Friday, April 18, 2025 Thiruvananthapuram

"കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ " നവംബർ 1 : കേരളപ്പിറവിദിനം

banner

3 years, 5 months Ago | 441 Views

നവംബർ 1 : കേരളപ്പിറവിദിനം. പല ദേശങ്ങളായി പല മലയാളം പറഞ്ഞവർ 1956 നവംബർ 1 ന് "നമ്മളൊന്നാണേ" എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപം കൊണ്ടു.

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം. വിസ്തീർണം 38863 ചതുരശ്ര കിലോമീറ്റർ. കേരളത്തിന് 580 കിലോമീറ്റർ തീരദേശമുണ്ട്. നദികൾ 44 ആണ്. ജില്ലകളാവട്ടെ 14 ഉം. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകൾ 1949 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. 1957 ജനുവരി ഒന്നിന് പാലക്കാട് ജില്ലയും കോഴിക്കോട് ജില്ലയും കണ്ണൂർ ജില്ലയും നിലവിൽ വന്നു. 1957 ആഗസ്റ്റ് 19 ന് ആലപ്പുഴ ജില്ലയും. എറണാകുളം ജില്ല 1958 ഏപ്രിൽ ഒന്നിനും. 1969 ജൂൺ 16ന് മലപ്പുറം ജില്ലയും നിലവിൽ വന്നപ്പോൾ 1980 നവംബർ ഒന്നിന് വയനാട് ജില്ല രൂപം കൊണ്ടു. 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപം കൊണ്ടപ്പോൾ 1984 മെയ് 24 നാണ് കാസർകോട് ജില്ല നിലവിൽ വന്നത്.

സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചേലക്കാടൻ ആയിഷയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1990 ഫെബ്രുവരി 4 ന് അന്നത്തെ പ്രധാനമന്ത്രി വി.പി .സിംഗ് എറണാകുളം ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരത 94 ശതമാനമാണ്. സാക്ഷരതയിൽ മുന്നിലുള്ള മറ്റ് ജില്ലകൾ പത്തനംതിട്ട, കോട്ടയം എന്നിവയാണ്.

കേരളത്തിൽ 1952 ൽ എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിച്ചു. 1953 - 54  മുതൽ യു.പി.ക്ലാസ്സിൽ ഹിന്ദി പഠനം ആരംഭിക്കുകയുണ്ടായി. 1990 - 91 അധ്യയന വർഷം ഹയർ സെക്കൻഡറി കോഴ്സുകളും 1983 - 84 വർഷം വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളും നിലവിൽ വന്നു.  

ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'രാജ്യസമാചാര'മാണ് മലയാളത്തിലെ ആദ്യ പത്രം. 1947 ജൂണിലാണ് ഇത് പുറത്തിറങ്ങിയത്. 1887 ൽ പ്രസിദ്ധീകരിച്ച 'കേരളം മിത്ര' മാണ് ആദ്യ വൃത്താന്ത പത്രം.

കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് 1982 ജനുവരിയിലാണ്. തിരുവനന്തപുരത്തുനിന്നുമായിരുന്നു സംപ്രേഷണം. 1985 ജനുവരി രണ്ടിന് ദൂരദർശൻ മലയാള സംപ്രേഷണം തുടങ്ങി. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും പരിഹരിക്കുന്നതിനുമായി ദൂരദർശൻ, ആകാശവാണി എന്നിവയിൽ ആരംഭിച്ച പരിപാടിയാണ് 'സുതാര്യ കേരളം'.

1943 മാർച്ച് 12 ണ് കേരളത്തിൽ റേഡിയോ സംപ്രേഷണം ആരംഭിച്ചു. കേരളത്തിലെ ആദ്യ റേഡിയോ നിലയം തിരുവനന്തപുരത്താണ്. തുടർന്ന് 1950 ൽ കോഴിക്കോട്, 1954 ൽ തൃശ്ശൂർ, 1971 ൽ ആലപ്പുഴ, 1989 ൽ കൊച്ചി, 1991 ൽ കണ്ണൂർ, 1994 ൽ ദേവികുളം എന്നിവിടങ്ങളിലും റേഡിയോ നിലയങ്ങൾ ആരംഭിച്ചു.

"മൃദുദവയേ ദൃഢകൃത്യേ" ഇതാണ് കേരളപോലീസിന്റെ ആപ്തവാക്യം. പോലീസിന്റെ മേധാവി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി.) ആണ്. 2011  ഫെബ്രുവരി 2 മുതൽ പോലീസ് കോൺസ്റ്റബിൾ എന്നത് സിവിൽ പോലീസ് ഓഫീസർ എന്നും ഹെഡ് കോൺസ്റ്റബിൾ എന്നത് സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നും പേരുമാറ്റുകയുണ്ടായി. മെച്ചപ്പെട്ട പൊതുജന - പോലീസ് സൗഹൃദം ഉണ്ടാക്കുന്നതിന് 2008 -മാർച്ച് 28 ന് ആരംഭിച്ച പരിപാടിയാണ് 'ജനമൈത്രി' സുരക്ഷാ പദ്ധതി. കേരളപോലീസ് നിയമം നിലവിൽ വന്നത് 1960 ലാണ്. 1973 ൽ കോഴിക്കോട്ട് ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്നു.

1998 മെയ് 17 മലപ്പുറം ജില്ലയിലാണ് കുടുംബശ്രീ പദ്ധതി ആരംഭിച്ചത്. ഇന്ന് ഇന്ത്യയിൽത്തന്നെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പരിപാടിയായി ഇത് മാറി. ദാരിദ്ര്യനിർമ്മാർജ്ജനമാണ് കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ചൂഷണത്തിനും അക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തിര സഹായവും നിയമസഹായവും ലഭ്യമാക്കാനായി കുടുംബശ്രീ ആരംഭിച്ച അഭയകേന്ദ്രമാണ് 'സ്നേഹിത'.

കേരളത്തിൽ 1996 മാർച്ച് 14 ന് സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. കാലാവധി 5 വർഷം. വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ കവയിത്രി സുഗതകുമാരിയാണ്.

1957 മാർച്ച് 31 ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്നു. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ജലവൈദ്യുത നിലയങ്ങൾ വഴിയാണ്. കേരളത്തിൽ 24 ജലവൈദ്യുതി നിലയങ്ങളുണ്ട്.

1940 -ൽ ആരംഭിച്ച പള്ളിവാസലാണ് കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാവട്ടെ ഇടുക്കിയും. 1976 ഫെബ്രുവരി 12 നാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ ആദ്യ ആർച്ച് ഡാമാണ് ഇടുക്കി ഡാം.



Read More in Organisation

Comments