Friday, April 18, 2025 Thiruvananthapuram

ഫെബ്രുവരി ഡയറി

banner

2 years Ago | 191 Views

ഫെബ്രുവരി 1

അമേരിക്കയുൾപ്പെടെ ലോകമഹാരാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച നിരക്ക് ശരാശരി മൂന്നു  ശതമാനത്തിലേക്ക് താഴ്ന്നു നിൽക്കെ ഈ സാമ്പത്തികവർഷം ഇന്ത്യയുടെ ജി.ഡി.പി ഏഴു ശതമാനത്തിലെത്തും.

ഉയർന്ന പി.എഫ്. പെൻഷൻ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം  നിലനിൽക്കുന്നതിനിടെ 2014 ന് ശേഷം വിരമിച്ചവർക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം പി. എഫ്.ഒ  വെട്ടിക്കുറച്ചു.

 ഫെബ്രുവരി - 2 

ഇടത്തരക്കാരെയും  ക്ഷേമ, തൊഴിൽ പരിശീലന പദ്ധതികളിലൂടെ സ്ത്രീകളെയും യുവാക്കളെയും ചേർത്തുപിടിച്ച് രണ്ടാം മോദി സർക്കാരിന്റെ ഒടുവിലത്തെ സമ്പൂർണ്ണ ബഡ്ജറ്റ്.

വാഹനമിടിച്ച്  പരിക്കേറ്റയാൾക്ക് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന കാരണത്താൽ തേർഡ്പാർട്ടി ഇൻഷ്വറൻസ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. തേർഡ് പാർട്ടിക്ക് ഇൻഷ്വറൻസ് കമ്പനി തുക കൈമാറണം.

 ഫെബ്രുവരി - 3 

കടുവകളും ആനകളും ഉൾപ്പെടെ വന്യജീവികൾ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നതിന് പിന്നിൽ ഭക്ഷണം ലഭ്യമല്ലാത്തതും വനവിസ്തൃതി മതിയാകാത്തതുമെന്ന് വനംവകുപ്പിൻറെ  വിലയിരുത്തൽ. 

ചൈനീസ് നിയന്ത്രണത്തിനുള്ള 138 വാതുവയ്പ് ആപ്പുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ലോൺ ആപ്പുകളിലൂടെ ചെറിയ വായ്പയെടുത്തവർപോലും ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ഫെബ്രുവരി - 4 

സംസ്ഥാനത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലും കിഫ്ബിയും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു. സംസ്ഥാനത്തെ കെട്ടിടങ്ങൾക്ക് ഗ്രീൻ ബിൽഡിംഗ് ആശയങ്ങളും ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

 ഫെബ്രുവരി - 5 

കാർഗിൽ യുദ്ധത്തിന്റെ മുഖ്യ കാരണക്കാരനും പാകിസ്ഥാന്റെ  മുൻപ്രസിഡന്റും പട്ടാള ഏകാധിപതിയുമായിരുന്ന ജനറൽ പർവ്വേസ് മുഷാറഫ് ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ അന്തരിച്ചു.

 രോഗികളുടെ ചികിത്സയെയും വിദ്യാർത്ഥികളുടെ പഠനത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് 344 ആയി ഉയരുന്നു.

 ഫെബ്രുവരി - 6

കേരള ബമ്പർ ലോട്ടറി എന്ന കള്ളപ്പേരിൽ ഉത്തരേന്ത്യ കേന്ദ്രമാക്കി മാഫിയ സംഘങ്ങൾ നടത്തുന്ന ഓൺലൈൻ ലോട്ടറി തട്ടിപ്പ് പെരുകുന്നു. സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യത മുതലെടുത്ത് ഒറ്റ നമ്പർ, മടുക്ക ഓൺലൈൻ, സ്ക്രോച്ച് ആൻഡ് വിൻ തുടങ്ങിയ പേരുകളിലാണ് തട്ടിപ്പ്. 

വെള്ളക്കരം  ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള വാട്ടർ അതോറിറ്റിയുടെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകി. എല്ലാ വിഭാഗങ്ങൾക്കും ഒരു പൈസ വീതമാണ് വർദ്ധന.

 ഫെബ്രുവരി - 7

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി. അതേസമയം ഇന്ത്യൻ സംഘവുമായി തുടർക്കിയിലേക്ക് പോയ വ്യാമസേനാവിമാനത്തിന് പാകിസ്ഥാൻ ആകാശപാത നിഷേധിച്ചത് കൊടിയ മനുഷ്യദുരന്തത്തിലും ആ രാജ്യത്തെ അപഹാസ്യമാക്കി.

സംസ്ഥാനത്തെ സർക്കാർ എയ്ഡ്സ് ഹൈസ്കൂളുകളിൽ അടുത്തമാസത്തോടെ 36,366 ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും. ഹൈടെക് പദ്ധതികളുടെ ഭാഗമായി 769 കോടി ചെലവിൽ 4.4 ലക്ഷം ഉപകരണങ്ങൾ സ്കൂളുകളിൽ വിന്യസിച്ചതിന്റ തുടർച്ചയാണിത്.

 ഫെബ്രുവരി - 8

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി.

 സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കുള്ള കോട്ട 10% വർദ്ധിപ്പിക്കുകയും വി.ഐ.പി കോട്ട നിർത്തലാക്കുകയും ചെയ്ത കേന്ദ്ര നടപടി കേരളത്തിൽ നിന്ന് കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജിന് അവസരമൊരുക്കും.  70% സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 30% സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി.

 ഫെബ്രുവരി - 9 

പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച ഇളം നീല ജാക്കറ്റ് പാർലമെന്റിലും സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയായി. പ്ലാസ്റ്റിക് കുപ്പികൾ റീ സൈക്കിൾ ചെയ്തു നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് മോദി പാർലമെന്റിൽ എത്തിയത്.

സ്ത്രീയായി ജനിച്ച്  പുരുഷനായി ജീവിച്ച സഹദിനും  പുരുഷനായി ജനിച്ച സ്ത്രീയായി ജീവിച്ച സിയയ്ക്കും കുഞ്ഞു പിറന്നു.  പ്രസവിച്ച സഹദിനെ അച്ഛനെന്നും അതിനു  നിമിത്തമായ സിയയെ അമ്മയെന്നും വിളിക്കുന്ന ജീവിതത്തിലേക്കാണ് കുഞ്ഞിന്റെ പിറവി.

ഫെബ്രുവരി - 10 

നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ തുടർച്ചയായ ആറാംതവണയും റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടി. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ 0.25% ഉയർത്തി  50 ശതമാനമാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നാൽ 50000 രൂപയുടെ ബോണ്ടു നൽകുന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങളുമായി ത്രിപുരയിൽ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി.

ഫെബ്രുവരി - 11

ചെറിയ ഉപഗ്രഹങ്ങളെ ഓരോ ആഴ്ചയിലും ബഹിരാകാശത്ത് എത്തിക്കാൻ പ്രാപ്തിയുള്ള എസ്. എസ്. എൽ. വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതോടെ ബന്ധപ്പെട്ട വാണിജ്യ മേഖലയിലും ഇന്ത്യ നിർണായക ശക്തിയായി മാറും.

 ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളം ഒരുക്കി 59 ലക്ഷം  ടൺ  ലിഥിയം നിക്ഷേപം ജമ്മു കാശ്മീരിൽ കണ്ടെത്തി.

 ഫെബ്രുവരി - 12

റോഡിൽ ഇനിയൊരു ജീവൻ പൊലിയരുതെന്നും അതിനുവേണ്ടി പോലീസ് കർശന  നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശം. 24 മണിക്കൂറിനകം നടപടി തുടങ്ങണം. ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു.

സാദാ റെയിൽവേ ടിക്കറ്റുകൾ  ഇനിമുതൽ കൗണ്ടറുകൾക്ക് മുന്നിൽ നിന്ന് ക്യൂ നിന്ന്  വാങ്ങേണ്ടതില്ല.  സ്റ്റേഷനുകളുടെ കവാടത്തിനരികെ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് ഗൂഗിൾ ചെയ്താൽ മതി.

ഫെബ്രുവരി - 13

 കെട്ടിട നിർമ്മാണ തൊഴിലാളി സെസ് കുടിശ്ശികയായ 6000 കോടി രൂപ പിരിച്ചെടുക്കാൻ തദ്ദേശഭരണ സംസ്ഥാനങ്ങൾക്ക് സർക്കാർ നിർദ്ദേശം. 6 ലക്ഷത്തോളം കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. 

മുതിർന്ന മാദ്ധ്യമപ്രവർത്തകനും  മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മുൻ ബ്യൂറോ ചീഫുമായ ജി. ശേഖരൻ നായർ അന്തരിച്ചു.

റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യ സാധനങ്ങൾ ഓട്ടോത്തൊഴിലാളികളുടെ സഹായത്തോടെ വീടുകളിലെത്തിക്കാൻ പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി. എല്ലാവർക്കും റേഷൻ എത്തിക്കുകയാണ് ലക്ഷ്യം.

 ഫെബ്രുവരി  - 14

വിലക്കയറ്റം വീണ്ടും മേലോട്ട്; കടിഞ്ഞാണില്ലാതെ കേരളവും. രാജ്യത്ത് ഉപഭോക്തൃ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 6.52 ശതമാനമായി  ഉയർന്നതോടെ ഒരിടവേളയ്ക്കുശേഷം ആവശ്യസാധനങ്ങളുടെ  വില കുതിച്ചുയർന്നു.

മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് പനാതിർത്തികളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ്ങും ഹാങ്ങിങ് സോളാർ പെൻസിങ്ങും സ്ഥാപിക്കാൻ പദ്ധതികൾ ഉൾപ്പെടുത്തി 24 കോടി രൂപ അനുവദിച്ചു.

മേജർ വെള്ളയാണി ദേവി ക്ഷേത്രത്തിൽ 70 ദിവസം നീണ്ടുനിൽക്കുന്ന കാളിയൂട്ട് മഹോത്സവം ഇന്ന് രാവിലെ 8. 30ന് തങ്കത്തിരുമുടി ശ്രീകോവിലിൽ നിന്ന് പുറത്തെഴുന്നള്ളിക്കുന്നതോടെ ആരംഭിക്കും.

ഫെബ്രുവരി  -15

എസ്എസ്എൽസി പൊതു പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു.  25 നുള്ളിൽ പൂർത്തിയാക്കാനാണ് സ്കൂളുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനമായ തേജസിന് വിദേശരാജ്യങ്ങളിൽ നിന്ന് 50,000 കോടി രൂപയുടെ കൂടി ഓർഡറിന് വഴിയൊരുങ്ങി. നേരത്തെ ലഭിച്ച 84 ആയിരം കോടിയുടെ ഓർഡറിന് പുറമേയാണിത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ  തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ 16 സീനിയർ മലയാളം  അദ്ധ്യാപക തസ്തികകൾ ജൂനിയറായി തരംതാഴ്ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2014 -16 കാലയളവിൽ പുതിയ ഹയർ സെക്കൻഡറി സ്കൂളുകളിലും പുതിയ ബാച്ചുകൾക്കുമായി സൃഷ്ടിച്ച തസ്തികകളാണിത്.

 ഫെബ്രുവരി - 16

സംസ്ഥാനത്തിനകത്ത് സ്വർണ്ണക്കടത്ത് തടയാൻ ഇ - വേ ബിൽ നിർബന്ധമാക്കുമെന്നും ഇതിനായി ജി. എസ്.ടി ചട്ടങ്ങളിൽ ഭേദഗതികൊണ്ടുവരുമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

മികച്ച കോർപ്പറേഷനുള്ള തദ്ദേശ വകുപ്പിന്റെ സ്വരാജ് ട്രോഫി തിരുവനന്തപുരത്തിന്. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലത്തിനാണ് ഒന്നാം സ്ഥാനം.

 ഫെബ്രുവരി  - 17

ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ  ശാസ്ത്രക്രിയ 84 വയസ്സുള്ള വൃദ്ധയിൽ നടത്തി രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.

തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ മൂന്നുമാസത്തിനിടെ ഏഴ് ആക്രമണങ്ങൾ നടന്നതിനു  പിന്നാലെ സ്ത്രീ സുരക്ഷയ്ക്ക് നഗരത്തിൽ 10 ഇടങ്ങളിൽ പോലീസ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ഫെബ്രുവരി  - 18

ഇന്ത്യൻ എന്നുള്ള വരുമാനത്തിന് ബി.ബി.സി കൃത്യമായി നികുതി അടച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുംബയ്,  ഡൽഹി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

യൂട്യൂബിന്റെ പുതിയ മേധാവിയായി ഇന്ത്യൻ വംശജനും അമേരിക്കയിൽ സ്ഥിരതാമസംക്കാരനുമായ നീൽ മോഹൻ ചുമതലയേറ്റു.

 ഫെബ്രുവരി  - 19 

ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും കെഎസ്ആർടിസിയിലെ ശമ്പളം രണ്ടു ഗഡുവായി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ തത്കാലം പിൻവാങ്ങിയില്ല. ഈ തീരുമാനമെടുക്കേണ്ട സാഹചര്യം ഗതാഗത മന്ത്രി ആൻറണി രാജു ധന മന്ത്രി കെ.എൻ. ബാലഗോപാലിനെ  ധരിപ്പിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും സർക്കാർ വിലക്കി.  യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ നിരസിച്ചാണ്  ആഭ്യന്തരവകുപ്പിന്റെ പൊതു ഉത്തരവ്.

ഫെബ്രുവരി - 20

ജി. എസ്. ടി നഷ്ടപരിഹാരം കിട്ടാൻ കേരള 5 വർഷമായി എം.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ, നഷ്ടപരിഹാരക്കുടിശികയുടെ അവസാനം 780 കോടി രൂപ അനുവദിച്ചു.

കെഎസ്ആർടിസിയുടെയും സ്വകാര്യ മേഖലയിലെയും ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 65  ലക്ഷം കഴിഞ്ഞ 10 വർഷത്തിനിടെ പൊതു ഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് മാറി. രണ്ടുവർഷത്തിനുള്ളിൽ 17  ലക്ഷം പേരാണ് പൊതുഗതാഗതം ഉപേക്ഷിച്ചത്.

 ഫെബ്രുവരി - 21

തൊഴിലാളികളുടെ ശമ്പളം എത്ര ഉയർന്നാലും പരിധിപ്രകാരമുള്ള വിഹിതം അടച്ചു തുടരാൻ കഴിയും വിധം ചികിത്സ പദ്ധതിയിൽ മാറ്റം വരുത്താൻ ഇഎസ്ഐ കോർപ്പറേഷൻ യോഗത്തിൽ ധാരണയായി. ശമ്പളപരിധി  21000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തും.

സംസ്ഥാനത്ത് ട്രഷറിയുടെ പാണ്ടുകളുടെ പരിധി 25ൽ നിന്നും 10 ലക്ഷമാക്കി കുറച്ചു ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിത്. ചെക്കുകൾ മാറുന്നതുൾപ്പെടെ ബാധകം.

ഫെബ്രുവരി - 22

 കേരള തപാൽ സർക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി ആലപ്പുഴ സ്വദേശി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു. 1991 ലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ്. എഴുത്തുകാരിയും കവയിത്രിയുമാണ്.

 മാതൃഭാഷാദിനമായ ഇന്നലെ കോടതിവിധി മലയാളത്തിൽ കൂടി പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി പുതുചരിത്രമെഴുതി. വിധി ന്യായങ്ങൾ ഇനി മലയാളത്തിലും ലഭ്യമാകും. 

ഇന്ത്യൻ ഇതിഹാസം സാനിയ മിർസ 36 വയസ്സിൽ ടെന്നീസ് കരിയറിന് കർട്ടനിട്ടു.  20 വർഷം നീണ്ട കരിയറിനാണ് കർട്ടനിട്ടത്.

 ഫെബ്രുവരി - 23 

സർക്കാർ ജീവനക്കാർക്കും  അദ്ധ്യാപകർക്കും സർവീസ് പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ  ആശ്രിതരെ ചേർക്കുന്നത് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചതായി സർക്കാർ അറിയിച്ചു.

സ്വാശ്രയ  കോളേജുകളിലെ ആയുർവേദ ബിരുദ കോഴ്സുകൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്  നിബന്ധനയിലൂടെ കേരളീയർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ പ്രവേശനം പൂർത്തിയായിട്ടും എണ്ണൂറോളം സീറ്റുകളിൽ 451 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു. ഇത് കോളേജുകളുടെ നടത്തിപ്പും പ്രതിസന്ധിയിലാക്കി. 

ഫെബ്രുവരി  - 24 

സംസ്ഥാന സർക്കാരിന്റെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്രനേട്ടത്തിൽ തിളങ്ങി വയനാട് ജില്ലാ കളക്ടർ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായും  മാനന്ദവാടി  സബ് കളക്ടർ ആർ.  ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു.

 പരിപാടികളിൽ ചിരി മഴപെയ്യിച്ച ഗൃഹ സദസ്സുകളുടെ പ്രിയപ്പെട്ടവളായി മാറി സിനിമയിലും തിളങ്ങിയ സുബി സുരേഷ് അകാലത്തിൽ വിടവാങ്ങി.

ആറു വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാംക്ലാസിൽ പ്രവേശനം നൽകാവൂ എന്ന് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഉത്തരവ് നിലവിലുണ്ടെങ്കിലും കേരളം അടക്കം പലസംസ്ഥാനങ്ങളും പാലിക്കാത്ത സാഹചര്യത്തിലാണിത്.

 ഫെബ്രുവരി - 25 

കാക്കിയെ മറയാക്കി ബിനാമി പേരിലടക്കം വൻതോതിൽ അവിഹിത സമ്പത്തുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ഉർജ്ജിതമാക്കി. ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളടക്കം പരിശോധിച്ച്  ബിനാമികൾ ആരൊക്കെയാണെന്നും കണ്ടെത്തും.

 കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാന സർക്കാർ ആയിരം കോടി രൂപ കൂടി വായ്പയെ ടുക്കും 28ന് നടപടികൾ പൂർത്തിയാകും.

ഫെബ്രുവരി - 26 

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിന്റെ ചെയർമാനായി പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തർ മിർസയെ നിയമിച്ചു.

 ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക്  സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ പരീക്ഷ സമയത്ത് മണിക്കൂറിൽ 20 മിനിറ്റ് അധികം സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഫെബ്രുവരി - 27

 സ്കൂൾ തസ്തിക നിർണയത്തിന് കുട്ടികളുടെ ആധാർ പരിശോധിച്ചതിൽ വിദ്യാഭ്യാസ വകുപ്പിന്  തെറ്റുപറ്റിയെന്ന് എം.ജിയുടെ റിപ്പോർട്ട്. വയനാട് ജില്ലയിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടന്റ് ജനറൽ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്.

 എൻട്രൻസ് പരീക്ഷകളിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ സാമ്പത്തിക വിദ്യാഭ്യാസ പശ്ചാത്തലം സർക്കാർ പഠിക്കുന്നു. പാവപ്പെട്ടവരിൽ നിന്ന് എത്രപേർ യോഗ്യരാവുന്നു എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

 തലസ്ഥാന നഗരത്തിൽ ഉത്സവ ലഹരി നിറയ്ക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും.

 ഫെബ്രുവരി -28

 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശുപാർശ  മുഖ്യമന്ത്രി തള്ളി. ആഴ്ചയിൽ അഞ്ചു ദിവസങ്ങളിലെ ജോലിസമയം ക്രമപ്പെടുത്തി നാലാം ശനിയാഴ്ച അവധി നൽകാനായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ.

 ശമ്പളത്തിന് അനുപാതികമായി ഉയർന്ന പി എഫ് പെൻഷന് അപേക്ഷിക്കാൻ തൊഴിലുടമയുമായി ചേർന്ന് മെയ് 3 വരെ സംയുക്ത ഓപ്ഷൻ നൽകാമെന്ന് ഇ. പി. എഫ്.ഒ അറിയിച്ചു. 



Read More in Organisation

Comments