Saturday, April 19, 2025 Thiruvananthapuram

സദ്‌ജന സാന്നിധ്യം ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് രാമായണം പറഞ്ഞുതരുന്നു: ബി.എസ്.ബാലചന്ദ്രൻ

banner

3 years, 3 months Ago | 637 Views

ഐശ്വര്യവും പൂർണ്ണതയുമുള്ള വ്യക്തികളുടെ സാന്നിധ്യവും സഹകരണവും വ്യക്തികൾക്ക് മാത്രമല്ല വീടിനും സ്ഥാപനത്തിനും നാടിനുതന്നെയും ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്ന് രാമായണത്തിലൂടെ വ്യക്തമാക്കപ്പെടുന്നതായി തുഞ്ചൻ ഭക്തിപ്രസ്ഥാനം - പഠനകേന്ദ്രം ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി.

മറിച്ചായാൽ അത് ആകെയുള്ള നാശത്തിനും കഷ്ടതകൾക്കും കാരണമാവുമെന്ന് ലങ്കാലക്ഷ്മി സംഭവത്തിലൂടെ രാമായണം മനസ്സിലാക്കിത്തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുഞ്ചൻ ഭക്തിപ്രസ്ഥാനം - പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു ബി. എസ്. ബാലചന്ദ്രൻ.

ലങ്കയിൽ രാവണന്റെ ദ്വാരപാലകയായിരുന്നു ലങ്കാലക്ഷ്മി. ബ്രഹ്മാവിന്റെ ശാപത്തെത്തുടർന്നാണ് ലങ്കാലക്ഷ്മി ലങ്കയിൽ വന്നു പിറന്നതും രാവണന്റെ ദ്വാരപാലകയായതും. ലങ്കാലക്ഷ്മി ലങ്കയിലെത്തിയതോടെയാണ് ലങ്കയ്ക്ക് സർവ്വ ഐശ്വര്യങ്ങളും കൈവന്നത്. രാജ്യത്തിന്റെ ഭണ്ഡാരം നിറഞ്ഞുകവിയുക മാത്രമല്ല ലങ്കാധിപതിക്ക് ഒട്ടേറെ വരങ്ങൾ ലഭിക്കുകയും അങ്ങിനെ അജയ്യനായി തീരുകയും ചെയ്തു. ഇക്കാര്യം അറിയാമായിരുന്നു രാവണൻ ഭണ്ഡാരത്തിന്റെ ചുമതല ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് ലങ്കാലക്ഷ്മിക്ക് നൽകിയിരുന്നത്.

ലങ്കാലക്ഷ്മിയുടെ പൂർവ്വ ജന്മത്തിലെ പേര് വിജയലക്ഷ്മി എന്നായിരുന്നു. ബ്രഹ്മാവിന്റെ ഭണ്ഡാരം സൂക്ഷിക്കുന്നത് ആയിരുന്നു വിജയലക്ഷ്മിയുടെ ജോലി. ഒരിക്കൽ വിജയലക്ഷ്മി തന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നും ചെറിയ വീഴ്ചകൾ പോലും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും അതുണ്ടായാൽ ദൂരവ്യാപകമായ വൻ നാശങ്ങൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ബ്രഹ്മദേവൻ ലങ്കാലക്ഷ്മിയെ ശപിച്ചു. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വീഴ്ചകളും തെറ്റുകളും മാപ്പ് അർഹിക്കുന്നത് അല്ലെന്നും അതിനു ശിക്ഷ അനുഭവിച്ചേ കൂടു എന്നും വ്യക്തമാക്കി കൊണ്ടായിരുന്നു ശാപം. "ദേവലോകത്തിലെ കൃത്യനിർവഹണത്തിൽ  വീഴ്ചവരുത്തിയ നീ രാക്ഷസ ലോകത്തിൽ പോയി രാവണന്റെ ഗോപുരം കാത്തുകൊള്ളുക" എന്ന് ശപിച്ച ബ്രഹ്മദേവനോട് ലങ്കാലക്ഷ്മി മാപ്പിരന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് ശിക്ഷിക്കപ്പെട്ടതെന്നും അപേക്ഷിച്ചു. മനസ്സലിഞ്ഞ ബ്രഹ്മദേവൻ തെറ്റിന് ശിക്ഷ അനുഭവിക്കാതിരിക്കാൻ എന്നാൽ അറിയാതെ ചെയ്തു പോയ അപരാധമാണെന്നത് കണക്കിലെടുത്ത് ശിക്ഷ ലഘൂകരിക്കാമെന്നും സമ്മതിച്ചു. അതനുസരിച്ചുള്ള ശാപമോക്ഷം നൽകുവാൻ ബ്രഹ്മദേവൻ തീരുമാനിച്ചു. രാവണന്റ്റെ ഗോപുരം കാക്കുന്ന ജോലിയിൽ തുടരുമ്പോൾ ത്രേതായുഗത്തിൽ രാവണൻ അപഹരിക്കുന്ന സീതാദേവിയെ അന്വേഷിച്ച് ശ്രീരാമ ദൂതനായ ഒരു വാനര ശ്രേഷ്ഠൻ ലങ്കയിൽ എത്തുമെന്നും ഹനുമാൻ എന്ന ആ വാനരനെ നീ തടഞ്ഞുനിർത്തുമ്പോൾ  വാനരൻ നിന്നെ അടിച്ചുവീഴ്ത്തുന്നതോടെ നിനക്ക് ശാപമുക്തിയായി ഇങ്ങോട്ടു പോരാൻ കഴിയുന്നതാണെന്നുമായിരുന്നു ശപമോക്ഷം. ഈ വിധത്തിൽ ശാപഫലമായി ലങ്കയിൽ ജനിച്ച വിജയലക്ഷ്മി എന്ന ലങ്കാലക്ഷ്മിയുടെ ഐശ്വര്യ ഫലമായിരുന്നു ലങ്കയുടെ ഐശ്വര്യം.

സീതാന്വേഷണത്തിന് ഭാഗമായി ലങ്കയിലെത്തി ഹനുമാനെ ലങ്കാലക്ഷ്മി തടഞ്ഞുനിർത്തുകയും കോപിഷ്ഠനായ ഹനുമാൻ ലങ്കാലക്ഷ്മി അടിച്ചു വീഴ്ത്തുകയും ചെയ്യുന്നു. അതോടെ ലക്ഷ്മിക്ക് ശാപമോക്ഷം ലഭിക്കുകയും ബ്രഹ്മലോകത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

ലങ്കാലക്ഷ്മി മടങ്ങിയതോടെ ലങ്കയുടെയും  ലങ്കേശ്വരന്റെയും നാശത്തിനു തുടക്കമാവുകയായിരുന്നു ഏറ്റവും ഒടുവിൽ സർവ്വനാശം തന്നെ സംഭവിച്ചു.

ലങ്കാലക്ഷ്മിയുടെ സാന്നിധ്യം ഐശ്വര്യത്തിനും തിരോധാനം നാശത്തിനും കാരണമായി വന്നുഭവിച്ചത് മനുഷ്യരാശിക്ക് രാമായണം നൽകുന്ന ഒരു പാഠമാണ്. ബി.എസ് ബാലചന്ദ്രൻ തുടർന്നു പറഞ്ഞു. 



Read More in Organisation

Comments