Thursday, June 19, 2025 Thiruvananthapuram

എലെയ്ന്‍ തോംസണ്‍ ടോക്യോ ഒളിമ്പിക്‌സിലെ വേഗറാണി

banner

3 years, 10 months Ago | 467 Views

 ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. ലോകത്തെ വേഗതയേറിയ മൂന്ന് താരങ്ങളും ഇത്തവണ ജമൈക്കയില്‍ നിന്നാണ്. 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക്‌ റെക്കോഡോടെയാണ് എലെയ്ന്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് എലെയ്ന്‍ തോംസണ്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ന്‍ തോംസണ്‍ ആയിരുന്നു. 10.72 സെക്കന്‍ഡിലായിരുന്നു അന്ന് എലെയ്ന്‍ ഫിനിഷ് ചെയ്തത്.

സ്വര്‍ണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക്  ചമ്പ്യാനുമായ  ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ്‍ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).

ഒളിംപിക്‌സ് റെക്കോര്‍ഡിനു പുറമെ വനിതകളുടെ 100 മീറ്ററില്‍ എക്കാലത്തെയും മികച്ച രണ്ടാമത്തെ സമയം കൂടിയാണ് എലയ്ന്‍ കുറിച്ചത്. യുഎസ് താരം ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്നര്‍ 1988ല്‍ കുറിച്ച 10.49 സെക്കന്‍ഡ് മാത്രമാണ് എലയ്ന്  മുന്നിലുള്ളത്. ഇതിനു പുറമെ എലയ്ന്‍ കുറിച്ച 10.61 സെക്കന്‍ഡിലും ഫ്‌ളോറന്‍സ് ഗ്രിഫിത് 100 മീറ്റര്‍ ദൂരം താണ്ടിയിട്ടുണ്ട്.

ഫ്‌ളോറന്‍സ് ഗ്രിഫിത് 1988ലെ സോള്‍ ഒളിംപിക്‌സിൽ കുറിച്ച 10.62 സെക്കന്‍ഡിന്റെ ഒളിമ്പിക് റെക്കോര്‍ഡാണ് എലയ്ന്‍ നിലവില്‍ മറികടന്നത്. രണ്ടു തവണ ഒളിംപിക്‌സ് സ്വര്‍ണം നേടിയ നാട്ടുകാരിയായ ഷെല്ലി ആന്‍ ഫ്രേസറെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് എലയ്ന്‍ സ്വര്‍ണം സ്വന്തം പേരിലാക്കിയത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ട്രാക്കില്‍നിന്നും വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ മുപ്പത്തിനാലുകാരിയായ ഷെല്ലി ആന്‍ ഫ്രേസറുടെ വെള്ളി നേട്ടവും ശ്രദ്ധേയമായി. ഈ വര്‍ഷത്തെ തന്റെ മികച്ച സമയം കുറിച്ചാണ് (10.63) ഷെല്ലി ഒളിമ്പിക്‌സിന് എത്തിയത്. സെമിയില്‍ 10.73 സെക്കന്‍ഡില്‍ ഓടിയെത്തിയും ഒന്നാം സ്ഥാനത്തോടെ ഫൈനലില്‍ കയറിയ ഷെല്ലിക്ക്, ആ പ്രകടനം മെച്ചപ്പെടുത്താനായില്ല. 2008, 2012 ഒളിംപിക്‌സുകളില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് ഷെല്ലി.



Read More in Sports

Comments

Related Stories