Thursday, April 10, 2025 Thiruvananthapuram

വൗച്ചേഴ്‌സ് ഫോര്‍ വാക്‌സിന്‍ : പിസയ്‌ക്ക്‌ വിലക്കിഴിവ്‌ അടക്കം ആകര്‍ഷകമായ സമ്മാനങ്ങൾ

banner

3 years, 8 months Ago | 384 Views

കോവിഡ് 19 പ്രതിരോധ വാക്സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി വമ്പന്‍ വാഗ്ദാനങ്ങളുമായി യു.കെ.സര്‍ക്കാര്‍. വാക്‌സിനെടുത്തവര്‍ക്ക്‌ ഇളവുകളുമായി നിരവധി യാത്രാ ആപ്ലിക്കേഷനുകളും ഭക്ഷണം എത്തിച്ച്‌ നല്‍കുന്ന ആപ്ലിക്കേഷനുകളും രംഗത്തുണ്ട്‌. വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക്‌ തികച്ചും സൗജന്യ യാത്രകളും ഓഫറിലുണ്ട്‌. ഊബര്‍, ബോള്‍ഡ്‌, ഡെലിവെറൂ, പിസ എന്നീ കമ്പനികളാണ്‌ സര്‍ക്കാരിന്‌ പിന്തുണ അറിയിച്ചിട്ടുള്ളത്‌.

വാക്സിനെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിനും കാര്യങ്ങള്‍ പഴയനിലയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡെലിവെറൂ വക്താവ് പറഞ്ഞു. പിസ വാങ്ങുന്നത് പോലെ വാക്‌സിനെടുക്കുന്നതും എളുപ്പമാക്കുകയാണ് ലക്ഷ്യം. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒന്നും രണ്ടും വാക്‌സിന്‍ വേഗത്തിലും എളുപ്പത്തിലും കിട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിസ പില്‍ഗ്രിംസ് സ്ഥാപകന്‍ തോം എലിയറ്റ് പറഞ്ഞു.

വിലക്കിഴിവിന്റെ നേട്ടം സ്വന്തമാക്കാന്‍ ബ്രിട്ടീഷ്‌ ആരോഗ്യസെക്രട്ടറി സാജിദ്‌ ജാവിദ്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. വാക്‌സിനെടുക്കുന്നത്‌ ആളുകളെ ഓര്‍മിപ്പിക്കാന്‍ സന്ദേശം അയക്കാന്‍ ഊബര്‍ തയാറെടുക്കുന്നു. കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടിയുള്ള ഇത്തരമൊരു ഉദ്യമത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്നും ഊബറിന്റെ റീജ്യണല്‍ മാനേജര്‍ ജാമി ഹെയ്‌ വുഡ്‌ പറഞ്ഞു.

പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷം വാക്‌സിന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നുളള സെല്‍ഫിയുള്‍പ്പടെ തെളിവായി കാണിക്കാമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  

യു.കെ.യില്‍ ഇതുവരെ 4.6 കോടി ആളുകള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.  ആകെ ജനസംഖ്യയുടെ (പ്രായപൂര്‍ത്തിയായവര്‍)88.5 ശതമാനം വരുമിത്. 3.8 കോടിപ്പേര്‍ രണ്ട് ഡോസ് വാക്സിനുമെടുത്തു(72.1 ശതമാനം). 18 വയസ്സിനും 29 വയസ്സിനും ഇടയില്‍പ്രായമുള്ള 67 ശതമാനം പേര്‍ വാക്‌സിനെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരും ഉള്‍പ്പെടും. 



Read More in World

Comments

Related Stories