Saturday, April 19, 2025 Thiruvananthapuram

ഫെബ്രുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ

banner

2 years, 1 month Ago | 600 Views

ഫെബ്രുവരി 1 - ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ദിനം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഫെബ്രുവരി 1 നാണ് സ്ഥാപിതമായത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 47-ാമത് റൈസിംഗ് ഡേ ഈ വര്‍ഷം ആചരിക്കും. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിലും ഇന്ത്യയുടെ മാരിടൈം സോണുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിലും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

• ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

•ഫെബ്രുവരി 4 – ലോക അർബുദ ദിനം

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു.  അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ" (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

• ഫെബ്രുവരി 12 – ഡാർവ്വിൻ ദിനം

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്[ക] ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882). ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.

• ഫെബ്രുവരി 13 ലോക റേഡിയോ ദിനം

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.

1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.

• ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ആചരിക്കപ്പെടുന്നു.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

• ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാ ദിനം

1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.

ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

• ഫെബ്രുവരി 22 - ലോക സ്‌കൗട്ട് ദിനം 

എല്ലാ വര്‍ഷവും ഫെബ്രുവരി 22 ലോക സ്‌കൗട്ട് ദിനം ആഘോഷിക്കുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്‌കൗട്ടുകള്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ സ്ഥാപക ദിനം ആഘോഷിക്കുന്നു. സ്‌കൗട്ടിംഗിന്റെ സ്ഥാപകനായ ലോര്‍ഡ് ബേഡന്‍-പവലിന്റെ ജന്മദിനമാണ് ഈ ദിവസം.

• ഫെബ്രുവരി 28 – ദേശീയ ശാസ്ത്രദിനം

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.



Read More in Organisation

Comments