ഈ മൃഗക്കലിക്ക് അറുതിയില്ലേ ?

9 months, 3 weeks Ago | 60 Views
ദിനംപ്രതിയെന്നോണം കേരളം വന്യമൃഗഭീതിയിലാണ്. കാടിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ കലിപ്പിൽ മനുഷ്യനും വീട്ടുമൃഗങ്ങളുമെല്ലാം ഇരകളാകുന്നു. വമ്പിച്ച കൃഷിനാശത്താൽ നട്ടെല്ല് നുറുങ്ങുന്ന വേദനയോടെ കർഷകൻ ജീവനൊടുക്കുന്ന വാർത്തകൾക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. വന്യജീവി-മനുഷ്യസംഘർഷങ്ങൾ പെരുകുകയാണ്.
കോവിഡിന്റെ കലുഷിത കാലത്താണ് കാട്ടുമൃഗങ്ങൾ ആദ്യമായി കാടുവിട്ടിറങ്ങി മനുഷ്യൻ പിടിച്ചുവച്ച കോട്ടകൊത്തളങ്ങൾ കീഴടക്കാൻ തുടങ്ങിയത്. 'മനുഷ്യനുൾപ്പെടെ ഒരു ജീവിയും ഇവിടെ പട്ടിണികിടക്കാൻ പാടില്ല' എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേവലം ഭംഗിവാക്കായിരുന്നില്ല എന്ന് കാലം തെളിയിച്ചു. 'ഈ ഭൂമി മനുഷ്യർക്കെന്നപോലെ മൃഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്' എന്ന വാഴ്വിനെ ദുരമൂത്ത മനുഷ്യൻ നാളുകളായി തമസ്ക്കരിക്കുകയായിരുന്നുവെന്നതാണ് സത്യം.
പ്രവചനാതീതമായ കാലാവസ്‌ഥാ വ്യതിയാനങ്ങൾ, ആഗോള താപനത്തിന്റെ ഉഗ്രതയിൽ കത്തിയെരിയുന്ന ഭൂമി, പ്രതീക്ഷിക്കാതെയുള്ള ഇടിമഴ, കാട്ടുകനികളുടെ ദൗർലഭ്യം, ഇരതേടി അതിരുകൾ ഭേദിക്കാനുള്ള വന്യമൃഗങ്ങളുടെ ത്വര, തങ്ങളുടെ ഇഷ്‌ടയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നു കയറ്റത്തിൽ ഭൂവുടമകളുടെ അസഹിഷ്ണുത, മുൻ പരിചയക്കുറവു മൂലം വന-മൃഗസംരക്ഷണ മാനേജ്മെന്റിന്റെ അഭാവം, ഫോറസ്റ്റ് വെറ്ററിനറി സഹായത്തിന്റെ യഥേഷ്ടമുള്ള ലഭ്യതക്കുറവ്, രാഷ്ട്രീയ മുതലെടുപ്പിനുള്ള ക്രൂരമായ ശ്രമങ്ങൾ, കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്‌ഥയിലുള്ള ആശാവഹമല്ലാത്ത സൂക്ഷ്മതക്കുറവ് എന്നിവയൊക്കെ വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കാണാം.
'അരിക്കൊമ്പന്മാരും', 'ചക്കക്കൊമ്പന്മാരും', 'പടയപ്പ'യുമെല്ലാം ചങ്കുലയ്ക്കുന്ന കൃഷിനാശവും ആൾനാശവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാറിലെ മുത്തായി 'പടയപ്പ' മാറുമ്പോഴും രാത്രിയുടെ മറവിലെ പേടിച്ചരണ്ട് കണ്ണുകൾ നക്ഷത്രങ്ങളായി കണ്ണു ചിമ്മുന്നത് കാണാതിരുന്നുകൂടാ. മരണശേഷമുള്ള സർക്കാർ സഹായത്തേക്കാൾ എത്രയോ ആഭികാമ്യമാണ് മരണഭയമില്ലാതെ തന്റെ കുരയിൽ ഒന്നു കിടന്നുറങ്ങുവാനുള്ള സുരക്ഷാബോധം.
കാടുകൾ വിട്ട് നാട്ടിലെ ജനവാസകേന്ദ്രങ്ങളിൽ സ്വൈരവിഹാരം നടത്തുന്ന ആനയും, കടുവയും, പുലിയും, കാട്ടുപോത്തും, കാട്ടുപന്നികളും, കുരങ്ങൻമാരും ഒക്കെ ഉണ്ടാക്കുന്ന കൃഷിനാശവും മനുഷ്യക്കുരുതിയുമെല്ലാം പണ്ടെങ്ങും കേട്ടറിവുപോലുമില്ലാത്തവിധം പെരുകിവരുന്നു. വല്ലപ്പോഴുമൊക്കെ കേട്ടിരുന്ന വന്യമൃഗങ്ങളുടെ കാടിറക്കം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇന്ന് നിത്യസംഭവമാകുമ്പോൾ ഒരു ജനതയൊന്നാകെ ഞെട്ടിവിറയ്ക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ സർക്കാരിന്റെ വീഴ്ച്‌ചയായി രാഷ്ട്രീയവൽക്കരിച്ച് ജഡങ്ങൾ മോർച്ചറിയിൽ നിന്നുപോലും കവർന്നെടുത്ത് കത്തുന്ന സൂര്യതാപത്തിൽ പഴുപ്പിച്ചെടുക്കുന്ന ദാരുണമായ സംഭവങ്ങൾ നാടിന്നപമാനമാണ്.
കോവിഡനന്തര വർത്തമാനകാലം ഇന്ന് ഏറെ ചർച്ചചെയ്യുന്നത് ഏകലോകം-ഏകാരോഗ്യം (One World One Health) എന്ന വിഷയമാണ്. വന്യമൃഗങ്ങളുടെ വേട്ടയാടലിനറുതി വരണമെങ്കിൽ ഇതിനെ ഒരു ജനകീയ സംരംഭമാക്കി മാറ്റണം. അതിന് മികച്ച ഉദാഹരണമാണ് വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്ത് ഒരു വർഷം മുമ്പ് നടപ്പാക്കിയ ജനകീയ ഫെൻസിംഗ് പദ്ധതി. വീടുകൾ, റിസോർട്ടുകൾ, പൊതുജനങ്ങൾ എന്നിവരുടെ കലവറയില്ലാത്ത സാമ്പത്തിക സഹായവും ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും ഏഴു കി.മി നീളമുള്ള ഈ വൈദ്യുതിവേലി നിർമ്മാണത്തിന് ലഭിച്ചുവെന്നതാണ് സത്യം. കാസർകോട് ജില്ലയിലെ കാറടുക്ക ബ്ലോക്ക് പരിധിയിലെ കേരള- കർണാടക അതിർത്തിയിൽ 30 കി.മീറ്റർ ദൂരത്തിൽ ഒരു സോളാർ തൂക്കുവേലി സ്ഥാപിക്കാൻ കഴിഞ്ഞത് മറ്റൊരു ഉദാഹരണമാണ്.
ആഗോളതാപനിലയിൽ ചുട്ടു പൊള്ളുന്ന ചൂടിൽ ആനമുതൽ നായവരെയുള്ള ജീവികളുടെ അക്രമണോത്സുകത കൂടുന്നതായാണനുഭവം. ഇത് സംബന്ധിച്ച് കുടുതൽ പഠനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.ആഹാരം, പാർപ്പിടം എന്നിവയിലെല്ലാം വന്യമൃഗങ്ങളും മനുഷ്യരെപ്പോലെ ആകുലചിത്തരാണ്.
വന്യജീവി-മനുഷ്യസംഘർഷത്തിന് പരിഹാരങ്ങൾ പലതാണ്.
. റവന്യൂ, വനം, പോലീസ്, മൃഗ ചികിത്സ എന്നിവയുടെ ഒരു മിറ്റിഗേഷൻ (ലഘൂകരണം) കമ്മിറ്റി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ രൂപീകരിച്ച് പ്രാദേശിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമുണ്ടാക്കി മുകൾത്തട്ടിലേക്ക് ശാശ്വത പ്രശ്നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
. സോഷ്യോളജിസ്റ്റ്, എക്കോളജിസ്റ്റ്, എക്കണോമിസ്റ്റ് എന്നിവരുടെ കൂട്ടായ്‌മ സാമ്പത്തിക-പാരിസ്‌ഥിതിക പഠനങ്ങൾക്ക് കളമൊരുക്കുക.
. പോലീസിന്റെയും വനംവകുപ്പിന്റെയും റവന്യൂ അധികാരികളുടെയും സഹകരണത്തോടെ അപകടസാധ്യതാ റിപ്പോർട്ട് കണ്ടെത്തുക. ഭൂമിയുടെ ഉപയോഗം ശാസ്ത്രീയമായി ക്രമപ്പെടുത്തുക. ജന ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക.
. വനവുമായി ബന്ധപ്പെട്ട് സർക്കാരിന് നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനവും ഫോറസ്റ്റ് ടൂറിസത്തിൽ നിന്നുള്ള വരുമാനവുമെല്ലാം പ്രകൃതി സംരക്ഷണത്തിനായി ഉപയോഗിക്കുക.
കാട്ടുമൃഗങ്ങൾക്കാവശ്യമായ തണലും, തീറ്റയും കാട്ടിൽത്തന്നെ ഉറപ്പാക്കുക.
അന്ധമായ മൃഗസ്നേഹം സാധാരണക്കാരന്റെ സ്വൈര ജീവിതത്തിന് തടസ്സമാകാൻ പാടില്ല. ഗാഡ്ഗിലിന്റെയും ജസ്റ്റീസ് സിരിജഗന്റെയും നിർദ്ദേശങ്ങൾ തെരുവുനായകൾക്കും കൂടി ബാധകമാക്കണം. തെരുവുനായ ആക്രമണത്തിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന തന്ത്രങ്ങൾ ഉണ്ടായേ മതിയാവൂ. തെരുവ്നായ നിയന്ത്രണത്തിന് പ്രായോഗികമായ ബദലുകളാണ് ആവശ്യം. വന്യമൃഗങ്ങളുടെ വരവ് അറിയിക്കുന്ന മൊബൈൽ സാങ്കേതികവിദ്യ വനാതിർത്തിയിലുള്ള പ്രദേശവാസികൾക്കുകൂടി ലഭ്യമാക്കണം.
വന്യമൃഗങ്ങൾക്ക് കാട്ടിൽത്തന്നെ സ്വൈരവിഹാരവും ഭക്ഷണവും ഒരുക്കുന്ന ഒരു പുതിയ പാഠ്യപദ്ധതി ഉണ്ടാകാതെ വയ്യ. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്‌ഥാന വന്യജീവി ഉപദേശകസ മിതി മൃഗസുരക്ഷയ്ക്കും മനുഷ്യ സുരക്ഷയ്ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രത്യാശിക്കാം.
കൂടുതൽ പരിരക്ഷ വേണ്ടത് മനുഷ്യനോ മൃഗങ്ങൾക്കോ എന്ന ചോദ്യവും വിശകലനവും അസ്ഥാനത്താണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടെ പത്തിലധികം മനുഷ്യജീവൻ മൃഗക്കലിയിൽ പൊലിഞ്ഞുവീണിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കുറ്റകരമായ അനാസ്‌ഥയാണ് പുലർത്തുന്നതെന്ന് പറയാതെ വയ്യ. ഒരുപക്ഷേ കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റിയെഴുതുകതന്നെ വേണം. കേന്ദ്ര-സംസ്ഥാന സർക്കാർ ബന്ധങ്ങളുടെ ശിഥിലീകരണം സർവ്വനാശത്തിലേ ചെന്നെത്തുകയുള്ളൂ. സുസ്ഥിര ബദലുകൾക്കും പ്രശ്നാധിഷ്ഠിത ഗവേഷണങ്ങൾക്കുമായിട്ടാണ് വർത്തമാനകാലം കാതോർക്കുന്നത്.
Read More in Organisation
Related Stories
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
1 year, 1 month Ago
കനൽ വഴികളിൽ ജ്വലിച്ചുയർന്ന അഗ്നിശോഭ -പ്രൊഫ.ജി,ബാലചന്ദ്രൻ
3 years, 3 months Ago
നാട്ടറിവ്
3 years, 4 months Ago
ബി എസ് എസ് സംസ്കാര ഭാരതം കാവ്യസദസ്സ്: കവികൾ സ്വന്തം കവിതകൾ ആലപിച്ചു
3 years, 11 months Ago
മുൻ-പിൻ നോക്കാതെയുള്ള വാക്കും പ്രവർത്തിയും അപകടത്തിലേയ്ക്ക് നയിക്കും: ബി.എസ്. ബാലചന്ദ്രൻ
11 months, 2 weeks Ago
Comments