മനുഷ്യർ പാലിക്കേണ്ടതും അരുതാത്തതുമായ എല്ലാം രാമായണത്തിലുണ്ട്: ബി. എസ്. ബാലചന്ദ്രൻ

2 years, 4 months Ago | 205 Views
മനുഷ്യൻ തന്റെ ജീവിതത്തിൽ പുലർത്തേണ്ടതും അരുതാത്തതുമായ എല്ലാ കാര്യങ്ങളും പ്രത്യക്ഷ സംഭവങ്ങളിലൂടെയും ഉദാഹരങ്ങളിലൂടെയും വ്യകതമായി ഉദ്ബോധിപ്പിക്കുന്ന മഹദ് ഗ്രന്ഥമാണ് രാമായണമെന്ന് തുഞ്ചൻ ഭക്തിപ്രസ്ഥാനം പഠനകേന്ദ്രം ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു.
മനുഷ്യന്റെ ഏതൊരു പ്രവർത്തിയും ധർമ്മനീതികളിലധിഷ്ഠിതമായിരിക്കേണ്ടതിന്റെ അനിവാര്യതയിലേയ്ക്കും അത് വിരൽ ചൂണ്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുഞ്ചൻ ഭക്തിപ്രസ്ഥാനം-പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന രാമായണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ബി.എസ്. എസ് ദേശീയ ചെയർമാൻ കൂടിയായ ബി.എസ്. ബാലചന്ദ്രൻ.
തങ്ങളെ അഭയം പ്രാപിച്ചവരും തങ്ങൾ അഭയം നൽകിയവരുമായവരെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടത് കടമയും ധർമ്മവുമാണെന്ന് രാമായണത്തിൽ പല ഘട്ടങ്ങളിലും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
രാമ-രാവണ യുദ്ധവേളയിൽ ഒരു ഘട്ടത്തിൽ അസുരസൈന്യത്തെ താൻ നേരിട്ടുകൊള്ളാമെന്നു വ്യക്തമാക്കിക്കൊണ്ട് ലക്ഷ്മണനോട് വാനര സൈന്യത്തെ സംരക്ഷിച്ചുകൊള്ളുവാൻ ശ്രീരാമദേവൻ നിർദേശിക്കുന്നുണ്ട്. ലക്ഷ്മണനെ സഹായിക്കുന്നതിനായി ഹനുമാൻ, സുഗ്രീവൻ, വിഭീഷണൻ എന്നിവരെകൂടി നിയോഗിക്കുകയും ചെയ്യുന്നു. ഈയവസരത്തിൽ ശ്രീരാമനോട് ഹനുമാൻ അപേക്ഷിക്കുന്നത് ശ്രീരാമദാസനായ തന്റെ തോളിൽ ഇരുന്ന് അസുരന്മാരോട് യുദ്ധം ചെയ്യാൻ കനിവുണ്ടാകണം എന്നാണ്. എന്നാൽ ഹനുമാൻറെ ആഗ്രഹത്തോട് ശ്രീരാമൻ അനുകൂലിച്ചില്ല. ശ്രീരാമദേവൻ ഹനുമാനോട് ഇങ്ങനെയാണ് പറഞ്ഞത്: "ഭക്താ വായുപുത്രാ....., ഇന്ദ്രജിത്തിനോട് യുദ്ധം ചെയ്ത് അവനെ വധിക്കുവാൻ ലക്ഷ്മണനു കഴിഞ്ഞത് നിന്റെ പിൻബലം കൊണ്ടായിരുന്നു; ഒരർത്ഥത്തിൽ പറഞ്ഞാൽ ലക്ഷ്മണന്റെ വിജയം നിന്റെ വിജയമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ലക്ഷ്മണനെ സഹായിക്കുവാനായി ഒപ്പം പോവുക...." എന്നായിരുന്നു. വാനരസൈന്യത്തിന്റെ സംരക്ഷണത്തിനായി ലക്ഷ്മണൻ, സുഗ്രീവൻ, ഹനുമാൻ, വിഭീഷണൻ എന്നിവരെ അയച്ചശേഷം ശ്രീരാമദേവൻ പടച്ചട്ട മുറുക്കുന്നതിനൊപ്പം പറയുന്നുണ്ട് "വാനരവീരന്മാരേ......, നിങ്ങളാരും എന്നെ സഹായിക്കുവാൻ എടുത്തുചാടി പുറപ്പെടേണ്ടതില്ല. ഇവരെയൊക്കെയും ഞാൻ ഒറ്റയ്ക്കു നേരിട്ടു കൊള്ളാം......" ഇതുപറഞ്ഞ് ശ്രീരാമൻ യുദ്ധം തുടങ്ങി. അതിഘോരമായിരുന്നു യുദ്ധം. ലക്ഷക്കണക്കിന് അസുര വീരന്മാരെ ശ്രീരാമദേവൻ ഒറ്റയ്ക്കാണ് നേരിട്ടത്. എതിർപക്ഷത്ത് എത്ര അസുരന്മാരുണ്ടോ അത്രയും തന്നെ രാമന്മാരുണ്ടെന്ന് തോന്നിക്കുംവിധമായിരുന്നു ശ്രീരാമചന്ദ്രന്റെ യുദ്ധം. അന്നേരം ശ്രീരാമൻ സൂര്യബിബംപോലെ ജ്വലിച്ചു. ദേവനുചുറ്റും കനകപ്രഭാപൂരം! അസുരസൈന്യവും ശ്രീരാമദേവനും തമ്മിലുള്ള യുദ്ധത്തിൽ എതിർപക്ഷത്തെ പടയുടെ മുക്കാൽഭാഗവും നശിച്ചു. അവർ എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നുനിന്നു.
ഈ സമയത്ത് രാവണൻ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള വാനരസൈന്യത്തെ ആക്രമിച്ചു. രാക്ഷസ സൈന്യവും വാനരസൈന്യവും തമ്മിൽ അതിഘോരയുദ്ധമാണ് നടന്നത്. അനേകം രാക്ഷസർ മരിച്ചുവീണു. ലക്ഷ്മണൻറെ സഹായിയായി ഹനുമാൻ ജാഗ്രതയോടെ ഉണ്ടായിരുന്നു. തന്റെ സ്വാമിയുടെ നിർദേശം ഹനുമാൻ കടുകിട വ്യത്യാസമില്ലാതെ പാലിച്ചു. ഹനുമാനേയും ലക്ഷ്മണനേയും തടയാതിരുന്നാൽ രാക്ഷസപ്പട മുച്ചൂടും നശിച്ചുപോകുമെന്നുകണ്ട രാവണൻ അവരെ രണ്ടുപേരെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായി പോരാട്ടം. ഉഗ്രശക്തിയോടെയും കടുത്ത കോപത്തോടെയും രാവണൻ ലക്ഷ്മണ-ഹനുമാൻമാർക്ക് നേരെ യുദ്ധം തുടർന്നു. ലക്ഷ്മണനു നേരെ രാവണൻ തൊടുത്ത ശരങ്ങളെല്ലാം തന്നെ നിഷ്ഫലമായി. അതേസമയം ലക്ഷ്മണൻറെ ശരങ്ങൾ രാവണനിൽ തുളച്ചുകയറുന്നുമുണ്ടായിരുന്നു. രാവണന് പരിഭ്രമമായി. എങ്ങിനെയും ലക്ഷ്മണനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോഹാസ്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. ഏതു രൂപത്തിലാണ് മോഹാസ്ത്രം ലക്ഷ്യസ്ഥാനത്തെത്തുക എന്നു പറയാനാവില്ല. മോഹാസ്ത്രത്തിലൂടെ ലക്ഷ്മണനെ വീഴ്ത്താം എന്നുകരുതി രാവണൻ അത് പ്രയോഗിച്ചു. രാവണൻ തൊടുത്തുവിട്ട അസ്ത്രം ഏതാണെന്ന് പെട്ടന്നുതന്നെ മനസിലാക്കിയ വിഭീഷണൻ "ഉടനെ നാരായണാസ്ത്രം പ്രയോഗിക്കുക" എന്ന് ലക്ഷ്മണനോട് വിളിച്ചുപറഞ്ഞു. വിഭീഷണൻറെ ഉപദേശമനുസരിച്ച് ലക്ഷ്മൺ ഞൊടിയിടകൊണ്ട് നാരായണാസ്ത്രം പ്രയോഗിച്ചു. രാവണൻ തൊടുത്തുവിട്ട മോഹസ്ത്രത്തെ ലക്ഷ്മണന്റെ നാരായണാസ്ത്രം ഫലപ്രദമായി തടഞ്ഞു. താൻ അയച്ച അസ്ത്രം നിഷ്ഫലമാകാൻ കാരണം വിഭീഷണനാണെന്നു
മനസ്സിലാക്കിയ രാവണൻ ക്രോധത്താൽ അഗ്നിവമിക്കുന്ന കണ്ണുകളോടെ വിഭീഷണനെ നോക്കി. തുടർന്ന് തന്റെ പക്കലുള്ള ദിവ്യമായ വേൽ ഉറയിൽ നിന്നും ഊരിയെടുത്തു. ഇതുകണ്ട വിഭീഷണൻ ലക്ഷ്മണനോടായി പറഞ്ഞു: "രാവണൻ ദിവ്യമായ വേൽ പ്രയോഗിക്കാനൊരുങ്ങുകുയാണ്. അത് രാവണന്റെ വിവാഹവേളയിൽ മണ്ഡോദരിയുടെ പിതാവ് സമ്മാനമായി നൽകിയതാണ് അത്. അതിനെ തടുക്കാൻ മറ്റൊന്നിനുമാവില്ല......" ഇത് പറഞ്ഞുതീരുംമുമ്പ് തന്നെ രാവണൻ വിഭീഷണനുനേരെ വേൽ പ്രയോഗിച്ചുകഴിഞ്ഞിരുന്നു. ഇതുകണ്ട ലക്ഷ്മണൻ പൊടുന്നനെ വിഭീഷണനു മുമ്പിലേയ്ക്ക് ചാടിവീണുനിന്നു. "കുമാരാ അരുത്; അരുത്" എന്ന് വിഭീഷണൻ വിളിച്ചുപറഞ്ഞുവെങ്കിലും അതിനുമുമ്പ് തന്നെ ലക്ഷ്മണൻ വിഭീഷണനുമുമ്പിലെത്തി നിന്നു കഴിഞ്ഞിരുന്നു. രാവണൻ എറിഞ്ഞ വേൽ ലക്ഷ്മണന്റെ മാറിലാണ് തറച്ചത്. ലക്ഷ്മൺ മോഹാലസ്യപ്പെട്ട് നിലത്തു വീണു. ഇതുകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് വിഭീഷണൻ ലക്ഷ്മണനെ വാരിയെടുത്ത് മടിയിൽ കിടത്തിയശേഷം പറഞ്ഞു: "ലക്ഷ്മണകുമാരാ അങ്ങ് എന്ത് അവിവേകമാണ് കാണിച്ചത്?" അത് അർദ്ധബോധാവസ്ഥയിൽ ലക്ഷ്മൺ മറുപടി പറഞ്ഞു: "അവിവേകമെന്നോ.....? എന്ത് അവിവേകം....? അങ്ങ് ഞങ്ങളെ അഭയം പ്രാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അങ്ങയുടെ ജീവൻ രക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഞങ്ങളുടെ ജീവൻ നൽകിയും അങ്ങയുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് .....ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും ലക്ഷ്മണൻ പൂർണമായും ബോധരഹിതനായി. വിഭീഷണൻ ഉച്ചത്തിൽ നിലവിളിച്ചുകരഞ്ഞു. അതുകേട്ട് ഹനുമാനും ജാംബവാനും സുഗ്രീവനുമെല്ലാം ഓടിയെത്തി. കാര്യങ്ങൾ ഗ്രഹിച്ച ജാംബവാൻ ഹനുമാന്റെ മുഖത്തേയ്ക്ക് നോക്കി. ജാംബവാന്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ ഹനുമാൻ പെട്ടന്നുതന്നെ കൈലാസത്തെ ലക്ഷ്യമാക്കി ചാടി വായുവേഗത്തിൽ പാഞ്ഞു. അൽപ്പസമയത്തിനുള്ളിൽ തന്നെ ഹനുമാൻ കൈലാസത്തിലെ മരുത്വാമലയിലുള്ള ദിവ്യഔഷധവുമായിൽ മടങ്ങിയെത്തി. ഔഷധം ലക്ഷ്മണൻറെ നാസികയ്ക്കുസമീപം കൊണ്ടുചെന്നപ്പോൾ തന്നെ ഉറക്കത്തിൽനിന്നും ഉണർന്നെഴുന്നേറ്റതുമാതിരി ലക്ഷ്മണൻ എഴുന്നേറ്റ് ഹനുമാനെ ആശ്ലേഷിച്ചു.
തുടർന്ന് എല്ലാവരുമായി ശ്രീരാമസന്നിധിയിലേക്ക് പോയി. അവിടെയെത്തി അവർ എല്ലാ വിവരങ്ങളും ശ്രീരാമദേവനോട് പറഞ്ഞു. ശ്രീരാമൻ ഹനുമാനെ ആശ്ലേഷിച്ച് ഇങ്ങിനെ പറഞ്ഞു. ഭക്താ........ വായുപുത്രാ.......... നീയുള്ളപ്പോൾ അസാധ്യമായത് ഒന്നുമില്ല. ഈ പ്രപഞ്ചമുള്ള കാലത്തോളം നീ വാഴുക...... " തുടർന്ന് ലക്ഷ്മണനോടായി പറഞ്ഞു: "അനുജാ ലക്ഷ്മണാ നീ ചെയ്തത് നന്നായി. ചെയ്യേണ്ടത് തന്നെയാണ് ചെയ്തത്. വിഭീഷണനെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മെ അഭയം പ്രാപിച്ചവർക്കു ഒരു അപകടവും സംഭവിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതാണ് ധർമ്മം; അതാണ് നീതി; അത് നീ പാലിച്ചിരിക്കുന്നു...... സൂര്യവംശത്തിന്റെ പാരമ്പര്യം നീ നിലനിറുത്തി. നമ്മുക്ക് സന്തോഷമായി......" എല്ലാവരും ഭക്തിയോടെ ശ്രീരാമദേവനെ നമസ്കരിച്ചു- ബി. എസ്. ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.
Read More in Organisation
Related Stories
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ
3 years, 3 months Ago
വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം
1 year, 8 months Ago
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
2 years, 10 months Ago
പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ
3 years, 9 months Ago
ഇ. മൊയ്തു മൗലവി
2 years, 5 months Ago
അഹിംസ
11 months Ago
മണിപ്രവാളം
3 years, 4 months Ago
Comments