൃതികളാൽ കരൾ നുറുങ്ങുന്ന ദിനമാണ്. രാജ്യത്തിനുവേണ്ടി നെഞ്ചുവിരിച്ച് കഴുമരത്തിലേക്ക് മൂന്ന് ധീരരാജ്യ സ്നേഹികൾ നടന്നുകയറിയത് മാർച്ച് 23നാണ്. അവരുടെ ധീരതയും നിശ്ചയദാർഡ്യത്തിനും മുന്നിൽ കഴുമരം പോലും നോക്കി ചിരിക്കുന്നു.
ഭഗത്സിംഗ്, രാജ്ഗുരു, സുഖദേവ് എന്നീ ധീര വിപ്ലവകാരികളാണ് 1931 മാർച്ച് 23 ന് തൂക്കിലേറ്റപ്പെട്ടത്. ഇവർക്കു പുറമെ ഒട്ടേറെ പേർ മാതൃകാ രാജ്യത്തിനു ജയ് വിളിച്ചുകൊണ്ട് തൂക്കുമരത്തിലേക്ക് നടന്നു കയറി. ഭഗത് സിംഗ് ബ്രിട്ടീഷുകാർക്കെതിരെ വ്യാഘ്രത്തെപ്പോലെ ചാടിവീഴുന്ന ഭഗത്സിംഗിനെ അവർക്ക് ഭയമായിരുന്നു എന്നതു തന്നെയാണ് ശരി.
ഭഗത്സിംഗ് ജനിച്ചത് പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കത്ക്കർകലൻ ഗ്രാമത്തിലാണ്. 1907 സപ്തംബർ 28 ന്. ഭഗത്തിന്റെ ജനനസമയത്ത് പിതാവ് കിഷൻ സിങ്ങും സഹോദരന്മാരും ജയിലറകളിലായിരുന്നു. യാദൃശ്ചികമെന്നോണം പുത്രന്റെ ജനനദിവസം പിതാവും സഹോദരന്മാരും ജയിൽ മോചിതരായി. അതൊരു ഭാഗ്യമായാണ്, വിപ്ലവകാരികളുടെ ആ കുടുംബം പരിഗണിച്ചത്. അങ്ങനെയാണ് ഭാഗ്യം എന്നർത്ഥം വരുന്ന ഭഗത് എന്ന പേര് പുത്രന് നൽകിയത്. കിഷൻ സിങ് -വിദ്യാവതി ദമ്പതിമാരുടെ മൂന്നാമത്തെ പുത്രനായി രുന്നു ഭഗത്സിങ്.
ഭഗത്തിന്റെ ഇളയച്ഛന്മാരിൽ ഒരാളായ സ്വരൺ സിങ് ജയിലിൽ കിടക്കവെയാണ് മരിച്ചത്. ഈ സംഭവം കുടുംബാന്തരീക്ഷം കലുക്ഷിതമാക്കി. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയും 12 വയസ്സുകാരനായ ഭഗതിന്റെ ഹൃദയത്തിന് ക്ഷതമേല്പിച്ചു. ജാലിയൻ വാലാബാഗിൽ ചെന്ന് മനുഷ്യരക്തം വീണ് ചുവന്ന മണ്ണ് ശേഖരിച്ച് വീട്ടിൽ കൊണ്ടുവരാനും ആ ബാലൻ ധീരത കാട്ടി. നിത്യോന പൂക്കൾ അർപ്പിച്ച് ആ മണ്ണ് വന്ദിക്കുന്നതും അവൻ ശീലമാക്കി.
ബ്രിട്ടീഷ് ഭരണത്തെ വെറുത്ത ഭഗത്സിങ് മഹാത്മജിയുടെ അനുയായിയായി ദേശീയ സമരത്തിൽ പങ്കെടുത്തു. എന്നാൽ ഗാന്ധിജിയുടെ അക്രമരാഹിത്യ സമരത്തോട് ഭഗത്തിന് താൽപര്യം കുറഞ്ഞു. ലാഹോറിലെ നാഷണൽ കോളേജിൽ ചേർന്നതോടെ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം കൂടുതൽ കർക്കശമായി. സുഹൃത്തുക്കൾക്കൊപ്പം ഭഗത് നൗ ജവാൻ ഭാരത് സഭ (Youth Society of India ) എന്ന സംഘടനയ്ക്ക് രൂപം നൽകി. ഇക്കാലത്ത് കീർത്തി എന്ന വാരികയുടെ പത്രാധിപ സമിതിയിലും പ്രവർത്തിച്ചു. തുടർന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം നൽകി. ചന്ദ്ര ശേഖരൻ ആസാദ്, സുഖദേവ്, രാജ്ഗുരു തുടങ്ങിയവരും ഭഗത് സിങ്ങിനൊപ്പം പ്രവർത്തിച്ചു.
വിപ്ലവകാരികളെ മർദ്ദിച്ചൊതുക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിക്കാനും വിപ്ലവകാരികൾ തീരുമാനിച്ചു. പ്രതിഷേധം രേഖപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഇത് പ്രകാരം 1929 ഏപ്രിൽ എട്ടിന് ഭഗത് സിങ്ങും ബദ്കേശ്വർ ദത്തും നിയമസഭയിൽ ബോംബെറിഞ്ഞു. ലഘുരേഖകൾ വാരിവിതറിക്കൊണ്ട് ഇരുവരും ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കി. അനന്തരം രണ്ടുപേരും സ്വമേധയാ അറസ്റ്റ് വരിക്കുകയും ചെയ്തു.
അസംബ്ലി ബോംബ് കേസിൽ ജീവപര്യന്തം നാടുകടത്തൽ ശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ സാന്ഡേഴ്സ്ൻ വധവുമായി ബന്ധപ്പെട്ട ലാഹോർ ഗൂഢാലോചന കേസിൽ 1930 ഒക്ടോബറിൽ ഭഗത് സിങ്, രാജ്ഗുരു, സുഖദേവ് എന്നിവർക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. മറ്റ് ഏഴുപേരെ ജീവപര്യന്തം നാടുകടത്താനും ചിലരെയെല്ലാം ദീർഘകാലത്തെ കഠിനതടവിനും ശിക്ഷിച്ചു.
കേസിന്റെ വിചാരണവേളയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനാണ് ഭഗത് സിങ് ശ്രമിച്ചത്. സ്വാതന്ത്ര്യം ജന്മാവകാശം എന്ന നിലയിൽ നേടിയെടുക്കേണ്ട ഒന്നാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും വിചാരണ വേളയിൽ ആ വിപ്ലവകാരികൾ ശ്രമിച്ചു. 1931 മാർച്ച് 23 ന് ഈ രാജ്യസ്നേഹികൾ ലാഹോർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിലേറ്റപ്പെട്ടു. സത്ലജ് തീരത്തെ ഹുസൈൻവാലയിൽ സംസ്കരിച്ചു.
രാജ്ഗുരു
ശിവറാം രാജ്ഗുരു എന്ന രാജ്ഗുരു ശിവാജിയുടെ ആരാധകനായിരുന്നു. ശിവജിയുടെ ഒളിപ്പോർ യുദ്ധമുറയും അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ഭയം എന്ന വികാരം ഒരിക്കലും പ്രകടിപ്പിക്കാത്ത സ്വഭാവത്തിനുടമ കൂടിയായിരുന്നു രാജ്ഗുരു.
മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഖേദിലാണ് 1908 ഓഗസ്റ്റ് 24 ന് രാജ്ഗുരുവിന്റെ ജനനം. പിന്നീട് വാരണാസിയിലെത്തിയ അദ്ദേഹം സംസ്കൃതത്തിലും ഹിന്ദു പുരാണങ്ങളിലും പാണ്ഡിത്യം നേടി. തുടർന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ അംഗമായി. രഘുനാഥ് എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് തുടങ്ങിയവരുമായി ഉറ്റ സൗഹാർദ്ദം പുലർത്തി. നിറയൊഴിക്കുന്നതിൽ അസാമാന്യപാടവം പ്രകടിപ്പിച്ച രാജ്ഗുരുവിനെ സുഹൃത്തുക്കൾ ഗൺമാൻ എന്ന് വിളിച്ചു.
സാന്ഡേഴ്സ്ൻ വധത്തിൽ ഉൾപ്പെട്ടതിന്ററെ പേരിൽ 1929 സെപ്റ്റംബർ 30 ന് പൂനെയിൽ വച്ച് തോക്കുധാരിയായ രാജ്ഗുരു അറസ്റ്റ് ചെയ്യപ്പെട്ടു. 1931 ൽ തൂക്കിലേറ്റപ്പെട്ടു. ജന്മദേശമായ ഖേദ് ഇപ്പോൾ രാജ്ഗുരു നഗർ എന്നറിയപ്പെടുന്നു.
സുഖദേവ്താപർ
1907 മെയ് 15 ന് പഞ്ചാബിലെ ലുധിയാനയിലാണ് സുഖദേവ് താപറിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ പിതാവ് നഷ്ടപെട്ട സുദേവിനെ മാതുലനായ ലാല അചിന്ത് റാമാണ് വളർത്തിയത്.
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ അംഗമായ അദ്ദേഹം സാൻഡേഴ്സൻ വധത്തിൽ പങ്കാളിയായി. പിന്നീട് തൂക്കിലേറ്റപ്പെട്ടു.
1927 ൽ നിയമിക്കപ്പെട്ട സൈമൺ കമ്മീഷൻ 1928 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തി. തദ്ദേശീയനായ ഒരു വ്യക്തി പോലും ഇല്ലാത്ത കമ്മീഷനെ ബഹിഷ്കരിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.
ഒക്ടോബർ 30 ന് കമ്മീഷൻ ലാഹോറിലെത്തി. ബഹിഷ്കരണം പ്രഖ്യാപിച്ചുകൊണ്ട് ലാലാലജ്പത്റായിയുടെ നേതൃത്വത്തിൽ ലാഹോറിൽ പ്രകടനം നടന്നു. പ്രകടനത്തെ പോലീസ് ക്രൂരമായി മർദ്ധിച്ചു. ലാത്തിചാർജിൽ ഗുരുതരമായി പരിക്കേറ്റ റായി മരണപ്പെട്ടു. ഇതിന് ദൃക്സാക്ഷിയായ ഭഗത് സിങ്ങിനെ ഈ സംഭവം ഏറെ പ്രകോപിതനാക്കി. ഇതിന് പ്രതികാരം ചെയ്യാൻ ഭഗത് തീരുമാനിച്ചു.
ചന്ദ്രശേഖർ ആസാദ്, സുഖദേവ്, രാജ്ഗുരു എന്നിവർക്കൊപ്പം ചേർന്ന് 1928 ഡിസംബർ 17 ന് ലാഹോറിലെ പോലീസ് ക്വാർട്ടേഴ്സിന് മുന്നിൽ വച്ച് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സാൻഡേഴ്സനെ വെടിവെച്ചുകൊന്നു.
Read More in Organisation
Related Stories
ഒക്ടോബർ 4, ലോക ജന്തുദിനം (World Animal Day) ജന്തുക്കളോടും അല്പം കരുണയാവാം...
3 years, 5 months Ago
മറുകും മലയും
2 years, 6 months Ago
കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ
2 years, 8 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 7 months Ago
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യം )
3 years, 7 months Ago
വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം
1 year, 8 months Ago
മാർച്ച് ഡയറി
4 years Ago
Comments