ഇന്ന് ലോക കണ്ടല്‍ ദിനം: മറക്കരുത്, കാവലാണ് കണ്ടല്‍

3 years, 8 months Ago | 696 Views
ഒരു നൂറ്റാണ്ടിനിടെ കേരളത്തില്‍ കുറവുവന്നത് 40 ശതമാനം കണ്ടല്‍കാടുകള്‍. തീരമേഖല പരിപാലന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്ത് തയാറാക്കിയ തീരമേഖല മാനേജ്മെന്റ് പ്ലാനിലാണ് ഈ കണ്ടെത്തല്‍. 700 ചതുരശ്ര കി.മീ. കണ്ടല്‍വനം നിലവില്‍ 17 ചതുരശ്ര കി.മീറ്ററിലേക്ക് ചുരുങ്ങിയെന്നാണ് വനംവകുപ്പിന്റെ കണക്ക്. തീരദേശത്തിന്റെ രക്ഷാ കവചവും ജൈവസമ്പത്തിന്റെ അമൂല്യ കലവറയുമായ കണ്ടല്‍കാടുകള്‍ അപകടകരമാം വിധമാണ് ഇല്ലാതാകുന്നത്.
ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കവുമുള്ള കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രേത്യേകതരം വനമാണ് കണ്ടല്‍ക്കാടുകള്‍. ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇവക്ക് നിത്യഹരിത സ്വഭാവമാണ്. വിവിധതരം മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഇവയെ പ്രകൃതിയുടെ നഴ്സറി എന്നാണ് വിളിക്കുന്നത്. മരം, കുറ്റിച്ചെടി, വള്ളിച്ചെടി വിഭാഗത്തില്‍പെട്ട കണ്ടല്‍വനമുണ്ട്.
ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാന്‍ ഇവക്ക് കഴിയും. തീരദേശങ്ങളില്‍ കണ്ടല്‍ചെടികള്‍ വെച്ചുപിടിപ്പിക്കുന്നത് സമീപത്തെ കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കും. പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷകരാണ് കണ്ടലുകള്‍. തീരശോഷണം തടയാന്‍ കണ്ടലുകള്‍ക്കു കഴിയും. കൊടുങ്കാറ്റ്, സൂനാമി, വെള്ളപ്പൊക്കം എന്നിവയില്‍നിന്ന് തീരത്തിന് സംരക്ഷണമേകും. മത്സ്യ വര്‍ഗങ്ങളില്‍ ഒട്ടുമിക്കവയും പ്രജനനം നടത്തുന്നതും ആഹാര സമ്പാദനം നടത്തുന്നതും കണ്ടല്‍ വനങ്ങളിലാണ്. വേലിയേറ്റ സമയത്ത് കണ്ടല്‍ പ്രദേശത്തേക്ക് വരുന്ന ഇവയുടെ യൗവനാരംഭ വളര്‍ച്ചക്ക് കണ്ടല്‍ പരിസ്ഥിതി സഹായകമാകുകയും പ്രായമാവുന്നതോടെ കടലിലേക്ക് മടങ്ങുകയും ചെയ്യുന്നു. തീരപ്രദേശത്തെ കണ്ടല്‍കാടുകള്‍ ജലത്തില്‍നിന്ന് കരപ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിന്റെ അംശം തടയുന്നു. ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്താനും കണ്ടല്‍ സഹായിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടല്‍കാടുകള്‍ വെട്ടേണ്ട സാഹചര്യം വന്നാല്‍ അതേ അളവില്‍ വെച്ചുപിടിപ്പിക്കണമെന്നാണു നിയമം. ഇത് ഒരിടത്തും പാലിക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഏക്കറുകളോളം കണ്ടല്‍കാടുകളാണ് വെട്ടിനശിപ്പിച്ചത്. സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണ് കണ്ടല്‍കാടുകള്‍ പിഴുതുമാറ്റുന്നത്.
കൊച്ചിയുടെ തീരമേഖലയില്‍ പുതുവൈപ്പിനിലെയും വല്ലാര്പ്പാടത്തെയും കണ്ടല്‍ സാന്നിധ്യത്തിലാണ് കുറവു കണ്ടെത്തിയത്. എറണാകുളത്തെ തീരപ്രദേശങ്ങളിലെല്ലാം പ്രകൃതിദത്ത കണ്ടല്‍ചെടികളുണ്ട്. നാഷനല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ് സി.എം.എഫ്.ആര്.ഐയുമായി ചേര്‍ന്നുനടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 10 തീരദേശ ജില്ലകളില്‍ ഏറ്റവുമധികം കണ്ടല്‍ ഇനങ്ങളുള്ളത് എറണാകുളത്താണെന്ന് കണ്ടെത്തിയിരുന്നു. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്. പുതുവൈപ്പില്‍ എട്ട് ഇനങ്ങള്‍. ഉപ്പട്ടി ഇനമാണ് 75 ശതമാനവും. കാലന് കണ്ടല്‍, ഭ്രാന്തന് കണ്ടല്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ഇനവും കാണാം. പേനക്കണ്ടല്‍, കരക്കണ്ടല് തുടങ്ങി നിര നീളുന്നു.
ഇന്ത്യയില്‍ കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് സി.ആര്.ഇസഡ് (കോസ്റ്റല്‍ റെഗുലേഷന് സോണ്‍) നിയമത്തിന്റെ വ്യവസ്ഥയുണ്ടെങ്കിലും ശരിയായി നടപ്പാക്കുന്നില്ല. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്കും കടല്ക്ഷോഭത്തില്നിന്നുള്ള രക്ഷക്കും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും കണ്ടല്‍കാടുകളുടെ സംരക്ഷണം വരുംതലമുറയെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Read More in World
Related Stories
ഒരു ആഗോള ഉച്ചകോടിക്ക് ആദ്യമായി കേരളം വേദിയായേക്കും
2 years, 11 months Ago
യുഎഇയിലെ ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
3 years, 3 months Ago
ഡിജിറ്റല്‍ വിഭജനം കുറയ്ക്കുക; ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിന പ്രമേയം
3 years, 7 months Ago
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്.
3 years, 10 months Ago
ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
3 years, 5 months Ago
ഏപ്രിൽ 10 - ലോക ഹോമിയോപ്പതി ദിനം
3 years, 12 months Ago
Comments