Saturday, April 19, 2025 Thiruvananthapuram

സമൂഹം 'ബോക്സ് ലൈഫിൽ നിന്നും പുറത്തുവരണം: ബി.എസ്. ശ്രീലക്ഷ്മി

banner

2 years, 1 month Ago | 180 Views

സ്വകാര്യതയുടെ വാല്മീകത്തിലൊതുങ്ങാതെ ബാഹ്യലോകവുമായി തുറന്നിട പെടുകയും ബോക്സ് ലൈഫിൽ നിന്ന് മാറി മറ്റുള്ളവരുമായി ഊഷ്മള ബന്ധം പുലർത്തുകയും ചെയ്യുമ്പോഴാണ് ജീവിതത്തിന് ചാരുത യേറുന്നതെന്ന് ജോബ്ഡേ  ഫൗണ്ടേഷൻ അംഗവും സ്മാർട്ട് ഇന്ത്യ സൊല്യൂഷൻസ് മാനേജിങ് ഡയറക്റ്റക്ടറുമായ ബി.എസ്. ശ്രീലക്ഷ്മി പ്രസ്താവിച്ചു.

ഒന്നിനും സമയമില്ലാത്ത തിരക്കിലേക്ക് സ്വയം ആട്ടിത്തെളിക്കപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഊന്നിപ്പറയുകയുണ്ടായി. 

ജോബ്ഡേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഷീലടീച്ചർ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു ഷീല ടീച്ചറുടെ  മകൾ ശ്രീലക്ഷ്മി.

വ്യക്തിപരമായ ദുഃഖങ്ങളും പ്രശ്നങ്ങളും പങ്കുവെയ്ക്കാൻ ഒരാളുണ്ടാവുക എന്നത് ഏറ്റവും വലിയ ആശ്വാസകരമായ കാര്യമാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ സഹിഷ്ണുതയോടെ കേൾക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുന്ന കാര്യത്തിൽ എന്റെ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തെറ്റുകണ്ടാൽ ചൂണ്ടിക്കാട്ടാൻ മടിക്കാത്തതുപോലെ തന്നെ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും അമ്മ വളരെ മുന്നിലായിരുന്നു. നിഷ്കളങ്കവും പരസ്നേഹപൂരിതവുമായിരുന്നു അമ്മയുടെ  മനസ്സ്. തിരക്കുപിടിച്ച ജീവിതമായിരുന്നു അമ്മയുടേത്. പക്ഷേ അതുപറഞ്ഞ് സ്വകാര്യതയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ അമ്മ തയ്യാറായിരുന്നില്ല. എല്ലാവരുമായി തുറന്നിടപെടുകയും പ്രവർത്തിക്കുകയും ചെയ്തു. നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. അത് അമ്മയ്ക്ക് നന്നായറിയാമായിരുന്നു. അതനുസരിച്ചായിരുന്നു അമ്മ മറ്റുള്ളവരുമായി ഇടപെട്ടിരുന്നത്. അമ്മയോട് ആർക്കും എന്തു പ്രശ്നവും സംസാരിക്കാം. വളരെ ക്ഷമാപൂർവ്വം അത് കേൾക്കുവാനുള്ള മനസ്സ് അമ്മയ്ക്കുണ്ടായിരുന്നു.

ഭക്ഷണം കഴിക്കുന്നത് കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു വേണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങൾ അവതരിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതും അപ്പോഴാണ്. അമ്മയുടെ പാത തന്നെയാണ് താനും പിന്തുടരുന്നത്. വീട്ടിലെ കൊച്ചുകുട്ടികൾ തങ്ങളുടെ പ്ലേറ്റ് എവിടെ? എന്ന് ഭക്ഷണസമയമാവുമ്പോൾ തീൻമേശയ്ക്കടുത്തെത്തി ചോദിക്കും. കുട്ടികളുടെ പ്ലേറ്റ് കൃത്യമായി വെക്കാൻ മറക്കരുത് എന്ന് അച്ഛൻ  (ബി.എസ്. ബാലചന്ദ്രൻ) പ്രത്യേകം പറയാറുണ്ട്. വ്യക്തികളുടെ സ്വഭാവ രൂപീകരണം ഓരോരുത്തരുടേയും വീടുകളിലാണ് നടക്കുന്നതെന്ന് അമ്മ പറയാറുണ്ട്. ഞാൻ അത് സദാ ഓർമ്മവയ്ക്കും. അമ്മ പറഞ്ഞു പഠിപ്പിച്ചതിനെക്കാൾ കൂടുതൽ അമ്മയുടെ ജീവിതത്തിൽ നിന്നാണ് ഞാൻ ഏറെയും പഠിച്ചത്.

സ്വന്തം കുട്ടികളുടെ പ്രശ്നങ്ങൾ അവർ പറയാതെ തന്നെ മനസ്സിലാക്കുവാനുള്ള കഴിവ് എല്ലാ അമ്മമാർക്കുമുണ്ട്. എന്റെ അമ്മയ്ക്ക് അത് കൂടുതലായുണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് സ്വർണ്ണാഭരണങ്ങളോട് തീരെ ഭ്രമമില്ലായെങ്കിലും അമ്മ നൽകിയ ഒരു സ്വർണ്ണമാല ഞാൻ ജീവനുതുല്യം കാത്തുസൂക്ഷിക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുനാൾ ആ മാല എന്റെ കഴുത്തിൽ നിന്നും കാണാതെപോയി. കോളേജിൽ മുഴുവൻ നോക്കിയെങ്കിലും കണ്ടുകിട്ടിയില്ല. എനിക്ക് വല്ലാത്ത മനഃപ്രയാസമായി. അമ്മയ്ക്ക് കടുത്ത രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന സമയമായിരുന്നു അത്. മരണത്തെ മുന്നിൽ കണ്ട് ജീവിക്കുമ്പോഴും അമ്മ സധൈര്യം രോഗത്തോട് പൊരുതുകയായിരുന്നു. ഞാൻ കോളേജിൽ നിന്നു വീട്ടിൽ മടങ്ങിയെത്തിയാലുടൻ അമ്മയുടെ കിടക്കയ്ക്കരുകിലെത്തി അമ്മയെ കെട്ടിപ്പിടിച്ച് കുറേ നേരം കിടക്കുക പതിവായിരുന്നു. മാല നഷ്ടപ്പെട്ട ദിവസവും മനസ്സിലെ പ്രയാസം പുറത്തുകാണിക്കാതെ ഞാൻ അമ്മയുടെ കിടക്കയിൽ പോയി ഒപ്പം കിടന്നു. പെട്ടെന്നാണ് അമ്മയുടെ ചോദ്യം: “ങേ... എന്തുപറ്റി...?” ഞാൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. “നിനക്ക് എന്താ പറ്റിയത്?... വീണ്ടും ചോദ്യം. അതോടെ ഞാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. എന്റെ മനസ്സിലെ പ്രയാസം ഞാൻ പറയാതെ തന്നെ അമ്മ മനസ്സിലാക്കിയിരിക്കുന്നു! അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കുറെയേറെ കരഞ്ഞു. അമ്മ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “സാരമില്ല, പോയത് പോകട്ടെ. നമു ക്ക് വേറെ വാങ്ങാം...'' വേറെ മാല വാങ്ങുന്നതിലല്ല അമ്മ എനിക്ക് സമ്മാനിച്ച മാല നഷ്ടമായതിലാണ് എന്റെ പ്രയാസമെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസം ആ മാല കോളേജിൽ  നിന്നുതന്നെ കണ്ടുകിട്ടുകയും ചെയ്തു. ദുഃഖത്താൽ വിറയാർന്ന സ്വരത്തിലാണ് ശ്രീലക്ഷ്മി ഈ സംഭവം വിവരിച്ചത്.

ഇന്ന് നമുക്കിടയിൽ കാണുന്നതും പറയുന്നതുമായ തിരക്ക് വലിയൊരു ശതമാനവും തിരക്കിന്റെ മുഖപടമണിഞ്ഞതാണെന്ന് ശ്രീലഷ്മി ചൂണ്ടിക്കാട്ടി. പ്രാധാന്യമുള്ള പല വിഷയങ്ങളും അടിയന്തര സ്വഭാവമുള്ളവയായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ അവ തരംതിരിച്ച് പ്രാധാന്യം കൽപ്പിക്കേണ്ടവയ്ക്ക് അത് കൽപ്പിച്ചു നൽകുകയാണ് വേണ്ടത്. ബി.എസ്. ശ്രീലക്ഷ്മി പറഞ്ഞു.

ഷീല ടീച്ചറുടെ പാത പിന്തുടർന്നാണ് തന്റെ ജീവിതം. വിദേശങ്ങളിലുള്ള തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും അവരുടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാൻ അസമയങ്ങളിൽ പോലും തന്നെ ഫോണിൽ വിളിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്യുമ്പോൾ താൻ അമ്മയിലേക്ക് ഉയരുകയാണെന്ന തോന്നലിൽ അഭിമാനവും സന്തോഷവും തോന്നാറുണ്ടെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.



Read More in Organisation

Comments