Wednesday, April 16, 2025 Thiruvananthapuram

ജനുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ

banner

3 years, 2 months Ago | 619 Views

ജനുവരി മാസത്തിൽ പ്രത്യേകം ഓർക്കേണ്ടതായ ഒട്ടേറെ ദിവസങ്ങളുണ്ട്.  ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവയെല്ലാംതന്നെ തുല്യ പ്രാധാന്യമർഹിക്കുന്നവയാണ്.  പുതിയവർഷം ആരംഭിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.

പുതുവത്സരദിനം (ജനുവരി 1), ജോൺ മേരി കൂത്താട്ടുകുളം ജന്മദിനം (ജനുവരി 1), മലയാളി മെമ്മോറിയൽ ഭീമഹർജി സമർപ്പണ ദിനം (ജനുവരി 1), സത്യേന്ദ്രനാഥ ബോസ് ജന്മദിനം (ജനുവരി 1),  ജി ശങ്കരപ്പിള്ള ചരമദിനം (ജനുവരി 1), മന്നത്ത് പത്മനാഭൻ ജന്മദിനം (ജനുവരി 2), വീരപാണ്ഡ്യകട്ടബൊമ്മൻ ജന്മദിനം (ജനുവരി 3),  ലൂയി ബ്രെയിലി ജന്മദിനം (ജനുവരി 4),  കലാമണ്ഡലം ഹൈദരാലി ചരമദിനം (ജനുവരി 5),  ഖലീൽജിബ്രാൻ ജന്മദിനം (ജനുവരി 6),  ത്യാഗരാജസ്വാമികൾ ചരമദിനം (ജനുവരി 6), ചന്തുമേനോൻ ജന്മദിനം(ജനുവരി 9),  ഒളപ്പമണ്ണ ജന്മദിനം(ജനുവരി 10),  മാണിമാധവ ചാക്യാർ ചരമ ദിനം (ജനുവരി 15),  കുമാരനാശാൻ ചരമദിനം(ജനുവരി 16),  പ്രേംനസീർ ചരമദിനം (ജനുവരി 16),  വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം (ജനുവരി 20),  പന്തളം കേരളവർമ്മ ജന്മദിനം(ജനുവരി 21), കുഞ്ഞിക്കുട്ടൻതമ്പുരാൻ ചരമദിനം (ജനുവരി 22), വി.കെ.എൻ. ചരമദിനം(ജനുവരി 25), റിപ്പബ്ലിക് ദിനം (ജനുവരി 26), ഡി സി കിഴക്കെമുറി ചരമദിനം (ജനുവരി 28), ഭരത് ഗോപി ചരമദിനം (ജനുവരി 29) അങ്ങനെ പോകുന്നു ആ നിര. 

പുതുവത്സരദിനം

നാം ഇന്നു ഉപയോഗിച്ചുവരുന്നതും ഇംഗ്ലീഷ് കലണ്ടർ എന്ന്  പരാമർശിക്കുന്നതുമായ ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യ ദിനം ആണ് ജനുവരി 1. ന്യൂ ഇയർ ഡേ, പുതുവത്സരദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വരുന്നതിനു മുൻപ് നിലനിന്നിരുന്നത് ജൂലിയൻ കലണ്ടർ ആയിരുന്നു. ജൂലിയസ് സീസർ പരിഷ്കരിച്ച റോമൻ കലണ്ടർ ആണ് ഇത്.  ജൂലിയൻ കലണ്ടറിലെ പരിഷ്കൃത രൂപം  എന്ന നിലയിൽ 1582 പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിൽ വരുത്തിയത്. ലോകമെമ്പാടും ഈസ്റ്റർ ആഘോഷത്തിന്റെ സമയം ഏകീകരിക്കുക എന്നതായിരുന്നു കലണ്ടർ പരിഷ്കരണത്തിന്റെ പ്രധാന ഉദ്ദേശം.  അലോഷ്യസ് എന്ന ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനാണ് ഈ കലണ്ടറിന്റെ  പരിഷ്കർത്താക്കളിൽ പ്രമുഖൻ.

മന്നത്ത് പത്മനാഭൻ

സാമൂഹ്യ പരിഷ്കർത്താവ്, സമുദായ സംഘാടകൻ. 1878 ജനുവരി രണ്ടിന് ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്ത് വീട്ടിൽ ജനനം.  ശരി പേര് മന്നത്ത് പദ്മനാഭപിള്ള. അധ്യാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നായർ സമുദായത്തിൽ നിലനിന്ന ജീർണതകൾ പരിഹരിക്കുന്നതിനായി 1914 ഒക്ടോബർ 31 ന് മന്നത്ത് പത്മനാഭന്റെ  നേതൃത്വത്തിൽ നായർ ഭൃതൃജനസംഘം സ്ഥാപിതമായി. മന്നത്ത് പത്മനാഭനായിരുന്നു ആദ്യത്തെ സെക്രട്ടറി.  1915 നായർ ഭൃതൃജനസംഘം, നായർ സർവീസ് സൊസൈറ്റിയായി (എൻ. എസ്. എസ്) മാറി. 1915 കറുകച്ചാലിൽ സൊസൈറ്റിയുടെ ആദ്യ വിദ്യാഭ്യാസ നയം സ്ഥാപിച്ചു. മറ്റു സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ വന്ന സൊസൈറ്റിയെ സന്നദ്ധമാക്കി. ജാതിക്കെതിരായ സമരത്തിന്റെ ഭാഗമായി സ്വന്തം പേരിലെ പിള്ള എന്ന ജാതി നാമം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.  അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹത്തോടുള്ള സവർണ്ണ ജനതയുടെ പിന്തുണ സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് മന്നം 'സവർണജാഥ' നയിച്ചു.  1947ൽ  സൊസൈറ്റിയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നുകൊണ്ട് രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന പ്രധാന കേരള മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തിനു നേതൃത്വം നൽകി. 'ഭാരതകേസരി', 'സമുദായാചാര്യൻ' എന്നിങ്ങനെ വിശേഷിക്കപ്പെടുന്ന മന്നം 1970 ഫെബ്രുവരി 25ന് അന്തരിച്ചു. 1966 ൽ  പത്മഭൂഷൺ  ബഹുമതി ലഭിച്ചിരുന്നു.  പഞ്ചകല്യാണി നിരൂപണം,  ചങ്ങനാശ്ശേരിയുടെ ജീവചരിത്ര നിരൂപണം,  ഞങ്ങളുടെ എഫ്.എം.എസ്. യാത്ര എന്നീ കൃതികൾക്ക് പുറമേ 'എന്റെ ജീവിതസ്മരണകൾ' എന്ന ആത്മകഥയും രചിച്ചു.  ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ മന്നം നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. 

 മലയാളി മെമ്മോറിയൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിൽ വിദ്യാസമ്പന്നരായ ഇടത്തരക്കാർ പ്രാമുഖ്യം നേടി. രാജ്യത്തുതന്നെ മതിയായ വിദ്യാഭ്യാസമുള്ളവർ ആവശ്യത്തിന് ഉണ്ടായിരിക്കെ ഉയർന്ന സർക്കാർ ഉദ്യോഗങ്ങളിലേക്ക്  പുറത്തുനിന്നുള്ളവരെ, വിശേഷിച്ച് തമിഴ് ബ്രാഹ്മണരെ, ഇറക്കുമതി ചെയ്യുന്ന സർക്കാർ നയത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു മലയാളിമെമ്മോറയലിന്റെ സമർപ്പണം. 

ബാരിസ്റ്റർ ജി. പി. പിള്ളയുടെ നേതൃത്വത്തിൽ നാനാജാതിമതസ്ഥരായ 10,037 പേർ  ഒപ്പുവെച്ച ഭീമഹർജി 1891 ജനുവരി ഒന്നിന് ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചു.  വിദ്യാസമ്പന്നരായ നാട്ടുകാരെ ഉദ്യോഗങ്ങളിൽ നിന്നും ഒഴിവാക്കുന്ന  വസ്തുത മഹാരാജാവിന്റെ  ശ്രദ്ധയിൽകൊണ്ടുവരുന്നതോടൊപ്പം സർക്കാർ നിയമനങ്ങളിൽ ഉചിതമായ ഒരു പങ്ക് നൽകാൻ അപേക്ഷിക്കുകയും ചെയ്ത ഈ ഹർജി പിൻകാലത്ത് മലയാളി മെമ്മോറിയൽ എന്നറിയപ്പെട്ടു. 

 വീരപാണ്ഡ്യകട്ടബൊമ്മൻ

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആറു ദശകം മുൻപ് ബ്രിട്ടീഷ്  സാമ്രാജ്യത്വ ശക്തിയെ വെല്ലുവിളിച്ച ധീരദേശാഭിമാനി.  1760 ജനുവരി മൂന്നിന് ജനനം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പഞ്ചാലൻ കുറിച്ചി എന്ന ദേശത്തിന്റെ അധികാരികളായിരുന്നു വീരപാണ്ഡ്യന്റെ  കുടുംബക്കാർ.  

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു പഞ്ചാലൻ കുറിച്ചി പ്രദേശവും. കമ്പനി കപ്പമായി ആവശ്യപ്പെട്ട ഭീമമായ തുക നൽകാൻ വിസമ്മതിച്ചു. ഇതോടെ ഇദ്ദേഹത്തെ പിടികൂടാൻ കമ്പനി ശ്രമമാരംഭിച്ചു.  എന്നാൽ പുതുക്കോട്ടയിലെ ഭരണാധികാരി ഒറ്റുകൊടുത്തതിന്റെ പേരിൽ വീരപാന്ധ്യനും  അനുചരരും കമ്പനി സൈന്യത്തിന്റെ പിടിയിലായി.  1799 ഒക്ടോബർ 16ന് കായത്താർ  എന്ന സ്ഥലത്ത് വെച്ച് അവർ പരസ്യമായി തൂക്കിലേറ്റപ്പെട്ടു. തന്റെ ഊഴം എത്തിയപ്പോൾ ആരാച്ചാരെ തട്ടിമാറ്റി വീരപാന്ധ്യൻ  സ്വയം കയറെടുത്ത് കഴുത്തിലിട്ടു മരണം ഏറ്റുവാങ്ങുകയായിരുന്നുവെന്നും കരുതപ്പെടുന്നു.  തമിഴ് ഇതിഹാസനായകനായ  അദ്ദേഹത്തിന്റെ പേരിൽ നിരവധി വാഴ്ത്തു പാട്ടുകളും കഥകളും പ്രചാരത്തിലുണ്ട്.  1999 ഒക്ടോബർ 16ന് തൂക്കിലേറ്റപ്പെട്ടതിന്റെ  200 ആം വാർഷിക ദിനത്തിൽ ഭാരത സർക്കാർ വീരപാന്ധ്യന്റെ ബഹുമാനാർത്ഥം തപാൽ മുദ്ര പുറത്തിറക്കി. 

 സത്യേന്ദ്രനാഥ് ബോസ്

ക്വാണ്ടം ബലതന്ത്രത്തിന്റെ  സഹായത്തോടെ ഒരുകൂട്ടം കണങ്ങളുടെ ഊർജ്ജ വിതരണം വിശദീകരിക്കുന്ന സമവാക്യം കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ. 1916ൽ കൊൽക്കത്ത സർവകലാശാലക്ക് വേണ്ടി ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1924ൽ ആൽബർട്ട് ഐൻസ്റ്റീൻ സത്യേന്ദ്രന്റെ  നാഥൻ പ്രബന്ധം ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത പ്രസിദ്ധപ്പെടുത്തി. ഇതോടെ അദ്ദേഹം ലോക പ്രശസ്തനായി. പരമാണുവിലെ  മൗലികകണങ്ങളിലൊരു വിഭാഗത്തിന് ബോസിന്റെ പേരാണ് നൽകപ്പെട്ടിട്ടുള്ളത് -'ബോസോൺ'. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയിലും അദ്ദേഹത്തിന്റെ പേര് പതിഞ്ഞിരിക്കുന്നു. 'ബോസ്: ഐൻസ്റ്റീൻ സാന്ദ്രീകൃതം' മറ്റൊരു ഭാരതീയ ശാസ്ത്രജ്ഞനും ലഭിച്ചിട്ടില്ലാത്ത ഈ ബഹുമതി കരസ്ഥമാക്കിയ സത്യേന്ദ്രനാഥ ബോസ് 1894 ജനുവരി ഒന്നിന് കൊൽക്കത്തയിൽ ജനിച്ചു. തികഞ്ഞ സ്വരാജ്യസ്നേഹി കൂടിയായിരുന്നു ബോസ്.  ഭാരതീയർ അടിമത്വത്തിൽനിന്നും മോചിതർ ആകണമെങ്കിൽ പഠിപ്പിക്കുന്നതും പഠിക്കുന്നതുമൊക്കെ മാതൃക മാതൃഭാഷയിൽ ആയിരിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ശാസ്ത്ര ജനനന്മക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ച

ശാസ്ത്രജ്ഞൻ.  ലണ്ടനിലെ റോയൽ സൊസൈറ്റി അംഗത്വം, പത്മവിഭൂഷൺ, രാജ്യസഭാംഗത്വം തുടങ്ങിയ ബഹുമതികൾ ലഭിച്ചു. 1958 കേന്ദ്രസർക്കാർ ദേശീയ പ്രൊഫസർ പദവി നൽകി ആദരിച്ചു. 1974 ഫെബ്രുവരി നാലിന് അന്തരിച്ചു. 

 മേരി ജോൺ കൂത്താട്ടുകുളം 

കവയിത്രി, നാടകകൃത്ത് സി.ജെ. തോമസിന്റെ  സഹോദരി. 1905 ജനുവരി ഒന്നിന് കൂത്താട്ടുകുളത്ത് ജനനം. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. പ്രഭാത പുഷ്പം ബാഷ്പമണികൾ, അന്തിനക്ഷത്രം, അമ്മയും മക്കളും, കാറ്റു പറഞ്ഞ കഥ തുടങ്ങിയവ പ്രധാനകൃതികൾ. 1998 ഡിസംബർ രണ്ടിന് അന്തരിച്ചു. 

ലൂയി ബ്രെയിലി

1809 ജനുവരി നാലിന് ബ്രെയിലി ലിലിയുടെ  ഉപജ്ഞാതാവായ ലൂയി ബ്രെയിലി ജനിച്ചു. ഫ്രാൻസിലെ കാപ്‌ പ്രേയിൽ ജനിച്ചു.   ചെറുപ്പത്തിൽ സംഭവിച്ച അപകടത്തെ തുടർന്ന് രണ്ട് കണ്ണുകൾക്കും  കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച  നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രത്യേകമായ ലിപി കണ്ടെത്താനുള്ള ശ്രമം ഇതോടെ ആരംഭിച്ചു. 1824 ൽ ബ്രെയിലി ലിപി ലൂയി ബ്രെയിലിയുടെ മരണത്തിന് ശേഷമാണ് ലോക പ്രശസ്തമായത്. 1852 ജനുവരി ആറിന് പാരീസിൽ അന്തരിച്ചു. 

സ്റ്റീഫൻ ഹോക്കിങ്

ഐൻസ്റ്റീനു ശേഷം ലോകം കണ്ട ഏറ്റവും പ്രതിഭാ ധനനായ ശാസ്ത്രജ്ഞൻ.  1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിൽ ജനിച്ചു. 

ലോക പ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീയുടെ മുന്നൂറാം ചരമവാർഷികദിനത്തിലായിരുന്നു ജനനം. കോംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഇരുപത്തിയൊന്നാം വയസ്സിൽ പ്രപഞ്ച ശാസ്ത്രത്തിൽ ബിരുദം നേടി. 

പിന്നീട് നാഡികളെ തളർത്തുന്ന അമിയോട്രോഫിക്  ലാറ്ററൽ സ്ക്ലിറോസിസ് എന്ന രോഗം പിടിപെട്ട് ശരീരം തളരുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്തു. 

എന്നാൽ ധിഷണയുടെ പ്രഭവകേന്ദ്രമായ ഹോക്കിങ്ങിന്റെ  മസ്തിഷ്കത്തിന് ഒരു തളർച്ചയും  ബാധിച്ചില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ചക്ര കസേരയിലായി. അതുവരെ നിലനിന്ന പ്രപഞ്ചോത്പത്തി സിദ്ധാന്തത്തിനും  മറ്റും ശാസ്ത്ര പ്രതിഭാസങ്ങൾക്കും പുതിയ നിർവ്വചനങ്ങൾ നൽകി. 

തമോഗർത്തം  ഊർജ്ജം പുറത്തേക്ക് വിടുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. Brief history of time (1991), The theory of everything (2014) തുടങ്ങിയ പ്രശസ്തങ്ങളായ ശാസ്ത്ര കൃതികൾ രചിച്ചിട്ടുണ്ട്.  

ശാരീരികമായ പരിമിതികൾക്കുള്ളിൽ സ്വയം ക്രമീകരിച്ച്, പരിമിതികളില്ലാത്ത ശാസ്ത്രതത്വങ്ങളെ  കണ്ടെത്തിക്കൊണ്ട് എഴുപത്തിനാലാം വയസ്സിലും ലോകത്തിന് അത്ഭുതവും പ്രചോദനവും പകർന്നുകൊണ്ട് ഇംഗ്ലണ്ടിൽ ജീവിക്കുന്നു. 

'ശാസ്ത്രരംഗത്തെ കണ്ടുപിടുത്തങ്ങളേക്കാൾ കൂടുതൽ ഒരു ചക്ര കസേരയുടെയും  വൈകല്യത്തിന്റെയും പ്രശസ്തനായ വ്യക്തി'  എന്നാണ് ഹോക്കിങ് സ്വയം വിശേഷിപ്പിക്കുന്നത്. ഐൻസ്റ്റീന്റെ അപേക്ഷിക സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സമന്വയിപ്പിച്ച് ജിംഹാർട്ടിൽ എന്ന ശാസ്ത്രജ്ഞനുമായി ചേർന്ന് 1983 -ൽ 'അതിരുകളില്ലാത്ത പ്രപഞ്ചം' എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. 

ഒ. ചന്തുമേനോൻ

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ 'ഇന്ദുലേഖയുടെ രചയിതാവ്. തലശ്ശേരിക്കടുത്ത് നടുവണ്ണൂരിൽ 1847 ജനുവരി 9-ന് ജനിച്ചു. ബാല്യകാലത്തുതന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ സഹോദരിയുടെ സംരക്ഷണയിൽ വളർന്നു. 1864 കോടതിയിൽ ഗുമസ്തനായി.  മലബാർ മാന്വലിന്റെ കർത്താവുകൂടിയായ തലശ്ശേരി സബ് കളക്ടർ വില്യം ലോഗന്റെ ഗുമസ്തനുമായി പ്രവർത്തിച്ചു. 1874 മുൻസിഫും തുടർന്ന് സബ് ജഡ്ജും. 

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതം  പശ്ചാത്തലമാക്കി ചന്തുമേനോൻ രചിച്ച നോവലാണ് 'ഇന്ദുലേഖ'(1889).  ഇംഗ്ളീഷ് നോവലുകളുടെ കഥാസാരം മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് മടുത്താണ് താൻ മലയാളനോവൽ രചനയ്ക്ക്  തുനിഞ്ഞിറങ്ങിയതെന്നു  അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.  'വീട്ടിൽ സാധാരണ സംസാരിക്കുന്ന മലയാള ഭാഷ'യിൽ ആണ് പ്രഥമ നോവൽ രചിച്ചത്. 

1890 ജനുവരിയിൽ വിൽപ്പനയ്ക്ക് വെച്ച ഇന്ദുലേഖ മൂന്നുമാസത്തിനകം മുഴുവൻ പ്രതികളും വിറ്റ് തീർത്ത് ഭാഷയിലെ ആദ്യത്തെ 'ബെസ്റ്റ് സെല്ലർ' കൂടിയായി. രണ്ടാം പതിപ്പിന് പുറകെ നോവൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവലായ ശാരദയുടെ ഒന്നാം ഭാഗം 1892-ൽ  പ്രസിദ്ധപ്പെടുത്തി. 1897-ൽ  ബ്രിട്ടീഷ് സർക്കാർ റാവു ബഹദൂർ സ്ഥാനം നൽകി. ശാരദയുടെ ബാക്കി ഭാഗങ്ങൾ പൂർത്തിയാകും മുൻപ് 1899 സെപ്റ്റംബർ ഏഴിന് അമ്പത്തിരണ്ടാം വയസ്സിൽ അന്തരിച്ചു. 

പ്രവാസി ദിനം

ഭാരതത്തിന്റെ വികസനത്തിനായി പ്രവാസികൾ വഹിച്ച പങ്കിനുള്ള  അംഗീകാരമായി എല്ലാ വർഷവും ജനുവരി 9 "ഭാരതീയ പ്രവാസി നിവാസ്" ആയി ആചരിക്കുന്നു. 1915 ജനുവരി 9 - ന്  മഹാത്മാഗാന്ധി കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം മതിയാക്കി  ലണ്ടൻ വഴി മുംബൈയിൽ മടങ്ങിയതിന്റെ ഓർമ്മകൂടി  ഈ ദിവസത്തിൽ പുതുക്കപ്പെടുന്നു ക്കപ്പെടുന്നു. 

2003 മുതൽ ആഘോഷിച്ചുവരുന്ന ഈ ദിനം പ്രവാസികാര്യ മന്ത്രാലയത്തിന്റെ  ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകൾ എല്ലാവർഷവും ജനുവരിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു. 

സുന്ദർലാൽ ബഹുഗുണ

പരിസ്ഥിതി വാദിയും 'ചിപ്കോ' പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ സുന്ദർലാൽ ബഹുഗുണ 1927 ജനുവരി ഒൻപതിനു ഉത്തരാഖണ്ഡിലെ ഗഡ്വാളിൽ ജനിച്ചു.  

മഹാത്മാ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിലും  സത്യാഗ്രഹസമരത്തിലും വിശ്വസിച്ചിരുന്ന അദ്ദേഹം ഭാരതത്തിലെ ആദ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതിവാദി കൂടിയാണ്.  വൻകിട അണക്കെട്ടുകൾക്കെതിരെ സാധാരണ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ബഹുഗുണയുടെ നേതൃത്വത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ വെട്ടി   നശിപ്പിക്കുന്ന കരാറുകാർക്കെതിരെ അദ്ദേഹം നയിച്ച  ചെറുത്തുനിൽപ്പുകളാണ്  ചിപ്കോപ്രസ്ഥാനം എന്നറിയപ്പെടുന്നത്. 



Read More in Organisation

Comments