Saturday, April 19, 2025 Thiruvananthapuram

രാമായണ പാരായണം സർവ്വ ദുഃഖഹരം : ബി.എസ്. ബാലചന്ദ്രൻ

banner

3 years, 11 months Ago | 503 Views

ഭഗവാൻ മനുജ ജന്മം പൂണ്ട് ഭൂതലേ അവതരിച്ചതാണ് ശ്രീരാമൻ എന്നതു കൊണ്ടുതന്നെ ശ്രീരാമനിലൂടെ ഈശ്വരദർശനം സാധിതപ്രായമാവുന്നു എന്നതാണ് രാമായണത്തിന്റെ വൈശിഷ്ട്യമെന്ന് തുഞ്ചൻ ഭക്തി പ്രസ്ഥാനം  - പഠനകേന്ദ്രം ചെയർമാൻ ബി എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു. 

മനുഷ്യജീവിതത്തിലെ ഭൗതികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളെ കുറിച്ച് ദൃഷ്ടിപഥത്തിൽ തെളിയുംവിധം ഉദാഹരണ  വിശദീകരണങ്ങൾ സഹിതം പ്രതിപാദിക്കുന്ന രാമായണത്തിന്റെ മഹനീയത വിശദീകരിക്കാൻ വാക്കുകൾ തീർത്തും ദുർലഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുഞ്ചൻ ഭക്തിപ്രസ്ഥാനം - പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ കൂടിയായ ബി. എസ്. ബാലചന്ദ്രൻ.

മനുഷ്യനിലെ  അജ്ഞത അകറ്റി അറിവാകുന്ന വെളിച്ചം അവനിൽ സന്നിവേശിപ്പിക്കപ്പെടുന്ന ഗ്രന്ഥമെന്ന നിലയിൽ രാമായണത്തെ 'ഗുരുഗ്രന്ഥ 'മെന്നും അത് വായിക്കുന്നവർക്കും ശ്രവിക്കുന്നവർക്കും രക്ഷാകവചമായി വർത്തിക്കുക മാത്രമല്ല ഉദ്ദിഷ്ടകാര്യസിദ്ദിയുണ്ടാവുന്നുവെന്നതിനാൽ അതിനെ അനുഗ്രഹഗ്രന്ഥമെന്നും പറയുന്നു.

വൈശിഷ്ട്യമാർന്നതും പരിപാവനവുമായ ശ്രീരാമചരിതം  പറയുന്ന രാമായണം നിത്യേന പാരായണം ചെയ്യുകയോ, പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുകയോ ചെയ്യുന്നവർ തങ്ങളുടെ  പാപങ്ങളിൽ നിന്നെല്ലാം മുക്തി നേടി ആയുരാരോഗ്യ സമ്പൽ സമൃദ്ധിയും പുത്ര - പൗത്ര സൗഭാഗ്യവും ഏറെനാൾ അനുഭവിക്കും. സർവ്വോപരി ഏറ്റവുമൊടുവിൽ അവർക്ക് ദേവീ -ദേവന്മാർ സദാ പൂജിക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ ചരണാരവിന്ദങ്ങളെ പ്രാപിക്കാനുമാവും. രാമായണപാരായണവും ശ്രവണവും സർവ്വ പാപഹരവും സർവ്വദുഃഖഹരവുമാണ്.

രാമനാമം ജപിച്ചാൽ ലഭിക്കുന്നത് യാഗം ചെയ്തതിന്റെയോ പുണ്യതീർത്ഥ സ്നാനത്തിന്റെയോ ഫലമാണ്. അനേകം ദാനങ്ങൾ ചെയ്ത ഫലവും രാമായണ പാരായണ - ശ്രവണത്തിലൂടെ കൈവരുന്നു. രാമനാമജപവും ശ്രവണവും മോക്ഷദായകമെന്ന് മഹേശ്വരൻ ശ്രീ പർവ്വതിക്ക് ചൊല്ലിക്കൊടുക്കുന്നുണ്ട്. രാമായണ പാരായണത്തിലൂടെയും ശ്രവണത്തിലൂടെയും ബ്രഹ്മഹത്യാപാപം പോലും നശിക്കും. ഇത് സർവ്വരോഗ സംഹാരത്തിനും കാരണമാവുന്നുവെന്ന്  അഗസ്ത്യമുനി പറഞ്ഞിട്ടുണ്ട്.

ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയത്തെ ഉണർത്തി മോക്ഷപ്രാപ്തിയിലേയ്ക്ക് നയിക്കുവാനുള്ള ശക്തി രാമായണ പാരായണത്തിനും ശ്രവണത്തിനുമുണ്ട്. അത് മുക്തിദായകമാണ്. മാത്രമല്ല പിതൃക്കളെയും സന്തുഷ്ടരാക്കുന്നു. രാമായണം കേൾക്കുന്നവരെ ദേവകളും മുനീന്ദ്രന്മാരും,  ശ്രേഷ്ഠരും, പിതൃക്കളുമെല്ലാം അനുഗ്രഹിക്കുന്നു. രാമായണ പാരായണം നടക്കുന്ന സ്ഥലത്ത് ദേവന്മാരും യക്ഷ - കിന്നര - ഗന്ധർവ്വന്മാരും വിശിഷ്യാ ശ്രീഹനുമാനും സന്നിഹിതരായിരിക്കുമെന്ന് ഉപനിഷത്തുകളിൽ വിവരിക്കുന്നുണ്ട്.

രാമായണത്തിലെ വരികൾ വിതറുന്ന തരംഗങ്ങൾ മനുഷ്യനെ മാത്രമല്ല പക്ഷി -മൃഗാദികളേയും വൃക്ഷ - ലതാദികളെയും അന്തരീക്ഷത്തെ തന്നെയും പരിശുദ്ധമാക്കുന്നു! ഈ തരംഗങ്ങളാൽ മനുഷ്യഹൃദയങ്ങൾ പരിശുദ്ധിനേടി ഈശ്വരചൈതന്യം കൊണ്ടു നിറയ്ക്കപ്പെടുന്നു. സാക്ഷാൽ ഭഗവാന്റെ എല്ലാ ദിവ്യശക്തികളും രാമനാമത്തിൽ പൂർണ്ണമായും നിറയ്ക്കപ്പെട്ടിരിക്കുന്നതായി മാമുനിമാരുടെ സൃഷ്ടികളായ വിശിഷ്ട ഗ്രന്ഥങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാമായണ പാരായണത്തിലൂടെ മനുഷ്യന് ദീർഘായുസ്സ് ലഭിക്കുന്നുവെന്നത് വസ്തുതയാണ്.  ഇത് ഭക്തിപൂർവ്വം ശ്രവിച്ച് മനസ്സിലാക്കിയാൽ അത് കോപത്തെ കീഴടക്കുവാനും പ്രതിസന്ധികളെ സധൈര്യം നേരിടുവാനുമുള്ള ശക്തി ലഭിക്കുമെന്ന കാര്യത്തിലും തർക്കമില്ല. സർവ്വ വിഘ്നഹരമാണ് രാമായണ പാരായണവും ശ്രവണ മെന്നതും പ്രധാനപ്പെട്ട കാര്യമാണ്.

രാമായണം നിരന്തരം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നവർക്ക് മരണഭയമുണ്ടാവില്ലായെന്നതും പ്രത്യേകം ചൂണ്ടിക്കാട്ടപ്പെടുന്നു. വേർപിരിഞ്ഞ ഭാര്യാഭർത്താക്കന്മാർ ഒത്തുചേരുന്നതിനും രാമായണപാരായണവും ശ്രവണവും അത്യുത്തമമാണ്.

രാമായണപാരായണത്തിലൂടെ മനുഷ്യന് ലഭിക്കുന്ന സുഖവും സന്തോഷവും വിവരിക്കാൻ വാക്കുകളില്ല. അത് അനുഭവിച്ചു തന്നെ അറിയേണ്ട കാര്യമാണ്. ഭക്തിപൂർവ്വം തുടർച്ചയായി രാമായണപാരായണം ചെയ്യുകയും ഉത്തമ ഭക്തരുടെ പാരായണം ശ്രവിക്കുകയും ചെയ്യുന്നവർക്ക് അതിന്റെ സദ്ഫലങ്ങൾ ചുരുങ്ങിയ നാളുകൾ കൊണ്ട്തന്നെ അനുഭവവേദ്യമാവുമെന്ന കാര്യത്തിൽ സംശയം വേണ്ട - ബി .എസ് . ബാലചന്ദ്രൻ തുടർന്ന് പറഞ്ഞു. 



Read More in Organisation

Comments