Thursday, April 10, 2025 Thiruvananthapuram

കൃഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍; ഡിജിറ്റലാകുന്നു കൃഷിഭവന്‍

banner

2 years, 10 months Ago | 274 Views

സംസ്ഥാനത്തെ കൃഷിക്കാര്‍ക്കെല്ലാം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഓരോ സേവനത്തിനും കൃഷിഭവനുകള്‍ കയറിയിറങ്ങുന്ന സ്ഥിതി മാറുകയും എല്ലാം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം(എ.ഐ.എം.എസ്.) പോര്‍ട്ടല്‍ വഴിയാക്കുകയും ചെയ്യും. ഇതിനായി പോര്‍ട്ടല്‍ നവീകരണം പൂര്‍ത്തിയാകുന്നു. വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ഇനി ഇന്‍ഷുറന്‍സ് പ്രീമിയവും അടയ്ക്കാം. ആറുമാസത്തിനകം പുതിയ ക്രമീകരണം നിലവില്‍വരും. സ്മാര്‍ട്ട് കാര്‍ഡും നല്‍കും. ഡിജിറ്റല്‍ കൃഷിഭവന്‍ എന്ന ആശയംകൂടി ഉള്‍ക്കൊണ്ടാണ് നവീകരണം.

മാറ്റങ്ങള്‍ ഇങ്ങനെ 

* പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ കൃഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിച്ചാണ് നവീകരണം. കൃഷിക്കാര്‍ പ്രാഥമികസംഘങ്ങളെയാണ് അധികവും ആശ്രയിക്കുന്നത്. സംഘത്തില്‍ പ്രീമിയവും മറ്റും അടച്ചശേഷം ചലാന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന രീതിയാണുള്ളത്. ഇതിന് സംഘത്തിലും അക്ഷയകേന്ദ്രത്തിലും പോകേണ്ടതുണ്ട്. പുതിയ ക്രമീകരണത്തില്‍ ഫീസുകളോ പ്രീമിയമോ ഓണ്‍ലൈനായി അടയ്ക്കാം. എസ്.ബി.ഐ.യുടെ സഹകരണം ഇതിന് ലഭിക്കും.

* കേരള ബാങ്ക് സൗകര്യങ്ങള്‍ കൂട്ടുന്നമുറയ്ക്ക് അവരുടെ ലിങ്കും ചേര്‍ക്കും. പണം ഇതിലൂടെയും അടയ്ക്കാം.

* വിള ഇന്‍ഷുറന്‍സില്‍ ചേരുക, വിളനാശവിവരം കൃഷിവകുപ്പിനെ അറിയിക്കുക, സഹായത്തിന് അപേക്ഷ നല്‍കുക എന്നിവയാണ് പോര്‍ട്ടല്‍ വഴി ഇപ്പോള്‍ കിട്ടുന്ന സേവനം. ഓരോ വര്‍ഷവും ഇതിന് ഓരോ കൃഷിക്കാരനും പുതിയ അപേക്ഷയും മറ്റും നല്‍കേണ്ടിവരുന്നു. ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നതോടെ ഓരോ തവണയും പുതിയ രജിസ്‌ട്രേഷന്‍ വേണ്ട. ആ നമ്പറിലുള്ള കൃഷിക്കാരന്‍ എന്താണോ അപ്ലോഡ് ചെയ്യേണ്ടത്, അതുചെയ്ത് പോകാം. 

* കൃഷിഭവനുകള്‍ വഴിയുള്ള പേപ്പര്‍, ഫയല്‍ ജോലികള്‍ കുറയ്ക്കും. കൃഷിഭവനുകള്‍ എ.ഐ.എം.എസില്‍ പൂര്‍ണസേവനത്തോടെ ബന്ധിപ്പിക്കും.

* കൃഷിക്കാര്‍ക്ക് ലഭിക്കുന്ന കാര്‍ഡ് മറ്റ് ഇ-കാര്‍ഡുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് ഉപയോഗിക്കാം.

* വിളനാശത്തിന്റെ ചിത്രങ്ങളും മറ്റും അപ്ലോഡ് ചെയ്യുന്നതില്‍വരുന്ന താമസം. സൈറ്റ് ഹാങ് ആകുന്ന പ്രശ്‌നം എന്നിവ ശേഷികൂട്ടി ഒഴിവാക്കും.

* എസ്.ബി.ഐ. അക്കൗണ്ട് ചേര്‍ക്കാനും കൃഷിക്കാരെ പുതിയ ക്രമീകരണവുമായി പരിചയപ്പെടുത്താനും കൃഷിഭവനുകള്‍തോറും പ്രചാരണം ഉണ്ടാകും.

കാര്‍ഷികസൗഹൃദം

സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യും. സിംഗിള്‍ പോയന്റായി പോര്‍ട്ടലിനെ മാറ്റുകയാണ്. കൃഷിക്കാര്‍ക്ക് മൊബൈല്‍ ആപ്പ് വഴിയും ഇതേ സേവനം കിട്ടും. കൃഷിക്കാരെ ഇത് പരിചയപ്പെടുത്താന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് ചുമതലനല്‍കും.



Read More in Kerala

Comments