ലീഡർ ലീഡർ മാത്രം
.jpg)
2 years, 8 months Ago | 238 Views
സംസ്ഥാന ജനതയുടെ എക്കാലത്തെയും പ്രോദീപ്ത പ്രതീകമാണ് ലീഡർ കെ. കരുണാകരൻ. രാഷ്ട്രീയ കൗടില്യൻ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭാകാലത്ത് ഒമ്പതുപേർ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ലീഡറായാണ് അദ്ദേഹം തന്റെ പാർലമെന്ററി ജീവിതത്തിന്റെ പ്രോജ്വല മുഖങ്ങൾ പുറത്തെടുത്തത്.മൃഗീയ ഭൂരിപക്ഷമുള്ള സപ്തകക്ഷി മുന്നണിയിൽ ഇ.എം.എസിന്റെ ആവനാഴിയിലെ അത്യപൂർവ്വങ്ങളായ ആയുധങ്ങളെ പ്രതിരോധിക്കുക മാത്രമല്ല ആ ഗവൺമെന്റിനെ നിലം പരിശാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അവിടെ നിന്നാണ് ലീഡർ തന്റെ ദിഗ്വിജയം ആരംഭിക്കുന്നത്. തുടർന്ന് ഇന്ദിരാഗാന്ധിയിലൂടെ രാജീവ് ഗാന്ധിയിലൂടെ പിന്നീട് പി.വി.നരസിംഹറാവുവിലൂടെ അദ്ദേഹം കേന്ദ്രത്തിൽ ഒരു 'മിനിസ്ട്രി മേക്കർ ' പോലുമാവുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവികൊടുക്കാൻ ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും സദാ സന്നദ്ധനായിരുന്നു. ഈ വസ്തുത ഓർക്കുമ്പോൾ തന്നെ ആ വാക്കുകളുടെ ഗൗരവവും പ്രസക്തിയും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവഭരിതമായ കാലഘട്ടമായിരുന്നു അത്. കേരളത്തിലെ അജയ്യനായ രാഷ്ട്രീയ നേതാവായിരുന്നു കെ.കരുണാകരൻ. ജനമനസ്സ് പഠിക്കുവാനും പഠിച്ചത് കാണാപാഠമാക്കുവാനും ഇത്രയും പ്രാപ്തിയുള്ള മറ്റൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.
വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹവുമായി ഞാൻ കൂടുതൽ അടുക്കുന്നത് 1975-ലാണ്. അന്ന് ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കെ.എസ്.യു. യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു. ഞങ്ങൾ അന്ന് തിരുവനന്തപുരം ഹസ്സൻ മരിക്കാർ ഹാളിൽ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഞാനായിരുന്നു അതിന്റെ സംഘാടകൻ. സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി ലീഡറെ പോയി കണ്ട് ക്ഷണിച്ചു. വളരെ താല്പര്യപൂർവ്വമാണ് അദ്ദേഹം എന്നെ കേട്ടത്. ഉദ്ഘാടനത്തിന് കൃത്യമായി അദ്ദേഹം എത്തുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന നിലയിൽ അന്ന് കെ.എസ്.യു. യൂത്ത് കോൺഗ്രസ് പരിപാടികളിൽ അദ്ദേഹത്തെയും ഒപ്പമുള്ളവരെയും പങ്കെടുപ്പിക്കാത്ത ഒരു രീതി നിലനിന്നിരുന്നു. അത് കണക്കിലെടുക്കാതെ 'എല്ലാം ഒന്ന് ' എന്ന നിലയിൽ ഹസ്സൻ മരിക്കാർ ഹാളിൽ ഞാൻ കെ.എസ്.യു സമ്മേളനം നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. സമ്മേളനം വിജയമായതോടെ അത് വലിയ വാർത്തയുമായി. തുടർന്ന് ഞാനും ലീഡറുമായുള്ള അടുപ്പം ദൃഢമായി. 1976-ൽ യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയിൽ പ്രസംഗിക്കാൻ കെ.കരുണാകരനെ ക്ഷണിക്കാനായി സഹായിക്കണമെന്ന ആവശ്യവുമായി അവർ എന്നെ സമീപിച്ചു.ഞാൻ സമ്മതിച്ചു. ലീഡർ അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. എന്തോ ചില തിരക്കുകൾ കാരണം ഇക്കാര്യം ലീഡറെ കണ്ടു പറയുവാൻ എനിക്ക് കഴിഞ്ഞില്ല. യൂണിവേഴ്സിറ്റി കോളേജിലാണെങ്കിൽ പ്രിൻസിപ്പൽ സൂര്യനാരായണ അയ്യരുടെ നേതൃത്വത്തിൽ വലിയ സമ്മേളനമാണ് ഒരുക്കൂട്ടിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി പങ്കെടുക്കുമെന്ന അറിയിപ്പും അവർ വ്യാപകമായി നൽകിക്കഴിഞ്ഞു. എന്നാൽ ആഭ്യന്തരവകുപ്പ് മന്ത്രിയെ എത്തിക്കാനുള്ള ചുമതല ഏറ്റിരുന്ന ഞാൻ അക്കാര്യം മറന്നുപോയിരുന്നു. സമ്മേളനദിവസം രാവിലെയാണ് ഞാൻ അക്കാര്യം ഓർക്കുന്നത്. കാര്യപരിപാടി നോട്ടീസ് മൻമോഹൻ ബംഗ്ലാവിൽ എത്തിക്കണമെന്ന് അവരും മറന്നു. അന്ന് ഞാൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്നില്ല. ആഭ്യന്തരമന്ത്രിയുടെ അന്നേദിവസത്തെ പരിപാടികളെക്കുറിച്ച് തിരക്കിയപ്പോൾ അതിൽ യൂണിവേഴ്സിറ്റി കോളേജിലെ പരിപാടി ഉൾപ്പെടുത്തിയിട്ടില്ലായെന്നറിഞ്ഞു. ലീഡറോട് ഇക്കാര്യം പറയാൻ മറന്നുപോയി എന്ന വിവരം ഞാൻ മറച്ചുവെച്ചു. തുടർന്ന് ഞാൻ വേഗത്തിൽ അന്ന് ലീഡർ താമസിച്ചിരുന്ന മൻമോഹൻ ബംഗ്ലാവിലേയ്ക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ ലീഡർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നെ കണ്ടപ്പോൾ "എന്താ കാര്യം.....?" എന്ന് ചോദിച്ചു. ഞാൻ അടുത്തുചെന്ന് യൂണിവേഴ്സിറ്റി കോളേജിലെ പരിപാടിയെ കുറിച്ച് പറഞ്ഞു. ആപ്പിൾ തന്നെ അദ്ദേഹം തന്റെ പി.എ യോട് ഇതേകുറിച്ച് ആരാഞ്ഞു. അന്നത്തെ പരിപാടിയിൽ വർക്കല എസ്.എൻ.കോളേജും ഗവൺമെന്റ് ആർട്സ് കോളേജും മാത്രമേയുള്ളു എന്നും യൂണിവേഴ്സിറ്റി കോളേജ് പരിപാടിയുൾപ്പെട്ടിട്ടില്ല എന്നും പി.എ. അറിയിച്ചു. "ഇനി എന്ത് ചെയ്യാൻ പറ്റും.....?" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ മുഖത്തേയ്ക്ക് നോക്കി. ഞാൻ വിഷമിച്ചു നിൽക്കുന്നതുകണ്ട് പറഞ്ഞു: "ങാ...നോക്കട്ടെ..." ഇത് പറഞ്ഞു അദ്ദേഹം കാറിൽ കയറിപ്പോയി.
ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ എത്തി. അവിടെ എല്ലാവരും ആഭ്യന്തര വകുപ്പ് മന്ത്രിയെ കാത്തു നിൽക്കുകയാണ്. അപ്പോഴേയ്ക്കും ലീഡർ വർക്കല കോളേജിൽ എത്തിയിരുന്നു. അവിടെ പരിപാടി കഴിഞ്ഞു നേരെ ആർട്സ് കോളേജിലേയ്ക്കാണ് പോകുന്നതെന്നറിഞ്ഞ ഞാൻ ആർട്സ് കോളേജിലേയ്ക്കോടി. സ്റ്റേജിനു സമീപം എന്നെ കണ്ട ലീഡർ അവിടുത്തെ പ്രസംഗം ചുരുക്കിയ ശേഷം സ്റ്റേജിൽ നിന്നും ഇറങ്ങി എന്നെയും കാറിൽ കയറി യൂണിവേഴ്സിറ്റി കോളേജിലേക്ക് പോയി. എത്താൻ വൈകിയതിൽ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രസംഗമാരംഭിച്ചത്.
ആഭ്യന്തര മന്ത്രി വന്നതിൽ എല്ലാവര്ക്കും സന്തോഷമായി, എനിക്ക് ആശ്വാസവും!
കോൺഗ്രസ് രണ്ടായപ്പോൾ അദ്ദേഹം ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്ന പക്ഷത്ത് ഉറച്ചു നിന്നു. ഞാനും ആ പക്ഷത്തായിരുന്നു. ആ സമയത്താണ് പി.എൻ.പണിക്കർ നേതൃത്വം നൽകുന്ന 'കാൻഫെഡി'ന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തുടങ്ങിയത്. കാൻഫെഡിന്റെ മുഴുവൻ സമയ പ്രവർത്തകനും പി.എൻ.പണിക്കരുടെ സന്തത സഹചാരിയായിരുന്ന ഞാൻ. ഒരു ദിവസം നന്ദാവനം കെ.പി.സി.സി. ഓഫീസിൽ ചെല്ലുമ്പോൾ ലീഡർ കരുണാകരൻ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വിശേഷങ്ങൾ ആരാഞ്ഞ ശേഷം ലീഡർ പറഞ്ഞു. "താൻ പണിക്കരുടെ കൂടെ നടന്ന് ലൈഫ് സ്പോയിൽ ചെയ്യരുത്; കെ.എസ്.യു.വിലോ യൂത്ത് കോൺഗ്രസിലോ എന്ത് ചുമതലയാണ് തനിക്ക് വേണ്ടതെന്ന് പറയൂ ..." ഇതുകേട്ട് ഞാൻ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
തനിക്ക് താൽപര്യമുള്ളവരെ കൈപിടിച്ചുയർത്തുന്ന കാര്യത്തിൽ കെ.കരുണാകരൻ ഒരു ലുബ്ധും കാട്ടിയിട്ടില്ല. അതുകൊണ്ടു തന്നെയാവണം അദ്ദേഹത്തിന് ആശ്രിതവത്സലൻ എന്ന പേര് ചാർത്തികൊടുക്കപ്പെട്ടതും. പക്ഷെ വെറും ആശ്രിതവത്സലൻ എന്ന് പറഞ്ഞാൽ തെറ്റി. രാജ്യസ്നേഹവും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ആശ്രിതരുടെ വത്സലൻ എന്ന് പറയുന്നതാവും ശരി. അതുകൊണ്ടു തന്നെയാവണം അദ്ദേഹത്തിന് ആശ്രിതവത്സലൻ എന്ന പേര് ചാർത്തികൊടുക്കപ്പെട്ടതും. പക്ഷെ വെറും ആശ്രിതവത്സലൻ എന്ന് പറഞ്ഞാൽ തെറ്റി. രാജ്യസ്നേഹവും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ആശ്രിതരുടെ വത്സലൻ എന്ന് പറയുന്നതാവും ശരി. ജനങ്ങളെയും സംഘടനയേയും സ്നേഹിക്കുന്നവരെ ലീഡറും സ്നേഹിച്ചു എന്നതാണ് വസ്തുത. രാഷ്ട്രീയ കൗശലത്തിന്റെ അവസാന വാക്കായ ലീഡർ കെ.കരുണാകരന് രാഷ്ട്രീയം എന്താണെന്ന് നന്നായറിയാം.ഈ തിരിച്ചറിവിന്റെ ഗൗരീശങ്കരത്തിലേയ്ക്ക് സംഘടനയെ നയിച്ച പ്രയോഗികമതിയായ കെ.കരുണാകരൻ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപരതന്ത്ര രാക്കിയിട്ടുണ്ട്!
1990 - ൽ ഭാരത് സേവക് സമാജ് ഒരു വർഷം നീണ്ടു നിന്ന സദ്ഭാവനാ വർഷാചരണം സംഘടിപ്പിക്കുകയുണ്ടായി. ഈ പരിപാടിക്ക് ജില്ലാ കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും സഹകരണം ഉണ്ടാവണമെന്നാവശ്യപ്പെട്ട് ഞാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് ഒരു അപേക്ഷ സമർപ്പിച്ചു. 1990 - ഒക്ടോബർ 2 ന് ആരംഭിക്കുന്ന വിധത്തിലായിരുന്നു സദ്ഭാവന വർഷാചരണ പരിപാടി രൂപകൽപ്പന ചെയ്തിരുന്നത്. സർക്കാർ സഹകരണം ആവശ്യപ്പെട്ട് ഞാൻ നൽകിയ അപേക്ഷയുടെ ഫയൽ സെപ്റ്റംബർ 28 നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്. പരിപാടി ആരംഭിക്കുന്നത് ഒക്ടോബർ രണ്ടിനും. ആ സമയം മുഖ്യമന്ത്രി കെ.കരുണാകരൻ ശാരീരികമായി അസുഖത്തിലായിരുന്നു. പനിയെത്തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ഓഫീസിലെത്തി അത്യാവശ്യം വേണ്ട മൂന്ന് ഫയലുകൾ മാത്രം ഒപ്പിട്ട് മടങ്ങി. ഒപ്പിട്ടതിൽ ഒന്ന് ഞാൻ സമർപ്പിച്ച അപേക്ഷയിന്മേലുള്ള ഉത്തരവായിരുന്നു. സദ്ഭാവനാ വർഷാചരണ പരിപാടിക്ക് ജില്ലാ കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും സഹകരണം നിർദേശിച്ചുകൊണ്ടുള്ള പ്രസ്തുത ഉത്തരവ് അന്നുതന്നെ പൊതുഭരണ വകുപ്പിൽ നിന്നും ടെലിപ്രിന്റർ മുഖേന ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലേക്കും അയക്കുകയും ചെയ്തു.
വിവാദത്തിന്റെ അലകളുയർത്തിയും ആരോപണങ്ങളുടെ ശരശയ്യയിൽ വീഴ്ത്തിയും അദ്ദേഹത്തെ മുറിവേൽപ്പിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും 'മലപോലെ വന്നതെല്ലാം എലിപോലെയാക്കാൻ' അദ്ദേഹം കാട്ടിയ കഴിവ് അനിതരസാധാരണമായിരുന്നു. എല്ലാറ്റിനും മേമ്പൊടിയായി വെളുക്കനെയുള്ള ചിരിയും രണ്ട് കണ്ണിറുക്കും! രാഷ്ട്രീയമായി അദ്ദേഹത്തെ ഒട്ടേറെ പേർ എതിർത്തിട്ടുണ്ട്; വിമർശിച്ചിട്ടുണ്ട്. വളരെയേറെ പേരെ അദ്ദേഹവും! എന്നാൽ വ്യക്തി ജീവിതത്തിൽ അദ്ദേഹത്തിന് ആരോടും ഒരു എതിർപ്പും ഉണ്ടായിട്ടില്ല. വൻ പ്രശ്നങ്ങളെപ്പോലും ഒരു പൂവിറുക്കുന്ന ലാഘവത്തോടെ നേരിട്ട ലീഡർ പതറിപ്പോയത് ഭാര്യ കല്യാണിക്കുട്ടിയമ്മ 1993 മാർച്ച് 25 നു അന്തരിച്ചതോടെയാണ്. അതുകഴിഞ്ഞു തൻറെ ഒരു വശം തളർന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
കൊച്ചി-തിരുകൊച്ചി-കേരള നിയമസഭകളിലും പാർലമെന്റിന്റെ ഇരു സഭകളിലും അംഗമാകാൻ കഴിഞ്ഞ നേതാവാണ് കെ.കരുണാകരൻ. 1945 -ൽ തൃശൂർ മുന്സിപ്പല് കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട കെ.കരുണാകരൻ 1948 -ൽ ഒല്ലൂർക്കരയിൽ നിന്നും കൊച്ചി പ്രജാരാജ്യ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൊളങ്ങാട് നാരായണമേനോനെ \യാണ് ലീഡർ പരാജയപ്പെടുത്തിയത്. ഇതേ മണ്ഡലത്തിൽ 1951, 54 വർഷങ്ങളിലും വിജയം കരസ്ഥമാക്കി . 1957- ൽ തൃശൂർ മണ്ഡലത്തിൽ ഡോ.എ.ആർ മേനോനെതിരെ മത്സരിച്ച് പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവന്നുവെങ്കിലും 1965 -ൽ മാളയിൽ അദ്ദേഹം വിജയിച്ചു. എന്നാൽ ആർക്കും നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനാൽ അന്ന് നിയമസഭാ ചേർന്നില്ല. 1967 -ൽ വീണ്ടും മാളയിൽ മത്സരിച്ചു വിജയിച്ചു. ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. അലക്സാണ്ടർ പറമ്പിത്തറ നിയമസഭാ കക്ഷി നേതാവാകാൻ വിസമ്മതിച്ചതിനാൽ കെ.കരുണാകരൻ നിയമസഭാ കക്ഷി നേതാവായി.1937 -ൽ 19--ാംവയസ്സിൽ തൃശൂർ ടൗൺ കോൺഗ്രസ് സെക്രട്ടറി ആയ കെ.കരുണാകരന്റെ തുടർന്നുള്ള ഉജ്ജ്വല വിജയങ്ങളുടെ ഘോഷയാത്ര ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
മധുരവും സൗമ്യവും ദീപ്തമായ ഒരു വ്യക്തിത്വത്തിന്റെ മകുടോദാഹരണമാണ് ലീഡർ കെ.കരുണാകരൻ. ജീവിതകാലം മുഴുവൻ വിശ്രമരഹിതവും പ്രവർത്തനനിരതവുമായ ജീവിതം നയിച്ച കർമ്മയോഗിയാണ് അദ്ദേഹം. കെ.കരുണാകരൻ ഒരു കോൺഗ്രസ് നേതാവെന്നതിലുപരി ഒരു ജനനേതാവാണ്! ജനമനസ്സറിയുന്ന ജനനേതാവ്!
Read More in Organisation
Related Stories
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
1 year, 11 months Ago
സദ്ഭാവനാ ട്രസ്റ്റ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years, 1 month Ago
സംസ്കാര ഭാരതം കാവ്യസദസ്സും പുസ്തക പ്രകാശനവും
2 years, 2 months Ago
കാര്യവിചാരം
3 years Ago
വയലാർ രാമവർമ്മ: ആ നക്ഷത്രം പൊലിഞ്ഞിട്ട് 46 വർഷം
3 years, 4 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
2 years, 10 months Ago
ബി എസ് എസ് സംസ്കാരഭാരതം കാവ്യസദസ്സ് ജി. എൻ പണിക്കർ ഉദ്ഘാടനം ചെയ്തു
1 year, 9 months Ago
Comments