സ്ത്രീകളോടും കുട്ടികളോടുമുള്ള മാന്യത ആർഷ സംസ്കൃതിയുടെ ഉൽകൃഷ്ട ഭാവം: ബി. എസ്. ബാലചന്ദ്രൻ
.jpg)
4 years, 1 month Ago | 619 Views
സ്ത്രീകൾക്കും കുട്ടികൾക്കും മുന്തിയ പരിഗണന നൽകുക എന്നത് ആർഷസംസ്കൃതിയുടെ ഉൽകൃഷ്ട ഭാവങ്ങളിൽ ഒന്നാണെന്ന് രാമായണം നമുക്ക് ബോധ്യപ്പെടുത്തി തരുന്നതായി ഭക്തിപ്രസ്ഥാനം പഠനകേന്ദ്രം ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ ഇത് വ്യക്തമായി പ്രകടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുഞ്ചൻ ഭക്തി പ്രസ്ഥാനം - പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെട്ടുവരുന്ന രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻകൂടിയായ ബി. എസ്. ബാലചന്ദ്രൻ.
ശ്രീരാമ പത്നി സീതദേവിയെ രാക്ഷസ രാജാവായ രാവണൻ അപഹരിച്ചു കൊണ്ടുപോയ ശേഷം ശ്രീരാമ -ലക്ഷ്മണന്മാർ സീത അന്വേഷണവുമായി അലയവേ ബാലി സഹോദരനും സൂര്യപുത്രനുമായ സുഗ്രീവനുമായി പരസ്പര സഹായ സഖ്യത്തിലേർപ്പെടുകയുണ്ടായി.
വിശിഷ്‌ടവരങ്ങൾ സിദ്ധിച്ചിട്ടുള്ളവനും അതീവ ശക്തനുമായ ബാലിയെ വധിക്കാനായി ശ്രീരാമൻ സുഗ്രീവനേയും ജനകപുത്രിയെ അന്വേഷിച്ച് കണ്ടുപിടിച്ച് കൊണ്ടുവരുന്ന കാര്യത്തിൽ സുഗ്രീവൻ ശ്രീരാമനെയും പരസ്പരം സഹായിക്കുക എന്നതായിരുന്നു സഖ്യം. ഇതനുസരിച്ച് ശ്രീരാമചന്ദ്രൻ ഒളിയമ്പെയ്തു ബാലിയെ വകവരുത്തി. നേരിട്ട് എതിർക്കുന്നവരുടെ പകുതി ശക്തി കൂടി തന്നിൽ വന്നുചേരുമെന്ന വരം ബാലിക്ക് ലഭിച്ചിട്ടുണ്ട്.
ബാലി വധത്തിനുശേഷം ചതുർമാസ്യാനുഷ്ഠാനത്തിനായി പ്രവർഷണ മലയിലേക്ക് തിരികവേ വർഷക്കാലം അവസാനിച്ചാലുടൻതന്നെ സീതാന്വേഷണത്തിനായി താൻ വാനര സൈന്യ സമേതം എത്തുന്നതാണെന്ന് സുഗ്രീവൻ ശ്രീരാമന് വാക്കു നൽകിയിരുന്നു. ബാലിയെ വധിച്ച സുഗ്രീവനെ കിഷ്കിന്ധാ രാജാവായി അഭിഷേകം ചെയ്യിപിച്ചശേഷമായിരുന്നു ശ്രീരാമചന്ദ്രന്റെ പ്രവർഷണ യാത്ര.
എന്നാൽ ബാലിയെ ഭയന്ന് 'ബാലികേറാമല' എന്നറിയപ്പെട്ടിരുന്ന ഋഷി മൂകാചലത്തിൽ കഴിഞ്ഞിരുന്ന സുഗ്രീവനാകട്ടെ അവിചാരിതമായി ലഭിച്ച സ്ഥാനമാനങ്ങളിൽ മോഹിച്ചുവശായി സുഖലോലുപനായി തീർന്നു. സുരപാനത്തിലും രതിക്രീഡകളിലും മയങ്ങി കഴിയുകയായിരുന്ന സുഗ്രീവൻ ശ്രീരാമന് നൽകിയ വാക്ക് വിസ്മരിച്ചു.
വർഷകാലം കഴിഞ്ഞ് ശിശിരം എത്തിയിട്ടും സുഗ്രീവനെ കാണാത്തതിനാൽ വിവരം തിരക്കി വരാൻ ശ്രീരാമൻ സഹോദരൻ ലക്ഷ്മണനെ നിയോഗിച്ചു. സുഗ്രീവനെ വധിക്കരുതെന്നും കാര്യങ്ങൾ മനസ്സിലാക്കി വന്നാൽ മതിയെന്നും പ്രത്യേകം നിർദ്ദേശിച്ചതാണ് ശ്രീരാമൻ ലക്ഷ്മണനെ കിഷ്കിന്ധയിലേക്ക് അയച്ചത്. സുഗ്രീവ കൊട്ടാരത്തിലെത്തിയ ലക്ഷ്മണൻ ബാലി പുത്രനായ അംഗദനാലാണ് ആദ്യം സ്വീകരിക്കപ്പെട്ടത്. സുഗ്രീവന്റെ വാഗ്ദാനലംഘനത്തിലും അധർമ്മ പ്രവർത്തികളിലും കോപിഷ്ഠനായ സൗമിത്രി അംഗദനോട് ഇങ്ങനെ പറഞ്ഞു: "അധർമത്തോട് ഒരുതരത്തിലും സന്ധി ചെയ്യാത്ത ശ്രീരാമദേവന്റെ കല്പന പ്രകാരമാണ് ഞാൻ എത്തിയിരിക്കുന്നത്. സുഗ്രീവൻ വാഗ്ദാനലംഘനം നടത്തിയിരിക്കുന്നു. ഇത് അധർമമാണ് ബാലിയെ കാലപുരിക്കയച്ച അസ്ത്രം ഇപ്പോഴും ശ്രീരാമചന്ദ്രന്റെ പക്കൽ തന്നെയുണ്ടെന്ന് നിന്റെ പിതൃവ്യനെ അറിയിക്കുക....."
സുമിത്ര തനയൻ അതീവ കോപിഷ്ഠനാണെന്ന് മനസ്സിലാക്കിയ അംഗദൻ ഇക്കാര്യം മാതാവ് താരയെ അറിയിക്കുകയും താര അത് സുഗ്രീവ മന്ത്രിയായ ഹനുമാനോട് പറയുകയും ചെയ്തു. ശ്രീരാമ സഹോദരൻ ലക്ഷ്മണൻ കോപാക്രാന്തനായി എത്തിയിരിക്കുന്നു എന്നകാര്യം ഹനുമാനിൽ നിന്നും അറിഞ്ഞ സുഗ്രീവൻ വല്ലാതെ ഭയപ്പെട്ടു. സുരലഹരിയെല്ലാം എങ്ങോട്ടോ പോയി. ഹംസ തൂലികാ ശൈലിയിൽ നിന്നും ചാടിയെഴുന്നേറ്റു 'ഇനിയെന്ത്?' എന്നായി ചിന്ത!
സൗമിത്രിയെ സൗമ്യനാക്കിയില്ലെങ്കിൽ എല്ലാം കുഴപ്പത്തിലാവുമെന്ന് കണ്ട സുഗ്രീവൻ അതിനുള്ള മാർഗ്ഗമായി കണ്ടത് ബാലി പത്നി താരയേയും അംഗദനെയും ഉപയോഗപ്പെടുത്തുക എന്നതാണ്. സുഗ്രീവൻ താരയോട് ഇങ്ങനെ പറഞ്ഞു: " താരേ ..... മനോഹരി...... ഈ നിർണായകഘട്ടത്തിൽ നിനക്കും അംഗദനുമാണ് എന്നെ സഹായിക്കാനാവുക. നിങ്ങൾക്ക് ഇക്കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കാനാവും. ശ്രീരാമ - ലക്ഷ്ണന്മാർ സ്ത്രീകളെയും കുട്ടികളെയും ഏറെ ബഹുമാനിക്കുന്ന വരാണ്. ദശരഥ നന്ദനന്മാർ ആരുംതന്നെ സ്ത്രീകളോടും കുട്ടികളോടും അഹിതമായി പെരുമാറുകയോ അവരുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതിരിക്കുകയോ ചെയ്യുന്നതല്ല! അതിനാൽ ആദ്യം താരയും അംഗദനും പോയി ലക്ഷ്മണ ദേവനോട് സംസാരിച്ചു അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കുക. ലക്ഷ്മണന്റെ കോപത്തെ അടക്കി സമാധാനചിത്തനാക്കാൻ നിങ്ങൾക്കേ കഴിയൂ. അതിനുശേഷം ഞാൻ അദ്ദേഹത്തോട് സംസാരിക്കാം. അതാവും ബുദ്ധിപൂർവ്വം ഉള്ള സമീപനം. നിങ്ങൾ പോയി സംസാരിച്ചു അദ്ദേഹത്തെ ശാന്തനാക്കി ഇവിടേക്ക് കൂട്ടിക്കൊണ്ടുവരിക...."
സുഗ്രീവന്റെ ഉപായം ഫലിച്ചു. താര അംഗദനുമായി എത്തിയപ്പോൾ ലക്ഷ്മണൻ തന്റെ കോപമെല്ലാം ഉള്ളിലൊതുക്കി ആദരപൂർവ്വം താഴെ വണങ്ങി അവരുടെ ക്ഷണം സ്വീകരിച്ച് അവരോടൊപ്പം കൊട്ടാരത്തിലേക്ക് നടക്കുകയും ചെയ്തു. അതിനുശേഷമേ സുഗ്രീവൻ ലക്ഷ്മണന്റെ കൺവെട്ടത്ത് പ്രത്യക്ഷപ്പീട്ടുള്ളു. താരയും അംഗദനും അവിടെനിന്നും മാറും വരെയും ലക്ഷ്മണൻ സുഗ്രീവനോട് കൂടുതൽ പരുഷമായി സംസാരിക്കുകയുണ്ടായില്ല.
അതായത് എത്രതന്നെ കോപിഷ്ഠരായിരുന്നാലും ജ്ഞാനികൾ സ്ത്രീകളോടും കുട്ടികളോടും മാന്യമായേ പെരുമാറുകയുള്ളൂ എന്ന് സാരം.
Read More in Organisation
Related Stories
പി.കെ.വാര്യർ
3 years, 11 months Ago
പാദരക്ഷകൾ പരമ പ്രധാനം
3 years, 8 months Ago
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്
2 years, 2 months Ago
ലീഡർ ലീഡർ മാത്രം
3 years Ago
ചിരി ഒരു മരുന്നാണ്
2 years, 4 months Ago
പ്രവർത്തനവും വിജയവും
3 years, 1 month Ago
Comments